ർക്കല,ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയുടെ സ്ഥാപനവാർഷികത്തോടനുബന്ധിച്ചു നടന്ന, അക്കൊല്ലത്തെ, സാംസ്കാരികസമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ ഞാനേറെ സന്തോഷിച്ചു. കുടുംബസമേതം തലേന്നാൾ ഉച്ചയ്ക്കു തന്നെ ശിവഗിരിയിലെത്തി.നാരായണഗുരുവിന്റെ അനശ്വരപാദമുദ്രകൾ പതിഞ്ഞ അവിടത്തെ വെൺപൂഴിയിലൂടെ നടക്കുകയും ആ പാവന വായു ശ്വസിക്കുകയും ചെയ്തപ്പോൾ 'അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ' അനുഭവിച്ചതായി മഹാകവി വള്ളത്തോൾ വർണ്ണിച്ചതിന്റെ പൊരുൾ വെളിവായി- 'ഏതോ വിശിഷ്ടപ്രയോഗത്താൽ ജീവിതം / നൂതനമായ്ത്തീർന്നതായും തോന്നി.' അക്രൂരനെപ്പോലെ ഞാനാ പൂഴിയിൽ വീണുരുണ്ടില്ലെന്നേയുള്ളു. വൈകുന്നേരം,
വർക്കലക്കടപ്പുറത്തെ സൂര്യാസ്തമയം ആശാൻ കവിതയിലെ ദുരന്ത ഗംഭീരമായ ഏതോ രംഗത്തിന്റെ പ്രകാശ-ശബ്ദാവിഷ്കാരമായിമാറി. 'പാപനാശം' എന്ന പേര് ആ പ്രകാശത്തിൽ കൂടുതൽ തിളങ്ങി. വൃത്തിയും വിശുദ്ധിയുമുള്ള അതിഥിമന്ദിരത്തിലെ ഉറക്കം അത്രമേൽ ഗാഢമായതിനാലാവണം ഞാൻ പുലർച്ചെ അഞ്ചു മണിക്കേ ഉണർന്നു. ഉടനേ തോന്നിയത് വാതിൽ തുറന്ന് ശിവഗിരിയിലെ സൂര്യോദയം കാണണമെന്നാണ്. നേരം പുലരാത്തതു കൊണ്ടും മുറി പടിഞ്ഞാറേയ്ക്ക് തുറക്കുന്നതായതു കൊണ്ടും വാതിൽച്ചതുരം നിറഞ്ഞു വഴിഞ്ഞത് അസാമാന്യശോഭയും വലിപ്പവുമുണ്ടെന്നു തോന്നിച്ച പൗർണ്ണമിച്ചന്ദ്രൻ! 'ലസിത സ്മിതനായ ചന്ദ്രികാഭസിതസ്നാത!' എന്ന് ആ മൃഗാങ്കനെ കൈതൊഴുത്, 'പാവനൻ സുരഭിവായു വന്നു ക-/ണ്ടാ വഴിക്കു പദമൂന്നിനാ നവൻ ' എന്ന പോലെ, ആരോടും പറയാതെ, ഞാൻ പുറത്തിറങ്ങി നടന്നു. ശിവഗിരിയാകെ വിജനം, നിശ്ശബ്ദം.ശാരദാമഠത്തിൽ മാത്രം വെളിച്ചമുണ്ട്. ആ അഷ്ടകോണാലയത്തിന്റെ ചില്ലുജാലകങ്ങളിലൂടെ എട്ടു ദിക്കിലേയ്ക്കും, വിദ്യാപ്രകാശം പോലെ, വെളിച്ചം പ്രസരിക്കുന്നു. ആദ്യം കണ്ട പൂർണ്ണചന്ദ്രൻ അപ്പോഴുമുണ്ട് വഴികാട്ടിയായി ,എന്റെ കൂടെ.ശാരദാമഠത്തിൽ നിന്നുള്ള വെളിച്ചം ആ നിലാവിൽ ലയിച്ച് അപാരമാകുന്നുമുണ്ടായിരുന്നു.ക്രമേണ അതെല്ലാം പകലിൽ കലർന്ന് ഏകതാനമായി.ശിവഗിരിയിലെ ശ്രേഷ്ഠരായ സന്യാസിമാരുടെ മസൃണമായ 'മുഖചന്ദ്രമണ്ഡലം' മാത്രം ആ പകലിലും വ്യതിരിക്ത ശോഭയോടെ പ്രകാശിച്ചു.

