സ്തേറിന്റെ ഊഴം വന്നപ്പോള്‍ അവള്‍ രാജാവിന്റെ കിടപ്പറയിലേക്ക് ആനയിക്കപ്പെട്ടു. സമയം സന്ധ്യയായിരുന്നു. അന്തഃപുരോദ്യാനം പൊന്‍നിറമുള്ള വെളിച്ചത്തില്‍ മുങ്ങിനിന്നു. എസ്തേറിന്റെ വസ്ത്രങ്ങള്‍ വെണ്മയേറിയതും സ്വര്‍ണനിറമുള്ള അരികുകളോടുകൂടിയതുമായിരുന്നു. അവളുടെ മൂടുപടം നനുത്തതും ശുഭ്രവുമായിരുന്നു. പാര്‍സ്യയിലെ അതിവിദഗ്ധരായ നെയ്ത്തുകാര്‍ മൂന്നു മാസംകൊണ്ട് നെയ്തുണ്ടാക്കിയതായിരുന്നു അത്. ഹേഗായി പലവട്ടം അതിനെ പരിശോധിക്കുകയും നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തിരുന്നു. അവള്‍ ചുവന്ന പരവതാനിയിലൂടെ നടന്നു. ഹേഗായിയും ദാസിമാരും അവള്‍ക്ക് അകമ്പടിയായി. മൂടുപടത്തിനുള്ളില്‍ കാല്‍മുട്ടോളം നീണ്ടുകിടക്കുന്ന അവളുടെ കറുത്ത തലമുടി മാത്രം മതി രാജാവിന്റെ മനംമയക്കാനെന്ന് തലമുടിയുടെ പരിചാരികയായ ദാസി അഭിമാനത്തോടെ പറഞ്ഞു. മൂടുപടം നീക്കി അവളുടെ മുഖം കാണുന്ന മാത്രയില്‍ രാജാവിനുണ്ടായേക്കാനിടയുള്ള വിസ്മയാഹ്ലാദങ്ങളോര്‍ത്ത് ഹേഗായി അഭിമാനത്തോടെ പുഞ്ചിരിച്ചു. അവള്‍ രാജധാനിയിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. കാവല്ക്കാര്‍ തലകുനിച്ച് അവളെ അകത്തേക്കാനയിച്ചു.

രാജാവിന്റെ കിടപ്പറയ്ക്കു കനത്തതും ഗൗരവമുള്ളതുമായ ഒരു ഗന്ധമുണ്ടായിരുന്നു. അതിനാല്‍ അവിടെ എത്രയോ കാലമായി വായു കെട്ടിക്കിടക്കുകയാണെന്നും അതില്‍നിന്ന് യാതൊന്നും ശ്വസിച്ചെടുക്കാനാവില്ലെന്നും തോന്നിയതുകൊണ്ട് അവള്‍ക്കു വീര്‍പ്പുമുട്ടി. അവള്‍ മെല്ലെ കിതച്ചു.
എനിക്കു മുന്‍പ് ഓരോ രാത്രിയും ഓരോരുത്തരായി എത്ര പെണ്‍കുട്ടികള്‍ ഇവിടെ വന്നുപോയി? ആകെ നാനൂറു പേര്‍ ഉണ്ടെന്നാണ് ദാസിമാര്‍ അവളോടു പറഞ്ഞത്. അവള്‍ എത്രാമത്തേതായിരിക്കും? അവള്‍ക്കു ശേഷം എത്ര പേര്‍ ഉണ്ടായിരിക്കും? ഇന്നലെ വന്നുപോയ പെണ്‍കുട്ടി ഈ മുറിയില്‍ ഉപേക്ഷിച്ചിട്ടുപോയ മണം വേറിട്ടുകിട്ടുന്നുണ്ടെന്ന് അവള്‍ക്കു തോന്നി. ശ്രദ്ധിച്ചുനോക്കിയാല്‍ ആ പെണ്‍കുട്ടിയുടെ ഒരു തലനാരിഴ രാജാവിന്റെ തൂവല്‍ത്തലയിണയില്‍നിന്ന് കിട്ടിയേക്കാം. അതിന്റെ നിറം എന്തായിരിക്കും?
അവള്‍ ഈ പരീക്ഷയില്‍ ജയിച്ചാല്‍-അവളതു ജയിക്കുമെന്ന് ദാസിമാര്‍ വിശ്വസിക്കുന്നു-അടുത്ത ദിവസംമുതല്‍ പാര്‍സ്യയുടെ മഹാറാണി എസ്തേര്‍ ആയിരിക്കും. വശ്ത്തി അവളെ കുമ്പിട്ടുവണങ്ങും. അപ്പോള്‍ ഇതൊരു പരീക്ഷയാണ്. ബാക്കി മുന്നൂറ്റിത്തൊണ്ണൂറ്റിയൊന്‍പതു പെണ്‍കുട്ടികളെ വെപ്പാട്ടികളുടെ അന്തഃപുരത്തില്‍ തള്ളിക്കൊണ്ട് അവളൊരാള്‍ മഹാറാണിയാകുന്ന പരീക്ഷ. അവള്‍ ജയിച്ചാല്‍ മൊര്‍ദെഖായി ആനന്ദിക്കും. അവളോ? കുന്നിന്‍ചെരിവിലെ തകര്‍ക്കപ്പെട്ട ദേവാലയമാണ് ഞാന്‍. എസ്തേര്‍ നെടുവീര്‍പ്പിട്ടു.
രാജാവിന്റെ വരവില്‍ പുതുതായി ഒന്നും ഉണ്ടായിരുന്നില്ല. 

esther
വര: ദ്വിജിത്ത്

വശ്ത്തിയോടു കിടപിടിക്കാവുന്ന ഒരുവളെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതില്‍ അയാള്‍ അസ്വസ്ഥനായിരുന്നു. പെട്ടെന്നുയര്‍ന്ന കോപത്തില്‍ വശ്ത്തിയോടു ചെയ്തതെന്തെന്ന് രഹസ്യമായി അയാള്‍ ആലോചിച്ചിരുന്നു. ആരോടും തുറന്നുപറഞ്ഞില്ലെങ്കിലും ഏറ്റവും വേണ്ടപ്പെട്ട പ്രഭുക്കന്മാര്‍ വശ്ത്തിയുടെ കാര്യത്തില്‍ ശരിയായ ഉപദേശമല്ല തന്നതെന്ന് അയാള്‍ പശ്ചാത്തപിക്കുന്നുണ്ട്. താന്‍ പുറപ്പെടുവിച്ച കല്പന അയാളെ ലജ്ജിപ്പിക്കുന്നുണ്ട്. നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലും തപ്പിനടന്ന് കണ്ടുപിടിച്ചു കൊണ്ടുവന്നിട്ടുള്ള പെണ്‍കുട്ടികളില്‍ ഒരാള്‍പോലും ഇതുവരെ അയാളുടെ മനസ്സിനെ സ്പര്‍ശിച്ചിട്ടില്ല. ചിലരോടൊത്ത് അയാള്‍ കിടന്നു. ചിലരെ തിരിഞ്ഞുനോക്കിയതുപോലുമില്ല. സത്യത്തില്‍ അവരല്ല, ഞാനാണ് ഭോഗോപകരണമായിരിക്കുന്നത്. രാജാവിനു ചെടിച്ചു. അമര്‍ഷത്തോടെയാണയാള്‍ പാദുകങ്ങള്‍ അഴിച്ചുവെച്ചത്.
സ്വര്‍ണനിര്‍മിതമായ ഒരു പീഠത്തിന്മേല്‍ വലതുകൈമുട്ടൂന്നി ഇടതുകൈ ഒഴുക്കന്‍മട്ടിലിട്ട് പുറംതിരിഞ്ഞുനില്ക്കുന്ന പെണ്‍കുട്ടിയോട്-അയാള്‍ക്കവളുടെ ലളിതമായ വെളുത്ത വസ്ത്രങ്ങളും മൂടുപടത്തിലൂടെ കാണുന്ന കനത്ത തലമുടിയും ഇഷ്ടമായെങ്കിലും-അയാള്‍ പരുഷമായി പറഞ്ഞു: 'പെണ്‍കുട്ടീ, തിരിഞ്ഞുനോക്കൂ.'

