റക്കത്തിന്റെ ചുണ്ടിണകളില്‍ നിന്നേതോ സ്വപ്‌നത്തിന്റെ സുഗന്ധം ഊറിവന്നെത്തുമ്പോള്‍ കീര്‍ത്തിയുടെ അവയവങ്ങള്‍ അവള്‍ക്ക് വഴങ്ങാതാവും. അവളുടെ ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങുന്നു. കുട്ടിക്കാലത്തു കൂട്ടുകാരികളോടൊത്തു പാടിയിരുന്ന ഹീരന്റെയും സസ്സിയുടെയും നിറപ്പകിട്ടാര്‍ന്ന ആ ഗാനം സ്വമേധയാ അവളുടെ ചുണ്ടുകളില്‍ നൃത്തം വെക്കുന്നു. അപ്പോള്‍ അമ്മ അവളുടെ മുഖത്തേയ്ക്കു തുറിച്ചു നോക്കും. കീര്‍ത്തിക്കു തോന്നും, തന്റെ ചുണ്ടുകളില്‍കൂടി ആ സ്വപ്‌നത്തിന്റെ സുഗന്ധം അമ്മയുടെ അരികിലെത്തുന്നുണ്ടെന്ന്. അമ്മയുടെ നെറ്റിയില്‍ ചെറിയൊരു ചുളി വീഴും. കീര്‍ത്തിയപ്പോള്‍ ശക്തിപൂര്‍വ്വം തന്റെ ചുണ്ടുകള്‍ കടിച്ചമര്‍ത്തും. 

കീര്‍ത്തിയിപ്പോള്‍ പാടാറില്ല. എന്നാലും രാത്രിയില്‍ അവളുടെ കണ്ണുകളിലാസ്വപ്‌നം കുടികെട്ടിപ്പാര്‍ത്താല്‍ പിന്നെ പിറ്റേന്നു രാവിലെ അവളുടെ അവയവങ്ങളൊന്നും തന്നെ അവള്‍ക്കു വഴങ്ങില്ല. അമ്മ വിളിച്ചാല്‍ ശബ്ദം അവളുടെ അടുത്തെത്തില്ല. അമ്മ ദേഷ്യപ്പെട്ടാല്‍ അവളുടെ കൈകളിലെന്തെങ്കിലും സാധനമുണ്ടെങ്കില്‍ അത് താഴെ വീഴും. അല്ലെങ്കിലവളുടെ കാല്‍ ഉമ്മറപ്പടിയോടു വെച്ചടിക്കും. കീര്‍ത്തി ഇടയ്ക്കിടെ തന്റെ കൈകളിലേക്കു നോക്കും. അപ്പോഴെല്ലാം നേരിയൊരു വിറ അവളുടെ അംഗങ്ങളിലാകെ വ്യാപിക്കും.

മഞ്ഞുകാലത്തെ കൊടുംതണുപ്പുള്ള രാത്രികളില്‍ തന്റെ കട്ടിക്കമ്പിളിയില്‍ മുഖമമര്‍ത്തി കീര്‍ത്തി ആര്‍ത്തസ്വരത്തില്‍ പറയും: എന്റെ സ്വപ്‌നത്തില്‍ പതിവായി നീയിങ്ങനെ വരരുതേ! നിന്നെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഞാനെവിടെ ഒളിച്ചുവെക്കും? ഉഷ്ണകാലത്തു മുറ്റത്തടുത്തടുത്തായാണ് കട്ടിലുകളിടുക- ഒരു ഭാഗത്ത് അമ്മയുടെത്, മറ്റൊരിടത്ത് ജ്യേഷ്ഠന്റേത്. ലേശം വിട്ട് അച്ഛന്റേത്. അപ്പോള്‍ തന്റെ കട്ടിലില്‍ കിടന്ന് തലയുയര്‍ത്തി നക്ഷത്രങ്ങളെ നോക്കാന്‍ കീര്‍ത്തിക്കു ഭയമായിരുന്നു. നക്ഷത്രങ്ങളുടെ മങ്ങിയ നീലവെളിച്ചത്തില്‍ അവളുടെ ഉള്ളിലൊരു സ്വപ്‌നം പൊട്ടി വിടരുമെന്നും അപ്പോളവളുടെ ഉറക്കത്തിന്റെ ചുണ്ടിണകളിലെ സുഗന്ധം എല്ലാവരുമറിയാനിടയാകുമെന്നും അവള്‍ക്ക് തോന്നിയിരുന്നു.

