'ന്റെ അപ്പനും അമ്മയുമായ മൊര്‍ദെഖായീ, പുറത്തുനിന്നും കാണുന്നതുപോലെയല്ല കൊട്ടാരത്തിനകത്തെ കാര്യങ്ങള്‍. വിളിപ്പിക്കപ്പെടാതെ ഒരാള്‍ക്കും, അത് രാജ്ഞിയായാല്‍പ്പോലും രാജാവിന്റെ അടുക്കല്‍ അകത്തെ മാളികയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. അങ്ങനെ ചെയ്താല്‍ ആണായാലും പെണ്ണായാലും ആ നിമിഷം കൊല്ലപ്പെടണമെന്നാണ് നിയമം. രാജാവിനു ദയ തോന്നി അധികാരത്തിന്റെ ദണ്ഡായ ചെങ്കോല്‍ അയാള്‍ക്കു നേരേ നീട്ടുന്നുവെങ്കില്‍ മാത്രം ജീവാപായമില്ലാതെ തിരിച്ചുപോകാം. അതുപക്ഷേ, സംഭവിച്ചുകൊള്ളണമെന്നില്ല. അങ്ങു വിചാരിക്കുന്നതുപോലെ ലളിതമല്ല കാര്യങ്ങള്‍. കഴിഞ്ഞ മുപ്പതു ദിവസമായി രാജാവ് എന്നെ വിളിപ്പിച്ചിട്ടില്ല. എന്തുറപ്പില്‍ ഞാന്‍ രാജാവിന്റെ അടുത്തു പോകും? യഹൂദരുടെ വിപത്തില്‍ എനിക്കു ഭയവും ആശങ്കയുമുണ്ട്. ഹാമാന്‍ അവരോട് അന്യായം പ്രവര്‍ത്തിച്ചിരിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നൂറ്റാണ്ടുകളായി പലവിധ പലായനങ്ങളാല്‍ തകര്‍ന്ന ഒരു ജനതയെന്ന നിലയില്‍ യഹോവ എന്തിനു നമ്മെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നുവെന്നെനിക്കറിഞ്ഞുകൂടാ. അനേകം യാതനകള്‍ സഹിച്ച് മുന്‍തലമുറ വാഗ്ദത്തഭൂമിയിലെത്തി. അവിടെയും മനുഷ്യരുണ്ടായിരുന്നു. നമുക്കായി യഹോവ നല്കിയത് അവരുടെ ദേശമായിരുന്നു. അവരെക്കൊന്ന് ദേശം സ്വന്തമാക്കാനാണ് യഹോവ ഉപദേശിച്ചതെന്ന് നമ്മള്‍ വിശ്വസിക്കുന്നു. പലരെയും നമ്മള്‍ ആക്രമിച്ചു. പലരാലും നമ്മളും ആക്രമിക്കപ്പെട്ടു. നമ്മള്‍ എവിടെ കൂടാരമുറപ്പിക്കുന്നുവോ, അവിടെനിന്ന് നമുക്ക് ഓടിരക്ഷപ്പെടേണ്ടി വരുന്നു.

എന്തുകൊണ്ടാണ് ഒരിടത്തും വേരുപിടിക്കാനാവാതെ നമ്മള്‍ ഓടിക്കൊണ്ടിരിക്കുന്നത്, പലപ്പോഴും ഭക്ഷണമോ വെള്ളമോ കിട്ടാതെ നമ്മള്‍ മരുഭൂമികളില്‍ മരിച്ചുവീഴുന്നത്? പാര്‍സ്യന്‍ രാജാക്കന്മാര്‍ വിശാലഹൃദയരും നീതിയുള്ളവരും ആയതുകൊണ്ട് സ്വന്തം സാമ്രാജ്യത്തില്‍ അനേകം അഭയാര്‍ഥികള്‍ക്ക് ഇടം കൊടുത്തു. അവരുടെ കുലമോ വംശമോ ജാതിയോ പ്രശ്നമാക്കിയില്ല. അവര്‍ക്കുള്ള നീതി ഉറപ്പാക്കുകയും അവരെയും സ്വന്തം ജനതയെന്ന് അംഗീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഹാമാന്റെ രൂപത്തില്‍ ശത്രു യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആക്രമിക്കാനൊരുങ്ങിയിരിക്കുന്നു. നമ്മള്‍ മരണത്തെ മുഖാമുഖം കാണുന്നു. ഇരുട്ടില്‍ കുതിരക്കുളമ്പടികള്‍ ഉയരുമ്പോള്‍ ഞാന്‍ എന്റെ ജനതയെ ഓര്‍ത്ത് വ്യസനിക്കുമെന്നറിയുക.'

