'എങ്കില്‍ ഈ നീലക്കല്ല് നിന്റെ ശിരോവസ്ത്രത്തില്‍ അണിയുക. ഇത് രാജാവിന്റെ വിശിഷ്ടസമ്മാനമാണ്,' അവര്‍ പറഞ്ഞു. മെഹൂമാന്‍ മറ്റു തിരുനങ്കകളുമായി കൂടിയാലോചിച്ചു. 'പാകമാകാത്തതിനെക്കാള്‍ ഉചിതം മനസ്സിനു പാകമാകുന്നതെന്തോ അതത്രേ,' തിരുനങ്കകള്‍ പറഞ്ഞു.

എസ്തേര്‍ അവളുടെ വെള്ളവസ്ത്രങ്ങള്‍ ധരിച്ചു. ചുറ്റിനും പൊന്നുകൊണ്ട് കൊത്തുപണിയുള്ള വലിയ നീലക്കല്ല് ശിരോവസ്ത്രത്തില്‍ നെറ്റിക്കു നടുവിലായി ദാസിമാര്‍ അവളെ അണിയിച്ചു. അവള്‍ സര്‍വാഭരണവിഭൂഷിതയായിയെന്ന് മെഹൂമാന്‍ തിരുനങ്കകളോടു പറഞ്ഞു.

കറുത്ത ഒറ്റക്കുതിര വലിക്കുന്ന തേരില്‍ കയറുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുനാള്‍ രാജാവിന്റെ കിടപ്പറയില്‍ കിടന്നുറങ്ങിയത് എസ്തേര്‍ ഓര്‍ത്തു. പുലര്‍കാലം അവളില്‍ ആത്മനിന്ദ നിറയ്ക്കുകയും വിയര്‍ത്തുമുഷിഞ്ഞ വസ്ത്രങ്ങളോടൊപ്പം ആ ഓര്‍മകള്‍ അവള്‍ ഊരിയിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ രാജാവിന്റെ 'കൃപ' ലഭിച്ച് വീണ്ടും ഒരിക്കല്‍ക്കൂടി അന്തിയുറങ്ങാന്‍ പോകുമ്പോള്‍ ആത്മാഭിമാനത്തിന്റെ കുപ്പായങ്ങളാണ് അവള്‍ക്ക് ഊരിയിടേണ്ടിവന്നിട്ടുള്ളത്.

എന്നാല്‍ എസ്തേര്‍ ആനയിക്കപ്പെട്ടത് അഹശ്വേറോസിന്റെ കിടപ്പറയിലേക്കല്ല. ശൂശന്റെ രാജസദസ്സിലേക്കാണ്. പ്രഭുക്കന്മാരും സര്‍വസൈന്യാധിപന്മാരും മന്ത്രിമാരും ന്യായാധിപന്മാരും നേതാക്കളും ദാസീദാസന്മാരും ഇരുവശത്തും നിരന്നിരിക്കുന്നതിനു നടുവിലൂടെ മൃദുവായ പരവതാനിയില്‍ കാലിടറി അവള്‍ മുന്നോട്ടു നടന്നു. അഹശ്വേറോസ് പാര്‍സ്യന്‍ സാമ്രാജ്യാധിപന്റെ എല്ലാ ഘനഗാംഭീര്യങ്ങളോടെയും സിംഹാസനത്തില്‍ ഇരുന്നിരുന്നു. തലയുയര്‍ത്തി നോക്കാന്‍ എസ്തേറിനു തോന്നിയില്ല.

രാജാവ് സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് പടികളിറങ്ങി താഴേക്കു വന്നു. അദ്ദേഹം തന്റെ വലതുകരം അവള്‍ക്കു നേരേ നീട്ടി. എസ്തേര്‍ സംശയത്തോടെ, അവിശ്വാസത്തോടെ ഒരു നിമിഷം പ്രതികരിക്കാതെ നിന്നു. രാജാവാകട്ടെ, അവളുടെ കൈപിടിച്ച് സിംഹാസനത്തിലേക്കുള്ള പടികള്‍ കയറി. കാണികളുടെ ഇടയില്‍ വലിയ ആഹ്ലാദശബ്ദമുയര്‍ന്നു. രാജാവ് പറഞ്ഞു: 'പാര്‍സ്യന്‍ സാമ്രാജ്യാധിപതിയായ അഹശ്വേറോസ് മഹാരാജാവ് തന്റെ പ്രഭുക്കന്മാരെയും സൈനികനേതാക്കളെയും ദേശപ്രതിനിധികളെയും സാക്ഷിനിര്‍ത്തി എന്റെ ജനങ്ങളെ അറിയിക്കുന്നു... എന്റെ അധികാരത്തിന്‍കീഴിലുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട കന്യകമാരില്‍നിന്ന് ഈ നില്ക്കുന്ന എസ്തേറിനെ ഞാന്‍ എന്റെ ഭാര്യയായും പാര്‍സ്യന്‍ സാമ്രാജ്യത്തിന്റെ മഹാറാണിയായും തിരഞ്ഞെടുത്തിരിക്കുന്നു.' രാജസദസ്സ് വലിയ ആഹ്ലാദത്തോടെ അദ്ദേഹത്തിന്റെ വാക്കുകളെ അംഗീകരിച്ചു.

ശൂശന്റെ കിരീടം അവളുടെ ശിരസ്സില്‍ അണിയിക്കുമ്പോള്‍ രാജാവ് മൃദുവായി പറഞ്ഞു: 'നിന്റെ ലാളിത്യം നിന്നെ ഇതിനര്‍ഹയാക്കി.'

എസ്തേറിന്റെ പേരില്‍ ശൂശനിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു വിരുന്നൊരുക്കാന്‍ രാജാവു കല്പിച്ചു. പുതിയ രാജ്ഞിയെ കാണാനും രാജകീയസത്കാരത്തില്‍ പങ്കാളികളാവാനും വിശേഷപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് ശൂശനിലെ ജനങ്ങള്‍ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി. ശൂശന്റെ തെരുവീഥികള്‍ ആഹ്ലാദിക്കുന്ന ജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.

രാജാവിന്റെ പടിവാതില്‍ കാവല്ക്കാരനായ ഹേലായും അവന്റെ അമ്മായിയപ്പന്‍ അക്കൂബും അവര്‍ക്കുള്ള ഏറ്റവും മുന്തിയ വസ്ത്രങ്ങള്‍ എടുത്തണിഞ്ഞു. അവര്‍ ഭാര്യമാരെയും മക്കളെയും ഒപ്പം കൂട്ടി. അക്കൂബിനു രണ്ടും ഹേലായ്ക്കു രണ്ടും ഭാര്യമാര്‍. ഹേലായ്ക്കു രണ്ടു പുത്രിമാര്‍. തെരുവുകള്‍ അലങ്കരിക്കപ്പെട്ടിരുന്നു. നഗരം അതിന്റെ ആനന്ദവേള സംഗീതംകൊണ്ടും നൃത്തംകൊണ്ടും പാനോത്സവങ്ങള്‍കൊണ്ടും നിറച്ചു.

'ഇന്നു ഞാന്‍ വീഞ്ഞു കുടിച്ച് കുഴഞ്ഞുവീഴുകയാണെങ്കില്‍ മരണം സുനിശ്ചിതം. എന്നുവെച്ച് ഞാനിന്നു കുടിക്കാതിരിക്കുകയില്ല. പാര്‍സ്യന്‍ സാമ്രാജ്യത്തിലെ ഏറ്റവും മുന്തിയ വീഞ്ഞാണ് ഇന്നു വിളമ്പുക. എസ്തേര്‍ രാജ്ഞിയോളം വിലപിടിപ്പുള്ളതായി അഹശ്വേറോസിന് യാതൊന്നുമില്ലെന്ന് പ്രഖ്യാപിക്കുന്ന വിരുന്നാവും ഇത്,' അക്കൂബ് ഉത്സാഹഭരിതനായി.

'വശ്ത്തീരാജ്ഞിയുടെ അഹങ്കാരത്തിനുള്ള മറുപടിയായതുകൊണ്ട് അക്കൂബേ, വീഞ്ഞിനു വീര്യം കൂടും. പാകത്തിനു കുടിച്ചാല്‍ മതി,' ഹേലാ താക്കീതു നല്കി. അക്കൂബ് അയാളുടെ ഭാര്യമാരോടും പെണ്മക്കളോടും പറഞ്ഞു: 'എനിക്കു വയറ്റില്‍ കൊള്ളിക്കാന്‍ പറ്റാതെ പോകുന്ന വീഞ്ഞ് നിങ്ങള്‍ കുടിച്ചിരിക്കണം. ബാക്കിയായത് ശേഖരിച്ചുകൊണ്ടുവരികയും വേണം. നാണക്കേടു വിചാരിക്കേണ്ട. രാജാവ് ഉദാരനാണ്. പുതിയ രാജ്ഞി കുലീനയല്ലേ ഹേലാ? ഒരു കുലീനയ്ക്കല്ലാതെ ഉദാരമതിയാകാന്‍ കഴിയുമോ? എന്റെ പെണ്മക്കളെപ്പോലുള്ള ദരിദ്രസുന്ദരികള്‍ എന്തെടുത്തിട്ടാണ് ഔദാര്യം കാട്ടുക?'

'പുതിയ രാജ്ഞിയുടെ കുലമോ ഗോത്രമോ അറിയില്ല, എങ്കിലും അവളെ കാണുന്നമാത്രയില്‍ ആരും ഇഷ്ടപ്പെട്ടുപോകുമെന്ന് കേള്‍ക്കുന്നു.'

'എന്റെ കണ്ണിനു കാഴ്ചയില്ലാതെപോയല്ലോ. പുതിയ രാജ്ഞിയെ കണ്ടിട്ട് മരിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ എനിക്കില്ല.'

അക്കൂബ് തന്റെ തോല്‍ക്കുടം ഒരു ചരടില്‍ തൂക്കി അരയില്‍ കെട്ടിയിട്ട് ഭാരിച്ച ശരീരവും വലിച്ചിഴച്ച് മുന്നില്‍ നടന്നു. അയാള്‍ കുടുംബനാഥനാകകൊണ്ട് തിടുക്കവും പ്രസരിപ്പുമുള്ളവരെങ്കിലും അയാളുടെ ഭാര്യമാരും പെണ്മക്കളും അയാള്‍ക്കു പിന്നാലെ ഇഴഞ്ഞുനീങ്ങി. കൊട്ടാരത്തിന്റെ വാതില്ക്കല്‍വെച്ച് അവര്‍ ഹേലായുടെ പരിചയക്കാരനായ മൊര്‍ദെഖായിയെ കണ്ടു. അവന്‍ പടിവാതിലില്‍ കാവലിനുണ്ടായിരുന്നു.

'എപ്പോഴാണ് നിങ്ങള്‍ വരിക?' ഹേലാ ചോദിച്ചു. മൊര്‍ദെഖായി ചിരിച്ചുകൊണ്ട് കൈവീശി. വിരുന്നവസാനിക്കുമ്പോള്‍ പുതിയ രാജ്ഞിയുടെ കൈ ചുംബിക്കുന്നതിനായി താനവിടെ എത്തുമെന്നയാള്‍ മെല്ലെ പറഞ്ഞു.

(തുടരും)

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം