മൊര്‍ദെഖായി രാജധാനിയിലേക്ക് ഓടിപ്പോയി. പടിക്കാവലില്‍ അവനോടിഷ്ടമുള്ള ശമ്മെദോസ് എന്ന സൈനികന്‍ നിന്നിരുന്നു. ജാതിയില്‍ ഫെലിസ്ത്യനെങ്കിലും ഹൃദയവാനായ ഒരുവനായിരുന്നു അയാള്‍. 'ഹാമാന്റെ കുടിലതന്ത്രമാണിത്. അയാള്‍ നിന്നെ വെറുക്കുന്നു. നിന്റെ പേരില്‍ യഹൂദജനതയെ പീഡിപ്പിക്കുന്നു,' ശമ്മെദോസ് പറഞ്ഞു. അതിനാല്‍ സൂക്ഷിച്ചും കണ്ടുമൊക്കെ പെരുമാറുന്നതാണ് മൊര്‍ദെഖായിക്കു നല്ലതെന്ന് അയാള്‍ ഉപദേശിച്ചു. കാവല്ക്കാരുടെ ദുരാശകളെപ്പറ്റി നന്നായി അറിവുള്ളവനാണ് മൊര്‍ദെഖായി. അതുകൊണ്ട് അവരുടെ വാക്കുകള്‍ അയാള്‍ തള്ളിക്കളയാറാണ് പതിവ്. എന്നാല്‍, ശമ്മെദോസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ അയാളെ പേടിപ്പിച്ചു.

ഹാമാന്‍ രാജാവിന്റെ മുന്‍പില്‍ മൊര്‍ദെഖായി എന്ന പേര് ഉച്ചരിച്ചിട്ടില്ല. പകരം അയാള്‍ ഇങ്ങനെ പറഞ്ഞു: 'അങ്ങയുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ ഭദ്രമാണ്. ജനങ്ങള്‍ കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. അവര്‍ രാജാവിനെ സ്നേഹിക്കുന്നുണ്ട്. രാജാവിന്റെ നന്മയ്ക്കു വേണ്ടി അവരവരുടെ ദേവാലയങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തുന്നുണ്ട്. എന്നാല്‍, എല്ലാ ജനതകള്‍ക്കുമിടയില്‍ ഒരു ജനത മാത്രം വേറിട്ടുനില്ക്കുന്നു. അവര്‍ക്കീ രാജ്യത്തോടു കൂറില്ല. അവര്‍ രാജകല്പനകള്‍ അനുസരിക്കുന്നില്ല. പാര്‍സ്യയുടെ ആധിപത്യത്തെ വിമര്‍ശിക്കുന്ന രാജ്യദ്രോഹികളായ അവരെ ഇങ്ങനെ വിട്ടാല്‍ ആപത്താണ്.' -അത് യഹൂദരെപ്പറ്റിയായിരുന്നു മൊര്‍ദെഖായി. അതിനുവേണ്ടി കഴിഞ്ഞ ഒരു മാസമായി അയാള്‍ 'പുര്' എന്ന നറുക്കിട്ട് ജനാഭിപ്രായം ശേഖരിച്ചുകൊണ്ടിരിക്കയായിരുന്നു. ഈ വരുന്ന ആദാര്‍മാസം പതിമൂന്നാം തീയതി രാജ്യത്തെവിടെയുമുള്ള യഹൂദരെ കൊന്നൊടുക്കാനും കൊള്ളയടിക്കാനും രാജാവിന്റെ ഉത്തരവു നേടിയിരിക്കയാണ് ഹാമാന്‍.

നിന്റെ ജനങ്ങളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ വേഗം ചെയ്യുക,' ശമ്മെദോസ് പറഞ്ഞു.
മൊര്‍ദെഖായിയുടെ മനസ്സു കലങ്ങി. അയാള്‍ അന്തഃപുരവാതില്ക്കലേക്കോടി. എസ്തേര്‍ യഹൂദസ്ത്രീയെന്ന് വെളിപ്പെട്ടാല്‍ ഹാമാന്‍ വെറുതേയിരിക്കില്ല. തടവറയോ കഴുമരമോ ഏതാണ് തന്റെ കുട്ടിയെ കാത്തിരിക്കുന്നതെന്നയാള്‍ നടുങ്ങി. എസ്തേറിനെ കാണണമെന്നും കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ഒരുവേള അയാള്‍ ചിന്തിച്ചു. എന്നാല്‍, അതിനു ശ്രമിക്കുന്നത് ആപത്തായിരിക്കുമെന്ന ചിന്ത ബലപ്പെട്ടതിനാല്‍ കാവല്ക്കാരായ തിരുനങ്കകളോടൊപ്പം അയാളും പടിക്കല്‍ ഇരുന്നു.
 
'ശൂശന്‍ പട്ടണം കലങ്ങിമറിയുകയാണ്. യഹൂദരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് തല്ലിത്തകര്‍ക്കുന്നു. അവരുടെ രക്തം വീടുകളില്‍നിന്ന് തെരുവിലേക്കൊഴുകുന്നു. പലയിടത്തും വീടുകളും കച്ചവടപ്പുരകളും നിന്നു കത്തുകയാണ്. എല്ലായിടത്തും കൊള്ളയും കൊലയും നടക്കുന്നു. യഹൂദസ്ത്രീകള്‍ മാനം രക്ഷിക്കാന്‍വേണ്ടി ഓടിപ്പോകുന്നു. ഓടിപ്പോകുന്നവരെ ആള്‍ക്കൂട്ടം പിന്തുടരുന്നു. ഞാനതിലേ കടന്നുപോയി. തെരുവുകള്‍ തീയും കനലും ചാരക്കൂനകളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. പട്ടണം പുകകൊണ്ട് മൂടിപ്പോയി,' മൊര്‍ദെഖായി ആരോടെന്നില്ലാതെ പറഞ്ഞു. തിരുനങ്കകള്‍ ആദ്യം അതു കേട്ടില്ലെന്നു നടിച്ച് എതിര്‍ദിശയിലേക്കു നോക്കി.

esther
വര: ദ്വിജിത്ത്


 
'രക്തദാഹികള്‍ എല്ലായിടത്തുമുണ്ട്. എക്കാലത്തുമുണ്ട്. ഉണ്ടാവുകയും ചെയ്യും,' മൊര്‍ദെഖായി വീണ്ടും കുറച്ചുകൂടി ഉറക്കെ പറഞ്ഞു:
'നിങ്ങള്‍ എന്താ മോശമാണോ? ഒരു തുള്ളി രക്തം ചൊരിയാതെയാണോ യഹൂദര്‍ കാനാന്യരുടെയും ഫെലിസ്ത്യരുടെയും ദേശങ്ങള്‍ പിടിച്ചെടുത്തത്?'
'അത് പഴയ കഥ. ഇവിടെ ഈ പാര്‍സ്യന്‍ സാമ്രാജ്യത്തില്‍ ഞങ്ങള്‍ എന്തു രക്തച്ചൊരിച്ചിലാണ് ഉണ്ടാക്കിയത്? കഠിനമായി ജോലി ചെയ്യുന്നു, ഈജിപ്തിലെന്നപോലെതന്നെ. നികുതിയും അടയ്ക്കുന്നു.'
'ഇതു പക്ഷേ, നിങ്ങളുടെ രാജ്യമല്ലെന്ന് ഓര്‍ക്കണം. ബാബിലോണിയയില്‍നിന്ന് എഴുപതുവര്‍ഷം മുന്‍പ് യഹൂദര്‍ ഇവിടേക്കെത്തിയത് പാര്‍സ്യന്‍ രാജാക്കന്മാരുടെ ദയകൊണ്ടാണ്.'
'എന്നിട്ടിപ്പോഴെന്തുണ്ടായി? ദയ വറ്റിപ്പോയോ? കൂട്ടക്കുരുതിക്ക് ഉത്തരവിടാന്‍ മാത്രം യഹൂദര്‍ എന്തു ചെയ്തു?'
ആറു തിരുനങ്കകള്‍ മൊര്‍ദെഖായിയെ വളഞ്ഞു. മുടിയും വസ്ത്രങ്ങളും പിടിച്ചുവലിച്ച് അയാളെ ആക്രമിച്ചു കീഴടക്കി. അവര്‍ ആയുധമെടുത്തപ്പോള്‍ മൊര്‍ദെഖായി ഓടി രക്ഷപ്പെട്ടു.

ആദാര്‍മാസം പതിമൂന്നാം തീയതി നട്ടുച്ചയായപ്പോള്‍ ഹേലായും അയാളുടെ അമ്മായിയപ്പന്‍ അക്കൂബും തോളില്‍ വലിയ ചാക്കുകളും തൂക്കി മൊര്‍ദെഖായുടെ കൂടാരത്തിനരികിലൂടെ വന്നു.
