തിന്നുതിന്ന്, കുടിച്ചുകുടിച്ച് മരിക്കാറാവുക! അതും ജീവിതത്തിലിന്നുവരെ അറിഞ്ഞിട്ടില്ലാത്ത വിശിഷ്ട രുചിയോടെ, ലഹരിയോടെ, പൊന്നും വെള്ളിയും പാത്രങ്ങളില്‍, വേണമെങ്കില്‍ ഒരു വെള്ളിത്തവിയോ കരണ്ടിയോ പാനപാത്രമോ കുപ്പായത്തിലൊളിപ്പിച്ച് വീട്ടില്‍ കൊണ്ടുപോകാനും സ്വാതന്ത്ര്യമുള്ള വിധം, മഹാരാജാവിന്റെ ഉദ്യാനവിരുന്നില്‍!

പാര്‍സ്യന്‍ രാജാവായ അഹശ്വേറോസിന്റെ തലസ്ഥാനമായ ശൂശനിലെ ജനങ്ങള്‍ക്കാണ് ഈ അപൂര്‍വസൗഭാഗ്യം കിട്ടിയത്. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരും ക്ഷണിക്കപ്പെട്ടു. പ്രഭുവും ദാസനും അടിമയും ഒരേ പന്തിയില്‍, ജനം എന്ന നിലയില്‍ ഏഴു ദിവസം തുടര്‍ച്ചയായി ശൂശന്‍കാര്‍ രാജാവിന്റെ പൂന്തോട്ടത്തില്‍ ഒന്നിച്ചുകൂടി വിലമതിക്കാനാവാത്ത രാജകീയവീഞ്ഞു മോന്തുകയും സ്വാദേറിയ വിഭവങ്ങള്‍ ആവോളം തിന്നുകയും ചെയ്തു.

ഇന്ത്യമുതല്‍ എത്യോപ്യ വരെ നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളായി വിസ്തൃതമായിക്കിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപതിയായ അഹശ്വേറോസ് അധികാരത്തിലേറിയതിന്റെ മൂന്നാംവാര്‍ഷികം പ്രമാണിച്ചാണ് ആറു മാസം നീണ്ടുനില്ക്കുന്ന വിരുന്നുസത്കാരങ്ങള്‍ക്കു തുടക്കംകുറിച്ചത്. പ്രഭുക്കന്മാര്‍ക്കും സൈനികത്തലവന്മാര്‍ക്കും പ്രവിശ്യാഭരണാധികാരികള്‍ക്കുമായി നൂറ്റിയെണ്‍പതു ദിവസം നീണ്ട മഹാവിരുന്നിനൊടുവില്‍ അവസാനത്തെ ഏഴുദിവസം ശൂശനിലെ ജനങ്ങള്‍ ക്ഷണിക്കപ്പെട്ടു. സമാന്തരമായി രാജാവിന്റെ പത്‌നി വശ്ത്തീ റാണി സ്ത്രീകള്‍ക്കു മാത്രമായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

ഈ അദ്ഭുതവിരുന്നിന്റെ ചെലവു കണക്കാക്കിയപ്പോള്‍ ഒട്ടും അധികമായില്ല എന്നാണ് കണക്കപ്പിള്ളമാര്‍ രാജാവിനെ അറിയിച്ചത്. അടുത്തകാലത്ത് യുദ്ധം ചെയ്തു കൊള്ളയടിച്ച രാജ്യങ്ങളിലെ വന്‍സമ്പത്ത് ഇനിയും ഖജനാവിലേക്കു മുതല്‍ക്കൂട്ടാന്‍ കിടക്കുന്നതേയുള്ളൂ. പാര്‍സ്യയുടെ പ്രതാപൈശ്വര്യങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താനും ഭയപ്പെടുത്തി നിര്‍ത്താനും ഇത്രയും ചെലവിട്ടാല്‍ പോരായിരുന്നുവെന്ന് ധനവിനിമയ വിദഗ്ധന്മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഏഴാംദിവസത്തെ വിരുന്നു കഴിഞ്ഞു പിരിഞ്ഞ കൊട്ടാരം വാതില്‍ക്കാവല്‍ക്കാരന്‍ ഹേലായും അയാളുടെ അമ്മായിയപ്പനും ചുരുണ്ട തലമുടിക്കാരനുമായ അക്കൂബും തമ്മില്‍ ഇങ്ങനെയൊരു സംഭാഷണം നടന്നത് സാധാരണക്കാരുടെ അഭിപ്രായമായി വിലയിരുത്താം:
അക്കൂബ്: അയ്യോ! ഞാന്‍ ദരിദ്രരില്‍ ദരിദ്രനാകയാല്‍ നാളെമുതല്‍ കൊട്ടാരത്തിന്റെ പടിവാതില്‍ കടക്കാന്‍ അയോഗ്യനാകുമല്ലോ! നാളെ ഞാന്‍ കുടിക്കുന്നത് മുന്തിരിച്ചണ്ടിയില്‍നിന്നും വാറ്റിയെടുത്ത ദുസ്സ്വാദുള്ള വീഞ്ഞായിരിക്കുമല്ലോ. തിന്നുന്നത് ഉമി കളയാത്ത മാവുകൊണ്ടുണ്ടാക്കിയ കഠിനമായ അപ്പമായിരിക്കുമല്ലോ. ഇനിയെന്റെ ജീവിതാന്ത്യംവരെ ആട്ടിന്‍ മാംസംകൊണ്ടുണ്ടാക്കിയ ആ പ്രത്യേക പാര്‍സ്യന്‍ വിഭവം ഞാന്‍ തിന്നുമോ. അയ്യോ! ഞാന്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് പന്നികള്‍ക്കുപോലും വേണ്ടാത്ത വസ്തുക്കളായിരിക്കുമല്ലോ.

ഹേലാ: തിന്നതു തിന്നു എന്നു കരുതി സന്തോഷിക്കൂ, അക്കൂബ്. ഞാന്‍ അത്രയ്ക്കു നല്ല ഒരു മരുമകനായതുകൊണ്ടും നിങ്ങളുടെ മകളെ വളരെയേറെ സ്‌നേഹിക്കുന്നതുകൊണ്ടും ഉദ്യാനവിരുന്നിലെ ഏറ്റവും മുന്തിയ ഇനങ്ങള്‍ പെറുക്കിയെടുക്കാന്‍ നിങ്ങളെ സഹായിച്ചു. ആവുന്നത്ര സാധനങ്ങള്‍ പൊക്കണത്തിലാക്കാനും കൂട്ടുനിന്നു. ഈ ഏഴു ദിവസവും എന്റെ തോല്‍ക്കുടം പരമപവിത്രമായ രാജകീയ വീഞ്ഞുകൊണ്ട് നിറഞ്ഞുതുളുമ്പി നിന്നിരുന്നു. എന്റെ ഭാര്യവഴി നിങ്ങള്‍ക്കു ഞാനത് കൈമാറി. എന്നിട്ട് നിങ്ങളുടെ തോല്‍ക്കുടം നിറച്ചുതന്നു. നാളെമുതല്‍ ഇതൊന്നുമില്ല. ഞാന്‍ പഴയ അതേ വാതില്ക്കാവല്ക്കാരനും അര്‍ധപട്ടിണിക്കാരനും തന്നെ. എങ്കിലും കുറച്ചു ദിവസം ഇരുന്ന് ഉറക്കം തൂങ്ങുന്നതിനു പകരം ഈ ഏഴുദിവസങ്ങളുടെ ഓര്‍മകള്‍ ഞാന്‍ അയവിറക്കും. പ്രത്യേകിച്ചും എന്റെ മീതേ ജോലി ചെയ്യുന്ന ചിലരോട്, ഹേയ്, തെല്ലു മാറിനില്ക്ക്, ഇനി ഞാനെടുക്കട്ടെ എന്നൊക്കെ പറയാന്‍ കിട്ടിയ അവസരങ്ങള്‍! ആഹാ! എത്ര മധുരമനോജ്ഞമായ ഓര്‍മകള്‍.

അക്കൂബ്: ഓര്‍മകള്‍കൊണ്ട് എന്തു കാര്യം ഹേലാ? ഓര്‍മകള്‍ വായിലേക്ക് വീഞ്ഞൊഴിച്ചുതരുമോ?
ഹേലാ: നിങ്ങള്‍ തീറ്റയെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. ഞാന്‍ മനുഷ്യാന്തസ്സിനെപ്പറ്റിയാണ് ചിന്തിച്ചത്. ഏഴുദിവസം നമ്മള്‍ നമുക്കുള്ളതില്‍ ഏറ്റവും നല്ല വസ്ത്രങ്ങളും ധരിച്ച് പ്രഭുക്കന്മാര്‍ക്കും സൈനികത്തലവന്മാര്‍ക്കും നഗരപ്രമാണികള്‍ക്കും തുല്യം അന്തസ്സുള്ളവരായി അകത്തേക്കു കയറിച്ചെന്നു. വിരുന്നുകാലം കഴിയുന്നതോടെ യജമാനന്മാരും ദാസന്മാരും തിരിച്ചുവരും. ഒന്നിച്ചിരുന്നു തിന്നതിന്, ശരി യജമാനനേ, അങ്ങനെയാവട്ടെ പ്രഭോ, അടിയന്‍ ചെയ്‌തോളാം റബ്ബീ എന്നൊക്കെ പറയാതിരുന്നതിന്, സ്വര്‍ണം കെട്ടിയ ഇരിപ്പിടങ്ങളില്‍ ഒപ്പത്തിനൊപ്പം ഇരുന്നതിന്, തലയുയര്‍ത്തിപ്പിടിച്ച് മേലാപ്പിലെ അലങ്കാരങ്ങള്‍ നോക്കി രസിച്ചതിന്, നഗരത്തിലെ സുന്ദരിമാരുടെ ഇടയിലൂടെ മനഃപൂര്‍വം തിക്കിത്തിരക്കി നടന്നതിന്, ഇതിനൊക്കെ ഞാനനുഭവിക്കാന്‍ പോവുകയാണ്.

esther
വര: ദ്വിജിത്ത്

അക്കൂബ്: തുല്യനിലയിലാണ് രാജാവ് നമ്മളെ വിരുന്നിനു വിളിച്ചത്. നീ എന്തിനു പേടിക്കുന്നു ഹേലാ?
ഹേലാ: തുല്യനിലയോ? കഷ്ടം, നിഷ്‌കളങ്കനായ അമ്മായിയപ്പാ! ഫെലിസ്ത്യരും അമ്മോന്യരും മൊവാബ്യരും യഹൂദ്യരും പരസ്പരം കൊന്നുകീറുന്നിടത്ത് എന്തു തുല്യതയാണുള്ളത്? ദാസന്മാര്‍ക്ക് ഒരു നിയമവും യജമാനന്മാര്‍ക്കു വേറൊന്നും അടിമകള്‍ക്കു മറ്റൊരു നിയമവും നിലനില്ക്കുന്നത് മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ രാജാവിന്റെ ഗോത്രത്തില്‍പ്പെട്ടവനായതുകൊണ്ട് വെറുതേ പിന്താങ്ങുകയാണ്.
അക്കൂബ്: ഞാനോ? ഞാനെന്തിനു പിന്താങ്ങണം? ഏഴു ദിവസമല്ല, മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും അയാള്‍ പാര്‍സ്യയിലെ ഏറ്റവും മുന്തിയ വീഞ്ഞു കുടിക്കുന്നു. ഏറ്റവും മുന്തിയ പഴങ്ങളും ഒലിവുകളും തിന്നുന്നു. ഒരു ദിവസം ഉറങ്ങിയ സുന്ദരിയുടെ കൂടെ പിറ്റേന്നുറങ്ങുന്നില്ല, പുതിയവള്‍ വരുന്നു. അയാളുടെ വസ്ത്രങ്ങള്‍ പൊന്‍നൂലുകൊണ്ട് നെയ്തത്. അയാളുടെ മേലങ്കിയുടെ വിലകൊണ്ട് എന്റെ രണ്ടു തലമുറകള്‍ക്ക് സാമാന്യം ഭേദപ്പെട്ട വീഞ്ഞ് മരിക്കുംവരെ കുടിക്കാം. ഒരേ ഗോത്രമായതുകൊണ്ടൊന്നും ഒരു ഫലവുമില്ല ഹേലാ.
ഹേലാ: ഇതൊന്നും ഉറക്കെ പറയേണ്ട അക്കൂബ്. അയാളുടെ നീലനിറമുള്ള കുപ്പായം നെയ്തത് നാലായിരം നെയ്ത്തുകാര്‍ നാല്പതു ദിവസം മെനക്കെട്ടു പണിയെടുത്തിട്ടാണ്. അയാള്‍ എങ്ങോട്ടു തിരിഞ്ഞാലും സ്വര്‍ണനൂലുകൊണ്ട് നെയ്തു പിടിപ്പിച്ച അയാളുടെ പേര് ആളുകള്‍ക്കു വായിച്ചെടുക്കാം. പാര്‍സ്യന്‍ ലിപിയില്‍ മാത്രമല്ല, നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലെയും ജനങ്ങളുടെ സ്വന്തം ഭാഷയിലും സ്വന്തം ലിപിയിലുമാണ് ആ നീലക്കുപ്പായത്തില്‍ പേരെഴുതിയിട്ടുള്ളത്.
അക്കൂബ്: അയാള്‍ നടന്നുപോയപ്പോള്‍ എന്റെ അടുത്തുണ്ടായിരുന്ന യഹൂദന്‍ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു. അതാ എബ്രായ ലിപിയില്‍ രാജാവിന്റെ പേരെഴുതിയിരിക്കുന്നു! എത്ര താലന്ത് പൊന്ന്, വെള്ളി അതിനുവേണ്ടി തുലച്ചുകാണും?
ഹേലാ: മിണ്ടാതിരി കുടിയാ. ഇതു കേട്ടാല്‍ മതി. ഞാനും നിങ്ങളും പിന്നെ തുറുങ്കിലാണ്.
അക്കൂബ്: തുറങ്കിലടയ്ക്കപ്പെടാന്‍ എനിക്കശേഷം താത്പര്യമില്ല ഹേലാ. ആട്ടെ, വീഞ്ഞുചാറകള്‍ കഴുകിവെടിപ്പാക്കുന്നിടത്ത് നിന്റെ ആള്‍ക്കാര്‍ വല്ലവരുമുണ്ടാകുമോ?
ഹേലാ: ഞാന്‍ ശ്രമിക്കാം അക്കൂബ്. വിരുന്നുസത്കാരത്തിന്റെ അടിയും പൊടിയുമൊക്കെ ധാരാളം കാണുമായിരിക്കും. എന്തായാലും ഞാനെന്റെ തോല്‍ക്കുടം കൊണ്ടുപോകുന്നുണ്ട്.
അക്കൂബ്: എന്റെതുംകൂടി കൊണ്ടുപോ മരുമകനേ. മുന്തിരി അറുക്കുന്ന കാലത്ത് രാജാവിന്റെ തോട്ടത്തില്‍ എല്ലു മുറിയെ പണിയെടുത്തവനല്ലേ ഞാന്‍. കൊട്ടാരത്തിലെ ജീവനക്കാരനൊന്നുമല്ലെങ്കിലും അടിക്കും പൊടിക്കും എനിക്കും അവകാശമില്ലേ?
എന്നാല്‍ ഏഴാംവിരുന്നുനാളില്‍, സായാഹ്നത്തില്‍ വലിയ അനിഷ്ടസംഭവങ്ങളുണ്ടായത് ഈ അമ്മായിയപ്പനും മരുമകനും അറിഞ്ഞിട്ടില്ല. അഹശ്വേറോസ് രാജാവ് അപമാനിക്കപ്പെട്ടുവെന്ന വാര്‍ത്ത യുദ്ധകാഹളംപോലെ ഇപ്പോള്‍ ശൂശന്‍ നഗരത്തെ വിറപ്പിച്ചുകൊണ്ടിരിക്കയാണ്. ആളുകള്‍ കൂട്ടമായി തെരുവിലിറങ്ങി നില്ക്കുന്നു. വശ്ത്തീരാജ്ഞിയാണ് രാജാവിനെ അപമാനിച്ചതെന്ന എരിവുള്ള വാര്‍ത്തയുംകൊണ്ട് അവര്‍ പരക്കംപായുന്നു. അഹങ്കാരം, ധിക്കാരം, നിഷേധം, അനുസരണക്കേട്... അതിഥികളായ പ്രഭുക്കന്മാര്‍ നിരവധി കുറ്റങ്ങളാണ് വശ്ത്തിക്കുമേല്‍ ചുമത്തിയത്. രാജാവിനോടൊപ്പം അപമാനിക്കപ്പെട്ടവരായിരുന്നു പ്രഭുക്കന്മാരും. വശ്ത്തിക്കുവേണ്ടി സംസാരിച്ച ഒരേയൊരാള്‍ മേദ്യയിലെ പ്രഭ്വി മാത്രം. വീഞ്ഞ് തലയ്ക്കുപിടിച്ച് വിവരംകെട്ടുപോയ രാജാവാണ് കുഴപ്പങ്ങള്‍ക്കു തുടക്കമിട്ടതെന്ന് പ്രഭ്വി ആരോപിച്ചു. സ്ത്രീകള്‍ക്കുവേണ്ടിയുള്ള വശ്ത്തീരാജ്ഞിയുടെ വിരുന്നിലേക്ക് ഒരുപാടു പ്രഭ്വിമാര്‍ ക്ഷണിക്കപ്പെട്ടിരുന്നു. നഗരത്തിലെ കുലീനസ്ത്രീകള്‍ മുഴുവനും അവിടെ എത്തിയിരുന്നു. സ്ത്രീകള്‍ മാത്രം പങ്കെടുത്ത ആ വിരുന്നിന്റെ സൗന്ദര്യം അലൗകികമായിരുന്നുവെന്ന് അവരൊക്കെ സാക്ഷ്യപ്പെടുത്തി. വിരുന്നുശാല പൂക്കളും രത്‌നങ്ങളും നേര്‍ത്ത ശീലകളും പട്ടുചരടുകളുംകൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ഓരോ അതിഥിയും ഒന്നിനൊന്നു മികച്ച വേഷവിധാനങ്ങളോടെയാണ് വിരുന്നിനെത്തിയത്. വശ്ത്തിയുടെ സ്വകാര്യശേഖരത്തിലെ ഏറ്റവും മുന്തിയ പാനപാത്രങ്ങള്‍ വിരുന്നുമേശമേല്‍ നിരന്നു. 

പൊന്നുകൊണ്ടുണ്ടാക്കിയതും പലവിധ രത്‌നങ്ങള്‍ പതിപ്പിച്ചതുമായിരന്നു ആ പാനപാത്രങ്ങള്‍. അതിസുന്ദരികളായ മുപ്പതു വീഞ്ഞുവീഴ്ത്തുകാരികളാണ് വിരുന്നുശാലയിലുണ്ടായിരുന്നത്. പാതി തുറന്നുകിടക്കുന്നതും നേര്‍ത്തതുമായ വെളുത്ത വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. അതിന്റെ വിളുമ്പുകളില്‍ സ്വര്‍ണനൂലുകള്‍കൊണ്ട് ചിത്രപ്പണികള്‍ ചെയ്തിരുന്നു. സ്വര്‍ണനിറമുള്ള ഒരു നാടകൊണ്ട് അവര്‍ അര കെട്ടിയിരുന്നു. അടിക്കുപ്പായം ധരിക്കാത്തതിനാല്‍ വീഞ്ഞു പകരാനായി മുന്നോട്ടു കുനിയുമ്പോഴൊക്കെ അവരുടെ മുലകള്‍ വെളിയില്‍ കാണുന്നത് പ്രഭ്വിമാരെ രസിപ്പിച്ചു. വീണ്ടും വീണ്ടും അതു കാണുന്നതിനുവേണ്ടി അവര്‍ സ്വന്തം പാനപാത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടിരുന്നു. നിലതെറ്റിയ മട്ടിലായിരുന്നു സ്ത്രീകളെല്ലാവരും. അവര്‍ ആടുകയും പാടുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ആര്‍ത്തലച്ച് അവിടവിടെപ്പോയി വീഴുകയും ചെയ്തു. വീണിടത്തു കിടന്ന് ഉറക്കെ ചിരിച്ചുകൊണ്ട് വായില്‍നിന്ന് വഴുതിപ്പോകുന്ന വാക്കുകളാല്‍ അവര്‍ വശ്ത്തീറാണിക്കു സ്തുതിഗീതം പാടി. ശൂശനിലെ ഏറ്റവും മുന്തിയ വീഞ്ഞിന്റെ പുഴയില്‍ അവരെ നീന്താന്‍ ക്ഷണിച്ചതിന്, അവരുടെ അരപ്പട്ടയുടെ കെട്ടഴിച്ചതിന്, കൈകാലുകളെ സ്വതന്ത്രമാക്കിയതിന്, തൊണ്ടയുടെ കൂടു തുറന്നുകൊടുത്തതിന്...
പെണ്ണുങ്ങളുടെ ആ സുന്ദരവനത്തിലേക്ക് അനുവാദം ചോദിച്ചുകൊണ്ട് അഹശ്വേറോസ് രാജാവിന്റെ ഏഴു തിരുനങ്കകള്‍* കടന്നുവന്നു. സ്ത്രീകളൊന്നാകെ ഓടി ഇളകിച്ചെന്ന് അവരെ പൊതിഞ്ഞു. അവര്‍ തിരുനങ്കകളുടെ കവിളുകളില്‍ ചുംബിച്ചു. ലൈംഗികച്ചുവയുള്ള ശബ്ദങ്ങളുണ്ടാക്കിക്കൊണ്ട് അവരുടെ പൃഷ്ഠഭാഗങ്ങളില്‍ തോണ്ടി. തിരുനങ്കകള്‍ ദീര്‍ഘകായരും ശക്തരുമായിരുന്നെങ്കിലും അവരുടെ ചലനങ്ങളും ഉടുപുടകളും സ്ത്രീകളുടെതുപോലെയായിരുന്നു. അത് അവരുടെ യഥാര്‍ഥ കരുത്തിനെ മറച്ചുവെച്ചു. അവരെ കളിയാക്കാന്‍ മത്സരിച്ചുകൊണ്ടിരുന്ന പ്രഭ്വിമാരെയും ദാസിമാരെയും അവഗണിച്ചുകൊണ്ടും തള്ളിമാറ്റിക്കൊണ്ടും അവര്‍ വശ്ത്തീരാജ്ഞിയുടെ അടുത്തെത്തി. അവള്‍ ഒരു ആട്ടുമഞ്ചലില്‍ കിടക്കുകയായിരുന്നു. തിരുനങ്കകള്‍ ജ്വലിക്കുന്ന അവളുടെ സൗന്ദര്യത്തില്‍ അല്പനേരം വിസ്മയഭരിതരായി നിന്നു.

'വശ്ത്തീരാജ്ഞിയുടെ സൗന്ദര്യം അതിഥികളായ പ്രഭുക്കന്മാരെയും ശൂശനിലെ ജനങ്ങളെയും കാണിച്ചുകൊടുക്കാന്‍ അഹശ്വേറോസ് രാജാവ് കല്പിച്ചിരിക്കുന്നു,' തിരുനങ്കകളുടെ നേതാവ് മെഹൂമാന്‍ വിനീതമായി അറിയിച്ചു.

'എന്ത്!?' ആട്ടുമഞ്ചല്‍ ശക്തമായി പുറകോട്ടു തള്ളി വശ്ത്തി എഴുന്നേറ്റുനിന്നു. അവളുടെ പച്ചനിറമുള്ള കണ്ണുകള്‍ തിളങ്ങി. കോപംകൊണ്ട് ഉടല്‍ വിറച്ചു. കൈയിലിരുന്ന പാനപാത്രം അവള്‍ വലിച്ചെറിഞ്ഞു. ചിലമ്പിച്ച ഒച്ചയോടെ തറയില്‍ വീണ് അത് ഉരുണ്ടുപോയി. അമൂല്യമായ ഒരു ചുവന്ന രത്‌നം അടര്‍ന്നു താഴേ വീണു. വിരുന്നുശാല പെട്ടെന്ന് നിശ്ശബ്ദമായി. മെഹൂമാന്‍ ഒരടി മുന്നോട്ടു നീങ്ങി തല കുനിച്ച് ശാന്തമായ സ്വരത്തില്‍ പറഞ്ഞു: 'രാജകിരീടം ധരിച്ച് ഞങ്ങളോടൊപ്പം വന്നാലും.'

(തുടരും)

എസ്തേർ നോവലിന്റെ മുൻ ലക്കങ്ങൾ വായക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books