നാമാവശേഷമായ ഒരു നാട്. സമതല ഭൂമിയിൽ കൂറ്റൻ കെട്ടിടങ്ങളുടെ കോശങ്ങളാവണം കുറേ കല്ലുകൾ ചിതറിക്കിടപ്പുണ്ട്. മലർന്ന് മരിച്ച് കിടക്കുകയാണ്  മരങ്ങളൊക്കെയും. അകാലത്തിൽ ഉണങ്ങേണ്ടി വന്ന   കുഞ്ഞിലകൾക്കൊക്കെ പിഞ്ചു കുഞ്ഞുങ്ങളുടെ  മുഖം. ശവങ്ങളുടെ കണക്കെടുക്കാനാവണം കഴുകൻ കാറ്റ് കറങ്ങി നടക്കുന്നത്. കിഴക്ക് നിന്നുള്ള കലക്കവെള്ളത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒഴുകി വരുന്ന വീർത്ത രൂപങ്ങൾക്കൊക്കെ വികൃതമായ മുഖമാണ്. ഇതു തന്നെയാകണം മനുഷ്യന്റെ യഥാർത്ഥ മുഖം. യുദ്ധഭൂമിയിൽപ്പോലും അവിടവിടെയായി അനങ്ങുന്ന കാലുകൾ കാണാറുള്ളതാണ്.എന്നാൽ  ഇവിടെ സംഭവിച്ചതെന്താണെന്ന്  വിളിച്ചു പറയാനായി  സംസാരശേഷിയുള്ള ആരും തന്നെ അവശേഷിക്കുന്നില്ല.   

കലിയടങ്ങാത്ത കാർമേഘങ്ങളും   കാലൻ കാറ്റും കുലുങ്ങിച്ചിരിക്കുമ്പോൾ ഇല്ലാതായത് ഒരു ദേശമാകുന്നു. മനുഷ്യരെ മാത്രം തിരഞ്ഞു പിടിച്ച് മണ്ണിനടിയിലാക്കിയവന്റെ മനസ്സിൽ എന്തായിരുന്നിരിക്കണം? തന്റെ സൃഷ്ടികളിൽ  മികച്ചതിന് ബുദ്ധിയുടെ കിരീടം വെച്ച് കൊടുക്കുമ്പോൾ  മരണമെന്ന മതിലിനെക്കുറിച്ചും പറഞ്ഞിരുന്നതാണ്. നിന്നിലൂടെ എല്ലാവരും എന്നെ  കാണണമെന്നാഗ്രഹിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും  വലിയ തെറ്റ്.അൽപ്പ ബുദ്ധികളായ മിണ്ടാപ്രാണികളും കൂടെപ്പിറപ്പുകളാണെന്ന  കാര്യം സൗകര്യപൂർവ്വം നീ മറന്നു.ചതുപ്പിനെ ചവിട്ടിത്താഴ്ത്തി നീ പണിത ബാബേൽ ഗോപുരങ്ങൾ കേൾക്കാതെപോയ കുറേ  കരച്ചിലുകളുണ്ടായിരുന്നു. ചില സംഹാരങ്ങൾക്ക് സൃഷ്ടിയുടെ മണമാകുന്നു. തിരുത്തലുകൾക്ക് നന്മയുടെ നിറവും......

ചെവി കൂർപ്പിച്ചാൽ മാത്രം  കേൾക്കുന്ന  ചില  മൂളലുകളുണ്ട്. വരിയായി നീങ്ങുന്ന വട്ടനുറുമ്പുകൾക്കൊപ്പം ഇലതീനിപ്പുഴുക്കളും ഇളകി മറിയുകയാണ്. താഴ്ന്നു പറക്കുന്ന കഴുകൻ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ കൊതിയേക്കാൾ പകയാകണം തിങ്ങി നിൽക്കുന്നത്. ചീഞ്ഞളിഞ്ഞ്‌  ചെടികൾക്ക് വളമാകാൻ എന്തുകൊണ്ടും യോഗ്യൻ മനുഷ്യൻ തന്നെ..ദുഖത്തിന്റെ മണമില്ലാത്തൊരു ദുരന്ത ഭൂമി.. വിജയഭേരിയും  മുഴക്കി മുന്നേറുന്ന കൃമികീടങ്ങൾക്ക് പുറകെ  പറവകളും നാൽക്കാലികളും നീങ്ങുന്നു. സത്യത്തിൽ ഭൂമിയ്ക്ക് ഇത്ര ഭംഗിയുണ്ടായിരുന്നെന്ന് അറിയുന്നത് ഇപ്പോഴാകുന്നു. നിലംപൊത്തിയ കോൺക്രീറ്റ് കട്ടകൾ അനാവൃതമാക്കുന്ന നഗ്‌നതയിൽ മൊട്ടക്കുന്നുകളും പനിനീർപ്പുഴയുമൊക്കെയുണ്ട്. കിഴക്കിന്റെ അവസാനമെന്നോണം ആകാശം മുട്ടി നിൽക്കുകയാണ് ഭ്രാന്തൻ മല.

ചെറുതും വലുതുമായ നാൽക്കാലികളുടെ നടത്തത്തിന് ഇതുവരെ ആരും കേൾക്കാത്ത ഒരു പ്രത്യേക താളമാകുന്നു. മുട്ടിലിഴഞ്ഞും മുടന്തിയുമൊക്കെ അവരോടൊപ്പം കൂടുകയാണ് കുറേ മനുഷ്യരൂപങ്ങളും.. കുഴഞ്ഞുവീഴുമെന്നു തോന്നിയവർക്കായി മുതുകു കുനിക്കാൻ മത്സരിക്കുന്ന കുറേ സാധു മൃഗങ്ങൾ... കൊമ്പനും കാട്ട് പോത്തിനുമൊക്കെ അന്നും മനുഷ്യനെ ഇഷ്ടമായിരുന്നു.  വെടിമരുന്നിന്റെ മണവും  വാരിക്കുഴികളുടെ വലിപ്പവുമൊന്നും അവരുടെ കുഞ്ഞു ബുദ്ധിയിൽ തങ്ങി നിൽക്കുന്നില്ല. മനുഷ്യൻ ചതിയനാണെന്ന് പുറകിൽനിന്നുംആരോ വിളിച്ചു പറയുമ്പോൾ വിലക്കുന്നത് കൂട്ടത്തിലെ  മുതിർന്നവരാണ്. അത് മനുഷ്യൻ..ബുദ്ധി സ്ഥിരതയില്ലാത്ത ഇവരെങ്ങനെ മനുഷ്യരാവും...? അഴുക്ക് ചാലുകളിൽ അരവയറുമായി ഉറങ്ങിക്കൊണ്ടിരുന്നവരും മനുഷ്യരല്ല.....

അടിവാരമെത്താൻ ഇനിയും ഒരുപാട് ദൂരമുണ്ട്. തിരിഞ്ഞ് നോക്കുമ്പോൾ കടന്ന് പോയ പ്രദേശമൊക്കെ ഇരുട്ട് കൊണ്ട് മൂടപ്പെടുകയാണ്. വെളിച്ചത്തിലേക്ക് വെളിച്ചത്തിലൂടെ ഒരു  യാത്ര. ഓർമ്മകളെ പോലും അവശേഷിപ്പിക്കാതിരിക്കാനാവണം ഇരുട്ടിന്റെ കമ്പിളിയും പുതച്ച്  സൂത്രധാരൻ പുറകിൽ നടക്കുന്നത്. ആ കണ്ണുകളിലെ  തിളക്കം നടപ്പാതയുടെ പ്രകാശമാവുമ്പോൾ വശങ്ങളിലും ഇരുള് പടരുന്നുണ്ട്. അടിവാരത്തിൽ അവർ എത്തിക്കഴിഞ്ഞു. വലുതും ചെറുതുമായ പാറക്കല്ലുകൾ അടുക്കി വെച്ചതായിരുന്നു ഭ്രാന്തൻ മല. ആരോ തെളിച്ച നാട്ടുവഴിയ്ക്ക് അധികമൊന്നും ആയുസ്സുണ്ടായിരുന്നില്ല. ഉരുളൻ കല്ലും ഉരുട്ടിക്കൊണ്ട് മലകയറുന്ന മനുഷ്യനെ മൃഗങ്ങൾക്ക് പോലും മനസ്സിലാവുന്നുണ്ട്.

കല്ലിനെ ഉപേക്ഷിക്കുവാൻ അയാളോടാവശ്യപ്പെടുന്നത് പുറകിലുള്ള അശരീരിയാണ്. കൈയ്യിലുള്ള കനമൊക്കെ കളയാതെ പുതിയ ദേശത്ത് പ്രവേശനമില്ല. ദിവസങ്ങളുടെ നടപ്പുണ്ടായിരുന്നിട്ടും ഉത്സാഹമായിരുന്നു എല്ലാം  മുഖങ്ങളിലും. മുകളിൽ മല ചെറുതാവുമ്പോൾ പുറകിൽ മനോഹരമായ താഴ്വാരമാകുന്നു. ഭൂമിയിൽ കാണാത്ത പുഷ്പങ്ങൾ പൂക്കുന്നയിടം ഭൂമിയാകാൻ  തരമില്ല. അതിഥികളെ കാത്തിരിക്കുന്നവരിൽ മനുഷ്യരൂപങ്ങളൊന്നും കാര്യമായിട്ടില്ല. കശാപ്പുശാലകളിൽ അറുത്ത് മാറ്റിവെച്ചിരുന്ന പോത്തിൻ തലകളൊക്ക ഉടലോടുകൂടി ഇവിടെയുണ്ട്. മരണമറിയിക്കാനായി ഓരിയിട്ടെങ്കിലും ഭക്ഷണം തന്നിരുന്നവനെ മരിക്കാൻ വിടാതെ മുകളിലെത്തിയ ഒരു തെരുവ്‌ നായ ആരെയോ കാത്തിരിക്കുന്നു..

ശൂന്യതയിലേക്കുള്ള കാൽവെപ്പിനെയാണ്  സ്വർഗ്ഗമെന്ന് വിളിക്കുന്നത്. കാരണം നിത്യതയിൽ നിറയെ ശൂന്യതയാകുന്നു. ബുദ്ധിയുടെ പര്യായമായി സ്വാർത്ഥത മാറുമ്പോൾ ബുദ്ധിജീവികളാരും തന്നെ അവശേഷിക്കുന്നില്ല.  മരണമെന്നത് ശവപ്പറമ്പിന്റെ മതിൽക്കെട്ടാണെന്നാണ് മനുഷ്യൻ  വിശ്വസിക്കുന്നത്. അവനവനെ മാത്രം  സ്നേഹിക്കാൻ അവനെ പഠിപ്പിച്ചതാരാണ്? മെലിഞ്ഞുണങ്ങിയ തൊലിയും തണുത്തുറഞ്ഞ ചോരയുമെല്ലാം ഒരിക്കൽ തന്റെ മുലപ്പാലായിരുന്നുവെന്നത് ബുദ്ധിപൂർവ്വം അവൻ മറന്നു. വ്യാധി വന്നവരെ  ഭയന്ന് വാതിൽ കൊട്ടിയടയ്ക്കുമ്പോൾ അവനറിയുന്നില്ല, അവനായി രാത്രികൾ ഉണർന്നിരിക്കുന്നത്.. പുതിയൊരു യുഗം പിറക്കുമ്പോൾ പുതിയൊരു ദേശവും  തുറക്കുകയാണ്. ബുദ്ധിയുള്ളവർ ഇവിടെ വേണ്ടെന്നുള്ളത്  സൃഷ്ടാവിന്റെ തീരുമാനമാകുന്നു.

പാമ്പുകൾക്കൊപ്പം ഉറങ്ങിയിരുന്നത് കൊണ്ടാണ് ഭ്രാന്തനെന്ന വിളിപ്പേര് വീണതെന്ന് അയാൾ പറയുമ്പോൾ പാമ്പുകൾ ചിരി നിർത്തുന്നില്ല.  ഭ്രൂണമായിരിക്കെ ഭൂമിയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളൊക്കെ പിച്ചവെച്ച് തുടങ്ങിയിരിക്കുന്നു. ആകാശമില്ലാത്ത ആ ദേശത്ത് കണ്ണുകൾ അടയ്ക്കുന്നതാണ് രാത്രി. ഭൂമിയിൽ താൻ അന്ധനായിരുന്നതിൽ ആനന്ദിക്കുകയാണ് ആ ഭിക്ഷക്കാരൻ. കണ്ണടച്ചിരുട്ടുണ്ടാക്കിയിരുന്ന മനുഷ്യരേക്കാൾ കാഴ്ച്ച  തനിക്കുണ്ടായിരുന്നു. നിഴലുകളില്ലാത്ത നാട്ടിൽ അപരനും ഒരുവനും ഒരുപോലെയാകുമ്പോൾ അകലെ നിന്നും ആരോ  ഉറക്കെ പാടുന്നുണ്ട്. കുറവുകൾ കാണാത്ത ദേശത്ത് കഴുതയുടെ ശബ്ദത്തിനും മധുരം  തന്നെ....