ഹേലാ: അക്കൂബേ, നിങ്ങള്‍ വീഞ്ഞുകുപ്പികളല്ലാ എടുക്കേണ്ടത്. സ്വര്‍ണവും വെള്ളിയും രത്നങ്ങളുമാണ്. യഹൂദരുടെ വീടുകളില്‍ മുന്തിയതരം വെള്ളിവിളക്കുകളും സ്വര്‍ണക്കാസകളും വിലപിടിച്ച കമ്പളങ്ങളും കാണും. അതിലാണ് കൈവെക്കേണ്ടത്.
അക്കൂബ്: ഹേലാ, മരുമകനേ, ഞാന്‍ അറുപതിനായിരം താലന്ത് വെള്ളി എന്റെ ചാക്കിലിട്ട് നിന്റെ വീടിന്റെ മുറ്റത്തു ചൊരിയുന്നത് നിനക്കു കാണണോ?
ഹേലാ: ഉവ്വുവ്വ്. ഇപ്പറഞ്ഞതില്‍ എത്ര താലന്ത് ചുമക്കാനുള്ള ശേഷിയുണ്ട് നിങ്ങള്‍ക്ക്? യഹൂദന്മാരുടെ സ്ത്രീകള്‍ക്ക് പരമ്പരാഗത ആഭരണങ്ങളുണ്ട്. എല്ലാം വിലമതിക്കാനാവാത്ത കല്ലുകള്‍ പതിച്ചവ. ഞാനവ കൈക്കലാക്കും.
അക്കൂബ്: പക്ഷേ, ഒരു പൂച്ചയെപ്പോലും കൊല്ലാന്‍ എന്നെക്കൊണ്ടാവില്ല.
ഹേലാ: കൊല്ലുക പ്രയാസംതന്നെയാണ്. എന്റെ കൈയില്‍ കാവല്ക്കാരന്റെ കത്തിയാണുള്ളത്. ഇന്നേവരെ അതെടുത്ത് ഞാനാരെയും കുത്തിയിട്ടില്ല.
അക്കൂബ്: എങ്കില്‍ നീയത് പരീക്ഷിക്കണം. നീ കുത്തുമ്പോള്‍ ഞാന്‍ കൊള്ളയടിച്ചോളാം.
ഹേലാ: പക്ഷേ അക്കൂബ്, ആ വീട്ടില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ ആകെ കുഴപ്പത്തിലാകും. അവര്‍ കരഞ്ഞു ബഹളംവെക്കും. ഉടനെ നമ്മുടെ മനസ്സു മാറും. കുത്താനൊന്നും എന്നെക്കൊണ്ടു പറ്റില്ല.
അക്കൂബ്: ചുരുക്കത്തില്‍ നമുക്ക് ഒരു ഷേക്കല്‍ വെള്ളിയുടെ കൊള്ളമുതല്‍പോലും സമ്പാദിക്കാനാവില്ല. കഷ്ടം!
ഹേലാ: നമുക്കു ചുറ്റിനടന്നു നോക്കാം. കൊലയും കൊള്ളയും നടന്നുകഴിഞ്ഞ വീടുകളില്‍ ബാക്കി വെച്ചിട്ടുള്ളതെന്തെങ്കിലും കിട്ടാതിരിക്കില്ല. ഒറ്റയ്ക്കായിരുന്നെങ്കില്‍ ഞാനെന്തെങ്കിലുമൊക്കെ ചെയ്തേനേ. ഇതിപ്പോള്‍ കൊല്ലുന്നതിനിടയ്ക്ക് നിങ്ങളെ ആരെങ്കിലും തല്ലിക്കൊല്ലുന്നുണ്ടോ എന്നുംകൂടി അന്വേഷിക്കേണ്ടി വരികയല്ലേ.
അക്കൂബ്: ഏതെങ്കിലും യഹൂദന്റെ കൈകൊണ്ടു മരിക്കുമെന്ന് ഞാനുറപ്പിച്ചിട്ടില്ല.
ഹേലാ: എന്നാല്‍ ഈ നിമിഷംതൊട്ട് അങ്ങനെ ഉറപ്പിച്ചുകൊള്ളുക. അക്കൂബിന്റെ ദൈവത്തെക്കാള്‍ ശക്തനാണ് യഹൂദന്റെ ദൈവമായ യഹോവ.
അക്കൂബ്: എങ്കില്‍ ആ യഹോവ ഹാമാന്റെ കൈയില്‍നിന്ന് യഹൂദരെ രക്ഷിക്കട്ടെ.
ഹേലാ: അപ്പാ, അതാ നോക്ക്. ഹാമാന്റെ ബന്ധുവായ മല്ലന്‍ ഓമാര്‍ തോളില്‍ മഴുവും കൈയില്‍ കുന്തവും അരയില്‍ വാളുമായി വരുന്നു.
തനിക്കറിയേണ്ട കാര്യങ്ങള്‍ ഇവരില്‍നിന്നറിയാനാകുമോ എന്ന ആകാംക്ഷയോടെ മൊര്‍ദെഖായി കൂടാരഭിത്തിയില്‍ കാതുചേര്‍ത്തു നിന്നു. ഓമാറിന്റെ കനത്ത വരവില്‍ ഭൂമി കുലുങ്ങുന്നുണ്ടായിരുന്നു.
'വന്ദനം, യജമാനനേ,' ഹേലായും വൃദ്ധനായ അക്കൂബും ഒന്നിച്ചു പറഞ്ഞു. അവര്‍ അയാളുടെ കാല്ക്കല്‍ വീണുവെന്ന് മൊര്‍ദെഖായിക്കു തോന്നി.
'എന്റെ കൂടെ വാ. മൊര്‍ദെഖായിക്കുള്ള കഴുമരം ചുമക്കാന്‍ എനിക്ക് അന്‍പത് ആളുകളെ വേണം. മുഴത്തിന് ഒരാള്‍വെച്ച് ആളൊന്നുക്ക് ഒരു വെള്ളിവീതം എണ്ണി ഏല്പിച്ചിട്ടുണ്ട് ഹാമാന്‍.'
'ക്ഷമിക്കണം യജമാനനേ. എന്റെ കാര്യം ഉറപ്പ്. പക്ഷേ, എന്റെ അമ്മായിയപ്പന്‍, ഉള്ളു പൊള്ളയായ ഈ പടുവൃദ്ധന്‍ കഴുമരത്തിന്റെ അടുത്തെത്തുമെന്നുപോലും തോന്നുന്നില്ല. ഇയാള്‍ക്കു കണ്ണും അമാന്തമാണ്. ഞാനിയാളെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ടു വരാം.'
'പ്രയോജനമില്ലാത്തതിനെയൊന്നും എനിക്കു വേണ്ട.'

ഓമാറിന്റെ കുതിച്ചുപോക്ക് മൊര്‍ദെഖായി കൂടാരത്തിന്റെ വിടവിലൂടെ നോക്കിക്കണ്ടു. ഹാമാന്റെ മല്ലന്മാരെക്കുറിച്ച് അയാള്‍ക്കു നേരത്തേതന്നെയറിയാം. രാജ്യത്തെ ഏറ്റവും ശക്തരും ദുഷ്ടരുമായ ഒരു പടയാണത്.
ഹേലാ: എന്തു തോന്നുന്നു അക്കൂബ്?
അക്കൂബ്: നീയെന്നെ വല്ലാതെ താഴ്ത്തിക്കെട്ടി.
ഹേലാ: നിങ്ങള്‍ക്കെന്താ കഴുമരം ചുമക്കണമെന്നുണ്ടായിരുന്നോ?
അക്കൂബ്: ഒരു തുടം വീഞ്ഞു കിട്ടിയില്ലെങ്കില്‍ ഞാനിവിടെ മരിച്ചുവീഴും. നിന്റെ കൈയില്‍ എന്തുണ്ട്?
ഹേലാ: എന്റെ തോല്‍ക്കുടം കാലിയായതുകൊണ്ടാണല്ലോ നമ്മള്‍ കൊള്ളയടിക്കാനിറങ്ങിയത്.
അക്കൂബ്: നീയാണ് ശരിക്കും പ്രയോജനമില്ലാത്തവന്‍, ഹേലാ. തണ്ടും തടിയുമുണ്ടായിട്ട് എന്തു കാര്യം! ആ കൂടാര വാതില്ക്കല്‍ ചെന്ന് വിളിച്ചുനോക്ക്.
അവര്‍ കൂടാരവാതില്ക്കലെത്തുംമുന്‍പ് മൊര്‍ദെഖായി വിളിച്ചുപറഞ്ഞു: 'അകത്തു വരൂ സ്നേഹിതരേ, അല്പം എന്തെങ്കിലും കഴിച്ചിട്ടു പോകൂ.'
അത്യുത്സാഹത്തോടെ ഹേലായും അക്കൂബും കൂടാരത്തിനകത്തേക്കു കടന്നു. മൊര്‍ദെഖായി രണ്ടു പാത്രങ്ങളില്‍ വീഞ്ഞു പകര്‍ന്നു. ഒരു കഷണം പാല്‍ക്കട്ടിയും ഒരപ്പവും ഒരു വലിയ കഷണം വേവിച്ച മാംസവും അവരുടെ മുന്നില്‍ വിളമ്പി. 'കഴിക്കൂ, രാജ്യത്ത് വലിയ കൊള്ളയും കൊലയും നടക്കുകയല്ലേ. എത്ര കാലം സമാധാനത്തോടെ നമുക്കു ഭക്ഷണം കഴിക്കാനാകുമെന്ന് ആര്‍ക്കറിയാം.'
'നമ്മളെന്തിനു പേടിക്കണം. യഹൂദരെയല്ലാതെ മറ്റു വംശങ്ങളെ നശിപ്പിക്കണമെന്ന് ഹാമാന്‍ ആവശ്യപ്പെട്ടിട്ടില്ലല്ലോ,' ഹേലാ ആര്‍ത്തിയോടെ മാംസം ചവച്ചിറക്കി.
'ഹാമാന് ഇതിലെന്തു കാര്യം? രാജാവിന്റെ കല്പനയല്ലേ?'
'രാജാവിന്റെ കല്പനയോ? ഹാമാന്റെ കല്പന എന്നു പറയൂ.'
'രാജകല്പനയെ രാജകല്പനയെന്നുതന്നെ പറയണം.'
'നിങ്ങള്‍ക്കെന്തറിയാം. രാജ്യത്തെ ഏറ്റവും അപകടകാരികളായ ജനത എന്ന നിലയില്‍ യഹൂദരെ രാജാവിന്റെ മുന്‍പില്‍ അവതരിപ്പിച്ചത് ഹാമാനാണ്. ഹാമാനെ പേടിച്ചിട്ട് ആരും എതിരൊന്നും പറഞ്ഞില്ലെന്നു മാത്രം. രാജാവിന് ഹാമാനെ പൂര്‍ണവിശ്വാസമാണ്. അല്ലെങ്കില്‍ത്തന്നെ ആരൊക്കെയോ രാജാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അദ്ദേഹത്തിനു ഭയമുണ്ടല്ലോ. നിങ്ങളുടെ വീഞ്ഞ് എന്റെ അമ്മായിയപ്പന്റെ തലയ്ക്കുപിടിച്ചിരിക്കുന്നു, സ്നേഹിതാ. ഒരക്ഷരം മിണ്ടുന്നുണ്ടോയെന്ന് നോക്കൂ. വെറുതേയിരുന്ന് ചിരിക്കുകയും ചെയ്യുന്നു. ആട്ടെ, ഞാന്‍ പേരു ചോദിക്കാന്‍ മറന്നു. നിങ്ങളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.'
'അതു വിട്. ഹാമാന്റെ വാക്കു കേട്ട് മുഴുവന്‍ യഹൂദരെയും കൊന്നു കൊള്ളയടിക്കാന്‍ രാജാവ് ഉത്തരവിട്ടത് എന്തു ന്യായത്തിലാണ്?'
'പേടി ഒരു ന്യായമാണെങ്കില്‍ അതുതന്നെയാണ് ന്യായം. ആരും ആദ്യം നോക്കുക സ്വന്തം ജീവന്‍ രക്ഷിക്കാനല്ലേ?'
'എനിക്കും തോന്നുന്നു, ഇത് രാജാവിന്റെ താത്പര്യമല്ലെന്ന്. അഹശ്വേറോസ് ഹൃദയവിശാലതയുള്ളവനാണ്. എസ്തേര്‍ റാണിയുടെ വിരുന്നില്‍ അദ്ദേഹം ജനങ്ങളോടു പറഞ്ഞതെന്താണ്? എന്റെ രാജ്യം ഒരു വര്‍ണപ്പൂന്തോട്ടമാണെന്നല്ലേ. എത്രയെത്ര ഗോത്രങ്ങള്‍, എത്ര ജാതികള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍, വര്‍ണങ്ങള്‍... ഇതെല്ലാം ഒന്നിച്ചുകൊണ്ടുപോകുന്നതിലെ ആനന്ദമാണ് തനിക്കേറ്റവും വിലപ്പെട്ടതെന്നും പറഞ്ഞു അഹശ്വേറോസ്. ആ ശബ്ദത്തിലെ ആത്മാര്‍ഥത എന്നെ വല്ലാതെ സ്പര്‍ശിച്ചു. എന്നിട്ടിപ്പോള്‍ അതില്‍ ഒരു ജനതയെ മാത്രം തിരഞ്ഞുപിടിച്ച് ഒരു കാരണവും കൂടാതെ വംശഹത്യ ചെയ്ത് കൊള്ളയടിക്കാന്‍ അദ്ദേഹം കല്പിക്കുമോ?'
