ഇറ്റലിയില്‍ നിന്നാണ് ഞാനിതെഴുതുന്നത്. അതായത് ഞാനിതെഴുതുന്നത് നിങ്ങളുടെ ഭാവിയില്‍ നിന്നുകൊണ്ടാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ എവിടെയായിരിക്കുമോ അവിടെയാണ് ഞങ്ങളിപ്പോള്‍. ഈ മഹാമാരിയുടെ പോക്ക് കാണിക്കുന്നത് അത് നമ്മളെയെല്ലാം ഒരുപോലെ ചുറ്റിവരിഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ്.

എന്നാല്‍, സമയത്തിന്റെ കാര്യമെടുത്താല്‍, നിങ്ങളെക്കാള്‍ ഒരുപടി മുന്നിലായിപ്പോയി ഞങ്ങള്‍. വുഹാന്‍ ഞങ്ങളെക്കാള്‍ ഏതാനും ആഴ്ചകള്‍മുമ്പേ പെട്ടുപോയതുപോലെ. ഞങ്ങള്‍ പെരുമാറിയതുപോലെയൊക്കെ നിങ്ങളും ചെയ്യുന്നത് ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 'ഇതൊരു ചെറിയ പനിയല്ലേ, ഇത്രത്തോളം ഒച്ചപ്പാടുണ്ടാക്കുന്നതെന്തിന്?' എന്നു ചോദിക്കുന്നവര്‍ക്കും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയവര്‍ക്കും ഇടയില്‍നിന്ന് ഏതാനുംനാള്‍മുമ്പ് ഞങ്ങളുയര്‍ത്തിയ അതേ വാദങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ പറയുന്നു.

ഇവിടെയിരുന്ന്, നിങ്ങളുടെ ഭാവിയിലിരുന്ന്, അങ്ങോട്ടേക്ക് നോക്കുമ്പോഴുണ്ടല്ലോ, നിങ്ങളില്‍ ഒട്ടേറെപ്പേരെ ഞങ്ങളറിയുന്നു.

Italy

ഇങ്ങനെയൊക്കെയാണോ നിങ്ങള്‍

ആദ്യമായി, നിങ്ങളൊത്തിരി ഭക്ഷണം കഴിക്കും. ഇപ്പോഴും ചെയ്യാന്‍ കഴിയുന്ന വളരെക്കുറച്ച് കാര്യങ്ങളിലൊന്നാണ് അത് എന്നുള്ളതുകൊണ്ടു മാത്രമല്ല, ഒഴിവുസമയങ്ങള്‍ എങ്ങനെ ആനന്ദകരമാക്കാമെന്നതിനെക്കുറിച്ചുള്ള ഒട്ടേറെ ക്ലാസുകള്‍ സാമൂഹികമാധ്യമങ്ങള്‍ നിങ്ങള്‍ക്കുമുന്നിലെത്തിക്കും. നിങ്ങളാകട്ടെ. അതെല്ലാം പരീക്ഷിക്കുകയും ചെയ്യും. പക്ഷേ, ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവയെ നിങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കും.

ഷെല്‍ഫില്‍ നിന്ന് മഹാദുരന്തങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കും. എന്നാല്‍, അതിലൊന്നുപോലും വായിക്കാന്‍ ശരിക്കും നിങ്ങളാഗ്രഹിക്കുന്നില്ലെന്ന സത്യം വളരെപ്പെട്ടെന്നുതന്നെ തിരിച്ചറിയും. വീണ്ടും ഭക്ഷണം കഴിക്കും. ശരിയായി ഉറങ്ങാനാവില്ല നിങ്ങള്‍ക്ക്. ജനാധിപത്യത്തിന് എന്താണു സംഭവിക്കുന്നതെന്ന ചോദ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്വയം ചോദിച്ചുകൊണ്ടേയിരിക്കും. സാമൂഹികമാധ്യമങ്ങളിലേക്ക് നിങ്ങള്‍ ഊളിയിടും. തടഞ്ഞുനിര്‍ത്താനാവാത്ത ഓണ്‍ലൈന്‍ ജീവിതത്തിലേക്ക് വഴുതിവീഴും, മെസഞ്ചറിലും വാട്സാപ്പിലും സ്‌കൈപ്പിലും സൂമിലുമായി മാറിമാറിയങ്ങനെ. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തതരത്തില്‍ നിങ്ങള്‍ക്ക് മക്കളുടെ അസാന്നിധ്യം അനുഭവപ്പെടും. അവരെയിനി എന്നു കാണാന്‍ കഴിയുമെന്നതിനെക്കുറിച്ച് ഒരു പിടിയുമില്ലെന്ന തിരിച്ചറിവ് നെഞ്ചില്‍ ഇടിത്തീപോലെ പതിക്കും.

നോക്കൂ, എല്ലാം മാറിമറയും

പഴയ വിദ്വേഷങ്ങളും വഴക്കുകളുമെല്ലാം അര്‍ഥമില്ലാത്തവയായിരുന്നെന്ന തിരിച്ചറിവ് വന്നുമൂടും. ഇനിയൊരിക്കലും മിണ്ടില്ലെന്ന് ശപഥംചെയ്തിട്ടുള്ളവരെ അങ്ങോട്ടു വിളിക്കും, 'എങ്ങനെയുണ്ട് നിനക്ക്' എന്നു കുശലം ചോദിക്കും. ഒരുപാട് സ്ത്രീകള്‍ വീട്ടകങ്ങളില്‍ മര്‍ദിക്കപ്പെടും. വീടില്ലാത്തതുകൊണ്ട്, വീട്ടിനുള്ളില്‍ ഒതുങ്ങാന്‍ കഴിയാത്തവര്‍ക്ക് എന്തുസംഭവിക്കുമെന്നോര്‍ത്ത് ആശ്ചര്യപ്പെടും. ആളൊഴിഞ്ഞ തെരുവിലൂടെ, സാധനങ്ങള്‍ വാങ്ങാനിറങ്ങുമ്പോള്‍ എന്തിനോടോ കീഴ്പ്പെടാന്‍ പോകുന്നുവെന്ന പേടിവന്നുനിറയും, പ്രത്യേകിച്ചും നിങ്ങളൊരു സ്ത്രീയാണെങ്കില്‍. ഇത്രത്തോളം സമൂഹം തകര്‍ന്നുപോയല്ലോയെന്ന ചോദ്യം ഉള്ളില്‍ വന്നലയ്ക്കും. ശരിക്കും ഇതിത്രയും വേഗത്തില്‍ സംഭവിച്ചതാണോ? എന്നദ്ഭുതപ്പെടും. ഇത്തരം ചിന്തകളാല്‍മൂടി തിരികെ വീട്ടിലെത്തി വീണ്ടും ഭക്ഷണത്തിനുമുന്നിലിരിക്കും.

നിങ്ങളുടെ ശരീരഭാരം മുന്നോട്ടുകുതിക്കും. ഓണ്‍ലൈന്‍ ഫിറ്റ്നസ് പരിശീലനത്തിനായി ഇന്റര്‍നെറ്റില്‍ പരതും. നിങ്ങള്‍ ചിരിക്കും, വീണ്ടും വീണ്ടും ചിരിക്കും, മുമ്പുണ്ടായിട്ടില്ലാത്തതുപോലെ ക്രൂരഹാസ്യങ്ങള്‍ക്കുപോലും. എല്ലാകാര്യങ്ങളും ഗൗരവത്തോടെ മാത്രം കണ്ടിരുന്നവര്‍പോലും ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെയും അസംബന്ധങ്ങളെ അംഗീകരിക്കും.

italy

പുതിയ ലോകത്തിന് സാക്ഷ്യംവഹിക്കുന്നവര്‍

കൂട്ടുകാര്‍ക്കും പ്രണയിതാവിനുമൊപ്പം സൂപ്പര്‍ മാര്‍ക്കറ്റില്‍ വരിനില്‍ക്കാന്‍ നിങ്ങള്‍ അവസരംതേടും. അങ്ങനെയെങ്കിലും അവരെ നേരില്‍ക്കാണാന്‍. പക്ഷേ, സാമൂഹിക അകലത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടുമാത്രം. നിങ്ങള്‍ക്കാവശ്യമില്ലാത്ത ഓരോന്നും മാറ്റിവെക്കും.

