സ്വപ്നത്തെ അനുഗമിച്ച് നിധിതേടിപ്പോയ സാന്റിയാഗോയുടെ തിരിച്ചറിവാണ് പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റ്' പറയുന്നത്. അവസാനം അവന്‍ കണ്ടെത്തുന്നത് നിധിയെന്നത് സഞ്ചരിച്ച വഴികളും അവ നേടിത്തന്ന അറിവുമാണെന്നാണ്. ലോകപുസ്തക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ആല്‍ക്കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്‌ലോയുടെ എഴുപത്തിനാലാം പിറന്നാളാണിന്ന്. സ്വപ്നത്തെ അനുഗമിച്ച് നിധിതേടിപ്പോയ സാന്റിയാഗോയോുടെ കഥയെക്കാള്‍ സംഭവബഹുലവും സാഹസികവുമാണ് അതിന്റെ സൃഷ്ടാവിന്റെ ജീവിതകഥ.

''നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.'' - പൗലോ കൊയ്‌ലോ

1988-ല്‍ 'ആല്‍കെമിസ്റ്റ്' എന്ന നോവലിലൂടെ ലോകം ഏറ്റെടുത്ത ആശയമാണിത്. ബോളിവുഡില്‍ കിങ് ഖാന്‍ മുതല്‍ മലയാള സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ വരെ ഉപയോഗിച്ച ആപ്തവാക്യം. പൗലോ കൊയ്‌ലോ എന്ന ബ്രസീലുകാരനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച വാക്കുകള്‍ എന്നുപറഞ്ഞാല്‍ പോലും അത് അതിശയോക്തിയാവില്ല. ഇന്ന്, 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, എണ്‍പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള 'ആല്‍കെമിസ്റ്റി'ന്റെ രണ്ട് ദശലക്ഷം കോപ്പികളാണ് ഇന്ത്യയില്‍ മാത്രം വില്‍ക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല, ഓരോ വര്‍ഷവും 1,40,000 പുതിയ കോപ്പികള്‍ക്ക് വായനക്കാര്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. നാളിതുവരെ, ജീവിച്ചിരിക്കുന്ന ഒരു എഴുത്തുകാരനും പൗലോ കോയ്‌ലോയെ പോലെ പ്രായത്തിനും ഭാഷയ്ക്കും കാലത്തിനും അതീതമായ സ്വീകാര്യത ലഭിച്ചിട്ടുണ്ടാവില്ല. 

ബ്രസീലില്‍ ഒരു ക്രിസ്ത്യന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച, അന്തര്‍മുഖനായ പൗലോ കൊയ്‌ലോയ്ക്ക് എഴുത്തുകാരനാവുക എന്നതായിരുന്നു ചെറുപ്പത്തിലെ മോഹം. എന്നാല്‍, ഒരിക്കല്‍ തന്റെ അമ്മയോട് ആഗ്രഹം സൂചിപ്പിച്ചപ്പോള്‍ 'നിയമം കൈയാളുന്ന അച്ഛന്റെ മകന് എഴുത്തിനെക്കുറിച്ച് എന്തറിയാനാണ്' എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. അതുകൊണ്ടൊന്നും പൗലോ ആഗ്രഹം വെടിഞ്ഞില്ല. അന്തര്‍മുഖനായതുകൊണ്ടോ അതോ വ്യവസ്ഥാപിതമായ രീതികളോടുള്ള തന്റെ എതിര്‍പ്പ് കണ്ടിട്ടോ എന്തോ, പതിനേഴു വയസ്സുള്ള പൗലോ കൊയ്‌ലോയെ മാതാപിതാക്കള്‍ മനോരോഗാലയത്തില്‍ പ്രവേശിപ്പിച്ചു. മൂന്നു തവണ അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുപതാം വയസ്സിലാണ് പൗലോ കൊയ്‌ലോയ്ക്ക് അവിടെനിന്ന് ഇറങ്ങാനായത്. തുടര്‍ന്ന്, മാതാപിതാക്കളുടെ ആഗ്രഹപ്രകാരം, എഴുത്തെന്ന മോഹം വെടിഞ്ഞ പൗലോ നിയമവിദ്യാര്‍ത്ഥിയുമായി. 

എന്നാല്‍, വ്യവസ്ഥാപിതമായ ഈ ജീവിതത്തോട് പൊരുത്തപ്പെടാനാവാതെ ഒരു വര്‍ഷത്തിന് ശേഷം നിയമവിദ്യാഭ്യാസം ഉപേക്ഷിച്ച് പൗലോ കൊയ്‌ലോ ഒരു ഹിപ്പിയായി മാറുകയായിരുന്നു. മുടി നീട്ടി വളര്‍ത്തി, മയക്കുമരുന്നിന്റെയും സംഗീതത്തിന്റെയും ലഹരിയില്‍ പൗലോ തന്റെ ഹിപ്പി കൂട്ടുകാരുമൊത്ത് ദക്ഷിണ അമേരിക്കയിലൂടെയും ആഫ്രിക്കയിലൂടെയും മെക്സിക്കോയിലൂടെയും സഞ്ചരിച്ചു. പിന്നീട്, ബ്രസീലിലേക്ക് തിരികെയെത്തിയ പൗലോ കൊയ്‌ലോ ഗാനരചനയില്‍ വ്യാപൃതനായി. എണ്‍പതുകളില്‍ പൗലോ അഭിനേതാവായും ജേണലിസ്റ്റായും നാടക സംവിധായകനായും തന്റെ കഴിവുകളെ ആരായുകയായിരുന്നു. 1986-ല്‍ പൗലോ കൊയ്‌ലോ വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സാന്റിയാഗോ ഡേയ് കോംപോസ്റ്റിലായിലൂടെ നടത്തിയ യാത്രയിലാണ് തന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന എഴുത്തുകാരനാകാനുള്ള മോഹത്തിന് വീണ്ടും ജീവന്‍ വെച്ചത്. ഈ യാത്രയായിരുന്നു 1987-ല്‍ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം, 'ദി പില്‍ഗ്രിമേജി'ന് ആധാരം. തുടര്‍ന്ന്, മറ്റു ജോലികള്‍ ഉപേക്ഷിച്ച പൗലോ കൊയ്‌ലോ എഴുത്തുകാരനാകാനുള്ള ആഗ്രഹത്തില്‍ മാത്രം ശ്രദ്ധ ചെലുത്തി. അങ്ങനെ, വൈകാതെ 'ആല്‍കെമിസ്റ്റ്' ജനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹത്തിന് പ്രപഞ്ചംതന്നെ വഴിയൊരുക്കി ക്കൊടുക്കുകയായിരുന്നിരിക്കണം!

