പുതിയ നൂറ്റാണ്ടിന്റെയും നവസഹസ്രാബ്ദത്തിന്റെയും പിറവിയോടൊപ്പം പുതിയൊരു ഭാവുകത്വഋതുവിലേക്കുകൂടിയാണ് പ്രവേശിച്ചത് മലയാളസാഹിത്യം. ആധുനികതയുടെ തിരയിരമ്പം നിശ്ശേഷമായി നിലച്ചുകഴിഞ്ഞ ഇടവേളയെ മുഖരമാക്കിക്കൊണ്ടായിരുന്നു പുതിയ എഴുത്തിന്റെയും എഴുത്തുകാരുടെയും വരവ്. ചെറുകഥയിലും നോവലിലും കവിതയിലുമെല്ലാം അതുണ്ടായി. പുതിയ നൂറ്റാണ്ടിന്റെ മലയാളസാഹിത്യത്തെക്കുറിച്ച് നിരൂപകന്‍ സജയ് കെ വി എഴുതുന്നു. 

പുതുനൂറ്റാണ്ടിലെ മലയാള കവിത

ആധുനികതയോടെ നടപ്പായിക്കഴിഞ്ഞ കാവ്യഗദ്യത്തെ, വാമൊഴിയും ഗ്രാമ്യപദങ്ങളും ദേശ്യപദങ്ങളും കാവ്യോചിതമെന്നു കരുതപ്പെടാതിരുന്നവയുടെ കലര്‍പ്പുമുപയോഗിച്ച് പുതിയൊരു സ്വാച്ഛന്ദ്യത്തിലേക്കും ലാളിത്യത്തിലേക്കുമെത്തിച്ചിട്ടുണ്ട് പുതുനൂറ്റാണ്ടിലെ മലയാളകവിത. പരമ്പരാഗത വൃത്തരൂപങ്ങള്‍ പിന്തുടരുമ്പോഴും പഴക്കച്ചുവയും ബിംബധാടിയുമൊഴിഞ്ഞ ഗദ്യാത്മകതയിലാണ് അതിന്റെ ഊന്നല്‍. ദളിതവസ്ഥയും പെണ്ണവസ്ഥയും പരിസ്ഥിതിനാശവും പോലുള്ള ഉത്തരാധുനികതയുടെ രാഷ്ട്രീയോത്കണ്ഠകളാണ് പ്രമേയപരമായി ഈ കവിതയെ നിര്‍ണയിക്കുന്നത്.

ആധുനികതയുടെ അതിവൈകാരികതയും അതിനാടകീയതയും കൈയൊഴിയപ്പെട്ടിരിക്കുന്നു. സൂക്ഷ്മതയും സാന്ദ്രതയും കാവ്യാദര്‍ശങ്ങളായിരിക്കുമ്പോഴും അതിനെ ധിക്കരിച്ചൊഴുകിയും പുതിയ കാവ്യവഴികള്‍ രൂപംകൊള്ളുന്നു. കേരളീയ ജീവിതത്തിന്റെ ഓരോ അടരിനെയും കാവ്യ വിഷയമാക്കുന്നു എന്നതാണ് പ്രധാനസവിശേഷത. മലയാളഭാഷയുടെ വിതാന ഭേദങ്ങളയത്രയും കാവ്യ ഭാഷയില്‍ മുതല്‍ക്കൂട്ടാനുള്ള ആഗിരണശേഷി ഇന്നത്തെ കവിതയ്ക്കുണ്ട്. ലിംഗനീതിയുടെ സൂക്ഷ്മസംഘര്‍ഷങ്ങള്‍മുതല്‍ ഭിന്നലൈംഗികതയുടെ പ്രശ്‌നങ്ങള്‍വരെ കവിതയിലൂടെ ഉന്നയിക്കപ്പെടുന്നു. പൊതുവേ ശബ്ദായമാനവും ജനനിബിഡവുമാണ് പുതു മലയാളകവിത എന്ന് ഈ മാറ്റത്തെ സംഗ്രഹിക്കാം.

ചെറുകഥാ മുദ്രകള്‍

പ്രമേയപ്പുതുമയും ആഖ്യാനപ്പലമയുമാണ് രണ്ടായിരത്തിനു ശേഷമുള്ള മലയാള ചെറുകഥയുടെ മുദ്രകള്‍. ഫ്രാന്‍സിസ് നൊറൊണയുടെ കഥകളിലെന്നപോലെ അരികുകളിലും ഓരങ്ങളിലുംനിന്ന് കഥയും കഥാപാത്രങ്ങളും ഉയിര്‍ക്കൊള്ളുന്നു. വാന്‍ഗോഗിന്റെ ഉരുളക്കിഴങ്ങു തീറ്റക്കാര്‍ (സുഭാഷ് ചന്ദ്രന്‍) മുതല്‍ കെ.പി. അപ്പനും (എസ്. ഹരീഷ്) മുട്ടത്തു വര്‍ക്കിയും (വിനു എബ്രഹാം) വരെ കഥാപാത്രപദവി കൈവരിക്കുന്ന ഭാവനാസഞ്ചാരങ്ങളുടെ അസാധാരണഭൂമിക കൂടിയാണ് പുതുകഥ.

നോവലടയാളങ്ങള്‍

നോവലായിരുന്നു മലയാളാധുനികതയുടെ ഊര്‍ജകേന്ദ്രങ്ങളില്‍ ഒന്ന്. ആധുനികതയ്ക്കു ശേഷമുള്ള അന്തരാളഋതുവിലോ ആധുനികാനന്തരമോ അതിന്റെ ശക്തി ക്ഷയിച്ചില്ല. സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖ'വും ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'യും ബെന്യാമിന്റെ 'ആടുജീവിത'വും ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യും കെ.ആര്‍. മീരയുടെ 'ആരാച്ചാ'രും വി.ജെ. ജയിംസിന്റെ 'നിരീശ്വര'നും പോലുള്ള നോവലുകള്‍, ഇതേ നോവലിസ്റ്റുകളുടെതന്നെ ഇതര രചനകളും ഈ കാലയളവില്‍ ഉണ്ടായി. പരസ്പരഭിന്നമായ ആഖ്യാനവഴികളിലൂടെയാണ് ഈ നോവലുകളോരോന്നും സഞ്ചരിച്ചത്.

ഓരോ വാക്യത്തെയും ഒരു സൂക്ഷ്മശില്പമാക്കുന്ന, അയ്യാട്ടുമ്പള്ളിയെയും തച്ചനക്കരയെയും കഴിഞ്ഞനൂറ്റാണ്ടിലെ മലയാളിജീവിതത്തിന്റെ സൂക്ഷ്‌മേതിഹാസമാക്കുന്ന കൃതഹസ്തതയുടെ കലയാണ് സുഭാഷ് ചന്ദ്രനിലെങ്കില്‍, അനിയന്ത്രിതമായ ഭോഗേച്ഛയും ഹിംസപരതയും മുഖ്യചിഹ്നങ്ങളാകുന്ന പുതിയ ലോകക്രമത്തിന്റെ ആഗോളീയതയെ നിസ്സംഗമായി കഥനവത്കരിക്കുന്ന ആഖ്യാനസങ്കീര്‍ണതയാണ് ടി.ഡി. രാമകൃഷ്ണനില്‍. നോവലിന്റെ കലയില്‍, ഇതേവിധം മൗലികമായ ചില ആഖ്യാനവിജയങ്ങള്‍ കൈവരിച്ചവരാണ് മേല്‍പ്പറഞ്ഞ എഴുത്തുകാരെല്ലാവരും. പി.എഫ്. മാത്യൂസാണ് ഈ ദശകത്തില്‍ 'ഇരുട്ടില്‍ ഒരു പുണ്യാള'നും 'അടിയാള പ്രേത'വും പോലുള്ള നോവലുകളിലൂടെ കൂടുതല്‍ ശ്രദ്ധേയനായിത്തീര്‍ന്ന മറ്റൊരു നോവലിസ്റ്റ് .

കവികളായ ടി.പി. രാജീവന്റെയും കല്പറ്റ നാരായണന്റെയും മനോജ് കുറൂരിന്റെയും ശ്രദ്ധേയമായ നോവലുകള്‍ ഈ കാലയളവില്‍ ആവിര്‍ഭവിച്ചു. പ്രദീപന്‍ പാമ്പിരികുന്നിന്റെ 'എരി'യും കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി'യും ശ്രദ്ധനേടി.

മലയാളനിരൂപണത്തില്‍ പി.കെ. രാജശേഖരനും കല്പറ്റ നാരായണനും ഇ.പി. രാജഗോപാലനും കെ.എം. വേണുഗോപാലും കെ.ബി. പ്രസന്നകുമാറും ചേര്‍ന്ന് സൃഷ്ടിച്ച അനുസ്യൂതി ഇനിയും നിലച്ചുകഴിഞ്ഞിട്ടില്ല എന്ന പ്രത്യാശയിലാണ് പുതുകാലം.

ആന്‍ സെക്സ്റ്റണ്‍, വാന്‍ ഗോഗിന്റെ 'സ്റ്റാറി നൈറ്റ്' എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ കവിതയില്‍ 'രാത്രി, പതിനൊന്നു നക്ഷത്രങ്ങളോടൊപ്പം തിളയ്ക്കുന്നു' എന്നൊരു വരിയുണ്ട്. വാന്‍ ഗോഗിന്റെ ചിത്രത്തില്‍ അതിശോഭയോടെ പ്രത്യക്ഷമാകുന്ന നക്ഷത്രങ്ങളുടെ എണ്ണം കണിശമായി രേഖപ്പെടുത്തുകയാണ് കവി. അപ്പോള്‍ മറ്റു നക്ഷത്രങ്ങളേ ഉണ്ടായിരുന്നില്ല എന്നല്ല അതിനര്‍ഥം. നക്ഷത്രങ്ങളുടെ അനന്തതയും അപാരതയുമാണ് ഓരോ രാത്രിയും. അത്തരമൊരു നിബിഡതയാലും തൂര്‍മയാലുമാണ് സ്വയം ആവിഷ്‌കരിക്കുന്നത് ഓരോ സാഹിത്യകാലഘട്ടവും. വാന്‍ഗോഗിന്റെ പതിനൊന്നു നക്ഷത്രങ്ങള്‍ പോലെയാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ട എഴുത്തുകാര്‍; അവര്‍ മാത്രമല്ല, അവരോടൊപ്പം മറ്റു പലരും. ഒപ്പം, അവരാവിഷ്‌കരിക്കുന്ന നീഹാരികകളുടെ അധികദീപ്തിയും.

Content Highlights: Writer Critique Sajay KV writes about malayalam Literature