കൊച്ചി: ''എന്നെ എന്നും അലട്ടിയിരുന്നത് ജീവിതത്തിന്റെ അര്‍ഥമെന്തെന്ന ചോദ്യമാണ്. ഒരു പുഴുവിനെയോ പ്രാണിയെയോ പോലെ ജീവിക്കുന്നതെന്തിനാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് എന്റെ 95 വര്‍ഷങ്ങള്‍. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമില്ല. മനസ്സിലെ അലിവും കരുണയുമാണ് നമ്മെ മനുഷ്യരാക്കുന്നത്'' - 95 വര്‍ഷത്തിന്റെ ധന്യതയില്‍ എം.കെ. സാനുവെന്ന സാനു മാഷ് ജീവിതം ചുരുക്കിപ്പറയുന്നതിങ്ങനെയാണ്. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികള്‍'.

ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും വരികളിലൂടെയാണ് ദിവസം തുടങ്ങുന്നതുതന്നെ. ബുധനാഴ്ചയാണ് പിറന്നാള്‍. കോവിഡനന്തരം വിശ്രമത്തിലായതിനാല്‍ പൊതു ചടങ്ങുകളൊന്നുമില്ല. വീട്ടില്‍ മക്കളും ബന്ധുക്കളുമുണ്ട്. ചെറിയൊരു സദ്യയിലൊതുങ്ങും ആഘോഷം.

അറുപത് വര്‍ഷത്തെ കൊച്ചി ജീവിതം

അര നൂറ്റാണ്ടിലേറെയായി കൊച്ചി നഗരത്തിലെ സാന്നിധ്യമാണ് സാനു മാഷ്. ശിഷ്യരാണ് ഏറ്റവും വലിയ സമ്പത്ത്. പതിനായിരക്കണക്കിനു ശിഷ്യര്‍, ആയിരക്കണക്കിന് വേദികള്‍, നൂറോളം പുസ്തകങ്ങള്‍, പ്രഭാഷണങ്ങള്‍, എഴുത്തുകള്‍. തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊക്കെയാണു നേട്ടങ്ങളായി മാഷ് കാണുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍, സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണന്‍, പെരുന്ന തോമസ്, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. സി.കെ. രാമചന്ദ്രന്‍ തുടങ്ങി എണ്ണമറ്റ സൗഹൃദങ്ങള്‍. ''സായാഹ്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍, കൂട്ടായ്മകള്‍... അറുപത് വര്‍ഷത്തെ കൊച്ചി ജീവിതം സൗഹൃദങ്ങളാല്‍ എന്നെ സമ്പന്നനാക്കി. യു.ഡി.എഫ്. കോട്ടയായ എറണാകുളത്ത് ഇടത് എം.എല്‍.എ. ആയി ജയിക്കാനായത് സ്‌നേഹ സൗഹൃദങ്ങളുടെ ബലം കൊണ്ടാണ്''.

എം.കെ.സാനുവും ഭാര്യയും
എം.കെ.സാനുവും ഭാര്യയും (ഒരു പഴയകാല ചിത്രം)

