അന്തരിച്ച എഴുത്തുകാരി സുമംഗലയ്ക്ക് പ്രണാമമർപ്പിക്കുകയാണ് എഴുത്തുകാരൻ അഷ്ടമൂർത്തി.

സുമംഗലയുടെ മരണം ഒരർത്ഥത്തിൽ എന്റെ അമ്മയുടെ മരണം തന്നെയാണ്. സുമംഗലയുടെ രണ്ടാമത്തെ മകനും അഷ്ടമൂർത്തിയാണ്. എഴുത്തുകാർക്കിടയിൽ അത് കുറച്ചൊരു ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പലരും ഞാൻ സുമംഗലയുടെ മകനാണെന്ന് തെറ്റിദ്ധരിച്ചുവെച്ചിരുന്നു. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ആദ്യം കണ്ടപ്പോൾ പറഞ്ഞത് അമ്മയെ ഞാൻ അടുത്തു കണ്ടിരുന്നു എന്നാണ്. കവയിത്രി വിജയലക്ഷ്മി അമ്മയ്ക്ക് എങ്ങനെയുണ്ട് എന്ന കുശലാന്വേഷണത്തോടെയാണ് ഫോൺസംഭാഷണങ്ങൾ ആരംഭിയ്ക്കാറുള്ളത്. എന്റെ അമ്മയെ വിജയലക്ഷ്മി അറിയാൻ ഒരു വഴിയുമില്ലാതിരുന്നതുകൊണ്ട് എനിയ്ക്ക് ആ അന്വേഷണത്തിന്റെ പൊരുൾ മനസ്സിലായതേയില്ല. കുറേ കാലം കഴിഞ്ഞാണ് വിജയലക്ഷ്മി അന്വേഷിയ്ക്കുന്നത് സുമംഗലയെയാണെന്ന് എനിക്കു ബോധോദയം ഉണ്ടായത്. പിന്നീട് മറ്റു പലരും അമ്മയേക്കുറിച്ച് അന്വേഷിയ്ക്കാൻ തുടങ്ങുമ്പൊഴേ ഞാൻ പറഞ്ഞുതുടങ്ങി: ''നിങ്ങൾ ഉദ്ദേശിയ്ക്കുന്ന അഷ്ടമൂർത്തിയല്ല ഞാൻ.''

''ഞാൻ കുട്ടൻന്നേ വിളിയ്ക്കൂ,'' ആദ്യം കണ്ട അന്നുതന്നെ സുമംഗല പറഞ്ഞു. സുമംഗലയുടെ ഭർത്താവിന്റെ പേര് അഷ്ടമൂർത്തി എന്നു തന്നെയായിരുന്നു. നമ്പൂതിരി സ്ത്രീകൾ പണ്ടത്തെ ആചാരമനുസരിച്ച് ഭർത്താവിന്റെ പേര് ഉച്ചരിയ്ക്കാറില്ല. അതുകൊണ്ടുതന്നെ സുമംഗലയ്ക്ക് എന്നെ വിളിയ്ക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ടാണ് എന്നെ ഓമനപ്പേരു വിളിയ്ക്കാൻ തുടങ്ങിയത്. ''ഇനി എനിയ്ക്ക് കുട്ടനെ അഷ്ടമൂർത്തി എന്നു വിളിയ്ക്കാം,'' പിന്നീട് ഒരു പൊതു ചടങ്ങിൽ വെച്ച് അവർ പ്രഖ്യാപിച്ചു. അവരുടെ ഭർത്താവ് മരിച്ചുപോയിരുന്നതിനു ശേഷമുള്ള ചടങ്ങായിരുന്നു അത്.

സുമംഗലയുടെ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 'മിഠായിപ്പൊതി'യാണ്. എന്റെ മകൾ അമ്മു കുട്ടിയായിരിയ്ക്കുമ്പോൾ അവർ അത് സമ്മാനമായി കൊടുത്തിട്ടുണ്ട്. ''കുട്ടന്റെ കുട്ടിയ്ക്ക് കുഞ്ഞുണ്ണിയുടെ അമ്മ'' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. സുമംഗലയുടെ മകൻ അഷ്ടമൂർത്തിയുടെ വിളിപ്പേര് കുഞ്ഞുണ്ണി എന്നാണ്.

