ട്രാവല്‍ വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തതതിനെത്തുടര്‍ന്നുണ്ടായ 'കേരളം കത്തിക്കല്‍' ഭീഷണികളെക്കുറിച്ച് സാഹിത്യസാംസ്‌കാരിക സാമൂഹ്യമേഖലകളിലെ പ്രമുഖരുമായി മാതൃഭൂമി ഡോട് കോം നടത്തുന്ന ചര്‍ച്ചയില്‍ എഴുത്തുകാരന്‍ സണ്ണി എം.കപിക്കാട് പ്രതികരിക്കുന്നു.

ലയാളിയുടെ ക്ലീഷേ പദങ്ങളില്‍ എന്നോ ഇടംപിടിച്ച ഒന്നാണ് അരാഷ്ട്രീയവല്‍ക്കരണം. അരാഷ്ട്രീയവല്‍ക്കരണം എന്തോ വലിയ ആപത്താണ് എന്ന നിലക്കാണ് പലരും ഇതിനെ കൊണ്ടുനടക്കുന്നത്. യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്ത് എന്നതിനെ സംബന്ധിച്ച ബോധമില്ലായ്മകൂടിയാണ് ഈ മുതിര്‍ന്നവര്‍ പ്രചരിപ്പിക്കുന്ന വാക്കിലുള്ളത്. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങളെ നമ്മള്‍ കാണുന്നില്ല എന്നതാണ് എന്റെ വിമര്‍ശനം. നമ്മുടെ കലാലയങ്ങള്‍ പഴയതുപോലെയല്ല, പണ്ടൊക്കെ വളരെ രാഷ്ട്രീയബോധമുള്ള കുട്ടികള്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ അതൊന്നുമില്ലാത്ത കുട്ടികളാണ് തുടങ്ങിയ ധാരണകള്‍ പരക്കെയുണ്ട്. കലാലയം എന്നത് പഠിക്കാനുള്ള സ്ഥലമാകുന്നു എന്ന് മനസ്സിലാക്കി പഠിക്കുന്ന തലമുറ കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട് അത് എന്തുകൊണ്ടാണ് നമ്മള്‍ കാണാത്തത്?  

കോവിഡ് കാലം നമ്മുടെ സാമൂഹികവ്യക്തിജീവിതത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ചിട്ടുണ്ട് എന്ന സത്യം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മുടെ വ്യക്തി-സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ പാതകളെ വന്‍രീതിയില്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട് എന്ന ഒരു യാഥാര്‍ഥ്യബോധമാണ് ആദ്യം വേണ്ടത്. അവിടുന്നാണ് കുട്ടികളുടെ കാര്യങ്ങള്‍ നമ്മള്‍ അന്വേഷിക്കേണ്ടത്. നമ്മള്‍ യാത്ര ചെയ്തിട്ടും, പുറത്തുപോയിട്ടും, സുഹൃത്തുക്കളൊന്നിച്ചൊരു കാപ്പി കഴിച്ചിട്ടുമെത്രകാലമായി? ഇതൊക്കെയാണ് ഒരു സാധാരണ മലയാളിയുടെ ജീവിതം. ഇതൊന്നും നടക്കുന്നില്ല. വീട്ടില്‍ ഒറ്റപ്പെട്ട മനുഷ്യരായി ജീവിതത്തിലെ എല്ലാ സാധ്യതകളും പഴയരീതികളും എല്ലാം അടഞ്ഞുപോയി. ഇതിന്റെ ഭാഗമാണ് കുട്ടികള്‍. അങ്ങനെയാണ് മനസ്സിലാക്കേണ്ടത്. കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അധ്യാപകരല്ല, കൂട്ടംകൂടി നടക്കുന്ന കുട്ടികളാണ് യഥാര്‍ഥത്തില്‍ നമ്മെ വാര്‍ത്തെടുക്കുന്നത്. കേരളത്തിലെ അധ്യാപകസമൂഹത്തിന് അത്രവലിയ പങ്കൊന്നുമില്ല കുട്ടികളെ വാര്‍ത്തെടുക്കുന്നതില്‍. കാരണം എണ്‍പത് ശതമാനവും എയ്ഡഡ് മേഖലയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല. പൈസ കൊടുത്തും കോഴ കൊടുത്തും സമുദായ പക്ഷത്തുനിന്നുകൊണ്ടുമുള്ള വലിയ ശേഷിയൊന്നുമില്ലാത്ത അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിലോ, വിദ്യാഭ്യാസത്തിലോ അക്കാദമിക വളര്‍ച്ചനേടിക്കൊടുക്കുന്നതിലോ അവര്‍ക്ക് താല്‍പര്യവുമില്ല, ശേഷിയുമില്ല. ആ നിലയ്ക്ക് അധ്യാപകരുടെ പങ്ക് നഷ്ടപ്പെട്ടതുകൊണ്ടാണ് കുട്ടികള്‍ വഴി പിഴച്ചതെന്നു കരുതരുത്. കൂട്ടംകൂടി പഠിക്കുക എന്നതാണ് കുട്ടികളുടെ തനതായ ശേഷി. ഈയൊരു സാധ്യതയാണ് കോവിഡ്കാലം അസ്തമിപ്പിച്ചിരിക്കുന്നത്. അതിലൂടെ കുട്ടികള്‍ വേറെ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. ആ വിനോദസാധ്യത നമ്മളായിട്ട് തുറന്നിട്ടുമില്ല.

Read More'...കേരളം കത്തിക്കല്‍'; പ്രശ്നം അടിസ്ഥാനപരമായ സംസ്‌കാരമില്ലായ്മ- സക്കറിയ

കുട്ടികള്‍ക്ക് കുട്ടികളുടേതായ ആവശ്യങ്ങളുണ്ട്. ഇത് നിറവേറ്റാന്‍ വീടിനകത്തോ സ്വന്തം മുറ്റത്തോ എന്തെങ്കിലും കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ടോ? കത്തിക്കും വെട്ടും കൊല്ലും എന്നൊക്കെയുള്ള അവരുടെ ഭീഷണിയെ ഭയപ്പെടുന്ന വിഡ്ഢികളായ പ്രായംകൊണ്ട് മുതിര്‍ന്ന മനുഷ്യരില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. കുട്ടികളാണ് യഥാര്‍ഥത്തില്‍ ഈ ലോകത്ത് അവരുടേതായ ആവശ്യങ്ങള്‍ തുറന്ന് പ്രഖ്യാപിക്കുന്നത്. കരഞ്ഞുനേടുക എന്നത് ജൈവികമായ സംഗതിയാണ്. കുട്ടികളുടെ ജൈവവാസനകളെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് കുട്ടികള്‍ക്കായി അത്തരത്തില്‍ എന്തെങ്കിലും ഒരു പദ്ധതി കേരളം ആലോചിച്ചിട്ടുണ്ടോ? കോവിഡ് കാലത്ത് സ്‌കൂള്‍ തുറക്കുന്നില്ല.പകരം അവരുടെ വിനോദങ്ങള്‍ക്കായി എന്തു സാധ്യതയാണ് വീട്ടുകാരും പൗരസമൂഹവും സര്‍ക്കാരും ചെയ്തുകൊടുത്തത് എന്ന ചോദ്യമാണ് യഥാര്‍ഥത്തില്‍ ഉന്നയിക്കേണ്ടത്. 

മലയാളി സമൂഹം യഥാര്‍ഥത്തില്‍ വിഡ്ഢിക്കൂട്ടങ്ങളാണ്. കത്തും കൊല്ലും വെട്ടും എന്നെല്ലാം അവര്‍ പറയുമ്പോള്‍ ഒരു തലമുറയെത്തന്നെയാണ് ഈ സമൂഹം ഇത്തരത്തില്‍ ഭയക്കുന്നത്. ഇതല്ലാതെ അമേരിക്കയെപ്പോലാകുന്നു എന്ന പറഞ്ഞുനടക്കുന്നതില്‍ എന്തുകഥയാണുള്ളത്? വിനോദത്തിനുള്ള അവസരവും അവകാശവും അവര്‍ക്കൊരുക്കിക്കൊടുക്കുന്നില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനുള്ള അവകാശം അവര്‍ക്കുണ്ട് എന്നേ പറയാനുള്ളൂ. ബാറ് തുറക്കാനും പള്ളിതുറക്കാനും ശബരിമലയില്‍ പതിനായിരം പേര്‍ക്ക് പ്രവേശനം നല്‍കാനും വലിയ ആവേശമാണല്ലോ. കുട്ടികളെ എന്താണ് മറക്കുന്നത്? കുട്ടികള്‍ നമ്മുടെ സമൂഹത്തിന്റേതാണ്, അവര്‍ക്ക് അവരുടേതായ ആവശ്യങ്ങളുണ്ട് എന്ന കാര്യം കൂടി പരിഗണിക്കുന്ന ഗൗരവമുള്ള ഒരു ചര്‍ച്ചയിലേക്ക് നമ്മള്‍ വരണം. കുട്ടികള്‍ വിനോദത്തിലേര്‍പ്പെടുവാനും പഠനത്തെ സൗകര്യപ്രദമാക്കുവാനും ഒക്കെ കഴിയുന്ന ഒരു അന്തരീക്ഷമുള്ള കുടുംബത്തിനും കുടുംബത്തിന്റെ ചുറ്റുവട്ടത്തും ഒരുക്കാന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കട്ടെ. എന്തുകൊണ്ട് അതു ചെയ്തില്ല എന്നതാണ് ക്രൈം.

കുട്ടികളോട് കാണിക്കുന്ന അവഗണന തന്നെയാണ് കൗമാരക്കാരുടെ കാര്യത്തിലും നമ്മള്‍ ചെയ്യുന്നത്. ഇവരെ കുറ്റവാളികളായിത്തന്നെ ആദ്യമേ നോക്കിക്കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. ലോകം ഇന്ന് വിരല്‍ത്തുമ്പിലാണെന്ന്് എല്ലാവരും പറയുന്നു. ലോകത്ത് എല്ലാ സ്ഥലത്തും നടക്കുന്ന കാര്യങ്ങളുടെ പിറകേ പോകാനുള്ള ഒരു വാസന മനുഷ്യര്‍ക്കുണ്ട്. അതിന് നമുക്കെന്ത് സംവിധാനങ്ങളാണ് ഉള്ളത്? ഇ ബുള്‍ ജെറ്റ് പോലുള്ള വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുതിരുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് വാഹനങ്ങള്‍ അപകടരഹിതമായി ഓടിക്കാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. റോഡ്‌നിയമം ലംഘിച്ചാല്‍ അതു കുറ്റകൃത്യം തന്നെയാണ്. അവഗണിക്കപ്പെട്ട വിഭാഗമാണ് കൗമാരക്കാര്‍. അവരുടെ ആവശ്യമെന്താണെന്ന് നമ്മള്‍ പരിഗണിക്കാറില്ല. തല്ലുകൊള്ളാത്തതുകൊണ്ടാണ് എന്ന വാക്കാണ് അവരുടെ കാര്യത്തില്‍ ആദ്യം നമ്മള്‍ പറയുക. പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് നടക്കുമ്പോള്‍ ഒരാള്‍ ചോദിക്കുന്നു, ഇതൊക്കെ ശരിയാണോ? ഏത് എന്ന് നമ്മള്‍ തിരിച്ചുചോദിക്കുമ്പോളാണ് കുട്ടിയെ ചൂണ്ടിക്കാണിച്ചുതരിക. അപ്പോള്‍ കുഴപ്പം നമ്മുടെ കണ്ണിന്റെതുകൂടിയാണ്. കുട്ടിയുടെ ഇഷ്ടമാണ് ഏതുവസ്ത്രം ധരിക്കണമെന്നത്. പ്രശ്‌നം നമ്മുടേതാണ്. അത് നോക്കിനില്‍ക്കുക, അതിനൊരു അഭിപ്രായം പറയുക, തല്ലുകൊള്ളാഞ്ഞിട്ടാണ്, അമിതവികാരപ്രകടനമാണ് എന്നൊക്കെ നോക്കിയിരിക്കുന്നയാള്‍ പ്രഖ്യാപിക്കുക. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. അമിതവേഗത്തില്‍ വണ്ടിയോടിക്കുക, സാഹസങ്ങള്‍ക്കുമുതിരുക തുടങ്ങിയവയൊക്കെ ലോകത്തിന്റെ ഒരു ക്രേസ് ആണ്. പ്രത്യേകിട്ടും കൗമാരക്കാരാണ് അതില്‍ ഏര്‍പ്പെടുന്നതും. ഇത്തരം ക്രേസുള്ളവരെക്കൂടി നമ്മോടൊപ്പം ചേര്‍ക്കാനുള്ള ഒരു സ്‌പേസുകൂടി ഉണ്ടാക്കേണ്ടതല്ലേ. അത്തരമൊരു സ്‌പേസ് ഇല്ലാത്തതുകൊണ്ടാണല്ലോ റോഡില്‍ പരസ്യമായ അഭ്യാസത്തിനവന്‍ മുതിരുന്നത്. കുറ്റവാളികള്‍ യഥാര്‍ഥത്തില്‍ വളരെ കുറവേയുള്ളൂ. പക്ഷേ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ മുഴുവന്‍ കുറ്റവാളികള്‍ ആണ് എന്ന് നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്നതിലാണല്ലോ യഥാര്‍ഥ പ്രശ്‌നം കിടക്കുന്നത്. സര്‍ക്കാരും സമൂഹവും 
ഒരുക്കിക്കൊടുക്കുന്ന സംവിധാനങ്ങള്‍ ലംഘിക്കുന്നതും അതിസാഹസികതയാണ്. അതിന് തക്കതായ ശിക്ഷതന്നെ വാങ്ങിക്കൊടുക്കണം. 

Read More'...കേരളം കത്തല്‍': കഠിനശിക്ഷകള്‍ കൊണ്ട് ഒരു തോമസ് ചാക്കോയും നന്നായിട്ടില്ല!

ലോകം മാറിയെന്നത് അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കാത്ത, ഇത്രയും പിന്നാക്കമായ, മാനവികമല്ലാത്ത മറ്റൊരു സമൂഹം ഇല്ല എന്നു തന്നെ അത്ഭുതപ്പെടേണ്ടിവരും. ലോകത്തെമ്പാടുമുള്ള ട്രെന്റിനെയാണ് സാഹസികരായ കൗമാരക്കാര്‍ പ്രതിനിധാനം ചെയ്യുന്നത്. അറുപത് വയസ്സായ മനുഷ്യര്‍ പതിനാലു വയസ്സില്‍ ചെയ്ത കാര്യം ഇന്നത്തെ പതിനാലുകാരന്‍ ചെയ്യണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്? എഴുപതും എഴുപത്തിയഞ്ചും വയസ്സുള്ള മനുഷ്യരാണ് നമ്മെ ഭരിക്കുന്നത്. അപ്പോള്‍ ഇന്നത്തെ തലമുറയുടെ പ്രവൃത്തികളില്‍ അവര്‍ അത്ഭുതപ്പെടുകയും അവരുടെ ബുദ്ധിയെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുട്ടികളോ കൗമാരക്കാരോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നു എന്ന ആരോപണത്തിനപ്പുറം സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന ഒരു മാറ്റത്തെ  അടിസ്ഥാനപരമായി നമ്മള്‍ മനസ്സിലാക്കുകയും സമൂഹത്തില്‍ രൂപപ്പെട്ടുവരുന്ന പുതിയ ട്രെന്‍ഡുകള്‍ക്ക് അവസരം തുറന്നുകൊടുക്കുകയും ചെയ്താല്‍ ഇത് കുറ്റകൃത്യമല്ലാതായി മാറും.  

Content Highlights : Writer Sunny M Kapikkad Reacts on E Bull Jet Travel Vloggers Issue