പഭാര്യമാരുടെ അന്തഃപുരം മത്സരവും അസൂയയും കല്ലുകടിയും നിറഞ്ഞതായിരുന്നു. ഒരുത്തിക്കൊരുത്തിയെ കണ്ടുകൂടാത്തതരം വെറുപ്പും ഉപജാപങ്ങളും അതിന്റെ ഓരോ മുക്കിലും മൂലയിലും ഇരുട്ടുപരത്തി. അവള്‍മൂലമാണ് തന്റെ അവസരം നഷ്ടപ്പെടുന്നതെന്ന് ഓരോരുത്തിയും അപരയെ സംശയിച്ചു. പൊതുവേയുള്ള നിരാശയും അമര്‍ഷവും കൊണ്ട് ഉഷ്ണവാതകം നിറച്ച ഒരറപോലെ അന്തഃപുരം അസഹ്യമായി. കൂടുതല്‍ ചെറുപ്പവും സൗന്ദര്യവുമുള്ളവരെ എല്ലാവരും ശത്രുപക്ഷത്തു നിര്‍ത്തി. ദയാശൂന്യമായ പെരുമാറ്റംകൊണ്ട് അവരെ ഉപദ്രവിക്കാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കിയില്ല. ശയസ്ഗസ് എന്നു പേരുള്ള തിരുനങ്കയ്ക്കായിരുന്നു രണ്ടാം അന്തഃപുരത്തിന്റെ ചുമതല. പരുപരുത്ത ഒച്ചയും ചതുരമുഖവും വലിയ ശരീരവുമുള്ള ഒരാളായിരുന്നു ശയസ്ഗസ്.

'വരിക, വരിക...' അയാള്‍ എസ്തേറിനെ സ്വാഗതം ചെയ്തു. അയാളുടെ ശബ്ദത്തില്‍ പരിഹാസമുണ്ടെന്ന് എസ്തേറിനു തോന്നി. വെളിച്ചമുള്ള ഒരിടത്തുനിന്ന് വിങ്ങുന്ന ഇരുട്ടും ഈര്‍പ്പവും ചൂടുമുള്ള ഒരിടത്തേക്കു കടന്നുനിന്നതുപോലെ എസ്തേര്‍ അസ്വസ്ഥയായി.

'ഇനി നിങ്ങളോട് പ്രത്യേകിച്ചെന്തെങ്കിലും തോന്നിയിട്ട് പേരുചൊല്ലി വിളിച്ചാലല്ലാതെ നിങ്ങള്‍ക്ക് രാജസന്നിധിയിലേക്കു പോകേണ്ട കാര്യമില്ല. സാധാരണഗതിയില്‍ അങ്ങനെയൊന്നും സംഭവിക്കുകയില്ല. എന്തിനു സംഭവിക്കണം? ദിനംദിനം പുതുപൂക്കള്‍ വിരിയുന്ന ഉദ്യാനത്തില്‍ ഏതെങ്കിലും തേന്‍കൊതിയന്‍ പഴയ പൂക്കളെ തേടുമോ? അതു പോട്ടെ, നിങ്ങള്‍ക്കിവിടെ ചെല്ലും ചെലവും കിട്ടും. ഇതിനകം നിങ്ങള്‍ ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കുട്ടിക്കും സംരക്ഷണം കിട്ടും. എന്നാല്‍, അതിനു രാജാവിന്റെ അനന്തരാവകാശിയാകാനൊന്നും സാധിക്കില്ല. അതിനെ രാജാവിന്റെ മുന്‍പില്‍ കൊണ്ടുപോകാനും പാടില്ല. അങ്ങനെ തുടങ്ങിയാല്‍ എത്രയെണ്ണത്തിനെ കൊണ്ടുപോകേണ്ടിവരും. അതൊന്നും നടക്കില്ല. നിങ്ങള്‍ക്കു രണ്ടു ദാസിമാരെ തരും. ഭക്ഷണം എല്ലാ ഭാര്യമാര്‍ക്കും പൊതുവായിട്ടാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏതെങ്കിലും പുരുഷനുമായോ സ്ത്രീയുമായോ തിരുനങ്കയുമായോ അവിഹിതബന്ധമുണ്ടായാല്‍ കഴുമരത്തില്‍ക്കുറഞ്ഞ യാതൊരു ശിക്ഷയും ഉണ്ടായിരിക്കില്ല. നിങ്ങള്‍ ഇനി ജീവിതത്തില്‍ ഒരിക്കലും രാജാവിനെ കണ്ടില്ലെങ്കിലും നിങ്ങള്‍ രാജാവിന്റെ ഭാര്യയാണ്. നിങ്ങളുടെ പകലുകള്‍ക്കും രാത്രികള്‍ക്കും കുറുക്കുവഴികളില്ല.'

അയാള്‍ രണ്ടു ദാസിമാരെ അവള്‍ക്കൊപ്പം അയച്ചു. അനേകം എടുപ്പുകളും മണ്ഡപങ്ങളും ഉദ്യാനങ്ങളുമുള്ള അന്തഃപുരത്തിന്റെ കിഴക്കുഭാഗത്തായിരുന്നു എസ്തേറിന് അനുവദിക്കപ്പെട്ട സ്ഥലം. ഉന്നതമായ മതില്‍ക്കെട്ടിനപ്പുറത്ത് ഒരു നദിയൊഴുകുന്നുണ്ടെന്ന് ദാസിമാര്‍ അവളോടു പറഞ്ഞു. എന്നാല്‍, അവള്‍ക്കൊരിക്കലും ആ നദിയിലിറങ്ങാനാവില്ല. നല്ലപോലെ കാതോര്‍ത്താല്‍ വെള്ളമൊഴുകുന്ന ശബ്ദം കേള്‍ക്കാനായേക്കും. നിലാവുള്ള രാത്രികളില്‍ മട്ടുപ്പാവിനു മുകളില്‍ കയറിനിന്നാല്‍ വെള്ളിയുരുക്കി ഒഴിച്ചതുപോലെ ഒരു പ്രവാഹം കാണാം. എന്നാല്‍, മട്ടുപ്പാവിലേക്കു കയറാന്‍ അനുവാദം കിട്ടില്ല.

