പാര്‍സ്യന്‍ സാമ്രാജ്യാധിപതിയായ അഹശ്വേറോസിന്റെ അതിഗംഭീരമായ രാജസദസ്സില്‍ മഹാറാണിയായി മരിച്ചുവീണ ഒരനാഥപ്പെണ്‍കുട്ടിയുടെ ചരിത്രം നിങ്ങള്‍ ഇങ്ങനെ വായിക്കും. ഈ ലോകത്തു നടക്കുന്ന എല്ലാ യുദ്ധങ്ങളെയും എല്ലാ കലഹങ്ങളെയും അവള്‍ വെറുത്തിരുന്നു. ചോര കുഴച്ച് കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളെയും നീതിരഹിതരായ അതിന്റെ അധിപതികളെയും അവള്‍ വെറുത്തിരുന്നു. അത്താഴത്തിലേക്കു ചീറ്റിത്തെറിച്ചുവീണ ചോരയുടെ ഉപ്പു കൂട്ടി അവള്‍ ജീവിച്ച ദിവസങ്ങള്‍ മരണത്തിലും അവളെ വേട്ടയാടിക്കൊണ്ടിരിക്കും. ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവളെയും മാറത്തടക്കിപ്പിടിച്ച് പ്രാണവേഗത്തോടെ ഓടിപ്പോകുന്ന അവളുടെ അമ്മ കാല്‍ തട്ടി വീണ കല്ലിനു മുന്നിലാണ് അവള്‍ എന്നും നിന്നിട്ടുള്ളത്. അതിലപ്പുറം ഒരു ദേവാലയം അവള്‍ക്കുണ്ടായിരുന്നില്ല. എത്രയോ പേര്‍ കല്ലുകളില്‍ത്തട്ടി ചിതറിവീണു. ചിലര്‍ക്കു പരിക്കേറ്റു. ചിലര്‍ രക്ഷപ്പെട്ടു. ചിലര്‍ കൊല്ലപ്പെട്ടു. അവള്‍ തെറിച്ചുപോകാതിരിക്കാന്‍ അവളുടെ അമ്മ അവളെ ഏറെ ഇറുക്കിപ്പിടിച്ചിരുന്നു. അവള്‍ക്കു ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും സുരക്ഷിതമായ ആലിംഗനം അതായിരുന്നു. ഒരു കല്ല് എല്ലാവരുടെയും പാതയില്‍ വിലങ്ങനെ കിടക്കുന്നു. കാലം അതിനെ നീക്കംചെയ്യുന്നേയില്ല. ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടാന്‍ എല്ലാവരും ആ കല്ലിനരികില്‍ എത്തുന്നു. മൂര്‍ച്ചകൂട്ടി വെള്ളിപോലെ തിളങ്ങുന്ന വായ്ത്തലപ്പുകളും കുന്തമുനകളും കോടാലികളും നോക്കി തൃപ്തിയോടെ ചിരിച്ച് അവര്‍ മടങ്ങിപ്പോകുന്നു. 

