വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകള്‍ വായനക്കാരന്റെ ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു. ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍. അഷിതയുടെ ഹൈക്കു കവിതകള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ചില ഹൈക്കു കവിതകള്‍ വായിക്കാം

കാറ്റിനോട്

ഓര്‍മകളെ കരിയിലകള്‍പോല്‍ ചുഴറ്റി,
എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ,
നീയിന്നെനിക്ക്, അനിഷ്ടകാമുകന്‍!

ദൈവത്തിന്റെ ഹൈക്കുകള്‍

മൂന്നടിയുമായി വാമനന്‍, മൂന്നു വരയുമായി അണ്ണാറന്‍
മൂന്നുവട്ടം കൂവലും മൂന്നുവട്ടം തള്ളലും മൂന്നാംദിനം ഉയിര്‍ക്കലും
-ദൈവമേ, നീ രചിച്ച ഹൈക്കു വിസ്മയങ്ങള്‍!

അവതാരം

മൂന്നടിയാല്‍ സമസ്തവുമളന്നു
ചിരിക്കും വാമനനെപ്പോല്‍,
-ഹൈക്കു.

ശാന്തി

ആല്‍മരത്തണലില്‍,
അയവിറക്കും പശുവിന്‍കണ്ണില്‍
ദൈവം മറന്നുവെച്ച ശാന്തിസൂക്തം.

വീട്ടമ്മ

ദിനരാത്രങ്ങളിലൂടെ, ഇടതടവില്ലാതെ,
ഉറുമ്പുപോല്‍ പണിതുനീങ്ങുന്നു
-ഒരു ശരാശരി വീട്ടമ്മ.

ദൃശ്യം

കത്തുന്ന സൂര്യന്‍
ആളുന്ന ഉച്ച
-നിഴലുകളില്ലാത്ത രണ്ടു പേര്‍.

കാരുണ്യം

സങ്കടങ്ങള്‍ ഇടിവെട്ടിപ്പെയ്യും
കണ്ണീര്‍തോരാമഴരാത്രികളില്‍,
കൂണുപോല്‍ കുട നിവര്‍ത്തുന്നു, ഹൈക്കു!

ഉപമ

നിരാശയുടെ ഗര്‍ത്തങ്ങളില്‍
ആശയുടെ സ്ഫുരണംപോല്‍
രാത്രിയെ കീറിമുറിച്ച് ഒരു കൊള്ളിയാന്‍.

ഉത്തരങ്ങള്‍

മേഘപ്പരപ്പിലേക്കുറ്റുനോക്കി
ഞാന്‍ മന്ത്രിച്ചു: 'പ്രിയനേ!'
അപ്പോഴോ? നോക്കൂ, മഴ ചാറി!

വാര്‍ധക്യം

നില്പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു, എന്റമ്മ!
ഇലപൊഴിയും കാലമായി.

( അഷിതയുടെ ഹൈക്കു കവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്) 

 

അഷിതയുടെ ഹൈക്കു കവിതകള്‍ ഓണ്‍ലൈനില്‍ വാങ്ങാം