അങ്ങനെ സ്വപ്‌നങ്ങളോടഭ്യര്‍ത്ഥന ചെയ്തും ചുണ്ടുകള്‍ കടിച്ചമര്‍ത്തിയും കീര്‍ത്തി രണ്ടുകൊല്ലം കഴിച്ചുകൂട്ടി. ഇതാ നാളെ രാവിലെ അവളുടെ വിവാഹനിശ്ചയമാണ്. അടുത്ത ഗ്രാമത്തിലെ വര്‍ത്തകപ്രമാണിയുടെ മകനുമായി കീര്‍ത്തിയുടെ വിവാഹം ഉറച്ചാല്‍ ദേവീമാതാവിനെ സ്വര്‍ണ്ണത്തിന്റെ ഒരു മൂക്കുത്തിയും ഞാത്തുമണിയിയ്ക്കാമെന്ന് കീര്‍ത്തിയുടെ അമ്മ വഴിപാട് നേര്‍ന്നിരുന്നു. കീര്‍ത്തി വരദക്ഷിണ കൊടുക്കേണ്ട ദിവസമാണ് നാളെ. കീര്‍ത്തിയുമായുള്ള ബന്ധം വര്‍ത്തകപ്രമാണി വളരെ സന്തോഷത്തോടെ സ്വീകരിച്ചിരിയ്ക്കുന്നു. വരദക്ഷിണ കൊടുക്കാനുള്ള ഇരുപത്തഞ്ച് സ്വര്‍ണ്ണനാണ്യങ്ങള്‍ക്കുവേണ്ടി കീര്‍ത്തിയുടെ അച്ഛന് തന്റെ ഒരെരുമയെ, അതും നെറ്റിയില്‍ ചന്ദ്രക്കലയുള്ള ആ എരുമയെ തന്നെ, വില്‍ക്കേണ്ടിവന്നു. എന്നാലും അമ്മയ്ക്കു വഴിപാട് കൊടുക്കാനുള്ള ദിവസമിതാ എത്തിക്കഴിഞ്ഞു.

വര്‍ത്തകപ്രമാണിയുടെ വീട്ടില്‍ നിന്ന് വധുവിനുള്ള പട്ടുവസ്ത്രം, വളകള്‍, മധുരാന്നത്തളിക, കുങ്കുമപ്പൊതി ഇവയെല്ലാം എത്തിച്ചേര്‍ന്നു. രാത്രിയുടെ മൂന്നാംയാമവും കഴിഞ്ഞു. എന്നിട്ടും കീര്‍ത്തിയോടെന്തെങ്കിലും പറയാന്‍ ഉറക്കത്തിനു തോന്നിയില്ല. പറയുന്നതിരിയ്ക്കട്ടെ, ഉറക്കം അവളുടെ അടുത്തൊന്നെത്തിനോക്കിയതു പോലുമില്ല. നേരം പുലരാറായെന്ന് കീര്‍ത്തിയ്ക്ക് മനസ്സിലായി. അടുത്ത ദിവസം അച്ഛന്റെ വീട്ടുമുറ്റത്തിനു പോലും അവളുമായി കൂട്ടുപിരിയേണ്ടതായി വരും. അവള്‍ അന്യയാവുകയാണ്! അന്യയാവുന്നതിനു മുമ്പ് തന്നെ അവളുടെ സ്വപ്‌നങ്ങളും അവളെ വിട്ടൊഴിഞ്ഞത് നന്നായി. തന്റെ ഹൃദയ-ശരീരങ്ങളുടെയെല്ലാം ചിറകുകള്‍ വിടര്‍ത്തിക്കൊണ്ട് കീര്‍ത്തി ആലോചിച്ചു- പിതൃഗൃഹത്തില്‍പോലും തന്റെ സ്വപ്‌നങ്ങങള്‍ക്കു സ്ഥാനമില്ല. എന്നിരിയ്‌ക്കെ മറ്റൊരാളുടെ വീട്ടില്‍ അവ എവിടെക്കൊണ്ടുവെയ്ക്കാന്‍?

പിന്നീടവള്‍ തന്റെ ഹൃദയത്തില്‍ നിന്നറക്കിവെച്ച ആ ചിറകുകളിലെക്കൊന്ന് കണ്ണോടിച്ചു..... അവസാനത്തെ നോട്ടം. ഒടിഞ്ഞ ചിറകുകള്‍ അവസാനമായി തന്റെ ഹൃദയത്തോടു ചേര്‍ത്തുവെച്ചുകൊണ്ടവള്‍ പൊട്ടിക്കരഞ്ഞു- അവസാനമായി ഒരു പ്രാവശ്യം, ഒടുക്കത്തെ തവണ, ഇതാ എന്റെ സ്വപ്‌നത്തില്‍ വന്നുദിക്കൂ.... എന്റെ ചിന്തകളില്‍ പൊട്ടിമുളയ്ക്കൂ! രണ്ടു കൊല്ലംമുമ്പ് കീര്‍ത്തിയുടെ ഉണര്‍ന്ന കണ്ണുകളില്‍ വന്നുദിച്ച ആ സ്വപ്‌നം ഇന്നിതാ പൂര്‍ണ്ണമായും അവളുടെ കണ്ണുകളില്‍ നിന്നു മാഞ്ഞുപോയിരിക്കുന്നു.