ആയുധങ്ങള്‍ രാകുന്ന ശബ്ദം അവളുടെ തലച്ചോറില്‍ തീപ്പിടിത്തമുണ്ടാക്കി. ഭൂമി മുഴുവന്‍ അമ്മയെത്തേടി അലഞ്ഞ കുഞ്ഞാണവള്‍. ഒടുവിലവള്‍ ഒരു കൂട്ടനിലവിളിയുടെ ചുഴിയിലേക്കു വീണു. അമ്മമാരുടെ നിലവിളി മാരകമായ ഒരു ചുഴിയാണ്. അതില്‍ വീണ് പരാജിതരാകുന്നവര്‍ക്ക് മരണമല്ലാതെ ഒരു നീക്കുപോക്കില്ല. ചില മനുഷ്യര്‍ക്കു മാത്രം ജീവിക്കാനിടമില്ലാതാകുന്ന ലോകത്തെപ്പറ്റി അതിശയത്തോടെ അവളോടു സംസാരിച്ചത് പുഴുക്കളാണ്. മൃദുവായ ഒരിലയുടെ അടിയിലിരുന്നുകൊണ്ട് ഒരുകൂട്ടം പുഴുക്കള്‍ അവളോടു പറഞ്ഞു: എസ്തേര്‍, എല്ലാ പലായനങ്ങളും ദുരാശയില്‍നിന്നും ക്രോധത്തില്‍നിന്നും സൃഷ്ടിക്കപ്പെടുന്നതാണ്. ഇലയുടെ അടിഭാഗംപോലെ തണുത്തതും സുരക്ഷിതവും സുഭിക്ഷവുമാണ് സ്വാഭാവികലോകം. നിങ്ങള്‍ക്കതറിയില്ല. എല്ലാ പലായനങ്ങളെയും അവള്‍ വെറുക്കുന്നു. ഒരു യഹൂദസ്ത്രീ എന്ന നിലയില്‍ അവളുടെ ഓര്‍മ ആഴങ്ങളില്‍ അരക്ഷിതവും അപകടകരവുമാണ്. വിറച്ചുകൊണ്ടിരിക്കുന്ന ദുര്‍ബലമായ ഒരു പുല്‍ക്കൊടിക്കുമേല്‍ കൊടുങ്കാറ്റുപോലെ വീശിയടിക്കുന്ന ദുരന്തങ്ങള്‍, ഉത്കണ്ഠകളുടെ പേയ്നിലങ്ങള്‍, ഉറ്റവരെ അടക്കംചെയ്തിട്ട് കണ്ണീരുണങ്ങുംമുന്‍പുള്ള ഓടിപ്പോക്കുകള്‍, പട്ടിണി, രോഗം, നിരാശ, അവിശ്വാസം, അരാജകത്വം, ഏറ്റുമുട്ടല്‍, കൊള്ള, കൊല, ബലാത്സംഗം... എല്ലാം അവസാനിക്കണമെങ്കില്‍ വാഗ്ദത്തദേശം സ്വന്തമാകണം. യഹോവ വാഗ്ദാനം ചെയ്ത ദേശത്തെത്തുക അസാധ്യമാണെന്നോ? അവള്‍ യഹോവയോടു ശരണപ്പെട്ടു. പാലും തേനും ഒഴുകുന്ന നാട് ആദ്യം അവളുടെ ഉള്ളിലാണുണ്ടാകേണ്ടതെന്ന് അവള്‍ അറിയുന്നു. എങ്കിലേ അവള്‍ക്കവിടെ എത്താനാകൂ. രക്തപ്പുഴകള്‍ നീന്തിയാണ് അവിടെ എത്തേണ്ടതെന്ന് അവള്‍ വിശ്വസിക്കുന്നില്ല. മേല്ക്കുമേല്‍ കണ്ണീരും രക്തവും വിയര്‍പ്പും വീണു കട്ടപിടിച്ചതാണ് അവളുടെ അബോധം. ഞെട്ടലും നിലവിളിയും അവളെ വിട്ടുമാറുന്നില്ല. അധികാരത്തിന്റെ നിര്‍ദയനീതി മണ്ണില്‍നിന്ന് അവളെ പിഴുതു വലിച്ചെറിയുന്നു. വേരുപിടിക്കാന്‍ ഒരുനുള്ളു മണ്ണ് ഭൂമിയിലെവിടെയുമില്ലെങ്കില്‍ വാടിക്കരിഞ്ഞുപോവുകയല്ലാതെ അവള്‍ക്ക് എന്തു ഗതി?

