ഒരാള്‍ എഴുതുന്ന സാഹിത്യം എന്നത് അയാളുടെ ജീവിതത്തില്‍നിന്ന് ഭിന്നമല്ല എന്ന് വിശ്വസിച്ചയാളായിരുന്നു വീരേന്ദ്രകുമാര്‍. സാഹിത്യം അദ്ദേഹത്തിന് വെറും വാഗ്ജാലം മാത്രമായിരുന്നില്ല

വ്യക്തിജീവിതത്തില്‍ ആചരിക്കുന്ന മൂല്യങ്ങളേ രചനാജീവിതത്തിലുമുണ്ടാകാവൂ എന്നകാര്യത്തിലുള്ള സവിശേഷ നിഷ്‌കര്‍ഷയാണ് എം.പി. വീരേന്ദ്രകുമാറിന്റെ സാഹിത്യവ്യക്തിത്വത്തെ വ്യതിരിക്തമാക്കിനിര്‍ത്തിയ ഒരു പ്രധാന ഘടകം. സാഹിത്യജീവിതത്തിലെ അദ്ദേഹത്തിന്റെ അടയാളവാക്കുകള്‍ അറിവും ആര്‍ജവവുമായിരുന്നു. ഇവ രണ്ടും വ്യക്തിജീവിതത്തിലും എഴുത്തുജീവിതത്തിലും വിസ്മയകരമാംവിധം ഇഴചേര്‍ന്നുനില്‍ക്കുന്നത് ഒന്നുരണ്ട് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നത് ഉചിതമാവുമെന്നുതോന്നുന്നു.

ഡല്‍ഹിയില്‍ ഞാന്‍ പത്രപ്രവര്‍ത്തകനായി കഴിയുന്ന ഘട്ടം. വീരേന്ദ്രകുമാര്‍ അന്ന് പി.ടി.ഐ.യുടെ ചെയര്‍മാനാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്ന വേളയില്‍ പി.ടി.ഐ. ചെയര്‍മാന്റെ ഓഫീസിലേക്ക് പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനു സംസാരിക്കാന്‍വേണ്ടി ഒരു ഫോണ്‍ കോള്‍ എത്തുന്നു.

എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം.കെ. റസ്ദാന്‍ ഫോണെടുത്തു. റസ്ദാന്‍ പ്രധാനമന്ത്രിയുടെ സന്ദേശം വിദേശത്തായിരുന്ന ചെയര്‍മാനെ അറിയിച്ചു. 'ബാബറി മസ്ജിദ് കാര്യത്തിന്റെ റിപ്പോര്‍ട്ടിങ് അല്പം മയപ്പെടുത്തണം' വീരേന്ദ്രകുമാറിന്റെ മറുപടി ഇതായിരുന്നു. ''Let him run the Country, and I will run PTI''. ഇതാണ് ചെയര്‍മാന്റെ പ്രതികരണം എന്ന് പ്രധാനമന്ത്രിയെ അറിയിക്കാന്‍കൂടി റസ്ദാനെ ചട്ടംകെട്ടി വീരേന്ദ്രകുമാര്‍.

പ്രധാനമന്ത്രിക്കുമുമ്പില്‍ പ്രകടമായ ഇതേ ആര്‍ജവമാണ് 'രാമന്റെ ദുഃഖ'ത്തില്‍ പ്രതിഫലിച്ചുകാണുന്നത്. ഒരു പള്ളിക്കും ഒരു ക്ഷേത്രത്തിനും പകരം ആയിരം പള്ളികളും ക്ഷേത്രങ്ങളും പണിയാം. പക്ഷേ, ധര്‍മച്ച്യുതി ഇന്ത്യയുടെ മനഃസാക്ഷിക്കുമേല്‍ ആഴത്തില്‍ ഏല്‍പ്പിച്ച ക്ഷതം ദേവാലയനിര്‍മാണങ്ങള്‍കൊണ്ട് ഇല്ലാതാവുമോ? എന്ന് അദ്ദേഹം അതില്‍ ചോദിക്കുന്നുണ്ടല്ലോ. ജീവിതം എഴുത്തിലേക്കുവരുന്നതിന്റെ വഴിയാണിത്. രാമനു പാര്‍ക്കാന്‍ പറ്റിയ ഇടം കല്ലും മണ്ണും കൊണ്ടുള്ള മന്ദിരങ്ങളല്ല, മറിച്ച് ഭക്തജനങ്ങളുടെ മനസ്സാണ് എന്ന് വാല്മീകി തന്നെ രാമായണത്തില്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. ഈ രാമായണ സത്തയറിഞ്ഞ ഒരാള്‍ക്കേ പ്രധാനമന്ത്രിയോട് അത്ര ആര്‍ജവത്തില്‍ പ്രതികരിക്കാനാവൂ; 'രാമന്റെ ദുഃഖം' എഴുതാനുമാവൂ.

ഇനി അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവിനെക്കുറിച്ച്: 'ശ്യാമമാധവം' വായിച്ചുപോകുന്നതിനിടയില്‍ പുസ്തകം മടക്കിവെച്ച് അദ്ദേഹം എന്നെ വിളിച്ചു. രാധ ആദ്യമായി കടന്നുവരുന്നത് ഏതു ഗ്രന്ഥത്തിലാണെന്നറിയാമോ? മഹാഭാരതത്തില്‍ രാധ ഇല്ല എന്നറിയാം. ആ രാധ പിന്നീട് എപ്പോഴാണ് കടന്നുവന്നത്? ജയദേവന്റെ ഗീതഗോവിന്ദത്തിലാണോ എന്ന് ഞാന്‍ സന്ദേഹത്തോടെ തിരിച്ചുചോദിച്ചു. ''അല്ല; ഗര്‍ഗഭാഗവതത്തിലാണ് ആദ്യമായി രാധ പ്രത്യക്ഷപ്പെടുന്നത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗര്‍ഗഭാഗവതത്തിലെ രാധയെക്കുറിച്ചുള്ള ഭാഗം മനസ്സില്‍നിന്ന് ചൊല്ലിക്കേള്‍പ്പിക്കുകകൂടി ചെയ്തു എന്നെ. ഞാന്‍ വിസ്മയിച്ചു നിന്നുപോയി. പല പണ്ഡിതരോടും ഞാന്‍ പിന്നീട് ഈ രാധാവിവരം അന്വേഷിച്ചു. എന്നാല്‍, 'ഗീതഗോവിന്ദം' എന്നേ പലര്‍ക്കും ഉത്തരമുണ്ടായുള്ളൂ. ആഴവും പരപ്പുമുള്ള വായനയിലൂടെ മാത്രം കണ്ടെത്താന്‍ കഴിയുന്ന കാര്യമാണല്ലോ വീരേന്ദ്രകുമാര്‍ കണ്ടെത്തിയത്.

സംസ്ഥാനമന്ത്രിയായി നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ തികയുംമുമ്പ് രാജിവെച്ചയാളാണ്. മുന്നണി വിട്ടപ്പോള്‍ എം.പി.സ്ഥാനം ഉപേക്ഷിച്ചയാളാണ്. കേന്ദ്രത്തില്‍ മന്ത്രിയാവാനുള്ള വാഗ്ദാനം നിതീഷ്‌കുമാറില്‍നിന്നു വന്നപ്പോള്‍ അതു തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് രാജ്യസഭതന്നെ വിട്ടിറങ്ങിയത്. 'അധികാരത്തിന്റെ പ്രതാപത്തിലേക്കു ചെന്നുകയറാന്‍ പല ഭരതന്മാരുണ്ടാവും; എന്നാല്‍ അധികാരമുപേക്ഷിക്കാന്‍ ഒരു രാമനേ ഉണ്ടാവൂ' എന്ന് വീരേന്ദ്രകുമാര്‍ എഴുതിയിട്ടുണ്ട്. വാക്കും വാഴ്വും ചേര്‍ന്നുപോകുന്നത് ഇങ്ങനെയാണ്.

