എഴുത്തുകാരനും നാടകകൃത്തും ഹ്രസ്വസിനിമാനിര്‍മാതാവുമായ പി.എ ദിവാകരന്‍ തിരുവില്ലാമലയിലെ രണ്ടരപതിറ്റാണ്ടുനീണ്ട ഏകാന്തജീവിതം വെടിഞ്ഞ് യാത്രയായിരിക്കുന്നു. ബോംബെ മലയാളികൂട്ടായ്മകളിലെ നിറഞ്ഞുനിന്നിരുന്ന സാഹിത്യസാംസ്‌കാരികപ്രതിഭയായിരുന്ന പി.എ ദിവാകരനെക്കുറിച്ച് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി എഴുതുന്നു. 

വാസുദേവന്റെ  XUV വളരെ വേഗത്തിലാണ് ഓടിക്കൊണ്ടിരുന്നത്. തിരൂരില്‍നിന്ന് പ്രവീണ്‍കുമാര്‍ കൂടി കയറിയതോടെ ക്വോറം തികഞ്ഞു. അശോകന്‍ ചരുവിലും പിന്‍സീറ്റിലുണ്ടായിരുന്നു.
അശോകനൊഴിച്ച് ഞങ്ങള്‍ നാലു പേര്‍ക്കും ദിവാകരനുമായി സുദീര്‍ഘമായ ബന്ധവും ബോംബെ ഓര്‍മ്മകളുമുണ്ട്. അതില്‍ മുഴുകിയിരിക്കുകയായിരുന്നു ഞങ്ങള്‍.
തിരുവില്വാമലയിലേയ്ക്കു പോയിട്ട് ഇപ്പോള്‍ എത്ര കാലമായി? ഏഴു കൊല്ലമെങ്കിലും ആയിക്കാണണം. ദിവാകരന്റെ ഹേ രാം' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അവസാനം പോയത്. അതില്‍ വാസുദേവനും എനിക്കും ചെറിയ ഒരു വേഷമുണ്ടായിരുന്നു. പിന്നീട് കാര്യമായ വിളിയുണ്ടായിട്ടില്ല. എവിടെയും വെച്ച് കണ്ടുമുട്ടിയിട്ടുമില്ല. ദിവാകരന്‍ തിരുവില്വാമല വിട്ട് എവിടേയ്ക്കും പോക്ക് കുറവാണ്.
അമ്മയുടെ മരണശേഷം മാലിനി ഭവനം എന്ന വലിയ വീട്ടില്‍ ദിവാകരന്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടു പുറംപണിക്കാരും അത്ര തന്നെ അകംപണിക്കാരുമുണ്ടായിരുന്നു. കൃഷി നോക്കാനും മുറ്റമടിക്കാനും വീട് അടിച്ചുവാരാനും വെപ്പുപണിക്കുമൊക്കെയായിരുന്നു അവരെ നിയോഗിച്ചിരുന്നത്. ദേഹണ്ണക്കാര്യം തമാശയാണ്. ദിവാകരന് കാര്യമായ ഭക്ഷണമൊന്നും വേണ്ട. ഇടയ്ക്കിടയ്ക്ക് ചായ കുടിക്കണം. പ്രാതലിന് ഏറിയാല്‍ ഒരു ഇഡ്ഡലി. ഉച്ചയ്ക്ക് ഒരു പിടി ചോറ്. രാത്രി ഒരു ഗ്ലാസ്സ് കഞ്ഞി. ഇടയ്ക്ക് എന്തെങ്കിലും തിന്നുന്ന പതിവില്ല. എങ്കിലും അടുക്കളയില്‍ എന്നും ആറോ ഏഴോ കൂട്ടം വിഭവങ്ങളുണ്ടാവും. അത് പരിചാരകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ളതാണ്.

അല്ലെങ്കിലും കൃശഗാത്രനായ അയാള്‍ക്ക് എത്ര കണ്ട് ഭക്ഷണം കഴിക്കാനാവും? ദിവാകരന്റെ ശരീരവുമായി ബന്ധപ്പെട്ട ഒരു കഥ എനിക്ക് ഓര്‍മ്മ വന്നു.
എന്റെ ഒരു കൂട്ടുകാരന്‍ നഗ്‌നമേനിയ്ക്ക് 'ഡെഡ് ബോഡി' എന്നാണ് പറയുക. 'നേക്കഡ്' എന്നതിനു പകരമാണ് അത്. ബോംബെയില്‍ വെച്ച് ഒരു ദിവസം ഞാന്‍ ദിവാകരന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ദിവാകരന്‍ ലുങ്കി മാത്രമാണ് ചുറ്റിയിരുന്നത്. ''ദിവാകരന്റെ ഡെഡ് ബോഡി കാണാനുള്ള ഭാഗ്യം ഉണ്ടാവുമെന്നു വിചാരിച്ചില്ല,'' ഒരു തമാശയാണെന്നു നടിച്ച് ഞാന്‍ പറഞ്ഞു. ദിവാകരന് ഇഷ്ടപ്പെട്ടുവോ എന്നറിയില്ല. എന്തായാലും ചിരിച്ചുവെന്നു ഭാവിച്ച് എന്തോ ആവശ്യത്തിന് അകത്തേയ്ക്കു നടക്കുകയാണ് ഉണ്ടായത്.
പഴയ കഥ പറഞ്ഞുകഴിഞ്ഞപ്പോഴാണ് അത് സന്ദര്‍ഭത്തിനു പറ്റിയതായിരുന്നില്ല എനിക്കു തോന്നിയത്. ആരും ഒന്നും മിണ്ടിയില്ല. മരിച്ചുപോയ ആളെക്കുറിച്ചാവുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത് സൂക്ഷിക്കണം. അസുഖകരവും അപ്രിയവുമായത് ഒഴിവാക്കുക തന്നെ വേണം.