രണ്ടു വർഷം മുമ്പ് സുമംഗലയുടെ എൺപത്തിനാലാം പിറന്നാൾ ഒരാഘോഷവുമില്ലാതെയാണ് നടത്തിയത്. തലേന്ന് ഞാൻ ദേശമംഗലം മനയിൽ എത്തി നമസ്കരിച്ചു. കൂട്ടത്തിൽ എന്റെ ഒരു പുസ്തകവും കൊടുത്തു. ''പുസ്തകം സമ്മാനമായി കിട്ടുന്നതിൽപ്പരം എനിയ്ക്കു സന്തോഷം വേറെയില്ല, അത് എത്ര കിട്ടിയാലും മതിയാവില്ല.'' അവർ പറഞ്ഞു. വലിയ വായനക്കാരിയായിരുന്ന അവർ വായിച്ചുകൂട്ടിയ പുസ്തകങ്ങൾക്കു കണക്കില്ല. കാണുമ്പോഴെല്ലാം കയ്യിൽ ഏതെങ്കിലും പുസ്തകം ഉണ്ടായിരുന്നു.

ഇന്ത്യാവിഷനു വേണ്ടി 'എന്റെ ദേശം' എന്ന പരിപാടിയിൽ അവരെ അനുയാത്ര ചെയ്യാനുള്ള യോഗം എനിയ്ക്കാണ് ഉണ്ടായത്. വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലേയ്ക്ക് ആദ്യമായി പോയതും അതിനു വേണ്ടിയാണ്. ഒരു യാഥാസ്ഥിതിക നമ്പൂതിരികുടുംബത്തിലാണ് പിറന്നതെങ്കിലും അച്ഛനായ ഒ.എം.സി. നമ്പൂതിരിപ്പാട് കിടയറ്റ ഒരു ഉൽപ്പതിഷ്ണു ആയിരുന്നതുകൊണ്ട് അവർക്ക് എഴുത്തുകാരിയായി വളരാൻ ഒരു തടസ്സവുമുണ്ടായില്ല.

രണ്ടു മാസം മുമ്പുണ്ടായ വിഴ്ചയിൽ അവരുടെ തുടയെല്ലു പൊട്ടിയിരുന്നു. പ്രായാധിക്യം ശസ്ത്രക്രിയയ്ക്കു തടസ്സമായി. അതോടെ കിടപ്പിലുമായി. മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നതിന്റെ സങ്കടത്തിലായിരുന്നു എന്ന് മകൻ അഷ്ടമൂർത്തി പറഞ്ഞു. ഒരു ദിവസം ആ വഴി പോയെങ്കിലും സുമംഗല ഉറക്കമായിരുന്നതുകൊണ്ട് ബുദ്ധിമുട്ടിയ്ക്കേണ്ടെന്നു വെച്ചു.

'മിഠായിപ്പൊതി' ഇപ്പോഴും അമ്മുവിന്റെ പക്കലുണ്ട്. അതിലെ 'മൃഗങ്ങളുടെ ഗ്രാമം' അവൾ എത്രവട്ടമാണ് വായിച്ചിട്ടുള്ളതെന്നതിനു കണക്കില്ല. വിദേശത്തു താമസമാക്കിയപ്പോൾ അമ്മു 'മിഠായിപ്പൊതി' കൂടെക്കൊണ്ടുപോയി. ഇപ്പോൾ പേരക്കുട്ടി ആദുവിന് അതിൽനിന്നു കഥകൾ പറഞ്ഞുകൊടുക്കുന്നു. 'മൃഗങ്ങളുടെ ഗ്രാമം' ആദുവിനും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തലമുറകളായി അത് വായിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കും എന്ന് എനിയ്ക്കുറപ്പാണ്. അമ്മയ്ക്ക് പ്രണാമം.

Content Highlights : Writer Ashtamurthi Condolences for he demise of Writer Sumangala