esther 7.2
വര: ദ്വിജിത്ത്

എസ്തേറിന്റെ മറുപടി മൊര്‍ദെഖായി അന്തഃക്ഷോഭത്തോടെ കേട്ടു. 'നീ രാജധാനിയില്‍ ആയതുകൊണ്ട് പുറത്തുള്ള യഹൂദന്മാരെക്കാള്‍ നിനക്ക് രക്ഷയുണ്ടെന്ന് കരുതേണ്ട. ആണോ പെണ്ണോ തിരുനങ്കയോ കൊട്ടാരത്തിനകത്തോ പുറത്തോ ഏതു യഹൂദനെയും കൊന്നുകളയാനാണ് ഹാമാന്‍ സന്നാഹം കൂട്ടുന്നത്. 

നിനക്കു മാത്രമായി ഒരു രക്ഷയില്ല. ഈ സമയത്ത് നീ മിണ്ടാതിരുന്നാല്‍ മറ്റൊരു സ്ഥലത്തുനിന്ന് യഹൂദന്മാര്‍ക്കു രക്ഷയുണ്ടായേക്കാം. എന്നാല്‍, നീയും നിന്റെ പിതൃഭവനവും അതോടെ നശിച്ചുപോകും. എസ്തേര്‍, ഒരുപക്ഷേ, ഇതു നിന്റെ നിയോഗമായിരിക്കും. ഇതിനുവേണ്ടിയായിരിക്കും നീ രാജധാനിയില്‍ എത്തിപ്പെട്ടിട്ടുള്ളത്. യഹോവയുടെ മുന്‍നിശ്ചയമാണത്. യഹൂദരുടെ രക്ഷ നിന്റെ കൈകളിലാണ്'-എന്നയാള്‍ മറുപടി പറഞ്ഞയച്ചു.

മൊര്‍ദെഖായിയുടെ അവസ്ഥ വ്യസനകരമാണെന്ന് ഹഥാക് പറഞ്ഞു. അയാള്‍ അവശനായിരിക്കുന്നു. ഹതാശനായിരിക്കുന്നു. രാത്രിയിലെ തണുപ്പില്‍ ഉടുത്ത കീറച്ചാക്കിനുള്ളില്‍ അയാള്‍ വിറച്ചുകൊണ്ടിരിക്കുന്നു. എങ്കിലും സദാ കൈയുയര്‍ത്തി അയാളുടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.

എസ്തേര്‍ വളരെ ഭയന്നു. യഹൂദസ്ത്രീയുടെ അസ്തിത്വം പൂര്‍ണമായും മറച്ചുവെക്കണമെന്ന മൊര്‍ദെഖായിയുടെ കല്പന അവളിതുവരെ തെറ്റിച്ചിട്ടില്ല. രാജാവിനോടോ പരിചാരികമാരോടോ പ്രിയപ്പെട്ടവരും സാന്ത്വനം പകരുന്നവരുമായ തിരുനങ്കകളോടോ അവളത് വെളിപ്പെടുത്തിയിട്ടില്ല. രാജാവ് യഹൂദവംശത്തെ മുഴുവന്‍ വെറുക്കുകയും നശിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ മൊര്‍ദെഖായി പറഞ്ഞതാണ് ശരി, അവള്‍ക്കു മാത്രമായി ഒരു രക്ഷയില്ല. 'സൂര്യനസ്തമിച്ചതിനുശേഷം വരൂ,' അവള്‍ ഹഥാകിനോടു പറഞ്ഞു.

ആരാണ് ഞാന്‍? എസ്തേര്‍ സ്വയം ചോദിച്ചു. പാര്‍സ്യന്‍ സാമ്രാജ്യത്തിന്റെ മുഴുവന്‍ മഹാറാണി? അവള്‍ക്ക് ആത്മനിന്ദ തോന്നി. ഒരു മത്സരം അവളുടെ ഇച്ഛയായിരുന്നില്ല. മൊര്‍ദെഖായിയുടെ തീരുമാനമായിരുന്നു അത്. അവളുടെ ആഗ്രഹപ്രകാരമല്ല അവള്‍ രാജാവിന്റെ കിടപ്പറയിലേക്കു പോയത്. അവളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവളുടെ ഇഷ്ടപ്രകാരമല്ല അതിരാവിലെ അവളെ മടക്കിക്കൊണ്ടുപോവുകയും കന്യകാത്വം നശിപ്പിക്കപ്പെട്ട നൂറുകണക്കിനു പെണ്‍കുട്ടികളുടെ വാസസ്ഥലത്ത് തള്ളുകയും ചെയ്തത്.