പിന്നെ കുറേ ദൂരത്തേയ്ക്ക് ഞങ്ങള്‍ കാര്യമായി ഒന്നും സംസാരിച്ചില്ല. ദിവാകരനെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ എല്ലാവരും മുഴുകിപ്പോയതുതന്നെ കാരണം. വാസുദേവന്റെ വാഹനം വാഴക്കോടു കടന്ന് ചേലക്കരയും പഴയന്നൂരും പിന്നിട്ടു.
തിരുവില്വാമലയിലെ കുത്താമ്പുള്ളി ബസ് സ്റ്റോപ്പില്‍ 'ദിവാകരേട്ടന് വിട' എന്ന പോസ്റ്റര്‍ ഉണ്ട്. 'എഴുത്തുകാരനും നടനും ചിത്രകാരനും ചലച്ചിത്രകാരനും' എന്ന വിശേഷണം താഴെ. ഒന്നു വിട്ടുപോയി എന്ന് ഞങ്ങള്‍ ഓര്‍മ്മിച്ചു. നല്ലൊരു ഫുട്ബോള്‍ കളിക്കാരനുമായിരുന്നു ദിവാകരന്‍. സ്റ്റേറ്റ് ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു. പക്ഷെ ഒരപകടം നേരിട്ടതോടെ ടീമില്‍നിന്നു പുറത്തായതാണ്. അത്രയും കാലം മുമ്പായതുകൊണ്ട് പുതിയ തലമുറയ്ക്ക് അത് അറിയുന്നുണ്ടാവില്ല.
വീട്ടിലേയ്ക്കു തിരിയുന്ന ഇടവഴിയില്‍ വീണ്ടും അതേ പോസ്റ്ററുണ്ട്.
അനിയത്തി മാനസിയും ഭര്‍ത്താവ് വിജയഗോപാലും മകന്‍ ജിനുവും മറ്റൊരനിയത്തി ഇന്ദിരയുമൊക്കെയുണ്ട് മാലിനീ ഭവനത്തില്‍. അമ്മു എത്തിയിട്ടില്ല. സംസ്‌കാരം പിറ്റേന്ന് പാമ്പാടിയില്‍ വെച്ചാണെന്ന് മാനസി പറഞ്ഞു. തളത്തില്‍ തണുപ്പിച്ച ചില്ലുപേടകത്തില്‍ ദിവാകരന്‍ കിടക്കുന്നു.

ഇടനാഴിയില്‍ പതിവുപോലെ ടെലിവിഷന്‍ കണ്ടുകൊണ്ട് കിടന്നതാണ്. രാവിലെ മുറ്റമടിക്കാനെത്തിയ പരിചാരികയാണ് വാതില്‍ തുറക്കാതെ കണ്ടപ്പോള്‍ അയല്‍ക്കാരെ വിളിച്ചുകൊണ്ടുവന്നത്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കാര്യമുണ്ടായില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാലും ആളുകള്‍ അത്യാവശ്യം വരുന്നുണ്ട്. ഞങ്ങള്‍ എഴുന്നേറ്റു.
തിരിച്ചുപോരുമ്പോഴും ഞങ്ങള്‍ ഓര്‍മ്മകളില്‍ത്തന്നെ മുഴുകി. നാല്‍പ്പത്താറു കൊല്ലം മുമ്പുണ്ടായ ആദ്യത്തെ കൂടിക്കാഴ്ചയുടെ ഓര്‍മ്മയിലേയ്ക്ക് ഞാന്‍ കൂപ്പുകുത്തി.

