കോളേജില്‍ പഠിക്കുമ്പോള്‍  കള്ളും കഞ്ചാവുമായിരുന്നു  ദില്ലുവിന്  ഭക്ഷണം.  അതുകൊണ്ടുതന്നെ പഠിച്ചിറങ്ങിയ ഉടന്‍ സര്‍ക്കാറുദ്യോഗം അവനെ കാത്തിരിപ്പുണ്ടായിരുന്നു. കസേരയില്‍ ഞെളിഞ്ഞിരുന്ന് തിരിയാന്‍ തുടങ്ങി രണ്ടു ദിവസമായപ്പോള്‍ ദില്ലു ഒരശരീരി  കേട്ടു.

'നിനക്ക്  മംഗലം കഴിക്കാന്‍ സമയമായിരിക്കുന്നു. പാടത്തുപറമ്പില്‍  അമ്മാളു നിന്റെ വധു. ലവള്‍ പതിനെട്ടടവും പൂഴിക്കടകനും കഴിഞ്ഞ് മുലക്കച്ച കെട്ടി നില്‍ക്കയാണ്. പഴങ്ങള്‍ വാറ്റിയും ഇലകള്‍ തിന്നും ജീവിക്കാന്‍ അവള്‍ നിന്നെ അനുവദിക്കില്ല. പുളിങ്കഞ്ഞിയും പുളിങ്ങാചമ്മന്തിയുമായിരിക്കും ഭാവിഭക്ഷണം.  ഇക്ഷണം തന്നെ പുറപ്പെടുക.'

കേട്ട  പാടെ,  ദില്ലു കിട്ടിയ വണ്ടിക്ക് പോയി അമ്മാളുവിനെ കെട്ടി. അച്ഛന്‍ മകനെ അനുഗ്രഹിച്ചു, അമ്മ മകനെയനുഗ്രഹിച്ചു, മച്ചുനന്‍ മക്കുവുമായി ദില്ലു, ജ്യോലിസ്ഥലത്തേക്കു പുറപ്പെട്ടു.

ആദ്യരാത്രിയില്‍ അമ്മാളു ആമാടപ്പെട്ടി തുറന്നതും ദില്ലു പറഞ്ഞു,  പ്രിയതമേ അമ്മാളൂ, ഞാന്‍ പ്രകൃതിസ്‌നേഹി. ചെടികളേയും പഴങ്ങളേയും ഇലകളേയും അത്രമേല്‍ പ്രണയിക്കുന്നു.

അമ്മാളു ആമാടപ്പെട്ടിയില്‍ നിന്നും ഒരു പേനക്കത്തി പുറത്തെടുത്തു കൊണ്ട്  പറഞ്ഞു.  എനിക്ക് ആയുധങ്ങളോടാണ് പ്രണയം.  കത്തിയും വാളും എന്റെ  കളിക്കൂട്ടുകാര്‍.  ദില്ലു അന്നേക്ക് പ്രകൃതിസ്‌നേഹം മാറ്റിവെച്ചു അവളോടൊപ്പം ഉറങ്ങാന്‍ കിടന്നു. സംഭവബാഹുല്യമില്ലാതെ സൂര്യനുദിച്ചു. ദില്ലു തിരിയുന്ന കസേരയിലിരിക്കാനോടി.

നാളുകള്‍ പലതും ഇത്തരത്തിലോടിയപ്പോള്‍ ഒരു തുള്ളി അകത്താക്കാന്‍ കഴിയാതെ ദില്ലു തളര്‍ന്നു.  കഴിച്ചാല്‍ അമ്മാളു കണ്ടു പിടിക്കും, ഉറപ്പ്.  ഫയലുകള്‍ കുന്നുകൂടി.  കസേര തിരിയാതെയായി. അവനെ വിഷാദം ആക്രമിച്ചു.  അര്‍ജ്ജുനവിഷാദയോഗം കണ്ട് കൃഷ്ണന്‍ സൂപ്രണ്ട് ചോദിച്ചു. 

'ക്യാ ഹുവാ ദില്ലൂ? '

ദില്ലു സൂപ്രണ്ടിനോടുവാച: 'അല്ലയോ  മന്നവേന്ദ്ര,  തണ്ണിയടിക്കാതെ  ഞാന്‍ സത്തു പോയിടും. ഏതു മരുഭൂവിലും മരുപ്പച്ച കണ്ടെത്തുന്നവന്‍ നാന്‍. ആനാ  ഇങ്കെ കാണവേ മുടിയാത്. കാപ്പാത്തുങ്കോ.'

