തുപോലൊരു സംഭവം വേണ്ടിവരുന്നു ഇതൊക്കെ പറയുവാന്‍ എന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. നിയമവാഴ്ച, നീതിബോധം, ഭരണഘടന, ജനാധിപത്യം എന്തിന് എല്ലാറ്റിനും അപ്പുറത്ത് വര്‍ത്തിക്കുന്ന നാച്വറല്‍ ജസ്റ്റിസ് എന്നതിനുതന്നെ അര്‍ഥമോ പ്രസക്തിയോ ഇല്ലാതായിരിക്കുന്ന കാലത്ത്, അല്ലെങ്കില്‍, ലജ്ജയ്ക്ക് എന്തുവില?

ഇന്നലെ എന്റെ പഴയ കടലാസുകള്‍ തിരഞ്ഞപ്പോള്‍ കിട്ടിയ അടിയന്തരാവസ്ഥക്കാലത്തെ ഒരു സുപ്രീംകോര്‍ട്ട് വാദത്തിലെ ഒരംശത്തെ വ്യര്‍ഥമായിത്തന്നെ ഉദ്ധരിക്കട്ടെ:

ജസ്റ്റിസ് ഖന്ന: ഒരു പൗരന്റെയും സ്വാതന്ത്ര്യവും ജീവിതവും നിയമവിധേയമായല്ലാതെ അവനില്‍നിന്ന് അപഹരിക്കരുതെന്ന റൂള്‍സ് ഓഫ് ലോയുടെ വെളിച്ചത്തില്‍, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായി തടവില്‍ അടയ്ക്കപ്പെട്ട ഒരാള്‍ക്ക് എന്താണ് പ്രതിശാന്തി? ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്കുപരിയായി റൂള്‍സ് ഓഫ് ലോയുടെ ഈ വശം നിലനില്‍ക്കുന്നുവോ ഇല്ലയോ?

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍: തടവില്‍ അടയ്ക്കപ്പെട്ടതിന്റെ കാരണം പറഞ്ഞാലല്ലേ, ഒരു തടവുകാരന് അത് തെറ്റായ വിധത്തിലാണോ അല്ലയോ എന്ന് മനസ്സിലാകൂ. തടവില്‍ അടയ്ക്കപ്പെട്ട ആള്‍ക്ക് തടവില്‍ അടച്ചതിന്റെ കാരണങ്ങള്‍ അറിയിക്കേണ്ട ആവശ്യമാണ് ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നത്. ആ ആവശ്യം നിഷേധിക്കപ്പെട്ടിരിക്കുന്നു ഇപ്പോള്‍.

ജ. ചന്ദ്രചൂഡ്: രാഷ്ട്രീയമായ ഒരു ബന്ധവുമില്ലാത്തവനും രാവിലെയും വൈകുന്നേരവും അമ്പലത്തില്‍ പോകുന്നവനുമായ ഒരു മനുഷ്യനെ സങ്കല്പിക്കൂ. പക്ഷേ, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു.

റൂള്‍സ് ഓഫ് ലോ അനുസരിച്ച് അവന് തന്റെ സ്വാതന്ത്ര്യം തിരിച്ചെടുക്കാനുള്ള വഴി എന്താണ്?

അഡീഷണല്‍ എസ്.സി: അയാളെ തടവില്‍ അടച്ചതിനുള്ള കാരണങ്ങളോ വിവരങ്ങളോ വസ്തുതകളോ അറിയിക്കുവാന്‍ അയാള്‍ക്ക് ഒരവകാശവുമില്ല. ഭരണഘടനയിലെ 21-ഉം 22-ഉം വകുപ്പുകള്‍ സസ്‌പെന്‍ഡ് ചെയ്തതുമൂലം അയാള്‍ക്ക് ആ അവകാശം നഷ്ടമായിരിക്കുന്നു.

Content Highlights: writer Anand, stan swamy death