എസ്തേര്‍ അവളുടെ വിധിക്കു കീഴടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഈ രാത്രിയോടെ 'കിഴക്കിന്റെ നക്ഷത്രം' കെട്ടുപോകും. എബ്രായരുടെ 'സുഗന്ധച്ചെടി' വാടിപ്പോകും. ഏതോ രണ്ടാംതരം അന്തഃപുരത്തിന്റെ മുറ്റത്ത് അതിനു വേരുപിടിക്കേണ്ടിവരും. അവള്‍ അലസമായി തിരിഞ്ഞുനിന്നു. മുഖമുയര്‍ത്തുകയോ തന്റെ മേലധികാരിയെ നോക്കുകയോ ചെയ്തില്ല.
'നിന്റെ മൂടുപടം മാറ്റൂ.' അവളതിനു തയ്യാറായി. എന്നാല്‍ രാജാവ് തടഞ്ഞു.
'വേണ്ട, നിന്റെ വലതുകൈ പുറത്തേക്കു നീട്ടൂ.'
എസ്തേര്‍ അനുസരിച്ചു. ചായമോ ചമയങ്ങളോ ഇല്ലാത്ത മനോഹരമായ കൈത്തലം. നീണ്ടതും അഴകാര്‍ന്നതുമായ വിരലുകള്‍. അതിന്റെ തുമ്പുകള്‍ ഇളംചെമപ്പ്. നഖങ്ങള്‍ വെണ്മയേറിയത്.
'നീയെന്താണ് മോതിരങ്ങള്‍ അണിയാത്തത്?'
'മൊര്‍ദെഖായി എനിക്ക് മോതിരങ്ങള്‍ ഉണ്ടാക്കിത്തന്നിട്ടില്ല.'
'ആരാണ് മൊര്‍ദെഖായി?'
'എന്റെ വളര്‍ത്തച്ഛന്‍. എന്റെ അപ്പന്റെ ജ്യേഷ്ഠന്റെ മകന്‍. എനിക്ക് മൂത്ത സഹോദരന്‍.'
'എവിടെയാണയാള്‍?'
'ഇപ്പോള്‍ എവിടെയെന്നറിഞ്ഞുകൂടാ.' പെട്ടെന്ന് അടുത്തൊരു ചോദ്യത്തോടെ തന്റെ കുലവും വംശവും വെളിപ്പെടുത്തേണ്ടിവരുമെന്ന് എസ്തേര്‍ ഭയന്നു. അതേസമയം അത് ഈ പരീക്ഷയില്‍ തോല്ക്കാനും പുറത്താക്കപ്പെടാനും കാരണമാവുകയാണെങ്കില്‍ നല്ലതെന്ന നിഗൂഢമായൊരാഗ്രഹവും അവള്‍ക്കുണ്ടായി. ചോദ്യത്തിനു മുതിരുന്നതിനു പകരം രാജാവ് അടുത്തു വന്ന് സൗമ്യമായി അവളുടെ മൂടുപടം മാറ്റുകയാണ് ചെയ്തത്. ആ മുഖം കാണാന്‍ ശൂശന്‍ രാജധാനിയിലെ മുഴുവന്‍ ദീപങ്ങളുടെയും വെളിച്ചം കൊണ്ടുവരൂ എന്ന് ഉറക്കെ വിളിച്ചുപറയാന്‍ അഹശ്വേറോസിനു തോന്നി.

(തുടരും)

നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books