പകരക്കാരനായി തുടങ്ങിയ പ്രസംഗം

പ്രസംഗിക്കാമെന്ന് ഏറ്റയാള്‍ അവസാന നിമിഷം പിന്‍മാറിയതോടെയാണ് മാഷ് പ്രസംഗവേദിയിലേക്ക് ആദ്യ ചുവടുവെച്ചത്. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലം. നാട്ടുരാജ്യങ്ങളെല്ലാം രാജ്യത്തോട് ചേര്‍ത്തുകൊണ്ടിരിക്കുന്നു. എന്നാല്‍, സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണു തിരുവിതാംകൂറിന്റെ തീരുമാനം. സി.പി. രാമസ്വാമി അയ്യരാണ് ദിവാന്‍. ''ഇന്ത്യന്‍ യൂണിയനില്‍ ചേരണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. നിലപാടിനെ അനുകൂലിക്കുന്നവരില്‍ മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ ഉണ്ടായിരുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ അധികാരിയായിരുന്ന അദ്ദേഹം എല്ലാ ശാഖകളിലും പൊതുയോഗം വിളിച്ച് പ്രമേയം പാസാക്കി. ആലപ്പുഴ തുമ്പോളിയിലെ ഞങ്ങളുടെ ശാഖയിലും പൊതുയോഗം ചേര്‍ന്നു. ഞങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ടു. രമേശന്‍ എന്ന സുഹൃത്താണു സംസാരിക്കാമെന്നേറ്റത്. പേരു വിളിച്ചപ്പോള്‍ രമേശന്‍ പിന്‍വാങ്ങി. എല്ലാവരും ചേര്‍ന്ന് എന്നെ തള്ളിവിട്ടു. അതാണ് ആദ്യത്തെ പ്രസംഗം. എന്തായാലും നന്നായി സംസാരിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞു'' - മാഷ് അക്കാലം ഓര്‍ത്തു ചിരിച്ചു.

എഴുത്തും അപ്രതീക്ഷിതം

എഴുത്തിന്റെ തുടക്കവും അപ്രതീക്ഷിതമായിരുന്നു. സാഹിത്യ സംഘം രണ്ടായി പിരിഞ്ഞപ്പോള്‍ കെ. ബാലകൃഷ്ണന്‍, കാമ്പിശേരി കരുണാകരന്‍ തുടങ്ങിയ പുരോഗമന ചിന്താഗതിക്കാര്‍ ഒരു വിഭാഗമായി. അവര്‍ ജോസഫ് മുണ്ടശ്ശേരിയെല്ലാം ഉള്‍പ്പെട്ട വിഭാഗത്തിനെതിരേ യോഗം നടത്തിയപ്പോള്‍ എന്നോട് പ്രസംഗിക്കാന്‍ പറഞ്ഞു. അമേരിക്കന്‍ എഴുത്തുകാരന്‍ വാള്‍ട്ട് വിറ്റ്മാനെ ഉദാഹരിച്ചായിരുന്നു പ്രസംഗം. കേട്ടുകഴിഞ്ഞപ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു, 'ഇതൊന്ന് എഴുതിത്തരൂ'. ഞാന്‍ എഴുതിക്കൊടുത്തത് മൂന്നു ലക്കങ്ങളായി അദ്ദേഹം പ്രസിദ്ധീകരിച്ചു. ആലപ്പുഴ സനാതന ധര്‍മ ഹൈസ്‌കൂളിലാണ് സ്‌കൂള്‍ അധ്യാപകനായി ഔദ്യോഗികവൃത്തി ആരംഭിച്ചത്. വി.എസ്. താണു അയ്യര്‍ ആയിരുന്നു സ്‌കൂളിലെ ഹെഡ്മാസ്റ്ററും മാനേജരുമെല്ലാം. അദ്ദേഹമാണ് എന്നിലെ അധ്യാപകനെ കണ്ടെടുത്തത്.

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ആഘോഷം

പിറന്നാള്‍ ശിഷ്യരും സാംസ്‌കാരിക പ്രവര്‍ത്തകരും ഓണ്‍ലൈനില്‍ ആഘോഷിക്കും. 27-ന് ഒമ്പതിന് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സാംസ്‌കാരിക കൊച്ചിയുടെയും മറ്റ് സാംസ്‌കാരിക ധാരകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സാനു മാസ്റ്ററുടെ മക്കളായ രേഖ, സീത, ഗീത, രഞ്ജിത്ത്, ഹാരീസ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു മധുരം പങ്കിടും. സാനു മാഷ് ഓണ്‍ലൈനില്‍ ജന്മദിന സന്ദേശം നല്‍കും.

 

Content Highlights: Writer-Critic M.K.Sanu turns 95