P A Divakaran

ആരാധകനും എഴുത്തുകാരനും

''പി. എ. ദിവാകരനാണോ?''
''അതെ,'' മുന്നില്‍ നില്‍ക്കുന്ന ആള്‍ സന്തോഷത്തോടെ ചിരിക്കുന്നു.
''ശരിക്കും പി. എ. ദിവാകരനാണോ? കഥയെഴുതുന്ന ആള്‍?''
ചെറിയ ആളാണ്. കോളറില്ലാത്ത ഷര്‍ട്ടും പാന്റും. കഷണ്ടിയുണ്ടെങ്കിലും നനുത്ത തലമുടി നീട്ടി പിന്നില്‍ നീണ്ടുകിടക്കുന്നു. ഭംഗിയുള്ള താടി. ഞാന്‍ ആരാധനയോടെ കഥയെഴുത്തുകാരനെ നോക്കി. അതെ അതെ എന്ന് ആണയിട്ടിട്ടും വിശ്വാസം വന്നിരുന്നില്ല.
1975-ലെ ഏതോ ഞായറാഴ്ചയായിരുന്നു അത്. മാട്ടുംഗയിലെ കേരളഭവനത്തിന്റെ മട്ടുപ്പാവ്. ബോംബെ സാഹിത്യവേദിയുടെ മാസാദ്യപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഞാന്‍.
ജോലി തേടി ബോംബെയിലെത്തിയിട്ട് മാസങ്ങളേ ആയിരുന്നുള്ളു. ഒരു ഞായറാഴ്ച വീട്ടില്‍ അതിഥിയായി വന്ന ജയദേവനാണ് അന്ന് മാട്ടുംഗയിലെ കേരളഭവനത്തില്‍ വെച്ച് സാഹിത്യവേദിയുടെ മാസംതോറുമുള്ള ചര്‍ച്ചാപരിപാടിയെപ്പറ്റി പറഞ്ഞത്. എല്ലാ ഒന്നാമത്തെ ഞായറാഴ്ചയും കേരളഭവനത്തിന്റെ ടെറസ്സില്‍ വെച്ച് കുറച്ചു പേര്‍ ഒത്തുചേരാറുണ്ട്. അതില്‍ നാദിര്‍ഷാ എന്ന ടി. എം. പി. നെടുങ്ങാടിയും എഴുത്തുകാരായ പി. എ. ദിവാകരനും മാനസിയും പാലൂരുമൊക്കെ സംബന്ധിക്കാറുണ്ടെന്നു കേട്ട് എനിക്ക് സന്തോഷം അടക്കാനാവാതെയായി. അവരൊക്കെ ബോംബെയിലാണെന്ന വിവരം അപ്പോഴാണറിയുന്നത്. പി. എ. ദിവാകരന്‍ അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിരന്തരം കഥകളെഴുതി വിളങ്ങിനില്‍ക്കുന്ന കാലമാണ്. മാനസിയെയും നാദിര്‍ഷയെയും പരിചയം മാതൃഭൂമി ആഴ്ചപ്പതിപ്പു വഴി തന്നെ. ഞാനും കൂടെ വരുന്നു എന്നു പ്രഖ്യാപിച്ച് ജയദേവന്റെ കൂടെ മാട്ടുംഗയിലേയ്ക്കു പുറപ്പെട്ടതാണ്.

നാദിര്‍ഷയും മാനസിയും അന്ന് വന്നിരുന്നില്ല. വി. ടി. ഗോപാലകൃഷ്ണന്‍, എ. എസ്. നാരായണന്‍, സോമന്‍ ആലപ്പുഴ, ഉഴവ ശ്രീധരന്‍ നായര്‍, പാപ്പനംകോട് പ്രഭാകരന്‍, സോമനാഥന്‍ ചേപ്പാട്, ടി. ആര്‍. രാഘവന്‍ തുടങ്ങി പലരും എത്തിയിരുന്നു. എ. വേണുഗോപാലന്‍ എന്ന ആളാണ് കണ്‍വീനര്‍. അയാള്‍ എന്റെ വിലാസം വാങ്ങുകയും ഇനി എല്ലാ മാസത്തെയും പരിപാടിയെപ്പറ്റി അറിയിക്കാമെന്നു പറയുകയും ചെയ്തു.
ആ വാക്ക് പാലിക്കപ്പെട്ടു. എല്ലാ മാസാന്ത്യത്തിലും ഒരു പോസ്റ്റ് കാര്‍ഡ് മുടങ്ങാതെ എന്നെ തേടിവന്നു. സമയം, സ്ഥലം എന്നിവയ്ക്ക് മാറ്റമില്ല. ആരെങ്കിലും ഒരു കഥയോ കവിതയോ ലേഖനമോ വായിക്കും. തുടര്‍ന്ന് ചര്‍ച്ച. അതില്‍ ഒരു വിട്ടുവീഴ്ചയും പതിവില്ല. അവതാരകന്‍ പലപ്പോഴും കരഞ്ഞുകൊണ്ടാണ് വേദി വിടുക. ഒരുപക്ഷേ അയാള്‍ പിന്നീട് ഒന്നും എഴുതിയില്ലെന്നും വരാം. ''തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങോട്ടു പോവട്ടെ'' എന്നായിരുന്നു വേണുവിന്റെയും വേദിയുടെയും സമീപനം.
പി. എ. ദിവാകരന്‍ അന്ന് ശ്രദ്ധേയമായ കഥകളെഴുതി വിളങ്ങിനില്‍ക്കുന്ന കാലമാണ്. 'വേരുകള്‍', 'വാതിലുകള്‍', 'റെസ്റ്റോറന്റ്', 'മദ്ധ്യവയസ്‌കനായ എന്റെ ദുരന്തം' തുടങ്ങി പല കഥകളും വായിച്ച ആരാധനയോടെയാണ് ഞാന്‍ ദിവാകരനെ കണ്ടത്. അക്കാലത്ത് പ്രസിദ്ധീകരണം തുടങ്ങിയ കലാകൗമുദിയിലും ദിവാകരന്റെ കഥകള്‍ വന്നുതുടങ്ങിയിരുന്നു. ഒരിക്കല്‍ ഒരേ ആഴ്ച തന്നെ മാതൃഭൂമിയിലും കലാകൗമുദിയിലും ദിവാകരന്റെ കഥ വന്നു.