കൃഷ്ണന്‍ സൂപ്രണ്ട് ഉവാച: 'ഹേ... ദില്ലൂ,  ഖബരാവോ  മത്ത്. മേഹൂം ഡോണ്‍.   ഡോണ്ട് വറി. എത്രയോ  ഭാരതപുത്രന്മാര്‍  ഇതേ  പ്രശ്‌നം നേരിടുന്നു. നീ ഒരു പ്രതീകം മാത്രം. കസേരയില്‍ തളര്‍ന്നിരിക്കാതെ എഴുന്നേല്‍ക്കൂ. ഇവിടെക്കടുത്ത പുഷ്‌കലദേശത്ത് ജീവാമൃതം ലഭിക്കും. ദമ്പിടി കൈയില്‍ വേണമെന്നേയുള്ളൂ.  നിന്റെ തളര്‍ച്ച ഇന്നു നാം മാറ്റും,  വേണമെങ്കില്‍ എന്റെ  വിശ്വരൂപവും കാണിക്കാം. '.

കേട്ട പാടെ, കേള്‍ക്കാത്ത പാടെ  ദില്ലു സടകുടഞ്ഞെഴുന്നേറ്റു.  കൃഷ്ണാര്‍ജ്ജുനനന്മാര്‍ പുഷ്‌കലദേശം ലക്ഷ്യമാക്കി തേരുതെളിച്ചു. കുതിച്ചുപായുന്ന  തേര് പുഷ്‌കലദേശത്തെത്താറെ,  ദീപാലംകൃതമായ  ഒരു രമ്യഹര്‍മ്യം കാണായി. തേര് നിര്‍ത്തി ഇരുവരും ശരവേഗത്തില്‍ ഉള്ളിലേക്കു പാഞ്ഞു. ഉള്ളിലാകെ ഒരു പൂങ്കാവനം. പല ജാതി ഫലമൂലസസ്യലതാദികള്‍ വാറ്റിയുണ്ടാക്കിയ സത്തുക്കള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പൂങ്കാവനം. സൊറപറഞ്ഞും പുക വലിച്ചും അണ്ണാക്കുതൊടാതെ  അകത്താക്കുന്ന കുറെ വൃത്തികെട്ടവന്മാര്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഒരു അശോകവനം.

കൃഷ്ണന്‍ സൂപ്രണ്ട് അക്ഷോഭ്യനായി കസേരയിലിരുന്നു കൊണ്ട് ചോദിച്ചു. 'വിച്ച്  ഈസ്  യുവര്‍  ബ്രാന്‍ഡ്  ദില്ലൂ?'
' ആസ് യു ലൈക്ക്, ബ്രോ' എന്നായി ദില്ലൂ.  പട്ടച്ചാരായം കുടിച്ചിരുന്ന കാലത്തെപ്പറ്റി  ഓര്‍ത്തിട്ടാവാം,  അന്നേരം ആ മുഖത്ത് ഒരു ചിരി വിടര്‍ന്നിരുന്നു. സാധനം  മുന്നിലെത്തി.  സൂപ്രണ്ട്  ഒറ്റവലിക്ക് ഗ്ലാസ്സ് കാലിയാക്കിയതുകണ്ട്  ദില്ലു വാപൊളിച്ചു പോയി.  ദില്ലുവും ഗ്ലാസ്സ് ചുണ്ടിനോടടുപ്പിച്ചപ്പോള്‍  സൂപ്രണ്ട് പറഞ്ഞു.  'ഹേ...ദില്ലൂ  അത്യാര്‍ത്തി പാടില്ല.  മെല്ലെ മൊത്തിമൊത്തിക്കുടിക്കൂ.  ഫലസിദ്ധി കൂടും.'

ദില്ലുവിനു ചൊറിഞ്ഞുവന്നു. തന്തയെ  ചവിട്ടി ഒടിക്കയാണ്  വേണ്ടത്. സൂപ്രണ്ടായിപ്പോയി   എന്ന് മനോഗതം ചെയ്ത്  മദ്യം  മൊത്തിമൊത്തി കുടിക്കാന്‍ തുടങ്ങി. അപ്പോഴേക്കും സൂപ്രണ്ടിന്റെ  പെട്ടിയും വയറും നിറഞ്ഞുകവിഞ്ഞിരുന്നു.  ടിയാന്‍ പാട്ടു തുടങ്ങിയപ്പോഴാണ് ദില്ലു ഗ്ലാസ്സില്‍ നിന്ന് മുഖമുയര്‍ത്തിയത്. അയാള്‍  ഷര്‍ട്ടും പാന്റുമഴിച്ച്  അടുത്ത കസേരയില്‍ മടക്കി വെച്ചിരിക്കുന്നു.  ഷെഡ്ഡിയിലാണിരുപ്പ്.   

ദില്ലുവിനരിശം അടക്കാനായില്ല. 'എന്താണിത്? ' അവന്‍ അലറി.
'ദില്ലൂ, സത്തം പോടാതെ. കള്ളുകുടിച്ച് അങ്കെയിങ്കെ വീണ്  തുണിമേലെ ചെളിയായാല്‍  അലക്കാന്‍ നിന്റെ തന്ത കാശ് തരുമോ?'
ഉത്തരം കേട്ട് ദില്ലു ഞെട്ടി. ജീവിതത്തില്‍ തറകളുമായല്ലാതെ  താന്‍ സഹവസിച്ചിട്ടില്ല. എന്നാലും ഇയാള്‍!!  പെട്ടെന്ന് രക്ഷപ്പെടണം. കൈകഴുകാനെന്ന വ്യാജേന  പുറത്തേക്ക്  കടന്നാലോ എന്നായി ആലോചന. അപ്പോള്‍  പാട്ടിനിടയില്‍ സൂപ്രണ്ട് പറഞ്ഞു.

'വേല കൈയിലിരിക്കട്ടെ. ബില്ലു കൊടുത്തിട്ട് പോയാല്‍ മതി.  പിന്നെ ഒരാഫ് വീട്ടിലേക്കും വേണം. അവള്‍ പച്ചയിലിരിക്കുകയായിരിക്കും. പാവം' ഇത്രക്ക്  പ്രതീക്ഷിച്ചില്ല. വേഗം  വെയിറ്ററെ വിളിച്ച് ബില്ലെടുപ്പിച്ചു.  പേഴ്‌സിലുള്ള അവസാനനോട്ടും എണ്ണിപ്പെറുക്കിയെടുത്ത് ദില്ലു കിഴക്കോട്ടടിച്ചു.  വീടിനെ  ലക്ഷ്യമാക്കി. അപ്പോഴും സൂപ്രണ്ടിന്റെ പാട്ട്  അവനുകേള്‍ക്കാമായിരുന്നു.

ഇരുട്ട് പരന്നിരിക്കുന്നു.  സൂപ്രണ്ടിന്റെ വിശ്വരൂപം കണ്ടു ബോധിച്ചു.  തടി കിട്ടിയത് ഭാഗ്യം.  അമ്മാളു വാളെടുത്ത്  നില്‍ക്കുന്നുണ്ടാവും. സാധാരണ നാലു പെഗ്ഗടിക്കുന്ന ദില്ലു അമ്മാളുവിനെ പ്പേടിച്ച് രണ്ടെണ്ണമേ പിടിപ്പിച്ചുള്ളൂ.  എന്നാലും മണമടിക്കും. അവള്‍ പിടിക്കും, തീര്‍ച്ച. പിന്നത്തെക്കാര്യം  ഓര്‍ക്കാന്‍ വയ്യ. എന്തെങ്കിലും വഴി കാണിക്കണേ ഭഗവാനേ...ദില്ലു വലിഞ്ഞു നടന്ന്  വീടെത്തി. കോളിംഗ്  ബെല്‍ അമര്‍ത്തിയപ്പോഴേക്കും വാതില്‍ തുറക്കപ്പെട്ടു.

'എവിടെയായിരുന്നു ഇത്ര നേരം? ഞാന്‍ ഇവിടെ ഒറ്റക്കാണെന്നറിയില്ലേ? '
ചോദ്യങ്ങളുടെ  കൊല്ലപ്പരീക്ഷ തുടങ്ങിയല്ലോ ദൈവമേ.... 
'ഒരു ചങ്ങാതി സൗദിയറേബ്യയില്‍ നിന്നും നാട്ടിലിറങ്ങിയിട്ടുണ്ട്.  ദര്‍ശനം, സ്പര്‍ശനം ഇത്യാദികള്‍ക്കായി  ആ വീട്ടിലൊന്നു കയറി. '
നുണയല്ലാതെ  മറ്റൊന്നും പറഞ്ഞു ശീലിച്ചിട്ടില്ലാത്തതിനാല്‍ ദില്ലുവിന്റെ  മുഖത്ത്  ഭാവഭേദമേതുമുണ്ടായില്ല.
'ദെന്‍ യു ഷുഡ് ഹാവ് ഫോണ്‍ഡ് മി'  എന്നായി അമ്മാളു. 