അവളുടെ അഭിലാഷത്തിന്റെ പൂവണിയലല്ല അവളെ പാര്‍സ്യയുടെ രാജ്ഞിയാക്കിയത്. അനേകം കന്യകമാരെ രുചി നോക്കിയശേഷം ഏറ്റവും രുചികരമെന്ന് രാജാവിനു ബോധിച്ചതുകൊണ്ട് അവള്‍ രാജ്ഞിയാക്കപ്പെടുകയായിരുന്നു. നിയമം തെറ്റിച്ച് രാജസന്നിധിയിലേക്കു പോകണമെന്ന് മൊര്‍ദെഖായി ആവശ്യപ്പെടുന്നു. അയാളുടെ ഉദ്ദേശ്യശുദ്ധിയില്‍ അവള്‍ക്കു സംശയമില്ല. എന്നാല്‍, അതിന്റെ ഫലം അവളുടെ മരണമായിരിക്കാം എന്നറിഞ്ഞിട്ടും അവളതു ചെയ്തേ മതിയാകൂവെന്ന് മൊര്‍ദെഖായി നിര്‍ബന്ധിക്കുന്നു. എസ്തേര്‍ അനാഥയാണ്. ഒരനാഥയുടെ ജീവിതം എങ്ങനെ വേണമെന്ന് അവളുടെ മേല്‍ അധികാരമുള്ളവര്‍ തീരുമാനിക്കും. അമ്മയെയും അപ്പനെയുമോര്‍ത്ത് എസ്തേര്‍ വ്യസനിച്ചു. വേദനയും അപമാനവും കൊണ്ട് അവള്‍ എരിഞ്ഞു. അവള്‍ ഏറെ ചിന്തിച്ചു.

സൂര്യനസ്തമിച്ചപ്പോള്‍ അവള്‍ മൊര്‍ദെഖായിക്കുള്ള സന്ദേശം എഴുതാനിരുന്നു:
'ശൂശനിലുള്ള യഹൂദന്മാരെ മുഴുവന്‍ ഒന്നിച്ചുകൂട്ടി മൂന്നു ദിവസം രാവും പകലും ഒന്നും തിന്നാതെയും കുടിക്കാതെയും എനിക്കു വേണ്ടി ഉപവസിക്കുക. ഞാനും എന്റെ പരിചാരികമാരും അങ്ങനെത്തന്നെ ഉപവസിക്കും. അതിനു ശേഷവും രാജാവ് എന്നെ വിളിപ്പിക്കുന്നില്ലെങ്കില്‍, നിയമം അനുവദിക്കുന്നില്ലെങ്കില്‍ക്കൂടി ഞാന്‍ രാജാവിന്റെ മുന്‍പില്‍ ചെല്ലും. ഞാന്‍ നശിക്കുമെങ്കില്‍ നശിക്കട്ടെ. യഹൂദജനതയ്ക്കുവേണ്ടി രാജാവിന്റെ മുന്‍പില്‍ മുട്ടുകുത്തി യാചിക്കുന്നതില്‍നിന്ന് മരണഭയം എന്നെ തടുക്കുകയില്ല.' എസ്തേര്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. തലമുടി അഴിച്ചിട്ടു. മലിനമായ ചാക്കുവസ്ത്രമുടുത്തു. തലവഴി ചാരം കോരിയിടുകയും അന്തഃപുരത്തിന്റെ പ്രധാന കവാടത്തില്‍ വെണ്ണീര്‍ വിരിച്ച് അതില്‍ കിടക്കുകയും ചെയ്തു. ദാസിമാരും തിരുനങ്കകളും നിലവിളിച്ചുകൊണ്ട് ഓടിവന്നു. പിന്നെ അവരും അവള്‍ക്കുവേണ്ടി അവള്‍ ചെയ്തതൊക്കെയും ചെയ്തു.

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books Chapter 7 part 2