നിലാക്കീറില്‍ നിഴല്‍പറ്റി കാത്തുനിന്ന ബിമന്‍മിത്ര, വെളിച്ചമണഞ്ഞ നേരംനോക്കി വീടിന്റെ ഓടിളക്കി കിടപ്പറയില്‍ കയറി.
''വീട് ബാങ്കുകാര് കൊണ്ടുപോകും. നാളത്തെ ഡയാലിസിസിനും കാശില്ല. മോള് ഒന്നുമറിയരുത്. നാളെ കഴിഞ്ഞ്, മറ്റന്നാള്‍ അവള്‍ തനിച്ചാകുമല്ലോ എന്നോര്‍ക്കുമ്പോഴാ''

കൊല്‍ക്കത്തയില്‍നിന്ന് കള്ളവണ്ടികയറി, വര്‍ഷമൊന്നു തികഞ്ഞ ദിവസം ആദ്യ മോഷണത്തിനുതുനിഞ്ഞ ബിമന്‍ പരാജയത്തിന്റെ കയ്പറിഞ്ഞു. 

ഹോട്ടലില്‍ എച്ചില്‍പാത്രം കഴുകിക്കിട്ടിയ സമ്പാദ്യം ഭാസ്‌കരപ്പൊതുവാളിന്റെ വാതില്‍പ്പടിയില്‍വെച്ച് പുറത്തിറങ്ങുമ്പോള്‍, തനിക്ക് യാത്രതിരിക്കേണ്ട ഹൗറ എക്‌സ്പ്രസ് ഇരുട്ടിനെ കീറിമുറിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നത് ബിമന്‍മിത്ര കണ്ടു.