ഒരുനാള്‍ രാവിലെ കീര്‍ത്തിയുടെ അച്ഛന്‍ സ്റ്റേഷനിലേക്കു കുതിരയെ അയച്ചു. നഗരത്തില്‍ നിന്ന് കീര്‍ത്തിയുടെ സഹോദരന്‍ വരുന്നുണ്ട്. പത്തു ദിവസത്തെ അവധിയാണ്. നഗരത്തിലെ ഏതോ കോളേജില്‍ പഠിക്കുകയാണയാള്‍. ഇപ്പോള്‍ നാട്ടിലേക്കു വരികയാണ്. അവളുടെ അച്ഛന്‍ അമ്മയോടു പറഞ്ഞു: കട്ടന്‍ മാത്രമല്ല അവന്റെകൂടെ ഒരു സ്‌നേഹിതനും വരുന്നുണ്ടെത്രെ. മധുരച്ചോറുണ്ടാക്കുമ്പോള്‍ ബദാം പരിപ്പതിലിടാന്‍ മറക്കരുത്. മുകള്‍ത്തട്ടില്‍ കട്ടിലിട്ട് അതിന്മേല്‍ അസ്സലൊരു വിരി വിരിക്കണം. തന്റെ സ്‌നേഹിതനെ വേണ്ടപോലെ സല്‍ക്കരിച്ചില്ലെന്ന ആവലാതി കട്ടനുണ്ടാകാന്‍ ഇടവരരുത്.

കീര്‍ത്തിക്കു തന്റെ സഹോദരനോടു വലിയ സ്‌നേഹമായിരുന്നു. സഹോദരന്റെ സുഹൃത്തിനുവേണ്ടി മുകള്‍ത്തട്ടിലെ ചുട്ട ഇഷ്ടികകള്‍ കൂടി അവള്‍ തുടച്ചുമിനുക്കി. താന്‍ സ്വന്തം കൈകൊണ്ടു പൂ തുന്നിപ്പിടിപ്പിച്ച പുത്തന്‍വിരി കട്ടിലില്‍ വിരിച്ചുവെച്ചു. എന്നിട്ടു സ്റ്റേഷനില്‍ നിന്നു കുതിര തിരിച്ചുവരുന്നതും കാത്തിരുന്നു. കീര്‍ത്തിയുടെ സഹോദരനോടൊപ്പം അയാളുടെ സ്‌നേഹിതനുമുണ്ടായിരുന്നു. പട്ടണത്തില്‍നിന്നവര്‍ കൂടെ കൊണ്ടുവന്ന കാറ്റിന്റെ പ്രത്യേകത കൊണ്ടാവണം തന്റെ വീട്ടിലെ ഓരോ വസ്തുവില്‍നിന്നും മധുരമായ സുഗന്ധം പുറപ്പെടുന്നതായി കീര്‍ത്തിക്കു തോന്നി.

രാവിലെ മുതല്‍ രാത്രിവരെ അവള്‍ അതുമിതും ചെയ്തുകൊണ്ടിരുന്നു. പത്തു ദിവസം ഒരൊറ്റ പകല്‍കൊണ്ടവസാനിപ്പിയ്ക്കാനുള്ള തിടുക്കമായിരുന്നു അവള്‍ക്കെന്നു തോന്നും. തന്റെ സ്‌നേഹിതനൊരു സാധാരണക്കാരനല്ല എന്നാണ് കീര്‍ത്തിയുടെ സഹോദരന്‍ പറയുന്നത്. അയാളൊരു സുല്‍ത്താനാണ്- ഗാനത്തിന്റെ ചക്രവര്‍ത്തി! ആയിരമായിരം ജനങ്ങള്‍ അയാളുടെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നു. കീര്‍ത്തിയുടെ സഹോദരന്‍ ഇതു കൂടി പറഞ്ഞു: നമ്മുടെ ഗ്രാമത്തില്‍, അതും നമ്മുടെ വീട്ടില്‍ത്തന്നെ, അയാള്‍ വന്നു എന്നുള്ളത് നമ്മെസംബന്ധിച്ചെടത്തോളം അഭിമാനാര്‍ഹമായ കാര്യമാണ്!

രാവിലെ കിടക്കയിലിരുന്നുകൊണ്ടുതന്നെ ചായ കുടിയ്ക്കുന്ന പതിവുണ്ടായിരുന്നു സുല്‍ത്താന്. അയാളുറങ്ങുകയാണെങ്കില്‍ കൂടി, ഒരു കപ്പ് ചായ മുകളിലെ മുറിയില്‍ അയാളുടെ തലയ്ക്കല്‍ കൊണ്ടുവെച്ചു പോരണമെന്നു കീര്‍ത്തിയുടെ സഹോദരന്‍ അവളോട് പ്രത്യേകം പറഞ്ഞേല്പിച്ചിരുന്നു. പ്രഭാതത്തിലെ ആദ്യരശ്മിയോടൊപ്പം കീര്‍ത്തിയും ഉണര്‍ന്നെഴുന്നേല്‍ക്കും. രാത്രിയില്‍ മെല്ലെ മെല്ലെ എരിഞ്ഞടങ്ങിയ അടുപ്പിലെ ചാരം വാരിനീക്കി പുതിയ വിറകെടുത്ത് അവള്‍ തീ കൂട്ടും. ചായ തയ്യാറാക്കി മുകളില്‍ മുറിയില്‍വെച്ചു പോരും. പോരുമ്പോള്‍ ചെറിയൊരു കടകട ശബ്ദവുമുണ്ടാക്കും- അതുകേട്ടയാള്‍ ഉണരട്ടെ, ചായ തണുത്തുപോകണ്ടല്ലോ എന്നു കരുതി. ഒരു രാവിലെ ചായക്കോപ്പ തുളുമ്പിപ്പോകാതെ സൂക്ഷിച്ച് പതുക്കെപ്പതുക്കെ കോണിപ്പടി കയറി കീര്‍ത്തി മുകളിലെത്തിയപ്പോള്‍ ഗാനചക്രവര്‍ത്തിയായ സുല്‍ത്താനുണ്ട് റാന്തലിന്റെ മങ്ങിയ വെളിച്ചത്തിരുന്ന് എന്തോ എഴുതുന്നു. താന്‍ വൈകിയിരിയ്ക്കുമെന്നാണ് കീര്‍ത്തി കരുതിയത്. പക്ഷേ സുല്‍ത്താന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: വൈകിയതവളല്ല ഉറക്കമാണ്. രാത്രി മുഴുവന്‍ റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ കടലാസുകളുടെ കൂടെ കഴിച്ചുകൂട്ടുകയാണുണ്ടായത്രേ!

''ഞാനിന്നു നിങ്ങളുടെ മുറി എന്തുമാത്രം വൃത്തികേടാക്കി!'' - സുല്‍ത്താന്‍ പറഞ്ഞു: കീര്‍ത്തി മുറിയിലാകെ ഒന്നു കണ്ണോടിച്ചു. കട്ടിലിന്നടുത്ത് സിഗററ്റുകുറ്റികള്‍ കുന്നുകൂടി കിടന്നിരുന്നു. മുറിയിലാകെ അതിന്റെ ചാരം അല്പാല്പമായി ചിതറിക്കിടക്കുന്നു.രാത്രി മുറിയില്‍ പിച്ചളപ്പാത്രം വെക്കാന്‍ താന്‍ മറന്നു പോയ കാര്യം അപ്പോളാണ് കീര്‍ത്തി ഓര്‍ത്തത്. പാത്രം കൊണ്ടുവരാന്‍ അവള്‍ വന്ന കാലില്‍തന്നെ തിരിച്ചുപോയി.

പാത്രങ്ങളുടെ വെട്ടിത്തിളങ്ങുന്ന മുഖംപോലും മങ്ങിയതായി തോന്നി കീര്‍ത്തിക്ക്. വളരെയേറെ പിച്ചളപ്പാത്രങ്ങള്‍ അവള്‍ എടുത്തു നോക്കി ഉപേക്ഷിച്ചു. ഞാനേതാണിനി കൊണ്ടുപോവുക- കീര്‍ത്തി ആലോചിച്ചു. പക്ഷേ ഒരൊറ്റ സാധനവും അവള്‍ക്കു കണ്ണില്‍ പിടിച്ചില്ല. കഴിഞ്ഞ കൊല്ലം കീര്‍ത്തിയുടെ സഹോദരന്‍ നഗരത്തില്‍ നിന്നു വരുമ്പോള്‍ ചുവന്നൊരു കൊച്ചുപ്ലെയിറ്റ് അവള്‍ക്ക് കൊണ്ടുവന്നു കൊടുത്തിരുന്നു. അവളതു തന്റെ പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പ്ലെയിറ്റിന്റെ തിളങ്ങുന്ന ചുവപ്പ് നിറം അവളുടെ കണ്ണുകളില്‍ പ്രകാശിച്ചു. കീര്‍ത്തി പതുങ്ങിപ്പതുങ്ങി പിന്‍ഭാഗത്തെ മുറിയില്‍ പോയി തന്റെ ട്രങ്ക് തുറന്നു ചുകന്ന ആ കൊച്ചു പ്ലേറ്റ് പുറത്തെടുത്തു തന്റെ പുള്ളിസ്സാരിക്കുള്ളിലൊളിപ്പിച്ചുവെച്ചു.

സുല്‍ത്താന്റെ ചൂടിക്കട്ടിലിന്നു സമീപം വെച്ചിരുന്ന സ്റ്റൂളിന്മേല്‍ ചായക്കോപ്പ അങ്ങനെത്തന്നെ ഇരിക്കുന്നു. കീര്‍ത്തി തന്റെ പുള്ളിസാരിക്കുള്ളില്‍ നിന്ന് പ്ലേറ്റ് പുറത്തെടുത്തു കോപ്പക്കരികെ വെച്ചു- ''രാത്രി പ്ലേറ്റ് കൊണ്ടുവെയ്ക്കാന്‍ മറന്നുപോയി'' ഇത്ര ഭംഗിയുള്ള പ്ലേറ്റില്‍ സിഗററ്റു കുത്തിക്കെടുത്താമോ?- സുല്‍ത്താന്‍ കീര്‍ത്തിയുടെ മുഖത്തേയ്ക്കു നോക്കി. എന്നിട്ടും കൈയിലുണ്ടായിരുന്ന കടലാസ് അവളുടെ മുമ്പിലേയ്ക്കു വെച്ചുകൊടുത്തു.

പുതിയപാട്ട്- കീര്‍ത്തിയുടെ ശബ്ദമിടറി. സുല്‍ത്താനോട് സംഭാഷണം നടത്താന്‍ മാത്രമുള്ള ബുദ്ധി തനിയ്ക്കില്ല എന്ന് കീര്‍ത്തിയ്ക്കു തോന്നി. ഗ്രാമത്തെപ്പറ്റി സുല്‍ത്താന്‍ വല്ലതും ചോദിച്ചാല്‍ അവളുടെ തൊണ്ടയില്‍ സങ്കോചം വന്നു തങ്ങി നില്‍ക്കുന്നു. അവളുടെ വാക്കുകള്‍ തടയപ്പെടുന്നു. പാട്ട്! പുതിയ പാട്ട് ! ഗാനചക്രവര്‍ത്തിയുടെ പാട്ട്! ആ കടലാസ് തന്റെ കൈയിലമരുന്നില്ലെന്ന് കീര്‍ത്തിക്കു തോന്നി. അവളുടെ കൈകളിലൊരു വിറയലനുഭവപ്പെട്ടു.

''രാത്രി മുഴുവന്‍ ഉറങ്ങിയില്ലേ''? വളരെ സങ്കോചത്തോടുകൂടി കീര്‍ത്തി ചോദിച്ചു.
 ''ഈ പാട്ട് എന്നെ ഉറങ്ങാനനുവദിച്ചില്ല-'' സുല്‍ത്താന്‍ പതുക്കെ പറഞ്ഞു.
 പാട്ടെഴുതിയ കടലാസില്‍ എന്തു മാതിരി രശ്മികളാണുണ്ടായിരുന്നതെന്നോ! കീര്‍ത്തിയ്ക്കതിന്റെ തീക്ഷ്ണത സഹിയ്ക്കാന്‍ കഴിഞ്ഞില്ല. കുറച്ചുകൂടെ ധൈര്യമവലംബിച്ചുകൊണ്ട് അവള്‍ ചോദിച്ചു: ''ഞാന്‍ വായിക്കട്ടെ?''
 ''നിനക്കു വായിക്കാന്‍ മാത്രമായിത്തന്നെ എഴുതിയതാണ്.'' രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച സുല്‍ത്താന്‍ തന്റെ തലയിണയെ ശരണം പ്രാപിച്ചു.
 കീര്‍ത്തി തന്റെ ഗ്രാമത്തിലെ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. പിന്നീടവളുടെ സഹോദരനും അവളെ കുറച്ചൊക്കെ പഠിപ്പിച്ചിട്ടുണ്ട്. എന്നാലും ഈ പാട്ടു വായിയ്ക്കാന്‍ മാത്രമുള്ള യോഗ്യത തനിയ്ക്കില്ല എന്നു കീര്‍ത്തിയ്ക്കു തോന്നി.
നിങ്ങള്‍ തന്നെ വായിക്കൂ!
 എഴുതാനും ഞാന്‍ തന്നെ, വായിക്കാനും ഞാന്‍തന്നെ?- അയാള്‍ പുഞ്ചിരിച്ചു.
 കീര്‍ത്തിക്കൊന്നും പറയാന്‍ തോന്നിയില്ല. സുല്‍ത്താന്‍ പാട്ടു വായിച്ചുകൊടുത്തു: 
എനിക്കുവേണ്ടി കുറിച്ചു  പോകൂ നീയെന്‍ ഭാഗ്യം
നിനക്കുവേണ്ടിജ്ജീവിപ്പു ഞാന്‍ നീയില്ലാതെ
രാത്രിയില്‍ മുഴുവന്‍, മിന്നിത്തെളിയുന്ന
നക്ഷത്രങ്ങള്‍പോലെ വാക്കുകള്‍ ഹൃദയത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു.
നിനക്കുവേണ്ടി ദുഃഖിതയാണ് ഈ വഴിയിപ്പൊഴും.
സ്വപ്‌നങ്ങളെ നിങ്ങളെത്തിച്ചേരു
രാത്രിയിലിനിയും നേരം ബാക്കികിടപ്പുണ്ട്. നിങ്ങള്‍ പോകല്ലേ!

സിഗററ്റുകുറ്റി സുല്‍ത്താന്റെ വിരലുകള്‍ക്കിടയിലിരുന്നെരിയുകയാണ്. അയാള്‍ക്കതിന്റെ പൊള്ളലേല്ക്കാന്‍ തുടങ്ങിയിരുന്നു. കീര്‍ത്തി ചുകന്ന പ്ലേറ്റ് സുല്‍ത്താന്റെ മുന്നിലേക്കു നീക്കിവെച്ചു. അയാളാ പ്ലേറ്റില്‍ സിഗററ്റു കുത്തിക്കെടുത്തിയപ്പോള്‍ പ്ലേറ്റിന്റെ തുടുത്തു ചുകന്ന മാറില്‍ കറുത്ത വട്ടത്തിലുള്ള എത്രയെത്ര സുഷിരങ്ങളാണോ സിഗററ്റുകുറ്റിയുണ്ടാക്കിയത്!

men''എനിയ്ക്ക് ഭ്രാന്താണ്. പ്ലേറ്റും കൂടി ഞാന്‍ കത്തിച്ചു കളഞ്ഞുവല്ലോ!'' അയാള്‍ പ്ലേറ്റ് കൈയിലെടുത്തു നോക്കി. സെല്ലുലോയ്ഡ് പ്ലേറ്റിനു തീച്ചൂട് സഹിയ്ക്കാനുള്ള ശക്തിയില്ലെന്ന് സുല്‍ത്താനാകട്ടെ കീര്‍ത്തിയാകട്ടെ അതിനു മുമ്പാലോചിച്ചിരുന്നില്ല. കീര്‍ത്തി ചിരിച്ചുകൊണ്ട് തുള വീണ പ്ലേറ്റും പാട്ടെഴുതിയ കടലാസും തന്റെ പുള്ളിസ്സാരിയ്ക്കുള്ളിലൊളിപ്പിച്ചുവെച്ച് കോണിയിറങ്ങി.... പത്തു ദിവസം കഴിയാന്‍ വലിയ പ്രയാസമില്ല. കീര്‍ത്തിയുടെ പ്രാണനില്‍ ഒരു ചുട്ടുനീറല്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ടിരുന്നു. പതിനൊന്നാം ദിവസം കീര്‍ത്തിയുടെ സഹോദരനും സുല്‍ത്താനും നഗരത്തിലേയ്ക്ക് മടങ്ങിപ്പോവാന്‍ പുറപ്പെട്ടപ്പോള്‍ അമ്മ അയാളോടു പറഞ്ഞു: മകനെ, നിന്നെ വേണ്ട പോലെ സല്ക്കരിയ്ക്കാനൊന്നും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

സുല്‍ത്താന്‍ അമ്മയുടെ കാല്‍ തൊട്ടു: ''ഈ ദിവസം എന്റെ മനസ്സിലെന്നും പച്ചപിടിച്ചു കിടക്കും.'' പിന്നീട് സുല്‍ത്താന്‍ കീര്‍ത്തിയുടെ മുഖത്തേയ്ക്ക് നോക്കി- അവളെയാകെ തന്റെ കണ്ണുകളിലാവാഹിച്ചെടുക്കാനെന്നു തോന്നുംവിധം സുല്‍ത്താന്‍ പോയി. പക്ഷേ പിറ്റേന്ന് രാവിലെ കീര്‍ത്തിയുടെ ഉറക്കത്തില്‍ നിന്ന് ഏതോ സ്വപ്‌നത്തിന്റെ സുഗന്ധം അമ്മയുടെ സമീപത്തെത്തി. അവര്‍ കീര്‍ത്തിയെ സ്വകാര്യമായി വിളിച്ചിരുത്തി പറഞ്ഞു: ''മോളെ, ഈ നോട്ടം എനിയ്ക്ക് പരിചിതമാണ്. ജീവിതം മുഴുവന്‍ തകരാറാക്കുന്ന സുഖക്കേടാണിത്. അതു പിടിപെടാതെ സൂക്ഷിച്ചോ. നാം ഹിന്ദുക്കളാണ്. അയാള്‍ മുസല്‍മാനും. അതു നടക്കാത്ത കാര്യമാണ്.''

അമ്മയുടെ വാക്കുകള്‍ കീര്‍ത്തിയുടെ കാതുകളില്‍ തുളച്ചുകയറി. അവള്‍ തോറ്റു തളര്‍ന്നു. പക്ഷേ ഒരു കാര്യവും അവളുടെ ഹൃദയത്തിലേയ്ക്കിറങ്ങിച്ചെന്നില്ല. ഉറക്കത്തിന്റെ ചുണ്ടിണകളില്‍ക്കൂടി ഏതോ സ്വപ്‌നത്തിന്റെ സുഗന്ധം ഊറി വരുമ്പോള്‍ കീര്‍ത്തിയുടെ അവയവങ്ങള്‍ അവള്‍ക്കു വഴങ്ങാതാവും. അവള്‍ ഇടയ്ക്കിടെ തന്റെ കൈകളിലേയ്ക്ക് നോക്കും. കാലുകളിലേയ്ക്ക് നോക്കും. അവളുടെ അംഗങ്ങളിലെല്ലാം ഒരു നേരിയ വിറയലനുഭവപ്പെടും.

***********

രാത്രിയുടെ നാലാം യാമം അവസാനിച്ചു. കീര്‍ത്തി അപ്പോഴും രണ്ടു കൊല്ലം മുമ്പ് തന്റെ ഉണര്‍ന്ന കണ്ണുകളില്‍ വന്നണഞ്ഞ ആ സ്വപ്‌നത്തില്‍ മുഴുകിയിരിയ്ക്കയാണ്. തന്റെ ഉറക്കത്തിന്റെ ചുണ്ടിണകളില്‍ നിന്ന് ആ സ്വപ്‌നത്തിന്റെ സുഗന്ധം മറ്റാരെങ്കിലും തട്ടിയെടുത്തേയ്ക്കുമെന്ന് അവള്‍ പണ്ടൊക്കെ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്നവള്‍ക്കറിയാം ആ ഉണര്‍ന്ന സ്വപ്‌നം അവളുടെ ഓരോ രോമത്തിലും ഒട്ടിപ്പിടിച്ചതാണെന്ന്; ഇന്നു പകല്‍ വെളിച്ചത്തില്‍പ്പോലും അതിന്റെ സുഗന്ധം പരക്കും; അടുത്ത ഗ്രാമത്തിലെ വര്‍ത്തകപ്രമാണിയുടെ വീടുവരെ അതെത്തും.

മുറ്റം മുഴുവന്‍ കീര്‍ത്തിയുടെ കൂട്ടുകാരികളെക്കൊണ്ടു നിറഞ്ഞിരിയ്ക്കുന്നു. ചിലര്‍ സുഗന്ധതൈലം തയ്യാറാക്കുന്നു. ചീര്‍പ്പും മുടിപ്പൊന്നുമെടുത്താനന്ദിയ്ക്കുകയാണ് ചിലര്‍. മറ്റു ചിലര്‍ കീര്‍ത്തിയുടെ ശ്വശുരഗൃഹത്തില്‍നിന്നു വന്ന വസ്ത്രാഭരണങ്ങള്‍ പരിശോധിച്ചു നോക്കുന്നു. അവരനവധി പാട്ടുകള്‍ പാടി. ഒരുത്തി നിര്‍ത്തിയാല്‍ മറ്റൊരുത്തി തുടങ്ങുകയായി. എപ്പോഴാണെന്നറിഞ്ഞില്ല, കൂട്ടുകാരികള്‍ കീര്‍ത്തിയെ പിടിച്ചുവലിച്ചു മുറ്റത്തെ മൂലയ്‌ക്കൊരു പലകമേലിരുത്തി, ചിരിച്ചാര്‍ത്തുകൊണ്ടവര്‍ സുഗന്ധതൈലത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് അവളുടെ മേല്‍ പുരട്ടാന്‍ തുടങ്ങി.

