അന്തരിച്ച എഴുത്തുകാരി സുമംഗലയ്ക്ക് അനുശോചനമർപ്പിക്കുകയാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ വൈശാഖൻ.

കേരളത്തിലെ കുട്ടികൾക്ക് എക്കാലവും പ്രിയങ്കരിയായ എഴുത്തുകാരിയായിരുന്നു സുമംഗല. വളരെ ലളിതമായി കഥ പറയുന്ന ഒരു മുത്തശ്ശി എന്ന നിലയിൽ കുട്ടികളിൽ കാരുണ്യവും സ്നേഹവും ഉളവാക്കത്തക്കവണ്ണമുള്ള കഥകളാണ് അവരെഴുതിയിട്ടുള്ളത്. കുട്ടികൾക്കുവേണ്ടിയുള്ള പഞ്ചതന്ത്രം വളരെ ശ്രദ്ധയാകർഷിക്കപ്പെട്ട കൃതിയാണ്. അതുപോലെത്തന്നെ കേരളകലാമണ്ഡലത്തിന്റെ ചരിത്രവും 'മിഠായിപ്പൊതി' എന്ന കൃതിയും സുമംഗലയെ സാഹിത്യത്തിലെ വേറിട്ട വ്യക്തിത്വമാക്കി തീർത്തിരിക്കുന്നു.

നിരവധി കൃതികൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് അവർ വിവർത്തനം ചെയ്തു. പുരാണകഥാപാത്രങ്ങളെ സവിശേഷമായ രീതിയിൽ അവതരിപ്പിക്കാൻ സുമംഗലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പുരസ്കാരങ്ങൾ സുമംഗലയെ തേടിയെത്തിയിട്ടുണ്ട്. തീർച്ചയായും രണ്ട് തലമുറകളെയെങ്കിലും വായനയിലേക്ക് നയിക്കാനും അവരിൽ കലാപരമായ,സാഹിത്യപരമായ ചിന്തകളിലേക്ക് നയിക്കാനും സുമംഗലയുടെ കൃതികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്തും മുതിർന്നവർപോലും സുമംഗലയുടെ ബാലസാഹിത്യം ആസ്വദിക്കുന്നുണ്ട് എന്നുള്ളതാണ് വലിയൊരു സവിശേഷത. കാരണം എഴുതുന്ന രീതി, അതിന്റെ ലാളിത്യം, വളരെ ഹൃദയസ്പൃക്കായ തരത്തിലുള്ള ആഖ്യാനം ഇവയെല്ലാം സുമംഗലയുടെ കൃതികളിലെ എക്കാലത്തെയും പ്രത്യേകതകൾ തന്നെയായിരുന്നു. കേരളസാഹിത്യ അക്കാദമി എഴുത്തുകാരിയുടെ വിയോഗത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Content Highlighs:Writer Vyshakhan pays homage to Writer Sumangala