സംസ്‌കാരത്തോളം സങ്കീര്‍ണമായ മറ്റൊരു വാക്കില്ല എന്നു പറഞ്ഞിട്ടുണ്ടല്ലോ, റെയ്മണ്ട് വില്യംസ്. ഈ സങ്കീര്‍ണതയില്‍നിന്നു സംസ്‌കാരത്തെ രക്ഷിച്ചെടുക്കേണ്ടത് സംസ്‌കാര പഠനങ്ങള്‍ കൊണ്ടുതന്നെയാണ് എന്ന ബോധ്യമുണ്ടായിരുന്നു എന്നും വീരേന്ദ്രകുമാറിന്. ആ ബോധ്യത്തോടെയുള്ള സംസ്‌കാരപഠനംകൂടിയാണ് അദ്ദേഹത്തിന്റെ പല കൃതികളും. യാത്രാവിവരണത്തിലും ജീവചരിത്രത്തിലും വരെ ഈ സമീപനമുണ്ട്. 'സ്വാമി വിവേകാനന്ദന്‍: സന്ന്യാസിയും മനുഷ്യനും' എന്ന അദ്ദേഹത്തിന്റെ ബൃഹത്കൃതിയും 'രാമന്റെ ദുഃഖ'വും 'ഹൈമവതഭൂവി'ലും ഒക്കെ ഇതിനെ പ്രതിഫലിപ്പിക്കുന്നു. ഡി.ഡി. കോസാംബിയെയും ദേവിപ്രസാദ് ചതോപാധ്യായയെയും പോലുള്ളവരുടെ ചരിത്രസമീപന ഉപകരണങ്ങള്‍ ഉപയോഗിച്ച് മതനിരപേക്ഷമായും വസ്തുനിഷ്ഠമായും സംസ്‌കാരത്തെ അപഗ്രഥിക്കുന്ന രീതി യാത്രാവിവരണത്തില്‍മുതല്‍ ജീവചരിത്രത്തില്‍വരെ അദ്ദേഹം ഉപയോഗപ്പെടുത്തി. വിദ്യാവാചസ്പതി പനോളി വിവേകാനന്ദനെക്കുറിച്ചും ഉപനിഷത്തിനെക്കുറിച്ചും ബ്രഹ്മസൂത്രഭാഷ്യത്തെക്കുറിച്ചും ഒക്കെ പ്രസംഗിക്കുന്നതുകേട്ട് ഒരിക്കല്‍ വീരേന്ദ്രകുമാര്‍ മകന്‍ ശ്രേംയാംസ്‌കുമാറിനോട് പറഞ്ഞു: ''ആ കാലില്‍ തൊട്ടുതൊഴുക''. വിവേകാനന്ദനെക്കുറിച്ചുള്ള പനോളിയുടെ ആ പ്രസംഗമാണ് പിന്നീട് 'സ്വാമി വിവേകാനന്ദന്‍' എഴുതാന്‍ പ്രേരണയായത്. എന്നാല്‍, പനോളിയുടെ നിരുപാധിക രീതിയല്ല, സോപാധിക സമീപനരീതിയാണ് വീരേന്ദ്രകുമാര്‍ കൈക്കൊണ്ടത്. അതാണ് മൗലികത! സന്ന്യാസിയുടെ ജീവിതവിരക്തിയും സന്ന്യാസിയിലെ മനുഷ്യന്റെ ജീവിതസ്‌നേഹവും തമ്മിലുള്ള വൈരുധ്യം എത്ര സര്‍ഗാത്മകമായാണ് 'സ്വാമി വിവേകാനന്ദന്‍: സന്ന്യാസിയും മനുഷ്യനും' എന്ന കൃതിയില്‍ അനാവൃതമാകുന്നത്. ത്യജിക്കലല്ല ഉള്‍ക്കൊള്ളലാണ് വിവേകാനന്ദന്‍ ജീവിതംകൊണ്ട് ചെയ്തത് എന്ന് സമര്‍ഥിക്കുമ്പോള്‍ സന്ന്യാസത്തെ സംബന്ധിച്ച വളരെ മൗലികമായ ഒരു കണ്ടെത്തല്‍ സംസ്‌കാരപഠനത്തിലൂടെ നടത്തുകയാണ് യഥാര്‍ഥത്തില്‍ വീരേന്ദ്രകുമാര്‍ ചെയ്യുന്നത്.