എസ്തേര്‍ അവളുടെ പുസ്തകത്തില്‍ കുറിച്ചിട്ടു: പ്രിയപ്പെട്ട മൊര്‍ദെഖായീ, കുറുക്കുവഴികളില്ലാത്ത ജീവിതത്തിന്റെ ഈ തുറുങ്ക് നീ എനിക്കു സമ്മാനിച്ചു. അതെന്തിനെന്ന് എനിക്കറിഞ്ഞുകൂടാ. യഹോവ അതാവശ്യപ്പെട്ടുവെന്നാണ് നീ പറഞ്ഞത്. എന്നാല്‍, എന്നോട് യഹോവ യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. നീ പറഞ്ഞതിനു ഞാന്‍ കീഴടങ്ങുന്നു. കാരണം, നീ എന്നെ എടുത്തുവളര്‍ത്തി. അനാഥത്വമെന്തെന്ന് ഞാനറിഞ്ഞില്ല. ഞാനെന്നും നിന്നെ അനുസരിച്ചു. ഇപ്പോഴും അനുസരിക്കുന്നു. എന്റെ മനസ്സ് ഇഷ്ടമുള്ളയിടത്തേക്കു കുതിക്കുന്നു. എന്നാല്‍, എന്റെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.

esther
വര: ദ്വിജിത്ത്

തന്നോടു 'കൃപ' തോന്നി എപ്പോഴെങ്കിലും രാജാവ് സ്വന്തം കിടപ്പറയിലേക്കു വിളിപ്പിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ഇനിയുള്ള ജീവിതം ജീവിക്കേണ്ടതെന്ന തിരിച്ചറിവ് എസ്തേറിന് ഏറ്റവും അപമാനകരമായി തോന്നി. ദാസിമാരില്‍നിന്ന് പൊടിപ്പും തൊങ്ങലും വെച്ച് വശ്ത്തീരാജ്ഞിയുടെ കഥ കേട്ടതും അവളുടെ നിരാശ ഇരട്ടിപ്പിച്ചു.

എസ്തേറിന് എന്തു സംഭവിക്കുന്നു എന്നറിയാനായി എല്ലാ ദിവസവും ജോലിസമയത്തിനു മുന്‍പും അതു കഴിഞ്ഞും മൊര്‍ദെഖായി അന്തഃപുരത്തിനു പുറത്ത് ചുറ്റിത്തിരിഞ്ഞു. എല്ലാ പൂങ്കാവനങ്ങളും മരുഭൂമിയായി അയാളെ പൊള്ളിച്ചുകൊണ്ടിരുന്നു. ദാസിമാരിലോ അടിമകളിലോ തിരുനങ്കകളിലോ നിന്ന് പൊട്ടും പൊടിയുമായി അയാള്‍ വാര്‍ത്തകള്‍ ശേഖരിച്ചു. എസ്തേറിനെ നേരില്‍ കാണാനോ വിവരങ്ങളറിയാനോ അയാള്‍ക്കു മാര്‍ഗമുണ്ടായിരുന്നില്ല. ശയസ്ഗസ് കഠിനഹൃദയനായി തുടര്‍ന്നു.

അഹശ്വേറോസ് രാജാവിന്റെ വാഴ്ചയുടെ ഏഴാമാണ്ട് പത്താംമാസത്തില്‍ മെഹൂമാന്റെ നേതൃത്വത്തില്‍ ഏഴു തിരുനങ്കകള്‍ ഉപഭാര്യമാരുടെ അന്തഃപുരത്തിലേക്കു കടന്നുവന്നു. 'എസ്തേറിനെ എല്ലാവിധ ആഡംബരങ്ങളോടുംകൂടി ഞങ്ങളോടൊപ്പം അയയ്ക്കുക,' അവര്‍ ശയസ്ഗസിനോടു പറഞ്ഞു. അവള്‍ക്കു വേണ്ട ആടയാഭരണങ്ങളും രത്നം പതിച്ച തോല്‍ച്ചെരിപ്പും അവര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, വസ്ത്രങ്ങള്‍ അവള്‍ക്ക് വളരെ വലുതും തോല്‍ച്ചെരിപ്പ് ചെറുതുമായിരുന്നു. അവ പാകപ്പെടുത്താന്‍ സമയമുണ്ടായിരുന്നില്ല.

'ഞാന്‍ എനിക്കുള്ളതില്‍ ഏറ്റവും നല്ല വസ്ത്രം ധരിച്ചുകൊള്ളാം,' എസ്തേര്‍ പറഞ്ഞു. ദാസിമാര്‍ വിഷമത്തിലായി. രാജകീയവസ്ത്രത്തിനകത്തേക്ക് അവളെ പാകപ്പെടുത്തുക എളുപ്പമായിരുന്നില്ല. അവള്‍ക്കുള്ള വസ്ത്രങ്ങളോ, നിറങ്ങളില്ലാത്തതും.

(തുടരും)

നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം
സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം