ഇന്ത്യന്‍ ബൗദ്ധികമുഖങ്ങളിലെ പ്രധാനിയും നാടകകൃത്തും ലേഖകനും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് കര്‍ണാടിന്റെ വിയോഗത്തിന് മൂന്നു വര്‍ഷം തികയുകയാണ്. എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാരസമിതി അധ്യക്ഷയുമായ പ്രതിഭാറായ് അദ്ദേഹത്തെക്കുറിച്ച്  സംസാരിക്കുന്നു. 

ണ്ടനില്‍ വെച്ചാണ് ആദ്യമായി ഗിരീഷ് കര്‍ണാടിനെ പരിചയപ്പെടുന്നത്. വളരെ സൗമ്യതയോടെ സംസാരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ മനസ്സിലുണ്ടായിരുന്ന കര്‍ണാടിന്റെ സ്വഭാവമേ അല്ലായിരുന്നു. പിന്നീട് സാഹിത്യ അക്കാദമിയുടെ പലപരിപാടികള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തു. കര്‍ണാടിന്റെ അപാരമായ അറിവിനുമുന്നില്‍, വിവിധവിഷയങ്ങള്‍ ഒരുമിച്ചു കൈകാര്യം ചെയ്യാനുള്ള മിടുക്കിനുമുന്നില്‍ പലപ്പോഴും കൈകൂപ്പി ഇരുന്നിട്ടുണ്ട്. 

കന്നടഭാഷയുടെയും സംസ്‌കാരത്തിന്റെയും മാത്രം സ്വത്തായി മാറാതെ ഇന്ത്യന്‍ സാഹിത്യം എന്ന വിശാലാര്‍ഥത്തിലേക്ക് കര്‍ണാട്  എളുപ്പം നടന്നുകയറി. 'യയാതി'യും 'തുഗ്ലക്കും' 'ഹയവദന'യും 'നാഗമണ്ഡല'യും സംവദിച്ചത് ഇന്ത്യന്‍ യുവതയോട് മാത്രമല്ല മറിച്ച് സംസ്‌കാരത്തോടും കൂടിയായിരുന്നു. കോളമിസ്റ്റ്, എഴുത്തുകാരന്‍, നാടകകൃത്ത്, സംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത്, സംഭാഷണമെഴുത്തുകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍ തുടങ്ങി കര്‍ണാടിന്റെ ശ്രദ്ധയെത്താത്ത ബൗദ്ധിക മേഖല വളരെ ചുരുക്കമായിരുന്നു. ഇന്ത്യയില്‍ വ്യവസ്ഥാപിത ബുദ്ധിക്കാര്‍ സമയമെടുത്ത് നടപ്പാക്കിക്കൊണ്ടിരുന്ന ഹിന്ദുത്വ അജണ്ടയില്‍ വര്‍ത്തമാനകാല ഇന്ത്യയുടെ പല ബൗദ്ധികമുഖങ്ങളും തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പേരുകളില്‍ ഒന്നായിരുന്നു കര്‍ണാടിന്റേത്. 
 
ഇന്ത്യന്‍ നാടകമേഖലയിലെ നീണ്ട നാല്‍പത് സംവത്സരങ്ങള്‍ കര്‍ണാട് യുഗത്തിന്റേതായിരുന്നു. ചരിത്രവും പുരാണവും തന്റെ കൃതികളില്‍ ചേരുപടി ചേര്‍ത്തുകൊണ്ട്, യയാതി പോലുള്ള കഥാപാത്രങ്ങളെ പ്രതിരൂപാത്മകമാക്കിക്കൊണ്ട് കര്‍ണാട്  വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി. ഇനിയെന്തുവേണമെന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്നൊരു ആഹ്വാനധ്വനിയിലൂടെ അദ്ദേഹം തന്റെ കൃതികളെ പൊതുസമൂഹത്തിലേക്കിട്ടുതന്നു. 

തന്റെ മാതൃഭാഷയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ കൃതികളെ ഇംഗ്ലീഷിലേക്ക് സ്വയം വിവര്‍ത്തനം ചെയ്തു അദ്ദേഹം. ഇന്ത്യയിലെ വിവിധഭാഷകളിലേക്ക് കര്‍ണാടിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും വന്‍സ്വീകാര്യത നേടുകയും ചെയ്തു. പദ്മശ്രീയും പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ച കര്‍ണാടിനെ തേടി ജ്ഞാനപീഠവും എത്തി. കര്‍ണാട് വിടപറഞ്ഞിട്ട് മൂന്നു വര്‍ഷമായിരിക്കുന്നു. പൂര്‍വകാലപ്രൗഢിയോടെ അദ്ദേഹത്തിന്റെ കൃതികള്‍ ഇന്ത്യന്‍ സാഹിത്യത്തില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു.അദ്ദേഹത്തിന്റെ കൃതികള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ശബ്ദം. ആ ശബ്ദം ഇന്ത്യയുള്ളിടത്തോളം കാലം മുഴങ്ങിത്തന്നെയിരിക്കും.

Content Highlights: Writer Prathibha Rai pays Homage to Girish Karnad on his 3 Death Anniversary