അപ്പോഴാണ് കൂത്തുമാടം എന്ന ഒരു നാടകഗ്രൂപ്പ് സി. ജെ. തോമസിന്റെ 1128ല്‍ ക്രൈം 27' എന്ന നാടകം അരങ്ങേറുന്നുണ്ടെന്ന് വിവരം കിട്ടുന്നത്. ടി. എം. പി. നെടുങ്ങാടിയാണ് സംവിധായകന്‍. ഗുരുവിന്റെ വേഷത്തില്‍ വേണു. ദിവാകരന് സക്കറിയ എന്ന പത്രാധിപരുടെ വേഷമാണ്. സി. ജെ. കാണാത്ത ഒരു കഥാപാത്രത്തെ നെടുങ്ങാടി മാഷ് രംഗത്ത് അവതരിപ്പിച്ചു. വിചാരണ നടക്കുന്ന കോടതിമുറിയില്‍ ഒരു കോര്‍ട്ട് ക്ലര്‍ക്ക് അനിവാര്യമായി ഉണ്ടാവേണ്ടതാണെന്നായിരുന്നു മാഷുടെ പക്ഷം. ഒരു ഡയലോഗ് പോലുമില്ലാത്ത നടനായി അങ്ങനെ ഞാനും നാടകത്തില്‍ ചേര്‍ന്നു.
കഥാകൃത്തും ആരാധകനും റിഹേഴ്സലിനു സ്ഥിരമായി കണ്ടുമുട്ടാന്‍ തുടങ്ങിയതോടെ രണ്ടു പേരും തമ്മില്‍ കൂടുതല്‍ അടുത്തു. ദിവാകരന്‍ തന്റെ ആത്മകഥ പറഞ്ഞ് നേരം വെളുപ്പിച്ച രാത്രി ഇപ്പോഴും ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ഒറ്റപ്പാലം കോളേജിലെ ഫുട്ബോള്‍ ടീമിന്റെ കാപ്റ്റനായിരുന്ന ആള്‍ എങ്ങനെ ബോംബെയിലെത്തിയെന്നും എങ്ങനെയൊക്കെയുള്ള ജീവിതം നയിച്ചെന്നും കഥാകൃത്തായെന്നും മറ്റുമുള്ള നീണ്ട കഥ ഞാന്‍ ആരാധനയോടെത്തന്നെ കേട്ടിരുന്നുപോയി. ഫുട്ബോളും നാടകവുമൊന്നുമില്ലെങ്കിലും ദിവാകരനെപ്പോലെ ഒരു കഥാകൃത്താവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചുംപോയി.
ദിവാകരന്‍ കഥ മാത്രമല്ല തന്റെ തട്ടകമെന്ന് തെളിയിച്ചു. അയാള്‍ 'ലഗ്ഗേജ്' എന്ന ഒരു നാടകം എഴുതി പുറപ്പാട് എന്ന ബാനറിന്റെ കീഴില്‍ ബോംബെ നാടകവേദിയുടെ നാടകമത്സരത്തില്‍ പങ്കെടുത്തു. വേണുവായിരുന്നു സംവിധായകന്‍. രണ്ടാമത്തെ മികച്ച അവതരണം, മികച്ച നടി (കമല ചന്ദ്രകാന്ത്), മികച്ച നടന്‍ (ദിവാകരന്‍), മികച്ച സംവിധായകന്‍ (വേണു) എന്നിങ്ങനെ ഏതാണ്ട് എല്ലാ പുരസ്‌കാരങ്ങളും അത് വാരിക്കൂട്ടി.

