'എന്താണ് നിന്റെ പേര്?' രാജാവു ചോദിച്ചു. അന്ന് കൂടെ കിടക്കാന്‍ പോകുന്നവളുടെ വിവരണങ്ങളടങ്ങിയ ഒരു സന്ദേശം ഹേഗായി രാജധാനിയിലെ തിരുനങ്കകളുടെ നേതാവായ മെഹൂമാന്‍വഴി രാജാവിന് എത്തിച്ചിരുന്നു. മടുപ്പുമൂലം അദ്ദേഹം അതു തുറന്നുനോക്കിയിരുന്നില്ല. ആദ്യത്തെ ആറോ ഏഴോ പേരിലൊഴികെ ആരുടെയും ഊരും പേരും രാജാവ് അന്വേഷിച്ചതുമില്ല. അവരുടെ ശരീരത്തില്‍ നടത്തിയ അന്വേഷണംകൊണ്ടു മാത്രം അവളെ അടയാളപ്പെടുത്തുകയോ അടയാളപ്പെടുത്താതെയിരിക്കുകയോ ചെയ്തു. എന്നാല്‍, ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന പെണ്‍കുട്ടിയുടെ പേരറിയാന്‍ അയാള്‍ക്ക് ആകാംക്ഷ തോന്നി.

'എസ്തേര്‍,' അവള്‍ മറുപടി പറഞ്ഞു. സ്വന്തം പേരായ ഹദെസ്സ അവള്‍ മറച്ചുപിടിച്ചു.
അഹശ്വേറോസ് രാജാവ് തന്റെ രൂപലാവണ്യത്തില്‍ മതിമറന്നിരിക്കുന്നുവെന്ന് എസ്തേറിനു മനസ്സിലായി. അയാളുടെ കണ്ണുകളിലെ ആരാധനാഭാവം അവള്‍ തിരിച്ചറിഞ്ഞു. അയാളവളെ കിടക്കയിലേക്കു നയിച്ചു. എന്നാല്‍, അതില്‍ ആഹ്ലാദിക്കാനോ ആനന്ദിക്കാനോ അവള്‍ക്ക് അവസരം കിട്ടിയില്ല. അവളുടെ മനസ്സ് അതിനു സജ്ജമായിരുന്നില്ല. അവളുടെ ശരീരം അവളുടെ വരുതിയിലായിരുന്നില്ല. ദാസിമാര്‍ പറഞ്ഞത് യാഥാര്‍ഥ്യമാകുന്നുവെന്ന് ഓരോ നിമിഷവും അവള്‍ തിരിച്ചറിഞ്ഞു. അവളുടെ ശരീരത്തിന്റെ ഓരോ അംശവും രാജാവിന് ഹിതകരമായ വിധത്തില്‍ അവര്‍ പരുവപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടയാള്‍ ചുംബനംകൊണ്ട് അതിനെ പുളകംകൊള്ളിക്കുകയും എസ്തേര്‍, എസ്തേര്‍ എന്ന് ഓരോ നിമിഷത്തിലും മധുരമായി അവളുടെ പേര്‍ വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അയാളുടെ കണ്ണുകളില്‍ ഒരു നിമിഷം അവള്‍ വാത്സല്യം കണ്ടു. എന്നാല്‍, ദാസിമാര്‍ പറഞ്ഞ ഒരു വാക്ക് ഓര്‍മവരികയാല്‍ അതിലകപ്പെട്ടുപോകാതെ സ്വന്തം മനസ്സിനെ അവള്‍ പിടിച്ചുനിര്‍ത്തി. 'രാജാവിന് നിന്നോട് കൃപ തോന്നി രണ്ടാമതും നിന്റെ കൂടെ ശയിക്കാന്‍ വിളിപ്പിച്ചാല്‍ നിന്റെ ജീവിതം രക്ഷപ്പെട്ടു.' മുതിര്‍ന്ന ദാസി അവളെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചത് അങ്ങനെയായിരുന്നു. രാജാവിന് എന്നോട് 'കൃപ' തോന്നാതിരിക്കട്ടെ എന്ന് അവള്‍ തന്റെ പുസ്തകത്താളില്‍ എഴുതുകയും അതിനെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. 'കൃപ' അവളുടെ അന്തസ്സിനെ കെടുത്തുന്നൊരു വാക്കായി എസ്തേറിനു തോന്നിയിരുന്നു.

എസ്തേറിന്റെ ഊഴം വന്നുവെന്ന് മൊര്‍ദെഖായിയെ അറിയിച്ചത് താമാര്‍തന്നെയാണ്. 'എന്തൊരു പെണ്ണിനെയാണ് നിങ്ങള്‍ കൊണ്ടുവന്നത് മൊര്‍ദെഖായീ? ഒരുതരം അലങ്കാരങ്ങളും അവള്‍ക്കിഷ്ടമല്ല. അവളുടെ കഴുത്ത് ഒഴിഞ്ഞുകിടക്കുന്നു. വസ്ത്രങ്ങളോ? ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വരുത്തിയിട്ടുള്ള വിശിഷ്ടമായ തുണികളുടെ കൂട്ടത്തില്‍നിന്നും അവള്‍ തിരഞ്ഞെടുത്തത് പരുത്തിത്തുണിയാണ്. തുന്നക്കാരികള്‍ അതും പറഞ്ഞു ചിരിക്കുന്നു. ഹേഗായി അവള്‍ക്ക് ഒന്നും കൊടുത്തില്ലെന്നാണ് ദാസിമാര്‍ എന്നോടു പറഞ്ഞത്. അവള്‍ക്കാകെ വേണ്ടത് മഷിയും തൂവലുമായിരുന്നു. ഈ കോലത്തിലാണവള്‍ രാജാവിന്റെ കിടപ്പറയില്‍ പോകുന്നതെങ്കില്‍ വാതില്ക്കല്‍വെച്ചുതന്നെ അവള്‍ക്കു തിരിച്ചുപോരേണ്ടിവരും.'
മൊര്‍ദെഖായി പരിഭ്രമിച്ചു. സമയം ഉച്ചതിരിഞ്ഞിരുന്നു. അയാളുടെ ജോലിസമയം തീര്‍ന്നിരുന്നില്ല. പകരക്കാരന്‍ വരാന്‍ വേണ്ടി അയാള്‍ വെപ്രാളപ്പെട്ടു നടന്നു. ജോലി വിട്ടതും അയാള്‍ ഹേഗായിയുടെ അടുത്തേക്കോടി. 'അവള്‍ എന്തു വസ്ത്രമാണ് ഉടുത്തിട്ടുള്ളത്? എന്താണതിന്റെ നിറം? നീലനിറം അവള്‍ക്കു നന്നായി ചേരും. എന്തുതരം ആഭരണമാണ് അവള്‍ തിരഞ്ഞെടുത്തത്? ഏതു പരിമളത്തൈലമാണ് പൂശിയിട്ടുള്ളത്?'

ഹേഗായി ചിരിച്ചു. 'മൊര്‍ദെഖായീ, നിങ്ങള്‍ കൊണ്ടുവന്നിട്ടുള്ള യുവതികളുടെ കൂട്ടത്തില്‍വെച്ച് ഈ പെണ്‍കുട്ടിയോട് നിങ്ങള്‍ക്കുള്ള പ്രത്യേക മമത എനിക്കുമുണ്ട്. അത് അവളുടെ സൗന്ദര്യംകൊണ്ടു മാത്രമല്ല, ശീലഗുണംകൊണ്ടുംകൂടിയാണ്. രാജാവിന് അവളെ ഇഷ്ടമായെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതു നിങ്ങള്‍ക്കും എനിക്കും വലിയ ബഹുമതിയായിരിക്കും. തീര്‍ച്ചയായും നിങ്ങള്‍ക്കു വലിയ സമ്മാനങ്ങള്‍ ലഭിക്കും. ഇപ്പോള്‍ പോകൂ.'