എസ്തേര്‍, അവളുടെ വാക്കുകള്‍ക്കടിയില്‍ വിരലടയാളം പതിപ്പിച്ച് തുകല്‍ച്ചട്ടയുള്ള പുസ്തകം പട്ടുനാടകൊണ്ട് ചുറ്റിക്കെട്ടി. അതിനെ വസ്ത്രത്തിനുള്ളില്‍ ഉദരത്തോടമര്‍ത്തി ശിശുവിനെയെന്നോണം കൂട്ടിക്കെട്ടി. അവള്‍ അതിഗംഭീരമായ രാജകീയവേഷം ധരിച്ചു. പേര്‍സ്യന്‍ മഹാറാണിയുടെ രത്നകിരീടം ശിരസ്സിലണിഞ്ഞു. മൂന്നു ദിവസത്തെ കഠിനമായ ഉപവാസം അവളുടെ മുഖത്ത് വിളര്‍ച്ച വരുത്തിയിരുന്നു. അതവളുടെ കണ്ണുകളുടെ ആഴം വര്‍ധിപ്പിച്ചിരുന്നു. അവളുടെ കാലുകള്‍ക്ക് ഇടര്‍ച്ചയും ദേഹത്തിനു ബലക്കുറവുമുണ്ട്. അവളതൊന്നും ശ്രദ്ധിച്ചതേയില്ല. അല്പസമയത്തിനുള്ളില്‍ അവള്‍ മരണത്തെ മുഖാമുഖം കാണും.

അന്തഃപുരത്തിന്റെ ഉദ്യാനപാതയിലൂടെയാണ് എസ്തേര്‍ രാജധാനിയിലേക്കു പോയത്. പാതയ്ക്കിരുപുറവും പുതുപൂക്കള്‍ വിടര്‍ന്നുനിന്നിരുന്നു. നനക്കാരന്‍ നനച്ചു കൈയെടുത്തതേയുണ്ടായിരുന്നുള്ളൂ. ചെടികളും പൂക്കളും വള്ളികളും ആനന്ദത്തോടെ തലയാട്ടിക്കൊണ്ടിരുന്നു. മരങ്ങള്‍ ഇലകളെ ഇളക്കിക്കൊണ്ടും പൂക്കളുതിര്‍ത്തുകൊണ്ടും കാത്തുനിന്നു. പരിചാരികമാര്‍ എസ്തേറിനെ പിന്തുടര്‍ന്നു. തിരുനങ്കകള്‍ അവള്‍ക്കു കാവല്‍ നിന്നു. വളര്‍ത്തുപക്ഷികളും അവളോടൊപ്പം നടന്നു. ഉദ്യാനപാത ചെന്നുചേരുന്നത് രാജധാനിയുടെ ഒരു വശത്തുള്ള കവാടത്തിലേക്കാണ്. അവിടെനിന്ന് വേണമെങ്കില്‍ അവള്‍ക്ക് സ്ത്രീകള്‍ക്കു മാത്രമായുള്ള ഇടനാഴിയിലൂടെ രാജസദസ്സിലെത്താം. എന്നാല്‍, എസ്തേറിന് രാജധാനിയുടെ നേര്‍ക്കു ചെല്ലണമായിരുന്നു. രാജാവ് ഇരിക്കുന്നത് ശൂശന്‍ പട്ടണത്തിനഭിമുഖമായിട്ടാണ്. രാജധാനിക്കു താഴേ ശൂശന്‍ പട്ടണം വിസ്തൃതമായി കിടന്നു. സാമ്രാജ്യാധിപതികളുടെ സമ്പത്തും ശക്തിയും അഹങ്കാരവും പ്രകടമാക്കുന്ന ഉത്തുംഗകവാടത്തില്‍നിന്ന് നൂറുകണക്കിനു പടികള്‍ കയറി വേണം നടശാലയിലെത്താന്‍. നടശാലയില്‍നിന്ന് പിന്നെയും പടികള്‍ കയറി വേണം അകത്തെ പ്രാകാരത്തിലെത്താന്‍. എസ്തേര്‍ നടശാല കയറിത്തന്നെ പോകാന്‍ തീരുമാനിച്ചു.

'ഇനി നിങ്ങള്‍ എന്നെ പിന്തുടരേണ്ട,' അവള്‍ പരിചാരികമാരോടു പറഞ്ഞു.'ഇതു ഞങ്ങളുടെ ഉത്തരവാദിത്വമാണ്, അമ്മീ. അങ്ങയെ സംരക്ഷിക്കുകയെന്നതാണ് ഞങ്ങളുടെ ജോലി,' തിരുനങ്കകള്‍ പറഞ്ഞു. ആരും പിന്തിരിയാന്‍ കൂട്ടാക്കിയില്ല. നടശാലയിലയിലേക്കുള്ള പടികളോടു ചേര്‍ന്നുള്ള ഭിത്തികളില്‍ അതിഗംഭീരങ്ങളായ കൊത്തുപണികളുണ്ടായിരുന്നു. പാര്‍സ്യന്‍ ശില്പകലയുടെ സൗന്ദര്യം നിറഞ്ഞുനില്ക്കുന്നവയായിരുന്നു അവയൊക്കെയും. കുന്തമേന്തിയ കാവല്ക്കാര്‍, കുതിരകള്‍, കാളകള്‍, പാനപാത്രങ്ങള്‍, നാനാസംസ്ഥാനങ്ങളില്‍നിന്ന് പാര്‍സ്യന്‍ രാജാവിനുള്ള സമ്മാനങ്ങളും കൈയിലേന്തി പടി കയറുന്ന പ്രഭുക്കന്മാര്‍, ഓരോ കുലത്തിനും ജാതിക്കുമനുസരിച്ച് വ്യത്യസ്തമായ അവരുടെ വേഷങ്ങള്‍, ഉന്നതങ്ങളായ പനകളും ഓക്കുമരങ്ങളും മുന്തിരിവള്ളികളും... പടികള്‍ അനേകമുണ്ടായിരുന്നു. എസ്തേര്‍ ക്ഷീണിതയായി. പരിചാരികമാര്‍ അവളെ താങ്ങി. 'അമ്മീ, ഞങ്ങള്‍ എടുത്തു കേറ്റട്ടെയോ?' തിരുനങ്കകള്‍ ചോദിച്ചു. എസ്തേര്‍ സ്നേഹത്തോടെ അതു നിരസിച്ചു. ഏതൊരു സാധാരണക്കാരിയെയുംപോലെ രാജധാനിയുടെ കവാടത്തില്‍നിന്ന് പടികള്‍ കയറി നടശാലയില്‍ പ്രവേശിച്ച് രാജസഭയിലെത്തണമെന്നായിരുന്നു അവളുടെ തീരുമാനം. എന്നാല്‍, അവള്‍ ആ പടികളില്‍ തളര്‍ന്നുവീഴുമെന്ന് പരിചാരികമാര്‍ ഭയന്നു. പടികള്‍ ഓരോന്നു കയറുമ്പോഴും എസ്തേറിന്റെ കണ്ണുകളില്‍ ശൂശന്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് മല തുരന്നുണ്ടാക്കിയ ഒരു കൊച്ചുവീടും അതിന്റെ വെളുത്ത വാതിലും തുറക്കപ്പെട്ടു.

അവള്‍ക്കു നൂറിലധികം ആടുകളുണ്ടായിരുന്നു. അതികാലത്ത് അവളുടെ പ്രിയപ്പെട്ടവന്‍ ആടുകളെ കുന്നിന്മുകളിലേക്കു തെളിക്കും. അവളോ, രോമനൂലുകൊണ്ട് വസ്ത്രങ്ങള്‍ തുന്നും. ചണനൂലുകൊണ്ട് പരവതാനികള്‍ നിര്‍മിക്കും. വീട്ടുമുറ്റത്തെ അയകളില്‍ തിളങ്ങുന്ന ചായം മുക്കിയ നൂലുകള്‍ കാറ്റത്താടിയുണങ്ങും. വീടിനകത്ത് അവള്‍ക്ക് ഒരു നെയ്ത്തുതറിയുണ്ട്. ഒഴിവുനേരങ്ങളില്‍ ഊടുംപാവും ചേര്‍ത്ത് അവള്‍ മനോഹരമായ തുണികള്‍ നെയ്തെടുക്കും. അവള്‍ ഒലിവ് കായകള്‍ ഉപ്പിലിടുകയും മൂത്തത് തിരഞ്ഞെടുത്ത് ചക്കിലാട്ടി എണ്ണ ശേഖരിച്ചുവെക്കുകയും ചെയ്യും. സന്ധ്യയാകുമ്പോള്‍ ആടുകളെയും തെളിച്ച് അവളുടെ പ്രിയപ്പെട്ടവന്‍ തിരിച്ചെത്തും. അവനു കാല്‍ കഴുകാന്‍ വെള്ളവുമെടുത്ത് അവള്‍ കാത്തുനില്ക്കും. അവരുടെ അത്താഴവേളകള്‍ കളിചിരികള്‍കൊണ്ട് നിറഞ്ഞിരിക്കും. അവരുടെ കിടക്കയില്‍ പ്രണയം വന്‍നദിപോലെ കുതിച്ചൊഴുകും. അവന്‍ പര്‍വതങ്ങളെ കീഴടക്കിയതുപോലെ ആനന്ദിക്കും. അവളോ, എല്ലാ നദികളും ഒഴുകിയെത്തിയിട്ടും നിറയാത്ത സമുദ്രംപോലെ പിന്നെയും പിന്നെയും ഇളകിക്കൊണ്ടിരിക്കും...

എസ്തേര്‍ അവസാനത്തെ പടിയില്‍ കാല്‍ വെച്ചു. അവിടന്നങ്ങോട്ട് നീണ്ട ഉദ്യാനപാതയിലൂടെ വേണം നടശാലയിലെത്താന്‍. ഉദ്യാനപാതയ്ക്കിരുവശവും അതിവിശാലമായ പൂന്തോട്ടമായിരുന്നു. ആ ഉദ്യാനത്തില്‍ വെച്ച് അഹശ്വേറോസ് രാജാവ് നൂറ്റിയെണ്‍പത്തിയേഴു ദിവസം തുടര്‍ച്ചയായി നടത്തിയ ലോകോത്തരമായ വിരുന്നിനെക്കുറിച്ച് മറ്റൊരവസരത്തിലായിരുന്നെങ്കില്‍ പരിചാരികമാരും തിരുനങ്കകളും എസ്തേറിനോട് വര്‍ണിച്ചു പറഞ്ഞേനേ. ഇപ്പോള്‍ പക്ഷേ, അവരുടെ മുഖങ്ങള്‍ ഭയംകൊണ്ട് വിളറിയിരിക്കുന്നു. വായില്‍നിന്ന് വീണുപോയേക്കാവുന്ന ഏതൊരു വാക്കിനെയും അവര്‍ ഭയക്കുന്നു. അവള്‍ നേരിടാന്‍ പോകുന്ന ക്രൂരവിധി എന്തെന്ന് അവര്‍ക്കറിയാം. ഇനി വരുന്ന നിമിഷങ്ങളുടെ ഭാരം താങ്ങാന്‍ അവര്‍ അശക്തരാണ്. അവര്‍ കയറിവന്ന അനേകമനേകം പടികള്‍ക്കു താഴേ അശാന്തമായ ശൂശന്‍ പട്ടണം. അധികം വൈകാതെ എസ്തേറിന്റെ മരണത്തെപ്പറ്റിക്കേട്ട് ആളുകള്‍ തെരുവിലേക്കിറങ്ങും. വൃത്താന്തമറിയാന്‍വേണ്ടി അവര്‍ രാജധാനിയുടെ കവാടത്തിലേക്ക് ഓടിക്കൂടും. അവളുടെ കൊലപാതകത്തെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും അവര്‍ ബഹളംവെക്കും.