ചുറ്റുമുള്ള ഓരോരുത്തരുടെയും ശരിക്കുള്ള സ്വഭാവം എല്ലാമറകളും നീക്കി പുറത്തുവരും. വാര്‍ത്താനേരങ്ങളില്‍ പതിവായെത്തിയിരുന്ന പണ്ഡിതക്കൂട്ടങ്ങള്‍ അപ്രത്യക്ഷരാകും. അവരുടെ അഭിപ്രായങ്ങള്‍ പൊടുന്നനെ അപ്രസക്തമായിത്തീരും. ചിലര്‍ യുക്തിവാദത്തില്‍ അഭയംതേടും. നിങ്ങള്‍ അവഗണിച്ചിരുന്നവര്‍ ധൈര്യംപകരാനെത്തും, ചേര്‍ത്തുപിടിക്കും. ഉള്‍ക്കാഴ്ചയോടെ, പ്രായോഗികതയോടെ ഒന്നിച്ചുനില്‍ക്കും. ഇക്കാണുന്നതെല്ലാം പ്രകൃതിയുടെ പുനരുജ്ജീവനത്തിനുള്ള അവസരമാണെന്നു കരുതണമെന്ന ചിലരുടെ ഉപദേശം കുറെക്കൂടി വിശാലമായി ചിന്തിക്കാന്‍ സഹായിക്കും.

എന്നാല്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതുകൊണ്ട് പ്രകൃതി നന്നായി ശ്വസിക്കുന്നു തുടങ്ങിയ ചിലതൊക്കെ നല്ലോണം അലോസരപ്പെടുത്തുകയും ചെയ്യും. അതൊക്കെ ശരി, അടുത്തമാസത്തെ ബില്ല് എങ്ങനെ കൊടുക്കും? ഒരു പുതിയ ലോകത്തിന്റെ പിറവിക്ക് സാക്ഷിയാകേണ്ടിവന്നത് ആഡംബരമായി പറയേണ്ടതോ അതോ ദൗര്‍ഭാഗ്യകരമായ ഒന്നോയെന്ന് പറയാന്‍കഴിയാതെ സ്തബ്ധരായി നില്‍ക്കേണ്ടിവരും.

നമ്മള്‍ ഒരേ തോണിയിലെ സഞ്ചാരികള്‍

ജനാലയ്ക്കലും പുല്‍ത്തകിടിയിലുംനിന്ന് നിങ്ങള്‍ സംഗീതം പൊഴിക്കും. ബാല്‍ക്കണികളില്‍ നിന്ന് ഓപ്പറ പാടിയപ്പോള്‍ 'ആഹാ, ആ ഇറ്റലിക്കാര്‍' എന്നു നിങ്ങള്‍ ചിന്തിച്ചില്ലേ. ആവേശം പരത്തുന്ന പാട്ടുകള്‍ നിങ്ങളും പാടുമെന്നെനിക്കുറപ്പുണ്ട്. 'ഞാന്‍ അതിജീവിക്കും' എന്ന പാട്ട് ജനലിനരികില്‍ ഉറക്കെവെക്കുമ്പോള്‍ ഞങ്ങളതിനൊപ്പം തലകൊണ്ടു താളംപിടിക്കും. ഫെബ്രുവരിയില്‍ ജനലുകള്‍ക്കരികെനിന്നു പാടിയ ഞങ്ങള്‍ക്കൊപ്പം വുഹാന്‍ ജനത താളംപിടിച്ചപോലെ.

ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ആദ്യം ചെയ്യാന്‍ പോകുന്നത് വിവാഹമോചനമാണെന്ന് ഒട്ടേറെപ്പേര്‍ ശപഥംചെയ്യും. ഒട്ടേറെപ്പേര്‍ ഗര്‍ഭം ധരിക്കും. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഓണ്‍ലൈന്‍ സ്‌കൂളില്‍ പഠിക്കും. അവര്‍ നിങ്ങള്‍ക്ക് ഭയാനകമായ ശല്യമായിത്തീരും, തൊട്ടടുത്ത നിമിഷം നിങ്ങളുടെ അവര്‍ണനീയമായ സന്തോഷത്തിനു കാരണമാകും. തെമ്മാടികളായ കൗമാരക്കാരെപ്പോലെ അനുസരണക്കേടുകാട്ടും, വീട്ടിലെ പ്രായമായവര്‍. പുറത്തുപോകരുതെന്ന വാക്ക് അനുസരിപ്പിക്കാന്‍ അവരോടു പോരാട്ടംതന്നെ നടത്തേണ്ടിവരും. ഐ.സി.യുവിനുള്ളിലെ ഏകാന്തമരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ നിങ്ങള്‍ ഓരോനിമിഷവും ശ്രമിച്ചുകൊണ്ടേയിരിക്കും.

italy

ഓരോ ആരോഗ്യപ്രവര്‍ത്തകരുടെയും വീട്ടുപടികളില്‍ പനിനീര്‍ദളങ്ങള്‍ വിരിക്കാന്‍ നിങ്ങളാഗ്രഹിക്കും. നമ്മളെല്ലാം ഒരേ തോണിയിലാണെന്നും ഒരേ ലക്ഷ്യത്തിനായി നാം ഒന്നിച്ചിരിക്കുകയാണെന്നും ആരൊക്കെയോ നമ്മെ ബോധ്യപ്പെടുത്തും.

സമൂഹത്തിലെ തട്ടുകള്‍, അത് എല്ലായിടത്തും വ്യത്യാസങ്ങള്‍ സൃഷ്ടിക്കും. ഭംഗിയുള്ള പൂന്തോട്ടമുള്ള വീട്ടിലും അടച്ചിരിക്കുന്നതുപോലെയാവില്ല ആള്‍ക്കൂട്ടംനിറഞ്ഞ കോളനിയിലെ ജീവിതം. വീട്ടിലിരുന്നു ജോലിചെയ്യുന്നതും ജോലി ഇല്ലാതാവുന്നത് കണ്ടിരിക്കുന്നതും രണ്ടും രണ്ടാണ്. ഒരേതോണിയിലിരുന്ന് കോവിഡ്-19 എന്ന മഹാമാരിയെ തോല്‍പ്പിക്കാന്‍ നാം തുഴയുന്നുവെന്നു പറയുമ്പോഴും ഓരോരുത്തര്‍ക്കും ആ പോരാട്ടം വ്യത്യസ്തമാണ്. ഒരിക്കലും അതൊരുപോലെയല്ല. അങ്ങനെ ആയിരുന്നിട്ടുമില്ല. ഒരുഘട്ടത്തില്‍ നാം തിരിച്ചറിയും, ഇത് ദുഷ്‌കരമാണെന്ന്. നിങ്ങള്‍ക്കന്ന് ഭയം തോന്നും. അതു നിങ്ങള്‍ പ്രിയപ്പെട്ടവരുമായി പങ്കുവെക്കും. അല്ലെങ്കില്‍ അവരെക്കൂടി പേടിപ്പെടുത്താതിരിക്കാന്‍ സ്വയം ഉള്ളില്‍ കുഴിച്ചുമൂടും.

ഞങ്ങള്‍ ഇറ്റലിയിലാണ്. നിങ്ങളുടെ ഭാവിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്നത്, പറയാനാകുന്നത് ഇതാണ്. പക്ഷേ, ഇതൊരു ചെറു ഭാവിപ്രവചനം മാത്രമാണ്. കാരണം പരിമിതമായ ദീര്‍ഘദര്‍ശനം മാത്രമുള്ളവരാണ് ഞങ്ങള്‍. നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അജ്ഞാതമായ ഭാവിയിലേക്ക് കൂടുതല്‍ വിശാലമായി ഞങ്ങള്‍ക്കു നോക്കാനാകുമായിരുന്നെങ്കില്‍. ഒരൊറ്റ കാര്യം മാത്രമേ നിങ്ങളോടു പറയാനുള്ളൂ. ഇതെല്ലാം അതിജീവിച്ചുകഴിയുമ്പോള്‍. ഈ ലോകം പക്ഷേ, പഴയതുപോലെയായിരിക്കില്ല.

(ഇറ്റാലിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് ലേഖിക)