'സോറി മാളൂ,  ക്യാന്‍ ഐ സ്റ്റെപ്പിന്‍? ' 
ഒട്ടും രസിക്കാത്ത ഒരു മൂളലോടെ  അമ്മളുവും പിന്നാലെ  ദില്ലുവും  ഉള്ളിലേക്ക് കയറി.  പെട്ടെന്ന്  കുളിക്കുന്നതാണ്  ആരോഗ്യത്തിനു നല്ലതെന്ന്  തോന്നി.  തോര്‍ത്തെടുത്ത് കുളിമുറിയിലേക്ക്.  ഏറെ നേരം ഷവറിനടിയില്‍ നിന്നും കൊപ്ലിച്ചുതുപ്പിയും ദില്ലു വെള്ളം  പാഴാക്കി. തുവര്‍ത്തി  തുണിയുടുത്ത് പ്രത്യക്ഷനായി.
അപ്പോള്‍ അമ്മാളു കാലില്‍  കാല്‍ കയറ്റിവെച്ച്  ടിവി  കാണുകയായിരുന്നു.  വീരഭദ്രന്‍  ദില്ലുവിന്റെ വയറ്റില്‍ വിശപ്പായി കുത്തിമറിഞ്ഞു. ശബ്ദം പരമാവധി മയപ്പെടുത്തി ദില്ലു ചോദിച്ചു.

'ക്യാന്‍ വി  ഹാവ് ഡിന്നര്‍ ഡിയര്‍? '
ടിവിയില്‍ നിന്ന് മുഖമുയര്‍ത്തി  രൂക്ഷമായ ഒരു  നോട്ടമെറിഞ്ഞ്  അമ്മാളു പറഞ്ഞു. 
'ഇറ്റ് ഈസ് റ്റൂ ഏര്‍ളി. ലെറ്റ് മീ ഫിനിഷ് മൈ സീരിയല്‍'
കേട്ടതും ദില്ലു  ചാരുകസേരയി ലേക്ക്  ചാഞ്ഞു. കൃഷ്ണന്‍ സൂപ്രണ്ടി നേയും  ഭാര്യയേയും ഒരു നിമിഷ ത്തേക്ക്  ഓര്‍ത്തു. ആ ഹാഫ്  രണ്ടു പേരും കൂടി കാലിയാക്കി കാളിയമര്‍ദ്ദനം നടത്തുകയാവും. ഹൗ, വല്ലാത്ത ജാതി.

ഡിന്നര്‍  റെഡി  എന്ന അമ്മാളുവിന്റെ  വിളിയെത്തിയതും  ദില്ലു  ഊണ്‍ മേശയിലേക്ക്  ഡൈവ്  ചെയ്തു. കഞ്ഞിയും കായപ്പുഴുക്കും ചുട്ട പപ്പടവും അവനെ നോക്കി ചിരിച്ചു. വയറ്റില്‍ നിന്നും  വീരഭദ്രന്‍  തെറിവിളിച്ചു.  ' കള്ളപ്പരിഷേ, കള്ളുക്ക് മേല്‍  കഞ്ജി  താനാ?'
നിസ്സഹായന്  സഹായം കിട്ടില്ലല്ലോ.  അമ്മളുവിനോടൊപ്പം  ദില്ലുവും കഞ്ഞി കപ്പിക്കുടിച്ചു.
പെട്ടെന്നായിരുന്നു ആ ചോദ്യം.

'ഐ ആം  ഗെറ്റിംഗ് എ സ്‌ട്രേഞ്ച് സ്‌മെല്‍ ഹിയര്‍.  ഡു യൂ? '
പെട്ടെന്ന്  പൊട്ടിവീണ  ചോദ്യം  കേട്ട്  ദില്ലു  ഞെട്ടി. മുഖം വിളറി. പിടിക്കപ്പെട്ടു എന്നുറപ്പായ സ്ഥിതിക്ക്  അമ്മാളുവില്‍ നിന്ന് മുഖം തിരിച്ച് ദില്ലു പറഞ്ഞു.
'ഓ... ഞാന്‍  അറേബ്യന്‍ സെന്റ്  അടിച്ചിരുന്നു. അതിന്റെയാവും'
'അത് കുളിച്ചാല്‍  പോവില്ലേ' എന്നായി അമ്മാളു.

ഈ അവലക്ഷണത്തിനെ ഏതു നേരത്താണ്  കെട്ടാന്‍  തോന്നിയത്. ചോദ്യം  കേട്ട്  വയറ്റില്‍ കിടന്ന് വീരഭദ്രന്‍ പൊട്ടിച്ചിരിക്കുന്നതു പോലെ... രണ്ടും കല്‍പ്പിച്ച് ദില്ലു പറഞ്ഞു.
'അത് വായില്‍ അടിക്കുന്ന  സെന്റാണ്. പണ്ട്  കളിയടക്ക കൂട്ടി  മുറുക്കായിരുന്നല്ലോ. അതൊക്കെപ്പോയി  ഇപ്പോള്‍  ഇതാണ്. ബി  അപ്‌ഡേറ്റഡ്'
പിന്നെ  വലിയ  ചോദ്യങ്ങളൊന്നും  ഉണ്ടായില്ല. കഞ്ഞി വീരഭദ്ര നെ  കെടുത്തുമെന്ന് കരുതിയത് തെറ്റി. അവന്‍ ദില്ലുവി ന്റെ രക്തത്തിലോടി ഇക്കിളികൂട്ടാന്‍ തുടങ്ങി.  ബെഡ്‌റൂമിലേക്ക് മെല്ലെ നടന്ന് ദില്ലു കിടക്കയിലിരുന്നു. കണ്ണുകള്‍ പാതിയടഞ്ഞു.  അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന സ്വരം നേര്‍ത്തു.  പെട്ടെന്ന്  മനോരഥം പ്രത്യക്ഷമായി. ദില്ലു ചാടിക്കയറി കുതിരകളെ  ആഞ്ഞുപൂശി. അവ ശരവേഗത്തില്‍ പാഞ്ഞു. പാടവും പറമ്പും പുഴകളും പിന്നിട്ട് രഥം ഒരു പൂന്തോട്ടത്തില്‍  പ്രവേശിച്ചു. 

താമരപ്പൊയ്കയില്‍ അരയന്നങ്ങളോടൊപ്പം  നീരാടുന്ന അപ്‌സരസ്സുകള്‍. കണ്ടതും വശ്യമനോഹരമായി ചിരിച്ച് ഒരുത്തി കുളത്തില്‍ നിന്നുകയറി ദില്ലുവിനടുത്തെത്തി.  ഒരു സ്വപ്നസുന്ദരി. ദില്ലുവിന്റെ  കെട്ടും കയറും അയഞ്ഞു. വലതു കൈ കൊണ്ടവളെ  ചേര്‍ത്തുപിടിച്ച് ദില്ലു  മെല്ലെ  അവളുടെ  ചെവിയില്‍  മന്ത്രിച്ചു. 
' എന്റെ  അപ്‌സൂ'

ഉടന്‍ വന്നു മറുപടി. 
'അപ്‌സു അല്ല, അമ്മാളു. കടത്തനാടന്‍ അമ്മാളു. പതിനെട്ടടവും പൂഴിക്കടകനും പഠിച്ച് അങ്കത്തിനൊരുങ്ങിയിരിക്കുന്ന അമ്മാളു.' 
ദില്ലുവും വിട്ടില്ല.  'നീ കടത്തനാടനെങ്കില്‍ ഞാന്‍ വള്ളുവനാടന്‍. പഴങ്കഞ്ഞിയും കായപ്പുഴുക്കും കഴിച്ച ഞാനും അങ്കത്തിനു തയ്യാര്‍.'
പിന്നീടവിടെ നടന്നതൊരു  പൊരിഞ്ഞ പോരാട്ടമായിരുന്നു.
ഈവന്‍ ദൊ ദെ വേര്‍ ഫ്രം ഡിഫറന്റ് സ്‌കൂള്‍സ് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്ട്,  ദെ ഫോട്ട്  വെല്‍ ആന്‍ഡ്  ലുക്ഡ്  ഈക്വല്‍.

രണ്ടു പേരും വിടാനുള്ള  ഭാവമില്ലായിരുന്നു. നിമിഷങ്ങളും യാമങ്ങളുമായി സമയം പാഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. അവസാനം അമ്മാളു പൂഴിക്കടകനെടുത്തു.  പക്ഷേ  വീരഭന്ദ്രന്റെ  അനുഗ്രഹം കൊണ്ട്  ദില്ലു അമ്മാളുവിനെ മലര്‍ത്തിയടിച്ചു. അവള്‍ താളിന്‍തണ്ടു പോലെ തളര്‍ന്നുകിടന്നു.  ഘോരയുദ്ധം രണ്ടുപേരേയും  മയക്കത്തിലേക്ക്  മറിച്ചിട്ടു. രാവിലെ  ഉറക്കമുണര്‍ന്ന്  ദില്ലു കിഴക്കോട്ട്. നോക്കി. സൂര്യന്‍ കുളിച്ച് കുങ്കുമം ചാര്‍ത്തി ഓഫീസിലെത്തിയിരിക്കുന്നു. അമ്മാളുവിനെ  കിടക്കയില്‍  കാണാനില്ല. മനസ്സില്‍ ഗൂഢമായൊരാനന്ദം അലയടിച്ചു. ദില്ലുവിന്റെ ആദ്യത്തെ  അമ്മാളുവിജയം. 

പിന്നില്‍ നിന്ന് ഒരു കിളിനാദം കേട്ട്  തിരിഞ്ഞപ്പോള്‍  കുളിച്ച് കുറിയിട്ട്  അമ്മാളു.
'വാട്ടീസ്  ദിസ്? ' ദില്ലു അത്ഭുതത്തോടെ  ചോദിച്ചു. 
ബെഡ്‌കോഫി' എന്ന് അമ്മാളു.
'നിന്റെ  ശബ്ദമെങ്ങിനെ  മാറി?  കിളിനാദമായിരിക്കുന്നല്ലോ! '
ശരീരമാകെ  ഇളക്കി  ഒരു ശൃംഗാരച്ച്രിയോടെ  അവള്‍ പറഞ്ഞു.  
' അതൊക്കെ മാറി ചേട്ടാ.... മാറി'

തന്നെ ആദ്യമായിട്ടാണവള്‍  പേരുവിളിക്കാതെ ചേട്ടാ എന്നുവിളിക്കുന്നത്. കാപ്പി തന്നപ്പോള്‍ ആവളുടെ കൈകളില്‍ തൊട്ടു. കണ്ണില്‍ അതുവരെക്കാണാത്ത ഒരു ലാസ്യഭാവം.  തിരിഞ്ഞുനടക്കുമ്പോള്‍ ശ്രദ്ധിച്ചു.  അവളുടെ  അരക്കെട്ടിനൊരാട്ടം. ഓഫീസില്‍ പോണം. നൂറുനൂറു ഫയലുകളാണ്  കിടക്കുന്നത്.  ദില്ലു കുളിച്ച്  റെഡിയായി. സമയം കളയാതെ  ഓഫീസിലേക്ക്  വെച്ചുപിടിച്ചു. ഓഫീസില്‍ നല്ല തിരക്കാണ്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനിടയിലൂടെ ദില്ലു  സ്വന്തം കസേരയിലേക്ക്  കയറി ഫയലുകള്‍ മറിക്കാന്‍ തുടങ്ങി. ഉച്ചക്കാണ്  പുറത്തേക്ക് നോക്കിയത്. സൂപ്രണ്ടിന്റെ  കസേര ഒഴിഞ്ഞുകിടക്കുന്നു. 

ഇയാളിതെവിടെപ്പോയി? പ്യൂണ്‍ കേശവനോട് ചോദിച്ചുകളയാം. അയാളേയും കാണനില്ലല്ലോ. കേശവന്‍ ദില്ലുവിന്റെ  രണ്ടുവീടകലെയാണ്  താമസം. അയാളുടെ ഭാര്യയാണ് അമ്മാളുവിന്റെ പാല്‍ക്കാരി. കേശവന്റെ വിശേഷങ്ങളെല്ലാം ആ സ്ത്രീ പറഞ്ഞ്  അമ്മാളുവിനും ദില്ലുവിനുമറിയാം.  എല്ലാമാസവും മൂന്നാം തിയ്യതി ശമ്പളം കിട്ടിയാല്‍ കേശവന്‍ ആടിയാടിയാണ് വീട്ടിലെത്തുക. അന്ന് അവിടെ വലിയ ബഹളം നടക്കും. ചട്ടിയും കലവും പുറത്തേക്കെറിഞ്ഞ്  കേശവന്‍ അട്ടഹസിക്കും. പിറ്റെദിവസം എല്ലാം ശാന്തമാവും. പിന്നെ അടുത്ത മാസം മൂന്നിനേ ആട്ടക്കലാശമുള്ളൂ. 

എന്തൊരു ചിട്ടയാര്‍ന്ന മനുഷ്യന്‍ എന്നു ദില്ലു മനസ്സില്‍ വിചരിച്ചു.
പെട്ടെന്നു കേശവന്‍ വാതില്‍ക്കല്‍ പ്രത്യക്ഷനായി. കൈകാട്ടി അടുത്തുവിളിച്ച് ദില്ലു ചോദിച്ചു. 
'നമ്മുടെ  കൃഷ്ണന്‍ സൂപ്രണ്ട്  ഇന്നു വന്നില്ലേ'
'അപ്പോള്‍ സാര്‍ അറിഞ്ഞില്ലേ...സൂപ്രണ്ട് ഇന്നലെ രാത്രി സൈക്കിളില്‍നിന്നും വീണ് കൈയൊടിഞ്ഞു. ആശുപത്രിയില്‍ നിന്ന് ഇപ്പോള്‍ വീട്ടിലേക്ക്  കൊണ്ടുപോയതേയുള്ളൂ. ഞാനാണ് സൈക്കിളെടുക്കാന്‍ പോയത്. അതിന്റെ ഫോര്‍ക്ക് ബെന്റായിട്ടുണ്ട്.

ഉച്ചയ്ക്ക് ചോറ് വാരിത്തിന്ന്  കൈകഴുകി കോണിച്ചുവട്ടിലേക്ക് മാറി ഒരു സിഗററ്റെടുത്തു കൊളുത്തിയപ്പോള്‍  കേശവന്‍ ഒരു സ്വകാര്യം പറയാനെ ന്നോണം അടുത്തെത്തി.
'സാര്‍, സൂപ്രണ്ടിന്റെ  സൈക്കിള്‍ പെട്ടിയില്‍ നിന്നും പന്റും ഷര്‍ട്ടും പിന്നെയൊരു സാധനവും കിട്ടിയിട്ടുണ്ട്.
'സാധനമോ?  എന്തു സാധനം? '
'ഒരു ഹാഫ് ബോട്ടില്‍.  പ്ലാസ്റ്റിക് കുപ്പിയായതു കൊണ്ടു പൊട്ടിയില്ല.  അത് ഞാന്‍ സാറിന്റെ അലമാറയുടെ അടിയില്‍ വെച്ചിട്ടുണ്ട്. മറ്റാരോടും പറഞ്ഞിട്ടില്ല. സൂപ്രണ്ട് ഇന്നലെ അടിച്ചു പൂസായി മറിഞ്ഞുവീണ്  കൈ ഒടിച്ചതാണെന്നു  തോന്നുന്നു. '
ഒന്നുമറിയാത്ത മട്ടില്‍ ദില്ലു പറഞ്ഞു

'അതവിടെയൊന്നും വെക്കേണ്ട.  ആരെങ്കിലും കണ്ടാല്‍ പ്രശ്‌നമാണ്. മറ്റെവിടേയെങ്കിലും വെയ്. '
വൈകീട്ട്  നേരത്തെയിറങ്ങി. കൃഷ്ണന്‍ സൂപ്രണ്ടിന്റെ  വീടുവരെയൊന്ന് പോകണം. തന്ത കെട്ടിമറിഞ്ഞുവീണ്  കൈ ഒടിച്ചതല്ലെ... 
കേശവന്‍ വീട് കാണിച്ചുതന്നു..  നല്ല ഭംഗിയുള്ള വീട്. കുലീനയായ ഒരു സ്ത്രീ വാതില്‍ തുറന്നു.
'ഞാന്‍ സൂപ്രണ്ടിന്റെ സഹപ്രവര്‍ത്തകന്‍. വീണു കൈപൊട്ടിയെന്നറിഞ്ഞ് കാണാന്‍ വന്നതാണ്.
'അതെയോ. അകത്തേക്കു വരൂ. ഞാന്‍ വിളിക്കാം'

കൈ കഴുത്തില്‍ കെട്ടിത്തൂക്കി കശ്മലന്‍ പ്രത്യക്ഷപ്പെട്ടു. ഉറക്കെ ചിരിച്ചുകൊണ്ടാണ് വരവ്. അടുത്തെത്തിയപ്പോള്‍  ശബ്ദം താഴ്ത്തിക്കൊണ്ടു പറഞ്ഞു.
'ഇന്നലെ ഇത്തിരി ഓവറായി. എല്ലിനൊരു പൊട്ടുണ്ട്. മൂന്നാഴ്ച്ച  ഉറയിലിടണമെന്ന് പറഞ്ഞിരിക്കയാ ഡോക്റ്റര്‍.  ഇന്നലെ എങ്ങിനെ? വൈഫ്  ചിരവക്കടിച്ചോ? '
'ഇല്ല.  ഭൂകമ്പമൊന്നും ഉണ്ടായില്ല. അവള്‍ക്ക് മനസ്സിലായിട്ടില്ലെന്നു  തോന്നുന്നു.  ഞാന്‍ കള്ളം പറഞ്ഞു വീഴ്ത്തി.'
വീടെത്തുമ്പോള്‍ സന്ധ്യയായിരുന്നു. ദൂരത്തുനിന്നുതന്നെ കണ്ടു,  അമ്മാളു ഗെയിറ്റിനടുത്ത് നില്‍ക്കുന്നു. പതിവില്ലാത്തതാണല്ലോ എന്നോര്‍ത്തു. എത്തിയതും ബാഗ് വാങ്ങി അവള്‍ മുന്നില്‍ വീട്ടിലേക്ക് കയറി. കണ്ണില്‍ അപ്പോഴും അതേ ലാസ്യഭാവം. മുഖത്തൊരു തുടുപ്പ്. 
കൃഷ്ണന്‍ സൂപ്രണ്ടിന്റെ കഥ അമ്മാളുവിനോട് പറഞ്ഞില്ല. കുളി കഴിഞ്ഞ് വന്നപ്പോള്‍  ടി.വിയില്‍ നോക്കി. ഓഫാണ്. അമ്മാളു അടുക്കളയിലാണ്. 
ഡിന്നര്‍  മേശപ്പുറത്തൊരുക്കുന്നു.

'ഇന്ന് സീരിയലൊന്നും ഇല്ലേ?'  ദില്ലു ആരാഞ്ഞു. 
'നോ ഡിയര്‍. ഐ സ്റ്റോപ്പ്ഡ് വാച്ചിംഗ് ഇറ്റ്. സോ ബോറിംഗ്.  ഇന്‍സ്റ്റെഡ്, ഐ ട്രൈഡ് സംതിഗ് ഇന്‍ ദ കിച്ചണ്‍. '
അപ്പോഴാണ് ദില്ലു ഊണ്‍ മേശ ശ്രദ്ധിച്ചത്. കഞ്ഞിയും ചക്കപ്പുഴുക്കുമല്ല, ചപ്പാത്തിയും കോഴിക്കറിയും!  ഇതിന്നലെ കിട്ടിയിരുന്നെങ്കില്‍...എന്തായാലും  കൊള്ളാം.  ഇതും ഒരാദ്യാനുഭവം.
അത്യാര്‍ത്തിയോടെ അതു മുക്കാലും വെട്ടിവിഴുങ്ങി പ്ലേറ്റ് നക്കിത്തുടച്ചു.  'സോ നൈസ്' എന്നുപറഞ്ഞ് തലയുയര്‍ത്തി നോക്കുമ്പോള്‍ മറുതലക്കല്‍ അമ്മാളു  അവനെത്തന്നെ നോക്കി ഇരിപ്പാണ്. കണ്ണില്‍ അതേ ഭാവം.

കൊച്ചുവര്‍ത്തമാനങ്ങള്‍ക്കവസാനം  ദില്ലു കിടന്നു കണ്ണടച്ചു.  രഥവും കുതിരയും പൂന്തോപ്പും അപ്‌സരസ്സുകളും അവനെത്തേടി വന്നില്ല.  അടുക്കളയില്‍  പാത്രങ്ങളുടെ ശബ്ദം നിലച്ചു.  അമ്മാളു മുറിയില്‍ പ്രത്യക്ഷയായി.  അവള്‍ ലൈറ്റണച്ച് ഒരിരയിമ്മന്‍ തമ്പി ഗാനം മൂളി കട്ടിലിലിരുന്ന് ദില്ലുവിനെ രണ്ടു കൈകൊണ്ടും കെട്ടിപ്പിടിച്ചു ചുംബിച്ചു. ദില്ലു താല്‍പര്യമില്ലാതെ കുതറിമാറി തിരിഞ്ഞുകിടന്നു. അവള്‍ പതിനെട്ടടവും പൂഴിക്കടകനും പയറ്റി പരാജയപ്പെട്ട് ഹതാശയായി മലര്‍ന്നുകിടന്ന് ആലോചിച്ചു. അനന്തരം അമ്മാളു ദില്ലുവിന്റെ ചെവി പതിയെ കടിച്ചുകൊണ്ട് ചോദിച്ചു.

'ഒരു കാര്യം ചോദിച്ചാല്‍ പറയോ? ആ അറേബ്യന്‍ സെന്റ് നമ്മുടെ നാട്ടില്‍  കിട്ടില്ലേ'
ദില്ലുവിന്റെ  മനസ്സൊന്നു പിടഞ്ഞു. ഉടന്‍ അമ്മാളുവിന്നഭിമുഖമായി തിരിഞ്ഞ്  ദില്ലു ചോദിച്ചു. 
'എന്തേ?'
'അല്ല,  കണ്ടോരടെ അടുത്തുപോയി ഇരന്നുവാങ്ങാതെ നമ്മക്ക് അതിവിടെ വാങ്ങിവെക്കാലോന്ന് കരുതി ചോദിച്ചതാ.  നല്ല വാസനയാ അതിന്. എനിക്ക് ഇഷ്ടായി. 

അറേബ്യക്കാരന്‍ അമ്പു വരുമ്പോള്‍ മാത്രാക്കണ്ടല്ലോ, ഇവിടെ വാങ്ങാന്‍ കിട്ടൂച്ചാല്‍ ദിവസവും രാത്രി ഭക്ഷണം കഴിഞ്ഞാല്‍ നിങ്ങക്ക് അണ്ണാക്കിലടിക്കാലോ'
കേട്ടപാതി...കേള്‍ക്കാത്തപാതി  ദില്ലുവിന്റെ  ബോധം പോയി. മുഖത്ത് വെള്ളം വീണപ്പോഴാണ് ഓര്‍മ്മ വന്നത്.  അമ്മാളു പരിഭ്രാന്തയായിരിക്കുന്നു. അവള്‍ കരയാനുള്ള ഭാവത്തിലാണ്.

ഒരു കള്ളച്ചിരിയോടെ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ട്  ദില്ലു അവളുടെ കാതില്‍ മന്ത്രിച്ചു.
'നമുക്കു നാമേ പണിവതു നാകം
നരകവുമതു പോലെ. '
ഒന്നും മനസ്സിലാവാത്ത പോലെ  അമ്മാളു  ദില്ലുവിന്റെ  തോളില്‍  തലചായ്ച്ചു തേങ്ങി.