അത് ദിവാകരന്റെ നാടകരംഗത്തുള്ള അരങ്ങേറ്റം മാത്രമായിരുന്നു. പുറപ്പാടിനു വേണ്ടി ദിവാകരന്‍ 'മോര്‍ഗ്', 'മുക്കുവനും ഭൂതവും', 'മൃത്യുഞ്ജയം', 'മൂന്നു ചുവരുകളുള്ള മുറി', 'തിരിച്ചുവരവ്' തുടങ്ങിയ നാടകങ്ങളെഴുതി. അവയില്‍ ചിലത് നെടുങ്ങാടിമാഷും മറ്റു ചിലത് വേണുവും സംവിധാനം ചെയ്തു. എല്ലാ നാടകങ്ങളും ബോംബെയില്‍ സംഭാഷണവിഷയമായി. മലയാളനാടകത്തിന് പുതിയൊരു മുഖം സൃഷ്ടിക്കുകയായിരുന്നു ദിവാകരന്‍.
നാടകമെഴുത്ത് ദിവാകരന്റെ ചെറുകഥയെഴുത്തിന് കുറച്ചു മങ്ങലേല്‍പ്പിച്ചുവോ, ആവോ. അയാളുടെ കഥകള്‍ക്ക് ആദ്യമുണ്ടായിരുന്ന മുറുക്കം ക്രമേണ നഷ്ടപ്പെടുന്നതായി എനിക്കു തോന്നി. അതിനിടെ 'അനിയന്റെ മഴ' എന്ന സുന്ദരമായ ഒരു കഥയെഴുതി തിരിച്ചുവന്നു. ആ കഥ വായിച്ച് വി. കെ. എന്‍. എഴുതിയ കത്തിലെ ഒറ്റ വാചകം മാത്രം മതിയായിരുന്നു ഒരെഴുത്തുകാരന് ജന്മസാഫല്യം കിട്ടാന്‍: ''അനിയന്റെ മഴ'' was a considerable story'' എന്നായിരുന്നു ഒറ്റവരിയുള്ള ആ കത്ത്. പക്ഷെ പിന്നെയും ദിവാകരന്റെ കൈ അയയുന്നതായി എനിക്കു തോന്നി. ശ്രദ്ധേയമായ കഥകള്‍ പിന്നീട് അധികമൊന്നും എഴുതിയില്ല. കുറേ കൊല്ലം കഴിഞ്ഞ് കണ്ടപ്പോള്‍ ''ദിവാകരന് ഒരു break-through ഉണ്ടായില്ല അല്ലേ'' എന്നു വി. കെ. എന്‍. പറഞ്ഞത് ഇപ്പോഴും ഓര്‍മ്മിക്കുന്നു.

സമാനസ്വഭാവമുള്ള തന്റെ കഥകള്‍ എല്ലാം മാറ്റിയെഴുതി 'ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന് അല്‍പം' എന്ന പേരില്‍ ഒരു നോവലാക്കാനുള്ള ശ്രമം അതിനിടെ ഉണ്ടായി. അതിന്റെ ആവശ്യമുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. ചെറുകഥകള്‍ പുസ്തകരൂപത്തിലാക്കാന്‍ പ്രസാധകര്‍ക്ക് താല്‍പര്യം കുറവാണ് എന്നായിരുന്നു ദിവാകരന്‍ അതിനു കണ്ടെത്തിയ സമാധാനം. ആ ഉദ്യമം എവിടെയുമെത്താതെ പോയത് നന്നായി എന്ന് എനിക്കു തോന്നി.
പ്രസാധകരെപ്പറ്റി ദിവാകരന്‍ പറഞ്ഞത് ശരിയായിരുന്നു. ദിവാകരന്റെ കഥകളും മാനസിയുടെ കഥകളും പുസ്തകരൂപത്തിലാക്കാന്‍ വേണ്ടി പൂര്‍ണയ്ക്കു കൊടുത്തിരുന്നു. ഏതെങ്കിലും ഒന്നേ പുസ്തകമാക്കാനാവൂ എന്ന് പൂര്‍ണ പറഞ്ഞു. അപ്പോള്‍ ദിവാകരന്റെയും മാനസിയുടെയും കുറച്ചു കഥകള്‍ ചേര്‍ത്ത് 'വെളിച്ചങ്ങളുടെ താളം' എന്ന ഒരു പുസ്തകമാക്കുകയാണ് ഉണ്ടായത്. മലയാളത്തില്‍ ഒരു പക്ഷെ അത് ആദ്യത്തെ സംഭവമായിരിക്കാം. അതുകൊണ്ട് കാര്യമുണ്ടായില്ല. ആ പുസ്തകം വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ല.

കഥാ-നാടകമെഴുത്തിലും അഭിനയത്തിലും മാത്രം ഒതുങ്ങിനിന്നില്ല ദിവാകരന്‍. അയാള്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. ജഹാംഗീര്‍ ആര്‍ട് ഗാലറിയുടെ മുന്‍വശത്ത് ആരംഭിച്ച Pedestrian Plaza യില്‍ പലവട്ടം ദിവാകരന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അതിനിടെ പരസ്യങ്ങള്‍ക്ക് മലയാളം കോപ്പിയെഴുതുന്നതിലും അയാള്‍ വ്യാപൃതനായി. സണ്ണി ജോസഫിന്റെ ഡിപ്ലോമ ചിത്രമായ The Clown and the Dog ല്‍ ഒരു വേഷവും ചെയ്തു. നന്നായി കവിത ചൊല്ലുമായിരുന്നു ദിവാകരന്‍. അണുശക്തി നഗറിലെ ഒരു വേദിയില്‍ വെച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'അമാവാസി' ചൊല്ലുന്നതു കേട്ട് സദസ്സ് സ്തബ്ധരായി ഇരുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

mumbai sahridaya film society
സഹൃദയ ഫിലിം സൊസൈറ്റി അണിയറപ്രവര്‍ത്തകര്‍

1994-ല്‍ തന്റെ അമ്പത്തൊന്നാം വയസ്സില്‍ ദിവാകരന്‍ ബോംബെ വിട്ട് തിരുവില്വാമലയില്‍ തിരിച്ചെത്തി. പക്ഷെ ബോംബെയിലുണ്ടായിരുന്ന കൂട്ടുകെട്ട് കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് നാടകരംഗത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പകരം സിനിമാരംഗത്തേയ്ക്ക് തിരിഞ്ഞു. വാണിജ്യസിനിമയുടെ ചട്ടക്കൂടൊന്നും വശമില്ലാത്തതുകൊണ്ട് ചെറുചിത്രങ്ങളാണ് ഉണ്ടാക്കിയത്. രചനയും സംവിധാനവുമൊക്കെ പയറ്റി. പത്തോളം ചിത്രങ്ങള്‍ ഉണ്ടാക്കി. അവയിലൊന്നായ 'അവസാന ചിരി'യ്ക്ക് ഒരു ചെറുചിത്രമേളയില്‍ പുരസ്‌കാരം കിട്ടി.

പരാജിതന്റെ പരിവേഷം

ദിവാകരന്റെ അനിയത്തിമാരും അനിയനും കേരളത്തിനു പുറത്താണ് താമസിച്ചിരുന്നത്. മൂന്നു പതിറ്റാണ്ടു നീണ്ട മറുനാടന്‍ വാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പി. എ. ദിവാകരനെ കാത്തിരിക്കാന്‍ അമ്മ മാത്രമേയുണ്ടായിരുന്നുള്ളു. അമ്മയുടെ ഒപ്പം ശിഷ്ടകാലം താമസിക്കുക എന്നതു തന്നെയായിരുന്നു ദിവാകരന്റെ തിരിച്ചുവരവിന്റെ ഉദ്ദേശ്യവും. വലിയ വീട്. നാലേക്കറോളം വരുന്ന തൊടി. ദിവാകരന്‍ ആവേശപൂര്‍വ്വം കൃഷിയിലേയ്ക്കിറങ്ങി. അത് വലിയ ഫലമൊന്നും തന്നില്ലെന്നു കണ്ട് വൈകാതെ നിര്‍ത്തി. അമ്മ മരിച്ചപ്പോള്‍ വീട്ടില്‍ ഏകാകിയായി. കൂട്ടിനായി നായ്ക്കളെ വാങ്ങി പരിപാലിച്ചു. രാവിലെകളില്‍ കൂറ്റന്മാരായ അവരെ നടക്കാന്‍ കൊണ്ടുപോയി. നടക്കാന്‍ കൊണ്ടുപോവുക എന്നു പറച്ചിലേയുണ്ടായിരുന്നുള്ളു. ചങ്ങല വലിച്ചു കുതിക്കുന്ന കൂറ്റന്മാര്‍ക്കു പിന്നാലെ ഓടിത്തളരുന്ന യജമാനന്‍ നാട്ടുകാര്‍ക്ക് കാഴ്ചയായി. നാല്‍പ്പത്തഞ്ചു കിലോഗ്രാം മാത്രം തൂക്കമുള്ള ദിവാകരന്‍ അവരെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നത് എങ്ങനെയാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇടയ്ക്കൊരു ദിവസം ഹൃദയാഘാതമുണ്ടായപ്പോള്‍ കാറെടുത്ത് ആശുപത്രിയിലേയ്ക്ക് ഒറ്റയ്ക്ക് ഓടിച്ചുപോയതും ഞങ്ങള്‍ക്കു വാര്‍ത്തയായി.

ഈ വാര്‍ത്തകളൊക്കെ കാതിലെത്തുമ്പോള്‍ ഞാന്‍ ബോംബെയിലെ ദിവാകരനെ ഓര്‍ക്കും. ഞങ്ങള്‍ റിഹേഴ്സലിനു പോവാറുള്ള അണുശക്തിനഗറിലെ സ്‌കൂളിനു മുമ്പില്‍ ബിഇഎസ്ടി ബസ്സിനു സ്റ്റോപ്പില്ല. അതു കഴിഞ്ഞുള്ള സ്റ്റോപ്പിലിറങ്ങി തിരിച്ചുനടക്കണം. പക്ഷേ ദിവാകരന്‍ അതിന് ഒരിക്കലും തയ്യാറായിരുന്നില്ല. സ്‌കൂളിനു മുന്നിലെത്തുമ്പോള്‍ ഓടുന്ന ബസ്സില്‍നിന്ന് ചാടിയിറങ്ങുമെന്നു മാത്രമല്ല, കൂടെയുള്ള ഞങ്ങളെയും അങ്ങനെ ചെയ്യാന്‍ നിര്‍ബ്ബന്ധിക്കും. ചെറുപ്പത്തിലെ ആ ചോരത്തിളപ്പ് വാര്‍ദ്ധക്യത്തിലെത്തിയിട്ടും ദിവാകരനെ വിട്ടുപോയിരുന്നില്ല. സാഹസങ്ങള്‍ അയാളെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

എന്നാലും ഒരു പരാജിതന്റെ പരിവേഷം എപ്പോഴും ദിവാകരനെ വലയം ചെയ്തുനിന്നു. ദിവാകരനും ആ പ്രതിച്ഛായ ഇഷ്ടമായിരുന്നുവെന്നു തോന്നുന്നു. 'തിരിച്ചുവരവ്' എന്ന നാടകത്തിലെ ഉണ്ണിമേനോനായി ആദ്യം വേഷമിട്ടത് ബോംബെയില്‍ ഞങ്ങള്‍ക്കൊക്കെ പ്രിയമുള്ള നടന്‍ ജാതവേദനായിരുന്നു. ജാതവേദന്റെ അസൗകര്യം കൊണ്ട് അത് പിന്നീട് ദിവാകരന്‍ തന്നെ ചെയ്തു. ജാതവേദന് എന്തുകൊണ്ടോ ആ വേഷം ചേരുന്നില്ല എന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു. ജാതവേദനെക്കറിച്ച് ദിവാകരനുണ്ടായിരുന്ന ഒരു പരാതി അയാള്‍ക്ക് defeated look ഇല്ല എന്നതായിരുന്നു. ആ ഭാവം ഏറ്റവുമിണങ്ങുന്നത് ദിവാകരനു തന്നെയായിരുന്നു.
രണ്ടു നോവലുകളും നിരവധി ചെറുകഥകളും നാടകങ്ങളുമെഴുതി. നാടകങ്ങള്‍ സ്വയം സംവിധാനം ചെയ്തു; അഭിനയിച്ചു. നിരവധി ചിത്രങ്ങള്‍ വരയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചെറുചലച്ചിത്രങ്ങള്‍ രചിച്ചു. ഒരേ സമയം ഇത്രയധികം കലാരൂപങ്ങളില്‍ കൈവെച്ചവര്‍ നമ്മുടെയിടയില്‍ ചുരുക്കമാവും. ഇത്രയൊക്കെയായിട്ടും വേണ്ടപോലെയുള്ള അംഗീകാരങ്ങള്‍ കിട്ടിയില്ല. ഇതൊക്കെ വെച്ച് ദിവാകരന്റെ സര്‍ഗ്ഗജീവിതം പരാജയമായിരുന്നു എന്ന് വിലയിരുത്താവുന്നതാണ്. പക്ഷെ വിജയപരാജയങ്ങള്‍ വെറും പുരസ്‌കാരങ്ങളുടെയോ അംഗീകാരങ്ങളുടെയോ കണക്കെടുപ്പില്‍ ഒതുക്കിനിര്‍ത്തേണ്ടതല്ലല്ലോ. ഇപ്പറഞ്ഞ ഇടങ്ങളിലൊക്കെ ദിവാകരന്‍ സ്വന്തം അടയാളങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ആര്‍ക്കും അവഗണിക്കാനാവാത്ത വിരല്‍പ്പാടുകളാണവ.

