മ്മീ, ഞങ്ങള്‍ക്കു വ്യസനം താങ്ങാന്‍ കഴിയുന്നില്ല. ശൂശന്‍ പട്ടണത്തില്‍ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും തന്നെ. തെരുവുകളില്‍ അനേകം പേര്‍ വെണ്ണീറില്‍ കിടക്കുന്നു. അവര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി ചാക്കുടുത്തിരിക്കുന്നു. ദാഹിച്ച വെള്ളംപോലും കുടിക്കാതെ പലരും മൃതപ്രായരായിത്തീര്‍ന്നിരിക്കുന്നു. എല്ലായിടത്തും കുഞ്ഞുങ്ങളുടെ നിലവിളി. അനാഥരായ പിഞ്ചുപൈതങ്ങള്‍ തെരുവില്‍ അലഞ്ഞുതിരിയുന്നു. കഷ്ടം! ഇന്നലെവരെ ഞങ്ങളോടു കൂടിക്കഴിഞ്ഞവരാണവര്‍. യഹൂദരായതിന്റെ പേരില്‍ ഇന്ന് അവര്‍ വംശഹത്യാഭീഷണി നേരിടുന്നു. രാജ്യത്ത് അവര്‍ക്കുവേണ്ടി തടവറകളും കഴുമരങ്ങളും ഉയര്‍ന്നിരിക്കുന്നു. അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുന്നു. ജീവനുവേണ്ടി അവരില്‍പ്പലരും ഞങ്ങളുടെ വീട്ടില്‍ അഭയം തേടി. അതു ഞങ്ങളെയുംകൂടി കൊലക്കത്തിയുടെ നിഴലിലാക്കുന്നു. രാജാവുതന്നെ യഹൂദര്‍ക്കെതിരേ തിരിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ആരാണ് അവരുടെ രക്ഷയ്ക്കെത്തുക. എല്ലാ ജാതികള്‍ക്കും സൗഖ്യമുള്ള പാര്‍സ്യയുടെ അവസ്ഥയിതാണെങ്കില്‍ ജാതികള്‍ തമ്മില്‍ നിരന്തരപോരാട്ടം നടത്തുന്ന മറ്റു സ്ഥലങ്ങളിലെ സങ്കടം എത്ര വലുതായിരിക്കും?' എസ്തേറിന്റെ ദാസിമാര്‍ അവളുടെ മുന്നില്‍ നിലവിളിച്ചു.

നടുക്കം പുറത്തു കാണിക്കാതെ ശാന്തമായി എസ്തേര്‍ ചോദിച്ചു:
'എന്താണിതിനു കാരണം? യഹൂദന്മാര്‍ രാജ്യത്തോടും രാജാവിനോടും ചെയ്ത ദ്രോഹം എന്ത്?'
'അവര്‍ ഒരു ദ്രോഹവും ചെയ്തതായി അറിയില്ല. ഹാമാന്റെ നീരസമാണ് ഇതിനു പിന്നില്‍,' തിരുനങ്കകളിലൊരാളായ ഹഥാകാണ് അതു പറഞ്ഞത്. 'മൊര്‍ദെഖായി എന്നു പേരുള്ള ഒരു യഹൂദന്‍ ഹാമാനെ വണങ്ങാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് യഹൂദരുടെ കുലം മുടിക്കാന്‍ ഹാമാന്‍ തീരുമാനിച്ചു.'
'ആരാണ് മൊര്‍ദെഖായി? അയാള്‍ക്കെന്തു സംഭവിച്ചു?' എസ്തേര്‍ പതറാതെ ചോദിച്ചു.
'രാജധാനിയുടെ പ്രധാന കവാടത്തിനു മുന്‍പില്‍ അയാള്‍ ഉപവസിക്കുന്നു. ചാക്കുടുത്ത് വെണ്ണീറില്‍ കിടക്കുന്നു. ജലപാനമില്ലാതെ സൂര്യനു നേര്‍ക്കു തുറന്നുപിടിച്ച കണ്ണുകളോടെ തെരുവില്‍ കിടക്കുന്നു.'
അല്പനേരം നിശ്ശബ്ദയായിരുന്നിട്ട് എസ്തേര്‍ തന്റെ ദാസിമാരോടു പറഞ്ഞു: 'ചുവപ്പുനിറമുള്ള ഒരു കുപ്പായവും നീല നിറമുള്ള അങ്കിയും കൊണ്ടുവരിക.'

അവള്‍ അത് ഹഥാകിനെ ഏല്പിച്ചു: 'ഈ വസ്ത്രങ്ങള്‍ മൊര്‍ദെഖായിക്കു കൊടുക്കുക. ചാരത്തില്‍നിന്ന് അയാള്‍ ഉയിര്‍ത്തെഴുന്നേല്ക്കട്ടെ. അയാള്‍ക്കു പിറകേ മറ്റുള്ളവരും അതു ചെയ്തുകൊള്ളും.'
എന്നാല്‍, മൊര്‍ദെഖായി അതു സ്വീകരിക്കുകയോ രെട്ട് നീക്കുകയോ ചെയ്തില്ല. എസ്തേറിന്റെ തിരുനങ്കയോട് അയാള്‍ ഒരക്ഷരം ഉരിയാടിയില്ല.
വ്യസനം എസ്തേറിനെ തളര്‍ത്തി. മറ്റുള്ളവരില്‍നിന്നും അവള്‍ക്കത് ഒളിപ്പിച്ചുവെക്കേണ്ടിയിരുന്നു. സന്ധ്യയായപ്പോള്‍ അവള്‍ ഹഥാകിനെ വിളിപ്പിച്ചു. എന്തുകൊണ്ടാണ് മൊര്‍ദെഖായി എസ്തേറിന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞതെന്ന് അറിഞ്ഞുവരാന്‍ ആവശ്യപ്പെട്ടു. 'ഒന്നും വിടാതെ ആദ്യംമുതല്‍ എല്ലാം എനിക്കറിയണം,' അവള്‍ പറഞ്ഞു.

സന്ധ്യ ഇരുളുകയും സര്‍വചരാചരങ്ങളിന്മേലും വിഷാദത്തിന്റെ മൂടല്‍ വീഴുകയും ചെയ്തു. അത് മൃത്യുസമാനമായിരുന്നു. ഭാരമേറിയതും അവ്യക്തവുമായിരുന്നു. ശൂശന്‍ നഗരത്തിനുമേല്‍ നിലാവുദിച്ചുയരുംവരെ ഭയം നാടുവാണു. പൂര്‍ണചന്ദ്രോദയമായിരുന്നു. നിലാവു കാണാനെന്നും പറഞ്ഞ് എല്ലാവരെയും അകറ്റിനിര്‍ത്തി എസ്തേര്‍ തന്റെ ഉദ്യാനത്തിലെ ഒരു കരിങ്കല്‍പ്പീഠത്തില്‍ ഒറ്റയ്ക്കിരുന്നു. വ്യസനത്തോടെ അവളോര്‍ത്തു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പൂര്‍ണചന്ദ്രോദയം കാണാന്‍ അവളെയും തോളിലിരുത്തിക്കൊണ്ട് മൊര്‍ദെഖായി നഗരത്തില്‍നിന്നും കുന്നിന്‍പ്രദേശത്തേക്കു കയറിപ്പോകുമായിരുന്നു. ഇടയന്മാര്‍ ആടുകളെയുംകൊണ്ട് ഇറങ്ങിവരുന്നുണ്ടാവും. കുന്നിന്‍ചരിവില്‍ കൂടാരമടിച്ചിട്ടുള്ള ഇഷ്ടികപ്പണിക്കാര്‍ അത്താഴം വെക്കാനുള്ള തിരക്കിലായിരിക്കും. മാംസം വേവുന്ന സുഗന്ധം പുകയോടൊപ്പം അന്തരീക്ഷത്തില്‍ പരക്കും. കുന്നിന്മുകളില്‍ നിന്നാല്‍ ശൂശന്‍ പട്ടണം വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്നതു കാണാം. ആകാശച്ചരിവില്‍ മുഴുവട്ടത്തില്‍ പൊന്തിനില്ക്കുന്ന ചന്ദ്രനെ നോക്കി മൊര്‍ദെഖായി നിശ്ശബ്ദം നില്ക്കും. കാറ്റിന്റെ മുഴക്കമല്ലാതെ വേറൊരൊച്ചയും കേള്‍ക്കാനുണ്ടാവില്ല. ദൂരേ പാര്‍സ്യന്‍ ഉള്‍ക്കടലിനു മീതേ നിലാവു വീണിളകുന്നതും നോക്കി എസ്തേര്‍ മൊര്‍ദെഖായിയെ ചാരിയിരിക്കും. ആകാശത്തിനും മുന്‍പ് എന്തായിരുന്നു? ഭൂമിക്കും മുന്‍പ് എന്തായിരുന്നു? ഇരുട്ടില്ലായിരുന്നുവെങ്കില്‍ വെളിച്ചത്തിന്റെ പേര് എന്തായിരുന്നിരിക്കും? അങ്ങനെ പലപല ചിന്തകള്‍ അവളുടെ കൊച്ചു തലച്ചോറിലൂടെ കടന്നുപോകും...
 
ഹഥാക് തിരിച്ചുവന്ന് എസ്തേറിനെ വിവരമറിയിക്കുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. അവള്‍ ഉറങ്ങാതെ കാത്തിരുന്നു. അവള്‍ അനുവദിച്ചത്ര അകലെയായി ദാസിമാരും ഉറങ്ങാതിരുന്നു. ഹഥാക് പറഞ്ഞു: 'യഹൂദര്‍ക്കു വേണ്ടി എസ്തേര്‍രാജ്ഞി രാജസന്നിധിയിലേക്കു പോകണം. ഒരു ജനതയുടെ മുഴുവന്‍ ജീവനുവേണ്ടി മുട്ടിന്മേല്‍ നിന്ന് യാചിക്കണം- ഇതാണ് മൊര്‍ദെഖായിയുടെ സന്ദേശം. യഹൂദരുടെ വംശഹത്യ നടത്താന്‍വേണ്ടി രാജാവിന്റെ പേരില്‍ എഴുതപ്പെട്ട കല്പനയുടെ ഒരു പകര്‍പ്പ് മൊര്‍ദെഖായി തന്നയച്ചിട്ടുണ്ട്. ശൂശന്‍ പട്ടണത്തില്‍ പരസ്യപ്പെടുത്തിയിട്ടുള്ള കല്പനയുടെ പകര്‍പ്പാണിത്. രാജാവിന്റെ കീഴിലുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലേക്കും അതതു ജനത്തിന് അവരവരുടെ ഭാഷയിലും ലിപിയിലും ഈ കല്പന അയച്ചുകഴിഞ്ഞിരിക്കുന്നു. ഇതുപ്രകാരം പന്ത്രണ്ടാംമാസമായ ആദാര്‍മാസം പതിമൂന്നാം തീയതി രാജ്യത്തുള്ള യഹൂദരെ മുഴുവന്‍ കൊന്നൊടുക്കാനും കൊള്ളയടിക്കാനും മറ്റു ജാതികള്‍ക്ക് അധികാരം കൊടുത്തിരിക്കുന്നു. ഇതിന്റെ ചെലവിലേക്ക് ഹാമാന്‍ പതിനായിരം താലന്ത് വെള്ളി സ്വന്തം കൈയില്‍നിന്ന് രാജ്യഭണ്ഡാരത്തിലേക്കു വാഗ്ദാനം ചെയ്തു എന്നുംകൂടി അറിയിക്കാന്‍ മൊര്‍ദെഖായി നിര്‍ദേശിച്ചിട്ടുണ്ട്. രാജാവിനെ ഇതിലേക്കു പ്രേരിപ്പിച്ചത് പകയുള്ള സര്‍പ്പമായ ആ അമാലേക്യനാണ്. ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് എസ്തേറിനു മാത്രമാണ്. അതുവരെ ഞാന്‍ ജലപാനം ചെയ്യുകയോ രെട്ടു മാറ്റി വസ്ത്രമുടുക്കുകയോ ചെയ്യില്ല.'

ഓരോ മനുഷ്യര്‍ക്കുമുള്ള കഴിവുകള്‍ എത്ര വ്യത്യസ്തമാണ്. തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് എസ്തേറിന് ഇപ്പോള്‍ അറിഞ്ഞുകൂടാ. മൊര്‍ദെഖായിയുടെ വാക്കുകള്‍ അവളുടെ വ്യസനം ഇരട്ടിപ്പിച്ചു. മൊര്‍ദെഖായി പറയുംവിധത്തില്‍ രാജാവിന്റെ മുന്നില്‍ ചെല്ലാനോ അപേക്ഷിക്കാനോ തക്കവിധം എന്തടുപ്പമാണ് അവള്‍ക്ക് രാജാവിനോടുള്ളത്. ഒരു പ്രജ എന്നതിലുപരി, രാജാവു വിളിപ്പിച്ചാല്‍ കിടപ്പറയിലേക്കു ചെല്ലേണ്ടവള്‍ എന്നതിലുപരി എന്തു സ്വാതന്ത്ര്യമാണ് അവള്‍ക്കെടുക്കാന്‍ കഴിയുക. ഏറെ ചിന്തിച്ചും വിഷമിച്ചും എസ്തേര്‍ മൊര്‍ദെഖായിക്ക് ഒരു മറുപടി കൊടുത്തയച്ചു.

(തുടരും)

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

 Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books Chapter 7 part 1