യാത്രാവിവരണവും ജീവചരിത്രവും മറ്റും ദാര്‍ശനിക മാനങ്ങള്‍ ഉള്‍ക്കൊള്ളുക എന്നത് അസാധാരണമാണ്. സ്വാമി വിവേകാനന്ദനിലും യാത്രാവിവരണമായ 'ഹൈമവതഭൂവില്‍' എന്ന കൃതിയിലും ദാര്‍ശനികമായ ഭാവഗരിമയാണ് തുടിച്ചുനില്‍ക്കുന്നത്. സാംസ്‌കാരികമായ ഒരു ഹിമവല്‍ഗാംഭീര്യത്തെ അടയാളപ്പെടുത്തുന്നുണ്ട് 'ഹൈമവതഭൂവില്‍' എന്ന കൃതി. കവിതയോട് എന്നും വീരേന്ദ്രകുമാര്‍ ആത്മബന്ധം പുലര്‍ത്തി. അനുഭൂതിയുടെ സുഗന്ധംപരത്തുന്ന കാവ്യശകലങ്ങള്‍ ഒരു ശ്രമവുമില്ലാതെതന്നെ ആദ്യവായനയില്‍ ഹൃദിസ്ഥമാവുമായിരുന്നു അദ്ദേഹത്തിന്. എണ്‍പതുകളുടെ തുടക്കത്തില്‍ ദില്ലിയില്‍വെച്ച് ആദ്യമായി ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍, എന്റെ 'നചികേതസ്' എന്ന കവിത അദ്ദേഹം ചൊല്ലിക്കേള്‍പ്പിച്ചു. കേവലം വിദ്യാര്‍ഥിജീവിതം കടന്ന ഘട്ടത്തില്‍ മാത്രം എത്തിയിട്ടുള്ള എന്റെ ഈ കവിതയെക്കുറിച്ചും അദ്ദേഹം 'മാതൃഭൂമി'യില്‍ അന്ന് എഴുതി എന്നത് താന്‍ കൃതജ്ഞതയോടെ ഓര്‍മിക്കട്ടെ.

ദുര്‍വ്യാഖ്യാനങ്ങള്‍ക്കിരയാവുന്ന ചരിത്രത്തെയും സംസ്‌കാരത്തെയും വീണ്ടെടുക്കുക എന്നത് വലിയ ഒരു സാംസ്‌കാരിക ദൗത്യമായിത്തന്നെ രചനാജീവിതത്തില്‍ അദ്ദേഹം ഏറ്റെടുത്തു. 'രാമന്റെ ദുഃഖ'വും 'ഇരുള്‍പരക്കുന്ന കാല'വുമൊക്കെ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഈ വീണ്ടെടുപ്പിനാവട്ടെ, വേദോപനിഷത്തുകളെത്തന്നെ അദ്ദേഹം ഉപകരണങ്ങളാക്കി. 'സംഗഛത്വം... സംവദത്വം...' എന്ന വേദസൂക്തമെവിടെ, മനസ്സുകളെ ഭിന്നിപ്പിക്കുന്ന പുതിയ ആഹ്വാനങ്ങളെവിടെ, 'മാവിദ്വിഷാവഹൈ' എന്ന ശാന്തിമന്ത്രമെവിടെ, വിദ്വേഷം പടര്‍ത്തുന്ന ഇന്നത്തെ പ്രകോപനങ്ങളെവിടെ... ഈ വിധത്തില്‍ സംസ്‌കാരത്തിന്റെ ഉപകരണങ്ങളെടുത്തുതന്നെ സംസ്‌കാരത്തിന്റെ വക്രീകരണത്തെ ചെറുക്കുക എന്നതായിരുന്നു രീതി. ആത്മീയത വ്യാജ ആത്മീയതയ്ക്കും വ്യാജ ആത്മീയത വര്‍ഗീയതയ്ക്കും വര്‍ഗീയത ഭീകരതയ്ക്കും വഴിമാറുന്ന ആപത്കരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് അദ്ദേഹം ഈ രചനകളിലൂടെ സമൂഹത്തെ ഉണര്‍ത്തി.

സാമ്പത്തിക പരമാധികാരം തകര്‍ന്നാല്‍ അടുത്തപടിയായി തകരുക രാഷ്ട്രപരമാധികാരമാണെന്ന് ഓര്‍മപ്പെടുത്തുന്നവയായി 'ഗാട്ടും കാണാച്ചരടുകളും' പോലുള്ള ഗ്രന്ഥങ്ങള്‍. കുടിവെള്ളത്തിനുവേണ്ടി മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന കാലം വരുമെന്നദ്ദേഹം മുന്നറിയിപ്പുനല്‍കി. കുടിവെള്ളം മനുഷ്യന്റെ മൗലികാവകാശമല്ല എന്ന് അമേരിക്കന്‍ കോടതി വിധിപറഞ്ഞപ്പോള്‍, വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ വിപത്സന്ധിയിലേക്ക് എത്രത്തോളം മനുഷ്യരാശി അടുത്തുകഴിഞ്ഞു എന്നു നാം തിരിച്ചറിയുകയായിരുന്നു. 'പ്ലാച്ചിമട മുതല്‍ ഡിട്രായിറ്റ് വരെ' എന്നത് ലോകത്തിന്റെ മനഃസാക്ഷി ഉണര്‍ത്താന്‍പോരുന്ന കൃതിയത്രെ. കരാര്‍ കൃഷി അടക്കമുള്ളവ ഉദാഹരണമായി എടുത്തുകാട്ടിക്കൊണ്ട് നമ്മുടെ സാമ്പത്തിക പരമാധികാരം തകരുന്നതിന്റെ രീതികള്‍ 'ഗാട്ടും കാണാച്ചരടുകളും' പോലുള്ള കൃതികളിലൂടെ സമൂഹത്തിന്റെ മുമ്പില്‍വെച്ചു. സാമ്പത്തിക ഇടപാടുകള്‍ക്കായി വന്നവരാണ് പണ്ട് നമ്മുടെമേല്‍ രാഷ്ട്രീയമായി പിടിമുറുക്കിയത് എന്ന് ഓര്‍മിപ്പിച്ചു. 'ബദലില്ല' എന്ന മുദ്രാവാക്യത്തെ 'ബദലുണ്ട്' എന്ന വാക്യംകൊണ്ട് പകരംവെച്ചു.

മനുഷ്യരാശിയോടാകെയുള്ള താദാത്മ്യം 'ഇരുള്‍പരക്കുന്ന കാലം' പോലുള്ള കൃതികളില്‍ പ്രകടമാണ്.

'എങ്ങുമനുഷ്യനു ചങ്ങല കൈകളില്‍...

അങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ-

ണെങ്ങോമര്‍ദന,മവിടെ പ്രഹരം

വീഴുവതെന്റെ പുറത്താകുന്നു' എന്ന എന്‍.വി. കൃഷ്ണവാരിയരുടെ കവിതയിലെ സര്‍വഭൂതഹൃദയത്വം തുടിച്ചുനില്‍ക്കുന്ന മനസ്സില്‍നിന്നേ, 'ഗാസ കത്തുന്നു; ലോകം ഉറങ്ങുന്നു' പോലുള്ളവ പുറത്തുവരൂ. സാംസ്‌കാരിക പ്രവര്‍ത്തനമെന്നത് സാമൂഹികജീവിതത്തിന്റെ മേല്‍പ്പുരയേ ആവുന്നുള്ളൂ എന്നകാര്യത്തില്‍ നല്ല നിശ്ചയമുണ്ടായിരുന്നു വീരേന്ദ്രകുമാറിന്. അടിത്തറ ഭൗതിക ജീവിതത്തിന്റേതാണെന്നും അതിനെ രൂപപ്പെടുത്തുന്നത് സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയാണെന്നും അതു തകര്‍ന്നാല്‍ മേല്‍പ്പുരയ്ക്ക് തനിച്ചു നിലനില്‍പ്പില്ല എന്നും അദ്ദേഹം വിശ്വസിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിമുതല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിവരെ എഴുതപ്പെട്ട നിരവധിയായ ലേഖനങ്ങളില്‍ ഈ വീക്ഷണം പ്രകടമാണ്. സാഹിത്യജീവിതത്തെയും രാഷ്ട്രീയജീവിതത്തെയും അദ്ദേഹം ഒരുമിച്ചു കൊണ്ടുപോയി. രാഷ്ട്രീയത്തില്‍ വ്യാപരിച്ചാല്‍ സാഹിത്യജീവിതത്തിന് ഗ്ലാനിതട്ടും എന്നു ഭയന്നില്ല. മാനുഷികസത്ത നശിച്ചുപോകുന്നുവോ എന്ന ഉത്കണ്ഠകളും ആശങ്കകളുമാണ് അദ്ദേഹത്തെ രചനാലോകത്ത് നയിച്ചത്. വ്യക്തിജീവിതത്തിലെ ധര്‍മവ്യസനം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലും പ്രതിഫലിച്ചത്.

Content Highlights: writer Prabha Varma about MP Veerendra Kumar