Sethu
നോവലിസ്റ്റ് സേതു, താനെഴുതിയ പുസ്തകങ്ങള്‍
ചേന്ദമംഗലം നായര്‍ സമാജം പബ്ലിക് ലൈബ്രറിക്ക്
കൈമാറുന്നതിനായി പി.എ. സോജനെ ഏല്‍പ്പിക്കുന്നു

''എല്ലാറ്റിനും വഴികാട്ടിയായ അമ്മ പറയുമായിരുന്നു, സ്‌കൂളില്‍ നിന്നിറങ്ങിയാല്‍ മറക്കാതെ വായനശാലയില്‍ കയറണം, അവിടെയുമുണ്ട് അറിവിന്റെ പുസ്തകങ്ങള്‍ അനവധി.'' വായന ശീലമാക്കിയ ചേന്ദമംഗലം ആണേലില്‍ അമ്മിണി അമ്മയുടെ വാക്കുകള്‍ അതേപടി അനുസരിച്ചു മകന്‍ എ. സേതുമാധവന്‍.

പാലിയം സ്‌കൂള്‍ വിട്ടാല്‍ സ്‌കൂള്‍മുറ്റത്തിന് തൊട്ടുമുന്നിലുള്ള നായര്‍ സമാജം പബ്ലിക് ലൈബ്രറിയുടെ തിണ്ണയിലെ സ്ഥിരക്കാരനാകുന്നത് അങ്ങിനെയാണ്. തന്നെ എഴുത്തുകാരനാക്കിയ ലൈബ്രറിക്ക് സ്വന്തം പുസ്തകങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് കഥയുടെ ആഴങ്ങള്‍ തൊട്ടറിഞ്ഞ സേതു എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍.

നാട്ടുകാര്‍ ആദരപൂര്‍വം 'ലൈബ്രറിക്കുറുപ്പ്' എന്നു വിളിച്ചിരുന്ന കുറുപ്പേട്ടനായിരുന്നു അക്കാലത്ത് ലൈബ്രേറിയന്‍. ഇഷ്ടമുള്ള ഏതു പുസ്തകവും തിരഞ്ഞെടുക്കാന്‍ അനുവദിച്ചിരുന്നു. ആദ്യമൊക്കെ അപസര്‍പ്പക നോവലുകളോടായിരുന്നു കമ്പം.

അക്കാലത്ത് ഡിറ്റക്ടീവ് എഴുത്തുകാരായ കോട്ടവുള പുരുഷോത്തമ പണിക്കരുടെയും ബി.ജി. കുറുപ്പിന്റെയും നീലകണ്ഠന്‍ പരമാരയുടെയും അപസര്‍പ്പക കഥകള്‍ വായിച്ചു.

പിന്നീട് തകഴിയുടെയും ബഷീറിന്റെയും പൊറ്റക്കാടിന്റെയും കൃതികളിലേക്ക് തിരിഞ്ഞു. കാലം പിന്നീട് ഒട്ടേറെ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വിവിധ ഭാഷാകൃതികള്‍ വായിച്ചറിയാനും അവസരമൊരുക്കി. ലൈബ്രറി റീഡിങ് റൂമിലുണ്ടായിരുന്ന കൈയെഴുത്ത് മാസികയിലായിരുന്നു എഴുത്തിന്റെ തുടക്കം.

25-ാം വയസ്സില്‍ 'മാതൃഭൂമി ആഴ്ചപതിപ്പി'ല്‍ ആദ്യസൃഷ്ടി അച്ചടിമഷിപുരണ്ടു കണ്ടത് ഏറ്റവും വലിയ ആഹ്ലാദമായി. (മാതൃഭൂമി ആഴ്ചപതിപ്പില്‍ ഇപ്പോള്‍ സേതുവിന്റെ 'അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍' എന്ന പരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്.). 'പാണ്ഡവപുര'ത്തിന്റെ 25-ാം പതിപ്പ് തുടങ്ങി 'മറുപിറവി', 'അടയാളങ്ങള്‍', 'ദൂത്', 'നിയോഗം', 'ആലിയ', 'ചേക്കുട്ടി' മുതലായ 25 പുസ്തകങ്ങളാണ് ഇപ്പോള്‍ ലൈബ്രറിക്ക് നല്‍കിയത്.

കുടുംബസുഹൃത്തും ചേന്ദമംഗലം കൈത്തറി സംഘം മുന്‍ സെക്രട്ടറിയുമായ പി.എ. സോജനെ ഏല്‍പ്പിച്ച പുസ്തകങ്ങള്‍ അദ്ദേഹം ലൈബ്രറിക്ക് കൈമാറി.