ന്റെ വികാരങ്ങള്‍ ഉറക്കച്ചടവ് വിട്ടെഴുന്നേല്‍ക്കും മുന്നേ അവന്‍ എന്റെ ശരീരത്തിലേക്ക് തുളഞ്ഞ് കയറി. എല്ലാ രാത്രിയും അവനെ ത്രസിപ്പിക്കുന്ന കളിപ്പാട്ടമായിരുന്നു ഞാന്‍. പ്രണയാര്‍ദ്രമായ ഒരു നിമിഷം പോലും അവനെനിക്ക് നല്‍കിയില്ല. പകരം ബലിഷ്ഠമായ ശരീരത്തിലെ എല്ലാം എന്നെ നോവിച്ചിട്ടേയുള്ളൂ. എന്റെ ശരീരത്തിലാധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു അവന്‍ അവന്റെ പൗരുഷം അളന്നത്. ഞാനവന്റെ മണം പോലും ഭയന്ന് തുടങ്ങി.

രാവിലെ ഞാനെഴുന്നേല്‍ക്കും മുന്നേ വീടുവിട്ടിറങ്ങി രാത്രിയില്‍ എന്റെ ഉറക്കം പിരിമുറുകാന്‍ തുടങ്ങുമ്പോള്‍ മുറിയിലേക്ക് വരുന്ന എന്റെ ഭര്‍ത്താവിന്റെ മുഖം നിലാവുള്ള രാത്രികളില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. മുഷിഞ്ഞ് നനഞ്ഞ അവന്റെ വസ്ത്രങ്ങളോരോന്നും അഴിച്ച് അവന്‍ ഉറങ്ങികിടക്കുന്ന എന്നിലേക്ക് ചാടിമറിയും. ഞാന്‍ ഞെട്ടിയെഴുന്നേറ്റ് കട്ടിലിന്റെയരിക് പറ്റിയിരിക്കുമ്പോള്‍ ഭ്രാന്തമായി എന്നെ നോക്കി അവനിങ്ങനെ അട്ടഹസിക്കും. 

' നിന്റെ കണ്ണുകളിലെ ഈ പേടി അതെനിക്ക് ആവേശം തരുന്നു. അതെന്നെ ഹരം കൊള്ളിക്കുന്നു.' 

ആ ശബ്ദം ഞാനാദ്യമായി കേള്‍ക്കുന്നത് അപ്പോഴാണ്. എല്ലാ രാത്രിയും അവന്‍ ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചു. എല്ലാം കെട്ടടങ്ങുമ്പോള്‍ എന്നില്‍ നിന്നും ചാടിയെഴുനേറ്റ്, രാജ്യം വെട്ടിപ്പിടിച്ച രാജാവിനെയെന്നോളം അവനിങ്ങനെ ചിരിക്കും. 

ആദ്യത്തെ ചിരിയെന്നെ പേടിപ്പെടുത്തിയപ്പോള്‍, രണ്ടാമത്തെതെന്നെ ആശ്വസിപ്പിച്ചു. അവനെന്നെത്തന്നെ മടുത്തു എന്നതിന്റെ സൂചനയായിരുന്നു അത്. രാത്രിയാവാതിരിക്കാന്‍ ഞാന്‍ ദുവായിരുന്നു. നിസ്‌കരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. വേച്ച് വേച്ച് തൊട്ടിലില്‍ കിടക്കുന്ന എന്റെ ഇളയമകനെ മുലയൂട്ടിക്കഴിഞ്ഞപ്പോഴേക്കും ഞാന്‍ തറയില്‍ വീണിരുന്നു. 

അലങ്കാരമത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നതിനിനെ ഉമ്മ ഓടിവന്ന് എന്നെ എഴുന്നേല്‍പ്പിച്ചു. എനിക്ക് കുടിക്കാന്‍ വെള്ളം നല്‍കി. സ്‌നേഹത്തോടെ എന്റെ നെറുകയില്‍ തലോടി. 

' മ്മള് പെണ്ണുങ്ങളല്ലേ ന്തേലും പറയാന്‍ കയ്യേ..  ഓന്റുപ്പേം ഇങ്ങനായിരുന്നു. ആദ്യൊക്കെ നിക്കും ചെറിയ വല്ലായ്മയൊക്കം ഇണ്ടായിക്ക്. പിന്നെയങ്ങ് ശീലായി. ഓര് ബേറെ പെണ്ണിന്റെ ബയ്യ പോണ്ടാന്ന് കരുതി ഒക്കെയങ്ങ് സയിക്കും. ന്റെ മോളെയ്‌ന്നേല്‍ക്ക്. 
ഉം... ഉമ്മായല്ലേ പറേന്ന്, 
ബയ്യേപ്പറം അലക്കാന്‍ തുണി ഇട്ടിക്ക്. ബെക്കം ന്റെ മോളപ്പറം ചെല്ല്. '

( കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യകാമ്പില്‍ തിരഞ്ഞെടുത്ത കഥ. ഇരട്ടി ഡോണ്‍ബോസ്‌കോ ആര്‍ട്‌സ് ആന്റ്‌സ് സയന്‍സ്  കോളേജില്‍ വിദ്യാര്‍ഥിനിയാണ് നെബുല എം.പി. )