'തിരിച്ചുവരവ്' എന്ന നാടകത്തില്‍ കഥാനായകനായ ഉണ്ണിമേനോന്‍ വളരെ കാലത്തിനു ശേഷം നാട്ടിലെത്തുകയാണ്. ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങിയാണ് അയാളുടെ തിരിച്ചുവരവ്. പക്ഷേ ഒരോരോ വഴിത്തിരിവിലായി നാട്ടുകാര്‍ അയാളെ കാത്തുനില്‍ക്കുന്നു. കടം തിരിച്ചുകൊടുക്കാന്‍ ഒരാള്‍, ഒരു കൊലപാതകക്കുറ്റം ഏറ്റുപറയാന്‍ ഒരു ചായക്കടക്കാരന്‍, ഏതോ പരിപാടിക്കു ക്ഷണിക്കാന്‍ നാലു പേര്‍, ഭഗ്‌നപ്രണയം വെളിപ്പെടുത്താന്‍ പഴയ കൂട്ടുകാരി...... അങ്ങനെ പലരും. തറവാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ഉറ്റ ബന്ധുക്കളാരുമില്ലാത്ത അയാളുടെ വിശ്വസ്തനായ കാര്യസ്ഥനും അയാളുടെ വരവ് കാത്തിരിക്കുകയാണ്. ജീവിതം കുറേ ബാക്കിയാണ്. പക്ഷേ അന്നു രാത്രി ആ വീട് തകര്‍ന്നുപോയി ഉണ്ണിമേനോന്റെ ജീവിതം ഒടുങ്ങുകയാണ്. നിഷ്ഫലമായ ഒരു തിരിച്ചുവരവായിരുന്നു അത്.അത് അറം പറ്റിയതാണോ? ബോംബെയില്‍ തന്റെ കലാസാഹിത്യജീവിതം കൊണ്ട് നിറഞ്ഞുനിന്ന ദിവാകരന്റെ നാട്ടിലേയ്ക്കുള്ള തിരിച്ചുവരവ് ഒരു ദുരന്തമായോ എന്ന് ഞാന്‍ സംശയിക്കുന്നു. തന്റെ സിദ്ധികൊണ്ട് എവിടെയൊക്കെയോ എത്തിച്ചേരേണ്ട ദിവാകരന്റെ ജീവിതം തിരിച്ചുവന്നതിനു ശേഷമുള്ള രണ്ടര പതിറ്റാണ്ടു കാലം ഏറെക്കുറെ ഒറ്റപ്പെട്ടതായിരുന്നു. എഴുത്തിലും നാടകത്തിലും ദിവാകരന് കാര്യമായി മുന്നോട്ടുപോവാനായില്ല.

ദിവാകരന്‍ മരിച്ചതിന്റെ പിറ്റേന്ന് ദീപാവലി പ്രമാണിച്ച് പത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിന്റെ പിറ്റേന്നത്തെ പത്രത്തിലാവട്ടെ അത് വലിയ വാര്‍ത്തയുമായില്ല. ചരമക്കോളത്തില്‍ മുകളിലെ നിരയില്‍ ചിത്രമുണ്ട്; ചുരുക്കത്തില്‍ ഒരു വിവരണവുമുണ്ട്. അവിടെ എല്ലാം അവസാനിച്ചു. ടിവി ചാനലുകളില്‍ ഒരു ചുരുള്‍ വാര്‍ത്ത പോലുമായില്ല.
ഈ സര്‍വ്വകലാവല്ലഭന്റെ മരണം തീര്‍ച്ചയായും ഇതിലും വലിയ ഒരു വാര്‍ത്തായാവേണ്ടതായിരുന്നു.

പി. എ. ദിവാകരന്‍
1944--ല്‍ തിരുവില്വാമലയില്‍ ശിവരാമമേനോന്റെയും മാലതിയമ്മയുടെയും മകനായി ജനനം.
ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജില്‍നിന്ന് ബിരുദമെടുത്ത് ബോംബെയിലെത്തി.
പുസ്തകങ്ങള്‍: ഇരുട്ടിന്റെ ഇതളുകള്‍, അച്ചുവിന്റെ രാജകുമാരി, ദയവായി ഇങ്ങനെ നോക്കാതിരിക്കൂ, അമാവാസിയുടെ അസ്ഥികള്‍, (ചെറുകഥാസമാഹാരങ്ങള്‍) കനല്‍, അസ്തമയം, (നോവല്‍), പാറൂട്ടി, ഈച്ചകള്‍ (നോവലെറ്റ്), മൂന്നു ലഘുനാടകങ്ങള്‍ (ഏകാങ്കങ്ങള്‍).
നല്ല നടനായിരുന്നു. 'മോര്‍ഗ്', 'മുക്കുവനും ഭൂതവും', 'മൃത്യുഞ്ജയം', 'മൂന്നു ചുവരുകളുള്ള മുറി', 'തിരിച്ചുവരവ്' തുടങ്ങി നിരവധി നാടകങ്ങള്‍ എഴുതുകയും അവയിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളണിയുകയും ചെയ്തു.
'ഹേ റാം', 'അവസാന ചിരി' തുടങ്ങി 12 ലഘുചിത്രങ്ങള്‍ ചെയ്തു.
സണ്ണി ജോസഫിന്റെ Clown and the Dog എന്ന ഡിപ്ലോമ ഫിലിമില്‍ ഒരു പ്രധാനവേഷമിട്ടു.
അവിവാഹിതനായിരുന്നു.
2021 നവംബര്‍ 4-ന് തിരുവില്വാമലയില്‍ വെച്ച് മരണപ്പെട്ടു.

Content Highlights : writer ashtamoorthi pays homage to writer director  p a divakaran