ന്നുമുതല്‍ ഏറ്റവും അസ്വസ്ഥനും ദുഃഖിതനുമായിട്ടേ എസ്തേര്‍ മൊര്‍ദെഖായിയെ കണ്ടിട്ടുള്ളൂ. പള്ളി പണിയുന്നതിനാവശ്യമുള്ള പണമോ വസ്തുക്കളോ പണിക്കാരോ ഇല്ലായിരുന്നു. ആശാരിമാരും കൊല്ലന്മാരും അന്യജാതിക്കാരായിരുന്നു. അവര്‍ ഒഴികഴിവുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇഷ്ടികപ്പണിക്കാര്‍ ദൂരദേശം പോയി ഇഷ്ടിക ചുട്ട് വിറ്റുകൊണ്ടിരുന്നു. ദേവാലയം തകര്‍ന്നുതന്നെ കിടന്നു. എല്ലാ യഹൂദരെയുംപോലെ എസ്തേറിന്റെ മനസ്സിലും അത് മഹാഭാരവും വേദനയുമായിരുന്നു. പകല്‍ മൂന്നു മണിക്കാണ് ഇതു സംഭവിച്ചതെന്ന് അവള്‍ ഓര്‍ക്കുന്നു. ആയുധങ്ങളുമേന്തി പാഞ്ഞുവന്ന അമാലേക്യര്‍ പള്ളിവാതില്ക്കല്‍ നിന്നിരുന്ന യഹൂദന്മാരെ തല്ലിയോടിച്ചു. കാവല്ക്കാരെ കൊന്നു. പുരോഹിതന്മാര്‍ പ്രാണഭയത്തോടെ യഹൂദര്‍ താമസിക്കുന്ന തെരുവിലേക്കോടിച്ചെന്നു. പടിപ്പുരയുടെ വലിയ ഓടാമ്പല്‍ തുടരത്തുടരെ കിലുക്കുന്നതും വാതിലിന്മേല്‍ തട്ടുന്നതും കേട്ടുകൊണ്ട് എസ്തേര്‍തന്നെയാണ് വാതില്‍ തുറന്നത്. 'എവിടെ മൊര്‍ദെഖായീ? ദുഷ്ടരായ അമാലേക്യര്‍ ദേവാലയം തല്ലിപ്പൊളിക്കുന്നു.' പുരോഹിതന്മാര്‍ നിലവിളിച്ചു. മൊര്‍ദെഖായി അവരോടൊപ്പം ഓടിപ്പോയി. വ്യസനകരമായ ആ സായാഹ്നത്തില്‍ യഹൂദസ്ത്രീകള്‍ കുഞ്ഞുങ്ങളെയും കൈയിലെടുത്തുകൊണ്ട് ദേവാലയത്തിന്റെ കവാടത്തില്‍ ചെന്നു. അവരുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. ചുണ്ടുകള്‍ അമര്‍ത്തിയടയ്ക്കപ്പെട്ടിരുന്നു. പുലരുംവരെ അവര്‍ അവിടെത്തന്നെ ഇരുന്നു. തകര്‍ന്ന ദേവാലയത്തിനകത്ത് യഹൂദപുരുഷന്മാര്‍ ഒത്തുകൂടിയിരുന്നു. തേനീച്ചക്കൂട്ടത്തിന്റെ ഇരമ്പല്‍പോലെ അവരുടെ പ്രാര്‍ഥനകള്‍ ദേവാലയത്തിനുള്ളില്‍ ചുറ്റിത്തിരിഞ്ഞു... ഇതുവഴി കടന്നുപോകുമ്പോഴൊക്കെ ആ ദിവസവും ആ നടുക്കവും അന്നത്തേതുപോലെത്തന്നെ എസ്തേറിനെ ബാധിക്കുന്നു. അവളുടെ ഹൃദയം തകര്‍ക്കപ്പെട്ട ദേവാലയംപോലെയാകുന്നു. അമര്‍ഷത്തിന്റെ പൊടിപടലങ്ങള്‍ ഉയരുന്നു. വേദനയുടെ കൊടുങ്കാറ്റില്‍ എല്ലാം ആടിയുലയുന്നു. ഞങ്ങളെ കേള്‍ക്കാന്‍ ആരുമില്ല... അന്നത്തേതുപോലെ അവള്‍ നിലവിളിക്കുന്നു.

ആകാശച്ചെരിവില്‍നിന്നും പറന്നുവരുന്നൊരു കൂറ്റന്‍പക്ഷിയെ അവള്‍ കണ്ടു. അസ്തമയത്തിന്റെ അവശേഷിച്ച വെളിച്ചം അതിന്റെ ചിറകിന്റെ അതിരുകളെ അഗ്‌നിരേഖകളാക്കുന്നുണ്ട്. തീപിടിച്ച പക്ഷി! എസ്തേര്‍ നിലവിളിക്കുന്നു. അത് താണു വന്ന് ശൂശന്‍ നഗരത്തിനു മേല്‍ വട്ടംചുറ്റിയശേഷം ദേവാലയത്തിന്റെ താഴികക്കുടത്തിന്മേല്‍ വിശ്രമിക്കാനിരുന്നു. ഇരുട്ട് ഒരു നനഞ്ഞ കരിമ്പടംകൊണ്ട് എല്ലാത്തിനെയും മൂടിത്തുടങ്ങി. അല്പമൊരു നേരത്തേക്ക് അത്താഴപ്പകര്‍ച്ചയും ദരിദ്രനായ യോഹാന്റെ കാത്തിരിപ്പും അവള്‍ മറന്നുപോയി.

esther
വര: ദ്വിജിത്ത്

'ക്ഷമിക്കണേ,' എസ്തേര്‍ യോഹാന്റെ വീട്ടിലേക്ക് അതിവേഗം നടന്നു. കുന്നിന്മുകളിലെ വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. യോഹാന്‍ ഒരു കലം വെള്ളം തിളപ്പിക്കുകയായിരുന്നു. മനസ്സലിവുള്ള ആരെങ്കിലും ഒരു കിഴങ്ങോ രണ്ടപ്പത്തിനുള്ള മാവോ കൊണ്ടുവന്നെങ്കിലായി എന്ന് അയാള്‍ പിറുപിറുത്തു. ഇല്ലെങ്കില്‍ ആ ചൂടുവെള്ളത്തില്‍ കുളിച്ച് അയാള്‍ മിണ്ടാതെ കിടന്നുറങ്ങും. വിശപ്പ് ഒരെലിയെപ്പോലെ അയാളുടെ വയറ്റില്‍ പരതിക്കൊണ്ടിരിക്കും. തന്നത്തന്നെ പരിഹസിച്ചുകൊണ്ട് അയാള്‍ എലിയോടു പറയും: 'അടങ്ങിക്കിടന്നോ, ഞാനെന്റെ പൂച്ചയെ അഴിച്ചുവിടുന്നുണ്ട്.'

'അത്താഴപ്പകര്‍ച്ച!' എസ്തേര്‍ വിളിച്ചുപറഞ്ഞു. നിലവിളിച്ചുകൊണ്ടാണ് യോഹാന്‍ പുറത്തേക്കോടിയത്. 'യഹോവയേ നീ വലിയവന്‍.' മുറ്റത്ത് അയാള്‍ യഹോവയുടെ ദൂതനെ കണ്ടു. ഒരു കൈയില്‍ വിളക്കും മറുകൈയില്‍ അത്താഴപ്പകര്‍ച്ചയുമായി ഓമനത്വമുള്ളൊരു പെണ്‍കുട്ടിയുടെ രൂപത്തിലായിരുന്നു ദൈവദൂതന്‍. അയാള്‍ മുട്ടുകുത്തി കൈനീട്ടി ഭക്ഷണപ്പൊതി വാങ്ങി. അതിനപ്പോഴും ചൂടു വിട്ടിട്ടില്ല. വെണ്ണയില്‍ മൊരിഞ്ഞ അപ്പത്തിന്റെയും വേവിച്ച ആട്ടിന്‍മാംസത്തിന്റെയും മണം യോഹാന്റെ ക്ഷമ നശിപ്പിച്ചു. എത്രയോ കാലമായി അങ്ങനെയൊരു ഭക്ഷണത്തിന്റെ സുഗന്ധം അയാള്‍ അറിഞ്ഞിട്ട്. ഭക്ഷണപ്പൊതി മൂക്കിനോടു ചേര്‍ത്തു വലിച്ചുകേറ്റിക്കൊണ്ട് അയാള്‍ ചിരിക്കാന്‍ തുടങ്ങി. എസ്തേര്‍ പറഞ്ഞു:
'മൊര്‍ദെഖായി സ്നേഹം അറിയിക്കുന്നു.'

esther
വര: ദ്വിജിത്ത്

'മൊര്‍ദെഖായിയെ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോള്‍ ചെയ്തതിന്റെ ഇരട്ടിയായും അതിന്റെയിരട്ടിയായും യഹോവ അവനു തിരിച്ചുനല്കട്ടെ. അവന്‍ യഹൂദരുടെ പടയാളി.'
എസ്തേര്‍ തിരിച്ചിറങ്ങുമ്പോള്‍ ഇരുട്ടു കനത്തിരുന്നു. കാലടികളില്‍ മാത്രം തളംകെട്ടുന്ന വിളക്കിന്റെ വെട്ടത്തിലേക്കു സൂക്ഷിച്ചുനോക്കി അവള്‍ കുന്നിറങ്ങി. മൊര്‍ദെഖായി വരുന്ന ദിവസമാണ്. അയാള്‍ അഹശ്വേറോസ് രാജാവിന്റെ പടിവാതില്ക്കാവല്ക്കാരനാണ്. ആഴ്ചയിലൊരു ദിവസം അയാള്‍ വീട്ടിലെത്തും. അവള്‍ വീടു വൃത്തിയാക്കുകയും ജാലകമറകളും കിടക്കവിരികളും മാറ്റുകയും ചെയ്തിരുന്നു. നിലം കഴുകിത്തുടച്ചു. പരവതാനികള്‍ വെയിലത്തിട്ടുണക്കി വെടിപ്പാക്കി. മൊര്‍ദെഖായിക്ക് ഏറ്റവും പ്രിയപ്പെട്ട ആട്ടിന്‍മാംസംകൊണ്ടുള്ള വിഭവം തയ്യാറാക്കുകയും അറയില്‍നിന്ന് മുന്തിയ വീഞ്ഞ് എടുത്തുവെക്കുകയും ചെയ്തു. രാജധാനിയിലെ സേവകനെങ്കിലും മൊര്‍ദെഖായിക്ക് അവിടന്ന് മൃഷ്ടാന്നമൊന്നും കിട്ടില്ലെന്ന് അവള്‍ക്കറിയാം. വീട്ടിലെത്തിയാല്‍ അയാള്‍ മൂക്കറ്റം തിന്നുന്നതും കുടിക്കുന്നതും കണ്ടാലറിയാം, രുചികരമായി യാതൊന്നും അയാള്‍ക്കു തിന്നാന്‍ കിട്ടാറില്ലെന്ന്. മൊര്‍ദെഖായി വരുന്ന ദിവസങ്ങളില്‍ എസ്തേര്‍ വീട്ടിലെ വിശേഷപ്പെട്ട വിളക്കുകളെല്ലാം തുടച്ചുമിനുക്കി കത്തിച്ചുവെക്കാറുണ്ട്. വാസനദ്രവ്യങ്ങള്‍ പുകയ്ക്കാറുണ്ട്. അയാളുടെ കുതിരയുടെ കുളമ്പടികള്‍ മറ്റ് ഏതില്‍നിന്നും അവള്‍ തിരിച്ചറിയും.
അവളെല്ലാം പതിവുപടി ചെയ്തു. 

പക്ഷേ, പുലരുവോളം മൊര്‍ദെഖായി വന്നില്ല. തളത്തിലെ തൂക്കുമഞ്ചത്തില്‍ കിടന്ന് അവള്‍ ഉറങ്ങിപ്പോയി. കോഴി കൂവുംമുന്‍പ് എസ്തേര്‍ അവളെ പിടിച്ചുകുലുക്കിയ ഒരു ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. തൂക്കുമഞ്ചം ആടിയുലഞ്ഞു. മൊര്‍ദെഖായീ... അവള്‍ ഉറക്കെ വിളിച്ചു. അയാള്‍ എത്തിയിരുന്നില്ല. വാതില്‍ അകത്തുനിന്ന് അടഞ്ഞുതന്നെ കിടക്കുന്നു. അമാലേക്യരുടെ ദേവാലയത്തിലെ കുരുതിയാണ് അവള്‍ സ്വപ്നംകണ്ടത്. ദേവാലയം ഇരുട്ടിലായിരുന്നു. അങ്ങിങ്ങു കത്തിച്ചുവെച്ച പന്തങ്ങളുടെ ഭയപ്പെടുത്തുന്ന വെളിച്ചത്തില്‍ ഒരാള്‍പ്പൊക്കത്തില്‍ ബാല്‍ദേവന്റെ വിഗ്രഹം കാണാം. അതിന്റെ കണ്ണുകള്‍ കനല്‍ക്കട്ടകള്‍പോലെ ചുവന്നുതിളങ്ങുന്നുണ്ടായിരുന്നു. അമാലേക്യര്‍ ബാല്‍ദേവനു ബലികൊടുക്കുകയായിരുന്നു. വിഗ്രഹത്തിനു ചുറ്റും അവള്‍ ചെമ്പുകൊണ്ടുള്ള പന്ത്രണ്ടു കുട്ടകള്‍ കണ്ടു. ഓരോ അമാലേക്യനും മന്ത്രോച്ചാരണത്തോടെ സ്വന്തം കാഴ്ചദ്രവ്യങ്ങള്‍ ആ കുട്ടകളിലേക്കു സമര്‍പ്പിച്ചുകൊണ്ടിരുന്നു. ഏറ്റുമുട്ടലില്‍ പിടിക്കപ്പെട്ട യഹൂദന്മാരുടെ വലതുകണ്ണുകളായിരുന്നു അവരുടെ കാഴ്ചവസ്തുക്കള്‍. ചെമ്പുകുട്ടകളില്‍ ചിലതു നിറഞ്ഞുകവിഞ്ഞ് ഇളംചുവപ്പുനിറമുള്ള രക്തവും വെള്ളവും പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. കണ്ണുകളിലൊന്ന് തെറിച്ച് എസ്തേറിന്റെ കാലില്‍ വീണു. അവള്‍ പേടിച്ച് കാല്‍ കുടഞ്ഞു. വലതുകണ്ണു പൊത്തിപ്പിടിച്ച് നിലവിളിച്ചുകൊണ്ട് മൊര്‍ദെഖായി ഓടിവരുന്നത് അവള്‍ കണ്ടു.

ഏറെ നേരത്തിനുശേഷം മനസ്സു ശാന്തമായപ്പോള്‍ എക്കാലവും ഓര്‍ത്തിരിക്കേണ്ടതിനും വള്ളിപുള്ളി വിടാതെ എഴുതിസൂക്ഷിക്കേണ്ടതിനുമായി തന്റെ സ്വപ്നത്തെ പകര്‍ത്തിയെഴുതാന്‍ തുകല്‍ച്ചട്ടയിട്ട പുസ്തകവും തൂവല്‍പ്പേനയുമായി എസ്തേര്‍ പ്രഭാതകിരണങ്ങള്‍ മുഖത്തു തട്ടുംവിധം ജാലകത്തിനരികിലിരുന്നു. അവള്‍ക്കു പിന്നില്‍ അപ്പോഴും തൂക്കുമഞ്ചം ഭയന്നാടുന്നുണ്ടായിരുന്നു. പുറത്ത് ഇരുട്ടുതന്നെയായിരുന്നു. അവള്‍ മഷിപ്പാത്രത്തില്‍ തൂവല്‍ മുക്കി ഒന്നാമത്തെ വാക്കെഴുതിയ മാത്രയില്‍ മൊര്‍ദെഖായിയുടെ കുതിരക്കുളമ്പടിശബ്ദം തെരുവിലുയര്‍ന്നു. പടിവാതിലിന്റെ ഓടാമ്പല്‍ നീക്കി മൊര്‍ദെഖായി അകത്തു കടന്നു.

'ഹദെസ്സാ...' മൊര്‍ദെഖായി വാതിലില്‍ തട്ടിവിളിച്ചു. അതാണവളുടെ പേര്. ഹീബ്രൂഭാഷയില്‍ അതിനു സുഗന്ധസസ്യം എന്നര്‍ഥം. സൂര്യന്റെ ആദ്യകിരണം എസ്തേര്‍ എഴുതിയ വാക്കിന്മേല്‍ വന്നുപതിച്ചു. 'ഉടമ്പടി' എന്നായിരുന്നു ആ വാക്ക്. എസ്തേര്‍ വാതില്‍ തുറന്നു. മൊര്‍ദെഖായി ക്ഷീണിതനായിരുന്നു. അയാള്‍ തൂക്കുമഞ്ചത്തിലേക്കു വീണു. 'ഞാനുറങ്ങട്ടെ,' അയാള്‍ പറഞ്ഞു.

നോവല്‍ ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സാറ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books