പിന്നീട് അവരിലാരോ പറഞ്ഞാണറിഞ്ഞത്, തലേന്നാൾ ചിത്രാപൗർണ്ണമിയായിരുന്നു - മഹാകവി കുമാരനാശാന്റെ ജന്മദിനം. ഏതാണ്ട് ഒന്നര നൂറ്റാണ്ടിനപ്പുറം ആശാന്റെ പിറവിക്കു സാക്ഷിയായി നിന്ന അതേ മുഴുതിങ്കളിലേയ്ക്കായിരുന്നു രാവിലെ ഞാനുണർന്നത് ,അതും ശിവഗിരിക്കുന്നിൽ വെച്ച്! പിന്നീട് ശാരദാമീത്തിനു മുന്നിൽ ചിലർ ഗുരുവിന്റെ 'ജനനീനവരത്നമഞ്ജരി' മതിമറന്നുപാടുന്നതു കേട്ടു.ശാരദാമീത്തിന്റെ ശിലാസ്ഥാപനം നടന്ന പവിത്രമുഹൂർത്തത്തിൽ ഗുരു അവിടെവെച്ച് അന്നാദ്യമായി ചൊല്ലിയതാണ് ' ജനനീ നവരത്നമഞ്ജരി' എന്ന അറിവും പുതിയതായിരുന്നു.(കുമാരനാശാനും എഴുതിയിട്ടുണ്ട് ശിവഗിരിയിലെ വാഗ്ദേവിയെപ്പറ്റി , 'ശാരദാസ്തവം ' എന്നൊരു സംസ്കൃത കീർത്തനം).

ഗുരുകവിതയുടെ പൂർണ്ണിമയാണ് 'ജനനീനവരത്നമഞ്ജരി' എന്ന് നിസ്സംശയം പറയാം. വാഗ്വന്ദനത്തിന്റെ നവരാത്രിനാളുകൾക്കെന്ന പോലെ ,ഒൻപതിതളുകളാണ് ഗുരുവിന്റെ കവിതയ്ക്ക്. 'മത്തേഭം' എന്ന അപൂർവ്വസംസ്കൃത വൃത്തത്തിലെഴുതപ്പെട്ട ഒൻപത് അസാധാരണ ശ്ലോകങ്ങൾ.'ജനനീ, വാഴ്ത്തുവാനുമരുതേ!' എന്നാണ് അവസാന വരിയിൽ ഗുരു സ്വയം വിരമിക്കുന്നത്. ഇതു തന്നെയാണ് 'ജനനീ നവരത്നമഞ്ജരി' എന്ന അദ്വൈതവാങ്മയത്തെ അഭിമുഖീകരിക്കുന്ന വായനക്കാരുടെയും അനുഭവം. അപൂർവ്വമായ കാവ്യഭാഷയുടെ അനുസ്യൂതിയും അനുഭൂതിയായി മാറിയ അറിവിന്റെ വിടർന്നുലയലും ചേർന്ന് അഭിഭൂതരാക്കിക്കളയും അവരെ. മലയാളകവിത ഒരു പരമവ്യോമത്തിലേയ്ക്കുയർന്ന് കൃഷ്ണപ്പരുന്തിനെപ്പോലെ ചിറകനക്കാതെ, നിസ്തന്ദ്രമായി, വട്ടംചുറ്റിപ്പറക്കുന്നതു കാണണമെങ്കിൽ ഈ കവിത വായിച്ചാൽ മതി.വേദാന്തതത്ത്വപ്രതി പാദകമാണ് കവിതയിലെ ഓരോ വാക്കും വരിയും. അതത്രയും തികവുറ്റ കാവ്യാനുഭൂതിയുടെ സൗന്ദര്യലഹരിയായി മാറി വായനക്കാരിലേയ്ക്ക് സംക്രമിക്കുന്നു .വാഗ് നൃത്തത്തിന്റെ ഒരത്ഭുത നാട്യമണ്ഡപം കൂടിയാണ് ഗുരുവിന്റെ 'ജനനീനവരത്നമഞ്ജരി'. കവിതയിലെ വരികൾ പ്രപഞ്ചലാസ്യമെന്നോണം ഉയർന്നുതാണ് വാഗ് സമുദ്രമായി പരിണമിക്കുന്നു .
'മേലായ മൂലമതിയാലാവൃതം ജനനി! നീ ലാസ്യമാടിവിടുമീ
കീലാലവായ്വനലകോലാഹലം ഭുവനമാലാപമാത്രമഖിലം.
കാലാദിയായമൃദുനൂലാലെനെയ്യുമൊരു ലീലാപടം ഭവതി മെയ്
മേലാകെ മൂടുമതിനാലാരുമുള്ളതറി വീലാഗമാന്തനിലയേ!'.

ഈ നവമീനിലാവിലിരുന്ന് നമുക്ക് 'ജനനീനവരത്നമഞ്ജരി' ഒരിക്കൽകൂടി നാവിലലിയിക്കാം-' സേവിച്ചാത്മതമസ്സറ്റോ -/ രാമ്പലപ്പൂവു പോലവേ'.

Content Highlights: Writer crtique Sajay KV Writes about narayanaguru