Paulo Coelho'ആല്‍കെമിസ്റ്റി'നെ പൗലോ കൊയ്‌ലോ തന്നെ പില്‍ക്കാലത്തെ ഒരഭിമുഖത്തില്‍ 'തന്റെ ജീവിതത്തിന്റെ ഭാവാര്‍ത്ഥം' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ ആത്മാവില്‍ എന്നോ താന്‍പോലും അറിയാതെ കുറിച്ചിട്ട കഥയായതുകൊണ്ടാണ് അത് അനായാസം എഴുതാന്‍ കഴിഞ്ഞത് എന്നാണ് ആദ്ദേഹം പറഞ്ഞത്. വിധിയെ ചെറുക്കുന്ന വിജയപ്രതീക്ഷയും പോസിറ്റിവിറ്റിയും പോലെയുള്ള പ്രോത്സാഹനാര്‍ഹമായ ആശയങ്ങള്‍ക്കുപരി, പിന്നീടുള്ള കഥകളില്‍ ആത്മീയത, ആത്മപരിശോധന, പ്രകൃതിയോടും അവനവനോടുതന്നെയുള്ള പ്രണയം, എന്നിങ്ങനെയുള്ള ആശയങ്ങളും പൗലോ കൊയ്‌ലോ പ്രതിപാദിച്ചിട്ടുണ്ട്. പൗലോ കൊയ്‌ലോയുടെ നോവലുകളില്‍ ഓരോ വ്യക്തിക്കും അവരുടെ ഉപബോധവുമായി സംവദിക്കുന്ന ഒരു ഘടകമെങ്കിലും കണ്ടെത്താനാകും എന്നതാണ് അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകത.

മാജിക്കല്‍ റിയലിസം അനായാസമായി കൈകാര്യം ചെയ്യുന്ന എണ്ണപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് പൗലോ കൊയ്‌ലോ. അതുപോലെ തന്റെ ശൈലിയില്‍ പരീക്ഷണങ്ങള്‍ നടത്താനും പൗലോ കൊയ്‌ലോ മടിച്ചിട്ടില്ല. ഫിക്ഷന്റെയും നോണ്‍ഫിക്ഷന്റെയും ഇടയിലെ ഇടനാഴികകളിലൂടെയുള്ള ഒരു പരീക്ഷണമായിരുന്നു ചാരസുന്ദരി മാത ഹരിയുടെ കഥയെ ആസ്പദമാക്കി പൗലോ കൊയ്‌ലോ എഴുതിയ 'ദി സ്പൈ'. എഴുത്തിലേക്ക് തന്നെ വഴിതിരിച്ചുവിട്ട സ്പെയിനിലെ യാത്രയും ആ യാത്രയോടനുബന്ധിച്ച് താന്‍ അനുഭവിച്ച ആത്മീയ ഉണര്‍വും പൗലോ കൊയ്‌ലോ 'ദി പില്‍ഗ്രിമേജ്' എന്ന ആദ്യ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ആല്‍കെമിസ്റ്റ്, ഫിഫ്ത് മൗണ്ടന്‍, സഹീര്‍, വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു, പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി, ഇലവന്‍ മിനിറ്റ്സ്, വിജയി ഏകനാണ്, ബ്രിഡ, ചെകുത്താനും ഒരു പെണ്‍കിടാവും, വാല്‍കൈറീസ്: ദേവദൂതികളുമായൊരു സമാഗമം, പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി, അലെഫ്, അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍, അഡല്‍റ്റ്റി, ഒഴുകുന്ന പുഴപോലെ, ചാരസുന്ദരി, ഹിപ്പി, ദര്‍ശനം, വെളിച്ചത്തിന്റെ പോരാളികള്‍, തീര്‍ത്ഥാടനം,'ആര്‍ച്ചര്‍' തുടങ്ങി എഴുതിയ പുസ്തകങ്ങളെല്ലാം ചരിത്രങ്ങള്‍ സൃഷ്ടിച്ചു. ഇന്ന് ലോകത്തില്‍ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായി ഏറ്റവും സ്വാധീനിക്കപ്പെടുന്ന ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിയായി പൗലോ കൊയ്‌ലോ തന്റെ എഴുത്തുജീവിതം തുടരുന്നു. പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാളാശംസകള്‍.

Content Highlights: writer Paulo Coelho birthday