മൊര്‍ദെഖായി എവിടെയും പോയില്ല. അന്തഃപുരമതിലിനു പുറത്ത് അയാള്‍ ഉലാത്തിക്കൊണ്ടിരുന്നു. രാത്രി മുഴുവന്‍ അയാള്‍ പ്രാര്‍ഥിക്കുകയായിരുന്നു. എന്നാല്‍, അയാളുടെ പ്രാര്‍ഥന എസ്തേറിനു വേണ്ടിയായിരുന്നില്ല. ചിതറിക്കിടക്കുന്ന സ്വന്തം ജനതയ്ക്കുവേണ്ടിയായിരുന്നു. പുലര്‍ച്ചെ ഒന്നാംവട്ടം കോഴി കൂവിയപ്പോള്‍ മൊര്‍ദെഖായി മണ്ണില്‍ മുട്ടുകുത്തിനിന്ന് കണ്ണീരൊഴുക്കി. 'നീതിമാനായവനേ, ഞാനശക്തന്‍, ഞാനശക്തന്‍' എന്നു വിലപിച്ചു. ആന്തരികഭിന്നത രൂക്ഷമായ സ്വന്തം ജനതയുടെ അനൈക്യം പുറത്തുനിന്നുള്ള ശത്രുക്കള്‍ക്ക് എളുപ്പം അവരെ തോല്പിക്കാന്‍ വഴിയൊരുക്കുന്നു. യഹോവ ഭൂമിയിലെ ഏറ്റവും മികച്ച ഇടം അവര്‍ക്കു വാഗ്ദാനം ചെയ്തു. യഹോവ തിരഞ്ഞെടുത്ത നേതാക്കള്‍ അവരെ നയിച്ചു. ഒന്നും രണ്ടും തലമുറകള്‍ തിന്മയ്ക്കും അരാജകത്വത്തിനുമെതിരേ യഹോവയോടൊപ്പം നിന്നു. കുത്തഴിഞ്ഞ അവ്യവസ്ഥയില്‍ നീതിയുടെ വ്യവസ്ഥയുണ്ടാക്കാനാണ് യഹോവ ആഗ്രഹിച്ചത്. അത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പുറത്തുനിന്നുള്ള ശത്രുവിനെ ജയിക്കുന്നതിനെക്കാള്‍ പ്രയാസമായിരുന്നു അകത്തുള്ള ശത്രുക്കളെ ജയിക്കാന്‍. യഹൂദര്‍ ഉടമ്പടികള്‍ തെറ്റിച്ചു. കല്പനകള്‍ ലംഘിച്ചു. പുരോഹിതന്മാരും ന്യായാധിപന്മാരും പ്രവാചകന്മാരും നേതാക്കളും അധഃപതിച്ചു. അവര്‍ അഴിമതിക്കാരും ധൂര്‍ത്തന്മാരും വ്യഭിചാരികളുമായി. ഭയപ്പെടേണ്ടുന്നൊരു ദൈവത്തെ തങ്ങള്‍ക്കാവശ്യമില്ലെന്ന് അവരില്‍ ഭൂരിഭാഗം പേരും തീരുമാനിച്ചു. വിഗ്രഹങ്ങളെ തിരിച്ചുപിടിച്ച് ജീവിതം ആഘോഷമാക്കി മാറ്റാന്‍ അവര്‍ക്കെളുപ്പം കഴിഞ്ഞു. എന്തിനാണ് തുച്ഛമായ ആയുസ്സിനെ കഠിനമായ വ്യവസ്ഥകള്‍കൊണ്ട് ഞെരുക്കുന്നത്? ആഹ്ലാദിക്കുക, ആനന്ദിക്കുക- സുഖിക്കാനുള്ളതാണ് ജീവിതം. അതിനനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ കൊള്ളയും കൊലയും കൊള്ളപ്പലിശയും വ്യഭിചാരവും വര്‍ധിച്ചു. യഹോവ കുപിതനായി യഹൂദജനതയെ അവരുടെ ശത്രുക്കള്‍ക്ക് എറിഞ്ഞുകൊടുത്തു. അമ്മോന്യര്‍ അവരെ ആക്രമിച്ചു. അവര്‍ക്കു പിടിച്ചുനില്ക്കാനായില്ല. അമാലേക്യരും കാനാന്യരും അവരെ ആക്രമിച്ചു തോല്പിച്ചു. ഫെലിസ്ത്യര്‍ അവരെ സ്വന്തം നിലത്തുനിന്നും തുരത്തി. ഭൂമിയിലെവിടെയും വേരുപിടിക്കാനാവാതെ അവര്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നു.

സൂര്യനുദിക്കുംമുന്‍പ് മൊര്‍ദെഖായി നദിയില്‍ ഇറങ്ങി കുളിക്കുകയും അലക്കിയ വസ്ത്രം ധരിക്കുകയും ചെയ്തു. വെളിച്ചം പരന്നപ്പോള്‍ അയാള്‍ അന്തഃപുരവാതില്ക്കലെത്തി. ഹേഗായിക്ക് അയാളോടുള്ള താത്പര്യം അറിയാവുന്ന പടിക്കാവല്ക്കാര്‍ അയാളെ അകത്തേക്കു കടത്തിവിട്ടു. ഹേഗായിയുടെ മുഖത്ത് ഒരു വലിയ ചിരിയുണ്ടായിരുന്നു.

'എസ്തേര്‍ മടങ്ങിവന്നിരിക്കുന്നു. അവള്‍ അന്തഃപുരത്തിലെത്തും മുന്‍പുതന്നെ രാജകല്പന എന്റെ കൈയിലെത്തിയിരിക്കുന്നു. ഇന്നു രാത്രിയും എസ്തേറിനെ രാജാവിന്റെ കിടപ്പറയിലെത്തിക്കണമെന്നും മറ്റൊരുത്തിയെ അയച്ചുകൂടെന്നുമാണ് രാജകല്പന.'
'എസ്തേര്‍ സന്തോഷവതിയാണോ?'
'അവള്‍ മൂടുപടത്തിലായിരുന്നു.'                                                                                                    
മൊര്‍ദെഖായി നെടുവീര്‍പ്പിട്ടു. വീട്ടില്‍നിന്നിറങ്ങാന്‍ നേരത്ത് ആ പെണ്‍കുട്ടി അയാളുടെ മുന്നില്‍ മുട്ടുകുത്തിനിന്നു. 'മൊര്‍ദെഖായീ, ഈ തീരുമാനം പിന്‍വലിക്കൂ.'

'ഇത് ഞാനോ നീയോ തീര്‍ച്ചപ്പെടുത്തിയതല്ല എസ്തേര്‍. യഹോവയുടെ തീരുമാനമാണ്.'
രണ്ടാംദിവസം രാത്രി കഴിഞ്ഞപ്പോള്‍ എന്തായിരുന്നു രാജാവിന്റെ തീരുമാനം എന്നറിയാന്‍ മൊര്‍ദെഖായി വീണ്ടും ഹേഗായിയുടെ അടുത്തെത്തി. ഹേഗായിക്ക് അല്പം നിരാശയുണ്ടെന്നു തോന്നി. 'എസ്തേറിനെ ഉപഭാര്യമാരുടെ അന്തഃപുരത്തിലേക്കു കൊണ്ടുപോയിരിക്കുന്നു. ഇന്ന് പുതിയ പെണ്‍കുട്ടിയെയാണ് അയയ്ക്കേണ്ടത്. അവളും നീ കൊണ്ടുവന്ന കൂട്ടത്തിലുള്ളതുതന്നെ.'

രാജാവ് തന്റെ പ്രഭുക്കന്മാരുടെ ഉപദേശം കേട്ടു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പെണ്‍കുട്ടികളെയും പരീക്ഷിച്ചശേഷം മാത്രമേ ഒരു തീരുമാനമെടുക്കാവൂ എന്നവര്‍ ഉപദേശിച്ചു. ഏറ്റവും മികച്ചത് ഏറ്റവും അവസാനമാണ് കൈവരുന്നതെങ്കിലോ?

മൊര്‍ദെഖായി നിരാശയോടെ പിന്മടങ്ങി. ഭാഗ്യംകെട്ട ജനത, അയാള്‍ പിറുപിറുത്തു.

നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

(തുടരും)

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books