പ്രിയപ്പെട്ട എസ്തേര്‍, ആപത്കരമായ ഒന്നിനെപ്പറ്റി സംസാരിക്കേണ്ടതിലേക്ക് നിന്നെ വന്നുകാണാന്‍ എനിക്ക് അനുമതി തരിക,' മൊര്‍ദെഖായി ഒന്നാം അന്തഃപുരത്തിലെ തിരുനങ്ക ഹഥാക് വഴി ഒരു സന്ദേശം വളര്‍ത്തുമകള്‍ക്കു കൊടുത്തയച്ചു. അവളുമായുള്ള ബന്ധമെന്തെന്ന് അയാള്‍ വെളിപ്പെടുത്തിയില്ല. ഹീബ്രൂഭാഷയിലെഴുതപ്പെട്ട സന്ദേശം ഹഥാകിന് അജ്ഞാതമായിരുന്നു.

യഹൂദനായ മൊര്‍ദെഖായിയുടെ പേര് രാജാവിന്റെ ദിനവൃത്താന്തപുസ്തകത്തില്‍ സ്ഥലംപിടിക്കാന്‍ ഇടവരുത്തിയ അനന്തരസംഭവങ്ങളുടെ തുടക്കമായിരുന്നു അത്. രാജാവിനെ വധിക്കാന്‍ നടക്കുന്ന ഒരു ഗൂഢാലോചനയെപ്പറ്റി വിവരം നല്കാനാണ് മൊര്‍ദെഖായി എസ്തേറിനെ കാണാന്‍ ആവശ്യപ്പെട്ടത്. അയാള്‍ എല്ലാ ആദരവോടെയും സ്വീകരിക്കപ്പെട്ടു. എസ്തേറിന്റെ ഉദ്യാനത്തില്‍ അയാള്‍ക്കുവേണ്ടി പ്രഭാതഭക്ഷണമൊരുങ്ങി. രാജകീയപ്രൗഢിയോടെ തന്റെ വളര്‍ത്തുമകള്‍ വിരുന്നുശാലയിലേക്കു കടന്നുവരുന്നതു കാണാനാണ് മൊര്‍ദെഖായി കാത്തുനിന്നത്. എന്നാല്‍ അവള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മൊര്‍ദെഖായി അവള്‍ക്കുവേണ്ടി തുന്നിച്ചതും അയാളോടൊപ്പം ശൂശനിലേക്കുള്ള യാത്രയില്‍ ധരിച്ചിരുന്നതുമായ വസ്ത്രങ്ങളോടും മൂടുപടത്തോടുംകൂടി അയാളുടെ മുന്നിലേക്കു വന്നു. ഒരു പ്രജ എന്ന നിലയിലും രാജാവിന്റെ പടിവാതില്ക്കല്‍ ഇരിക്കുന്നവന്‍ എന്ന നിലയിലും ശൂശന്റെ മഹാറാണിയുടെ മുന്നില്‍ മൊര്‍ദെഖായി മുട്ടുകുത്തി. അവള്‍ തന്റെ കൈനീട്ടുകയും അയാളതിനെ ചുംബിക്കുകയും ചെയ്തു. അവളുടെ കണ്ണുകളിലെ നനവ് മൂടുപടത്താല്‍ മറച്ചുപിടിക്കപ്പെട്ടു.

ഗൂഢാലോചനക്കാരില്‍ രണ്ടുപേര്‍ രാജാവിന്റെ തിരുനങ്കകളായ ബിഗ്ധാനും തേരശും ആയിരുന്നു. അവര്‍ തമ്മില്‍ നടന്ന സംഭാഷണം മൊര്‍ദെഖായി കേട്ടിരുന്നു. 'ഇത് വലിയൊരവസരമാണ് എസ്തേര്‍. നിന്നോടും അതുവഴി എന്നോടും രാജാവിനു മതിപ്പുണ്ടാക്കാന്‍ വേണ്ടി ഈ അവസരത്തെ സമര്‍ഥമായി ഉപയോഗിക്കണം.' വിവരങ്ങള്‍ എപ്പോള്‍ എങ്ങനെ രാജാവിനു കൈമാറണമെന്ന് മൊര്‍ദെഖായി പറഞ്ഞുകൊടുത്തു. മൊര്‍ദെഖായിയുടെ കല്പനകളനുസരിക്കാന്‍ അവന്റെ അടുക്കല്‍ വളര്‍ന്നപ്പോഴത്തെപ്പോലെ എസ്തേര്‍ തയ്യാറായിരുന്നു. കാരണം, അതവള്‍ക്ക് ഓര്‍മകള്‍ തിരിച്ചുകൊടുക്കും. മൊര്‍ദെഖായിയുടെ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ കിളിവാതിലിലൂടെ ഊര്‍ന്നുവീഴുന്ന സൗമ്യമായ പ്രഭാത കിരണങ്ങളെയും അത്താഴപ്പകര്‍ച്ചയുമെടുത്ത് കുന്നിന്മുകളിലെ പട്ടിണിക്കാരുടെ അടുത്തേക്കുള്ള നടത്തത്തെയും തിരികെ കൊണ്ടുവരും. തെരുവിലെ കുട്ടികളോടൊപ്പം അവള്‍ കളിക്കുകയും പിശുക്കനായ അമ്രോസിന്റെ പാവം കഴുതയ്ക്കു വെള്ളം കൊടുക്കുകയും ചെയ്യും. സുഗന്ധധൂപം പുകയ്ക്കുന്നതും വിളക്കുകള്‍ തുടച്ചുമിനുക്കുന്നതുമായ സന്ധ്യകള്‍ അവള്‍ക്കു തിരികെ കിട്ടും. ആടുകളുടെ രോമം കത്രിക്കുന്ന കാലവും മുന്തിരിക്കൊയ്ത്തിന്റെ കാലവും അവള്‍ വീണ്ടെടുക്കും. ഗൂഢാലോചനയെപ്പറ്റി എസ്തേര്‍ അറിയിച്ചപ്പോള്‍ അഹശ്വേറോസ് രാജാവ് ആദ്യമതു തള്ളിക്കളയനാണ് ശ്രമിച്ചത്. അങ്ങനെയൊന്നു സംഭവിക്കാനിടയില്ല.

'ആരാണ് എസ്തേറിന് ഈ വിവരം കൈമാറിയത്?'
'മൊര്‍ദെഖായി എന്ന ഒരു യഹൂദന്‍. അയാള്‍ രാജാവിന്റെ പടിവാതില്ക്കല്‍ ഇരിക്കുന്നവനും അങ്ങ് എന്റെ ശുശ്രൂഷയ്ക്കായി നിയമിച്ചിട്ടുമുള്ള ഹഥാക് എന്ന തിരുനങ്കയുടെ സ്നേഹിതനുമാണ്.'
അഹശ്വേറോസിന് എന്നിട്ടും അതു വിശ്വസിക്കാന്‍ തോന്നിയില്ല. അതിന്റെ സാധ്യത അയാള്‍ക്കു ബോധ്യപ്പെട്ടില്ല.
'സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം,' എസ്തേര്‍ പറഞ്ഞു. മൊര്‍ദെഖായി അവളെ പഠിപ്പിച്ച വാചകമായിരുന്നു അത്.

Eether
വര: ദ്വിജിത്ത്

'പാര്‍സ്യന്‍ രാജധാനിയില്‍ രാജാവിനെതിരേ ഒരു വധശ്രമം നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ രക്ഷപ്പെടുകയില്ല. അതേസമയം ഇതൊരു ദുരാരോപണമാണെങ്കില്‍ തെറ്റായ വിവരം നല്കിയവര്‍ കഠിനമായി ശിക്ഷിക്കപ്പെടും.'
അവ്യക്തമായൊരു ഭയം എസ്തേറിന്റെ മനസ്സിലൂടെ കടന്നുപോയി. മൊര്‍ദെഖായിക്കു തെറ്റുപറ്റിയിരിക്കുമോ?
അഹശ്വേറോസ് രാജാവ് തന്റെ പതിവുരീതിക്കു വ്യത്യസ്തമായി ഗൂഢാലോചനാവിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബിഗ്ധാനും തേരശും കുറ്റം സമ്മതിച്ചുവെങ്കിലും രാജാവിനതു വിശ്വാസമായില്ല. കൂടുതല്‍ അപായകരമായ എന്തോ ഒന്നിന്റെ സൂചന അന്വേഷണത്തില്‍ തെളിയുന്നതായി അദ്ദേഹത്തിനു തോന്നി. തക്കസമയത്ത് വിവരം നല്കിയ മൊര്‍ദെഖായിയുടെ പേര് ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തണമെന്ന് രാജാവ് കല്പിച്ചു. അയാളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.

മൊര്‍ദെഖായി ഇതില്‍ സന്തോഷിച്ചുവെങ്കിലും, രാജാവിന് എസ്തേറിനോടു തോന്നിയ മതിപ്പ് യഹൂദരുടെ രക്ഷാകവചമാക്കാന്‍ കഴിയുമെന്നയാള്‍ വിശ്വസിച്ചുവെങ്കിലും, കാര്യങ്ങള്‍ നേര്‍വിപരീതമായാണ് സംഭവിച്ചത്. തനിക്കു ജീവാപായഭീഷണിയുണ്ടെന്നത് അഹശ്വേറോസിന്റെ ഉറക്കം കെടുത്തി. ഉദ്യോഗസ്ഥതലത്തില്‍ വലിയൊരഴിച്ചുപണി നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. പലര്‍ക്കും സ്ഥാനചലനമുണ്ടായി. ചിലരൊക്കെ ഇകഴ്ത്തപ്പെട്ടു. തെളിവൊന്നുമില്ലാതെയും രാജാവ് പലരെയും സംശയിച്ചു, അവിശ്വസിച്ചു. ക്ലേശകരമായ ദിവസങ്ങളായിരുന്നു അവ. പലരുടെയും എതിര്‍പ്പും അമര്‍ഷവും കൊട്ടാരത്തിനകത്തെ അന്തരീക്ഷത്തെ വീര്‍പ്പുമുട്ടിച്ചു. പിറുപിറുക്കലുകളും രഹസ്യകൂടിച്ചേരലുകളും നടന്നു. രാജാവാകട്ടെ, അമാലേക്യനായ ഹാമാന്‍ എന്നയാള്‍ക്കു സ്ഥാനക്കയറ്റം നല്കി, എല്ലാ പ്രഭുക്കന്മാര്‍ക്കും മീതേയുള്ള പദവിയിലിരുത്തി. അസ്വസ്ഥതയുടെ ഈ ദിവസങ്ങളിലൊന്നും രാജാവ് എസ്തേറിന്റെ അടുത്തു വന്നില്ല. അവളെപ്പറ്റി ഓര്‍ത്തതുപോലുമില്ല.

രാജാവിനു തൊട്ടുതാഴേയുള്ള ഒരു സ്ഥാനം അമാലേക്യനായ ഹാമാനു നല്കപ്പെട്ടത് യഹൂദരുടെ നാശത്തിന്റെ തുടക്കമാണെന്ന് മൊര്‍ദെഖായിക്കു ഭയം തോന്നി. അമാലേക്യര്‍ ഈശാവിന്റെ വംശപരമ്പരയില്‍ പെട്ടവരാണ്. ഈശാവിന്റെ ഇളയ സഹോദരനായ യിസ്രയേല്‍ എന്ന യാക്കോബിന്റെ വംശപരമ്പരയില്‍ പെട്ടവരാണ് മൊര്‍ദെഖായിയും യിസ്രയേലികള്‍ എന്നു വിളിക്കപ്പെടുന്ന യഹൂദന്മാരും. ഒരു വലിയ ചതിയുടെ അടങ്ങാത്ത പകയും വിദ്വേഷവും തലമുറകളായി ആളിക്കത്തിച്ചുകൊണ്ടിരിക്കുന്നവരാണ് ഈശാവിന്റെ പരമ്പരകള്‍. അപ്പനായ ഇസ്ഹാക്കില്‍നിന്ന് തനിക്കു കിട്ടേണ്ടിയിരുന്ന അനുഗ്രഹം യിസ്രയേല്‍ തട്ടിയെടുത്തുവെന്ന് മനസ്സിലാക്കിയപ്പോള്‍ സഹോദരനെ കൊന്ന് പകവീട്ടാന്‍വേണ്ടി അവന്റെ പിന്നാലെ പാഞ്ഞുനടക്കാന്‍ തുടങ്ങി ഈശാവ്. യിസ്രയേല്‍ എന്ന യാക്കോബ് രാജ്യത്തുനിന്നും ഓടിപ്പോയി രക്ഷപ്പെട്ടു. പലവട്ടം യിസ്രയേലിനാല്‍ ചതിക്കപ്പെട്ടവനാണ് ഈശാവ്. എന്നിട്ടും യഹോവ യിസ്രയേല്‍ എന്ന യാക്കോബിനെയും അവന്റെ പന്ത്രണ്ടു മക്കളെയും തിരഞ്ഞെടുക്കപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരുമാക്കി ഉയര്‍ത്തിയപ്പോള്‍ ഈശാവ് യഹോവയെ വെറുത്തു. അപ്പനായ ഇസ്ഹാക്കിന്റെയും അപ്പൂപ്പനായ അബ്രഹാമിന്റെയും ദൈവമായ യഹോവയെ അവന്‍ ഉപേക്ഷിച്ചു. യഹോവയുടെ കല്പനകളും പ്രമാണങ്ങളും തനിക്കു ബാധകമല്ലെന്ന് അവന്‍ പ്രഖ്യാപിച്ചു. തന്റെ തലമുറകളും യഹോവയെ പിന്തുടരുകയില്ല. യഹോവയുടെ ജനതയെ എവിടെ കണ്ടാലും കൊല്ലുക എന്നതില്‍ക്കവിഞ്ഞ് യാതൊരു പ്രമാണവും ഈശാവിന്റെ മക്കള്‍ക്കുണ്ടായിരുന്നില്ല.

ഈശാവിനെക്കാള്‍ കോപത്തോടെ അവന്റെ മക്കള്‍ അപ്പന്റെ ശത്രുതയും ഹൃദയകാഠിന്യവും ഏറ്റെടുത്തു. യാക്കോബിനോടും അവന്റെ മക്കളോടും രക്തക്കളിയല്ലാത്ത മറ്റൊന്നുമില്ലെന്ന് അവര്‍ തീരുമാനിച്ചു. ഈശാവിന്റെ മക്കള്‍പ്പരമ്പരയിലെ അതിശക്തനാണ് അമാലക്ക്. അവരുടെ വംശം പിന്നീട് അവന്റെ പേരില്‍ അറിയപ്പെട്ടു.
'അമാലെക്കുകള്‍ യിസ്രയേലികളോടു ചെയ്തതെന്തെന്ന് മറക്കരുത്. അവരെ സമൂലം നശിപ്പിച്ചുകളയുക,' മൊര്‍ദെഖായി ദിനവും യഹൂദരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അമാലെക്കുകളായ ആണിന്റെയോ പെണ്ണിന്റെയോ കുട്ടിയുടെയോ മുലകുടിക്കുന്ന പൈതലിന്റെയോ എന്തിന്, അവരുടെ കാളയുടെയോ ആടിന്റെയോ പോലും പേരുച്ചരിക്കരുത്. മൊര്‍ദെഖായി ദേവാലയവാതില്ക്കല്‍ ഇരുന്ന് തന്റെ ജനതയെ പഠിപ്പിച്ചു. മരുഭൂമിയില്‍ ഒരിറ്റു വെള്ളം കിട്ടാതെ യഹൂദജനത പിടഞ്ഞുമരിക്കുമ്പോള്‍ അമാലെക്കുകള്‍ രെഫിദീമില്‍ വെച്ച് യിസ്രയേലിനോടു യുദ്ധം ചെയ്തു. ക്രൂരമായി അവര്‍ യഹൂദരെ കൊന്നുവീഴ്ത്തി. മരുഭൂമിയില്‍ യഹൂദരുടെ രക്തം പുഴപോലെ ഒഴുകി. 'അതുകൊണ്ട് അതാ ഈ മൃഗം ഒരമാലേക്യന്റെതാണ് എന്നുപോലും നിങ്ങള്‍ ഉച്ചരിക്കരുത്,' മൊര്‍ദെഖായി പഠിപ്പിച്ചു.

ഇപ്പോള്‍ അമാലേക്യനായ ഹമ്മേദത്തായുടെ മകന്‍ ഹാമാന്‍ രാജാവിന്റെ തൊട്ടുതാഴേ ഒരു സ്ഥാനത്ത് അവരോധിക്കപ്പെടുന്നതിന്റെയും രാജാവിനു വിശ്വസ്തനായിത്തീരുന്നതിന്റെയും വിപത്ത് അത്ര ചെറുതായിരിക്കില്ല. എസ്തേര്‍ തന്റെ കുലവും ജാതിയും മറച്ചുവെച്ചിരിക്കുന്നത് അയാളറിയാന്‍ ഇടവരുമെന്നും മൊര്‍ദെഖായി ഭയന്നു.

തനിക്കു കൈവന്ന സ്ഥാനവും പദവിയും ഹാമാന് അവിശ്വസനീയമായി തോന്നി. അയാള്‍ അതിസമ്പന്നനും പത്തു പുത്രന്മാരോടുകൂടി സകലവിധസൗഭാഗ്യത്തോടുകൂടി ജീവിക്കുന്നവനുമായിരുന്നു. ബുദ്ധിമാനായ രാജാവ് ഇതു കണ്ടുവെന്ന് ഹാമാന്‍ ചിന്തിച്ചു. അത്രയും പ്രബലനായ ഒരാളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരാന്‍ എന്തിനു രണ്ടാമതൊന്നാലോചിക്കണം? ഹാമാന്റെ ശിരസ്സ് ആകാശത്തോളമുയര്‍ന്നു. അയാളുടെ കാലുകള്‍ നിലം തൊട്ടില്ല. ഇനിമുതല്‍ കൊട്ടാരത്തില്‍ ഹാമാനു താഴേയുള്ളവര്‍ മുഴുവന്‍ അയാളെ വണങ്ങണമെന്ന് രാജാവ് കല്പന പുറപ്പെടുവിച്ചിരുന്നു. കൊട്ടാരവാതില്‍ കാവല്ക്കാര്‍ ഇതു പരസ്പരം പറയുന്നതു കേട്ടാണ് മൊര്‍ദെഖായി വിവരമറിയുന്നത്. ഹാമാന്‍ കടന്നുപോകുമ്പോള്‍ കാവല്ക്കാര്‍ അയാളെ കുമ്പിട്ടു നമസ്‌കരിച്ചു. മൊര്‍ദെഖായി ആകട്ടെ, ഇരുന്നിടത്തുനിന്നും ഇളകിയില്ല.

'നീ എന്താണ് രാജകല്പന ലംഘിക്കുന്നത്?' കാവല്ക്കാരിലൊരാള്‍ ചോദിച്ചു. മൊര്‍ദെഖായി മിണ്ടാതിരുന്നു. രണ്ടാംദിവസവും മൂന്നാംദിവസവും അവന്‍ അതാവര്‍ത്തിച്ചപ്പോള്‍ കാവല്ക്കാര്‍ രഹസ്യമായി ആ വിവരം ഹാമാനെ അറിയിച്ചു. മൊര്‍ദെഖായി ഒരു യഹൂദനാണെന്ന് അവര്‍ക്കറിയാമായിരുന്നു. യഹൂദനും അമാലേക്യനും ആജന്മശത്രുക്കളാണെന്നും അവരറിഞ്ഞിരുന്നു.

വിവരമറിഞ്ഞ് ഹാമാന്‍ കോപംകൊണ്ടു വിറച്ചു: 'അവന്‍ ഒരാള്‍ എനിക്കൊന്നുമല്ല. കൂട്ടത്തോടെ കുലയോടെ യഹൂദന്റെ വേരറുക്കാന്‍ എനിക്കറിയാം.' ഹാമാന്റെ മുഖത്തുനിന്നും തീ പാറുന്നുണ്ടെന്ന് കാവല്ക്കാര്‍ക്കു തോന്നി. അവര്‍ ഭയന്നു. എന്നാല്‍, മൊര്‍ദെഖായി അശേഷം ഭയന്നില്ല. അയാള്‍ ഒരിക്കലും ഹാമാനെ വണങ്ങിയതുമില്ല.
അതിനുശേഷം കൃത്യം ഒരു മാസം കഴിഞ്ഞ് ഒരു നാള്‍ മൊര്‍ദെഖായി തന്റെ കൂടാരത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.

യഹോവേ, ആറു കാര്യങ്ങള്‍ നിനക്കു വെറുപ്പാകുന്നു.
 ഏഴു കാര്യങ്ങള്‍ നിനക്ക് അറപ്പാകുന്നു.
  ഗര്‍വമുള്ള കണ്ണും വ്യാജമുള്ള നാവും
കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയും
ദുരുപായം നിരൂപിക്കുന്ന ഹൃദയവും
ദോഷത്തിനു ബദ്ധപ്പെട്ടോടുന്ന കാലും
ഭോഷ്‌കു പറയുന്ന കള്ളസാക്ഷിയും
സഹോദരന്മാരുടെ ഇടയില്‍ വഴക്കുണ്ടാക്കുന്നവനുംതന്നെ.

എന്റെ ഹൃദയം വെടുപ്പുള്ളതാക്കണമേ.... നിന്റെ രാജ്യം സ്ഥാപിക്കുന്നതിന് എന്റെ വാക്കിനെയും കൈകളെയും ബലപ്പെടുത്തേണമേ.......

അപ്പോള്‍ കൂടാരത്തിനു പുറത്ത് വലിയ ഒരാരവം കേട്ടു. മൊര്‍ദെഖായി തല പുറത്തേക്കിട്ടു നോക്കിയപ്പോള്‍ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടങ്ങിയ യഹൂദജനം നിലവിളിച്ചുകൊണ്ടോടിപ്പോകുന്നതു കണ്ടു. അവന്‍ ധൃതിയില്‍ ആള്‍ക്കൂട്ടത്തിലേക്കോടിച്ചെന്നു. 'എന്താണ്? എന്താണുണ്ടായത്? എവിടേക്കാണ് ഓടിപ്പോകുന്നത്?' ഒരുവനെ പിടിച്ചുനിര്‍ത്തി അയാള്‍ കാര്യം തിരക്കി.
  
'നിനക്കറിയില്ലേ? നീ യഹൂദനല്ലേ?'
'എനിക്കറിയില്ല സഹോദരാ.'
'കഷ്ടം. നീ അഹശ്വേറോസിന്റെ പടിക്കല്‍ കാവല്‍ നില്ക്കുന്നു. അയാളോ? നിന്റെ ജനത്തെ കൂമ്പും കുലയും അരിഞ്ഞുതള്ളി നശിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നു.'
എന്നിട്ടും മൊര്‍ദെഖായിക്കു കാര്യം മനസ്സിലായില്ല. 'ഞാനൊന്നും അറിയുന്നില്ല. ഇതാരു പറഞ്ഞു?'
'ആരെങ്കിലും പറയുന്നതെന്തിന്? കവലകളില്‍ പോയിനോക്കൂ. യഹൂദന്മാരെ, മുലകുടിക്കുന്ന കുഞ്ഞുങ്ങളെയടക്കം കൊന്നുകളയാനും അവരുടെ മുതല്‍ കൊള്ളയടിക്കാനും രാജാവിന്റെ പേരിലെഴുതി രാജമുദ്ര പതിപ്പിച്ച ഉത്തരവ് കവലകളില്‍ പതിച്ചിരിക്കുന്നു. ഞങ്ങള്‍ അതിരാവിലെ അതു കണ്ടു.'

(തുടരും)

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം​

 

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books