ഹേലാ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. വീഞ്ഞിന്റെ ലഹരിയില്‍ അയാള്‍ക്കു കാലിടറുന്നുണ്ടായിരുന്നു. അയാള്‍ മൊര്‍ദെഖായിയുടെ തോളില്‍ കൈയിട്ടു. അയാളുടെ ഇടതുകവിളില്‍ ചുംബിക്കുകയും ചെയ്തു. 'ഞാനൊരു രഹസ്യം പറയട്ടെ? യഹൂദരെ നശിപ്പിക്കേണ്ടതിനു വരുന്ന ചെലവിലേക്ക് സ്വന്തം കൈയില്‍നിന്ന് പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഖജനാവിലേക്കു കൊടുക്കാമെന്ന് ഹാമാന്‍ വാഗ്ദാനം ചെയ്യുന്നത് ഞാനെന്റെ ചെവികൊണ്ട് കേട്ടു. അതിനു പകരം യഹൂദരെ നശിപ്പിക്കാനുള്ള ഉത്തരവു കിട്ടിയാല്‍ മതി. അപ്പോള്‍ രാജാവ് പറഞ്ഞതെന്താണ്? ആ വെള്ളിയെയും ആ ജാതിയെയും ഞാന്‍ നിനക്കു ദാനം ചെയ്യുന്നുവെന്ന്. ഇഷ്ടംപോലെ ചെയ്തുകൊള്ളൂ എന്ന്. എന്നിട്ട് മുദ്രമോതിരം ഊരിക്കൊടുത്തു. എവിടെപ്പോയി അഹശ്വേറോസിന്റെ വര്‍ണപ്പൂന്തോട്ടം!'
'ഹേലാ, നീ രാജ്യദ്രോഹം പറയുന്നു. നിന്നെ പിടിച്ച് തുറങ്കിലടയ്ക്കണം. കഴുമരത്തില്‍ കയറ്റണം. ഞാനിത് ഇപ്പോള്‍ത്തന്നെ രാജസന്നിധിയില്‍ അറിയിക്കും.' അക്കൂബ് ഇരിപ്പിടത്തുനിന്ന് എഴുന്നേല്ക്കുകയും കെട്ടിമറിഞ്ഞു വീഴുകയും ചെയ്തു.
മൊര്‍ദെഖായി മനം കലങ്ങി കൂടാരം വിട്ടു പോയി. അയാള്‍ പട്ടണത്തിനു നടുവില്‍ ചെന്ന് എല്ലാവരും കാണ്‍കേ വസ്ത്രങ്ങള്‍ വലിച്ചുകീറി ചാക്കുടുത്തു. വെണ്ണീര്‍ വാരി തലയിലിട്ടു. നെഞ്ചത്തലച്ച് നിലവിളിച്ചുകൊണ്ട് അയാള്‍ രാജകൊട്ടാരത്തിനു നേര്‍ക്കു നിന്നു. അയാളെ കണ്ട യഹൂദരില്‍ പലരും സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചാക്കുടുത്ത് വെണ്ണീര്‍ വാരി തലയിലിട്ട് അയാളെ അനുഗമിക്കുകയും ചെയ്തു. അവര്‍ കൂട്ടമായി നിലവിളിച്ചുകൊണ്ട് രാജാവിന്റെ പടിവാതിലോളം ചെന്നു. സങ്കടമണിയുടെ കയര്‍ മൊര്‍ദെഖായി ഏറ്റെടുത്തു. അവന്‍ ആഞ്ഞാഞ്ഞ് മണിയടിക്കുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാല്‍, ചാക്കുടുത്തുകൊണ്ട് ആര്‍ക്കും രാജാവിന്റെ പടിവാതിലിനകത്ത് കടന്നുകൂടായിരുന്നു.

(തുടരും)

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books Chapter 6 part 2