നടശാല കാവല്ക്കാര്‍ പരിഭ്രമിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ എസ്തേര്‍രാജ്ഞി നടശാലയിലെത്തുകയോ? ശൂശനിലെ ജനങ്ങളും പുറത്തുനിന്നുള്ള സന്ദര്‍ശകരും ഔദ്യോഗികകാര്യങ്ങള്‍ക്കായി ദൂരേ ദിക്കില്‍നിന്നും എത്തിയവരും കാഴ്ചക്കാരും സൈനികരും കാവല്ക്കാരുമൊക്കെയായി വലിയൊരു ജനക്കൂട്ടം അപ്പോള്‍ത്തന്നെ നടശാലയിലുണ്ടായിരുന്നു. നിമിഷംതോറും പുതിയപുതിയ ആളുകള്‍ വന്നുകൊണ്ടുമിരിക്കുന്നു. രാജ്ഞിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായത്ര കാവല്ക്കാര്‍ നടശാലയിലുണ്ടായിരുന്നുമില്ല.
'ഇതെങ്ങനെ സംഭവിച്ചു?' അവര്‍ ഹഥാകിനെ ചോദ്യംചെയ്തു.
'അത് രാജ്ഞിയുടെ തീരുമാനം...' ഹഥാക് പതുക്കെ പറഞ്ഞു. പരിചാരികമാരും തിരുനങ്കകളും കൈകോര്‍ത്ത് അവള്‍ക്കൊരു രക്ഷാവലയം തീര്‍ത്തു. പൊതുജനങ്ങള്‍ക്കു പ്രവേശമുള്ളതാണ് നടശാല. പതിനായിരം പേര്‍ക്ക് ഒരേസമയം ഇരിക്കാനുള്ള ഇടമുണ്ടവിടെ. മഹാസ്തംഭങ്ങളുടെ ഒരു കൊടുംകാടാണത്. അറുപതും എഴുപതും മുഴം ഉയരത്തിലാണതിന്റെ മേല്‍ക്കൂര.

'എസ്തേര്‍രാജ്ഞി!' ആരോ വിളിച്ചുപറഞ്ഞു. ജനക്കൂട്ടം ഓടിക്കൂടി. ഉന്തും തള്ളുമായി. അവരെ അടക്കിനിര്‍ത്താന്‍ കാവല്ക്കാര്‍ക്കു പാടുപെടേണ്ടിവന്നു. എസ്തേര്‍... എസ്തേര്‍ എന്ന ശബ്ദം നടശാലയില്‍ വലിയ മുഴക്കങ്ങളുണ്ടാക്കി. അവള്‍ ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും ആളുകള്‍ കാവല്ക്കാരുടെ വലയം ഭേദിച്ച് അവള്‍ക്കടുത്തെത്താന്‍ തിക്കിത്തിരക്കി. നടശാലയുടെ അങ്ങേയറ്റത്ത് പരസ്പരം മുഖം തിരിഞ്ഞിരിക്കുന്ന ഇരട്ടക്കാളകളുടെ പ്രതിമയുള്ള കൂറ്റന്‍സ്തംഭത്തിനു പിന്നില്‍ രാജധാനിയുടെ അകത്തെ പ്രാകാരത്തിലേക്കു കടക്കാനുള്ള കവാടത്തിലെത്തിയപ്പോള്‍ എസ്തേര്‍ നിന്നു.

'ഇനി ഇവിടുന്ന് ഞാന്‍ തനിച്ചു പോകണം,' അവള്‍ പരിചാരികമാരോടു പറഞ്ഞു. സമ്മതിക്കാനോ എതിര്‍ക്കാനോ കഴിയാതെ കൈവിട്ടുപോകുന്ന കുഞ്ഞിനെയെന്നോണം പരിചാരികമാരും തിരുനങ്കകളും അവളെ നോക്കിനിന്നു.

(തുടരും)

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books Chapter 8 part 1