തന്റെ ഓരോ രോമകൂപത്തില്‍നിന്നും ആ സുഗന്ധം ഗ്രാമത്തിലെ ഓരോ പെണ്‍കിടാവിലേയ്ക്കും വ്യാപിയ്ക്കുന്നുണ്ടെന്ന് ഓരോ നിമിഷവും കീര്‍ത്തിയ്ക്കു തോന്നി. അവരെല്ലാമൊത്തുചേര്‍ന്ന് ആ സുഗന്ധമകറ്റാന്‍ ശ്രമിയ്ക്കയാണ്. കീര്‍ത്തി തന്റെ കൈ പിന്‍വലിച്ചില്ല. കൂട്ടുകാരികള്‍ സുഗന്ധതൈലം പുരട്ടിക്കൊണ്ടേയിരുന്നു; പാട്ടുകള്‍ പാടിക്കൊണ്ടും.

പിന്നീടാ പെണ്‍കിടാങ്ങള്‍ അവളെ കുളിപ്പിച്ചു. അവളുടെ മുടി ചീകിക്കെട്ടി അതില്‍ മുത്തു പതിച്ച മുടിപ്പൊന്നു കുത്തി. പുതിയ വസ്ത്രാഭരണങ്ങളണിയിച്ച് ചായം കൊടുത്ത പീടത്തിന്മേല്‍ അവളെ പിടിച്ചിരുത്തി. തന്റെ അവയവങ്ങളൊന്നും തന്റേതല്ലെന്നു തോന്നി കീര്‍ത്തിക്ക്. എല്ലാം അന്യരുടേതായിത്തീരുകയാണ്; മറ്റുള്ളവരുടെ സാധനങ്ങളില്‍ തനിക്കെന്തധികാരം?

കീര്‍ത്തിയുടെ നെറ്റിയില്‍ ശ്വശുരഗൃഹത്തില്‍നിന്നയച്ച കുങ്കുമം ചാര്‍ത്തി തറവാട്ടിലെ മൂത്തമ്മ അവളുടെ വായില്‍ മധുരാന്നം വെച്ചു കൊടുത്തപ്പോള്‍, ഒരു പെണ്‍കുട്ടി ഉത്സാഹത്തോടു കൂടി വന്നുപറഞ്ഞു- എന്റെ ജ്യേഷ്ഠന്‍ നഗരത്തില്‍നിന്ന് ഒരു പാട്ടുപെട്ടി കൊണ്ടുവന്നിട്ടുണ്ട്. ഞാനതിവിടെക്കു എടുത്തിട്ടുണ്ട്. അതു പാടിക്കാനും എനിക്കറിയാം. എന്നിട്ടവള്‍ റിക്കാര്‍ഡ് വെച്ചു:
എനിക്കുവേണ്ടി കുറിച്ചുപോകൂ നീയെന്‍ ഭാഗ്യം
നിനക്കു വേണ്ടിജ്ജീവിപ്പൂ ഞാന്‍ നീയില്ലാതെ.
തന്റെ വായിലാരോ വിഷം പുരട്ടുന്നതു പോലെ തോന്നി കീര്‍ത്തിയ്ക്ക്! അവളില്‍ നിന്ന് ഒരാര്‍ത്തനാദമുയര്‍ന്നു.
റിക്കാര്‍ഡില്‍നിന്ന് ശബ്ദം പുറപ്പെട്ടുകൊണ്ടേയിരുന്നു:
സ്വപ്‌നങ്ങളേ നിങ്ങളെത്തിച്ചേരൂ, എന്റെ സവിധത്തില്‍ എത്തിച്ചേരൂ.
രാത്രിയിലിനിയും നേരം ബാക്കി കിടക്കുകയാണ്.
പെണ്‍കിടാങ്ങള്‍ സാരിത്തുമ്പുകൊണ്ട് കീര്‍ത്തിയുടെ മുഖത്തു വീശിക്കൊണ്ടിരുന്നു. അപ്പോള്‍ കീര്‍ത്തിക്കു തോന്നി- താനാ കൊച്ചുസെല്ലുലോയ്ഡ് പ്ലേറ്റാണ്, ആരോ കത്തിയെരിയുന്ന സിഗററ്റുകുറ്റി അതിന്മേല്‍വെച്ചിരിക്കുന്നു, ഇപ്പോള്‍ പ്ലേറ്റിന്റെ ചുകന്നു തുടുത്ത മാറിടത്തില്‍ കറുത്ത വട്ടത്തിലുള്ള സുഷിരങ്ങള്‍ വീണിരിക്കുന്നു!

( മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )