ഒരു ജീവിതം മുഴുവൻ മാജിക് എന്ന കലാരൂപത്തിനുവേണ്ടി സമർപ്പിച്ച്, വേദിയിൽ വിസ്മയങ്ങൾ വിരിയിച്ച മാന്ത്രികൻ ഒരുനാൾ പെട്ടെന്ന് താനിനി പ്രൊഫഷണൽ ഷോകളിലേക്കില്ല എന്നു പ്രഖ്യാപിക്കുന്നു. മാന്ത്രികന്റെ അദ്‌ഭുത വേദികൾക്ക് സാക്ഷിയായ ലോകം അതുകേട്ട് അരുത് എന്നു പറഞ്ഞെങ്കിലും അദ്ദേഹം തീരുമാനത്തിൽനിന്ന് മാറിയില്ല. തന്റെ തുടർജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സമർപ്പിച്ചതായി പ്രഖ്യാപിച്ച് അദ്ദേഹം നാട്ടിലെ തന്റെ വീട്ടിലേക്ക്  അമ്മയെ കാണാൻപോവുകയാണ്. അവിടെ തന്റെ കുട്ടിക്കാലവും അച്ഛന്റെ കാൽപ്പാടുകളും പരാജയപ്പെട്ട പരിശീലനശാലയും ജീവിതം പരാജയനിരാശകളാൽ മൂടിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച ട്രാൻസ്‌ഫോർമറുമെല്ലാം അയാൾ കാണുന്നു... തന്നിലേക്കുതന്നെ തിരിച്ചുനടക്കുമ്പോൾ പലപ്പോഴും വിതുമ്പിപ്പോവുന്നു...

കാറിലിരിക്കുമ്പോഴും കാടിളകിവരുമ്പോലെ ചിന്തകൾ ഒന്നിനുമുകളിൽ മറ്റൊന്നായി ആക്രമിക്കാൻതുടങ്ങി.അണപൊട്ടിയൊഴുകി വരുന്നതുപോലെ കുതിച്ചെത്തുന്ന ഈ ഓർമകളെല്ലാം മനസ്സിന്റെ ഏതുകോണിലാണ് ഇത്രയുംകാലം ഒളിച്ചുപാർത്തത്‌? ഉത്തരമില്ല.

വീട്ടിലെ ഇളയമകനായതുകൊണ്ടാകാം അച്ഛന് എന്നോട് വാത്സല്യം കൂടുതലായിരുന്നു. കന്നുപൂട്ടു കഴിഞ്ഞെത്തി ഉമ്മറത്തെ ചാരുകസേരയിൽ വിശ്രമിക്കുന്ന അച്ഛന്റെ നെഞ്ചിൽ ചേർന്നുകിടക്കുമ്പോൾ എന്റെ തലമുടിയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞുതന്ന മാന്ത്രികക്കഥകളിലൂടെ മനസ്സിൽ മൊട്ടിട്ട മോഹങ്ങളാണ് പിന്നീട്‌ വിടർന്ന്‌, ഇന്ന് ഇതളുകൾപൊഴിഞ്ഞ് ചിതറിവീണുകിടക്കുന്നത്. മാജിക് രംഗത്ത് ഒന്നുമാകാനാകാതെ, കേരളക്കരയിലങ്ങോളമിങ്ങോളം ഒരു വേദി കിട്ടാനായി ഞാൻ അലഞ്ഞുനടക്കുന്ന കാലത്താണ് അച്ഛൻ ഈ ഭൂമിയിൽനിന്ന്‌ വിടപറയുന്നത്. മരണത്തോടടുത്തൊരുനാളിൽ അച്ഛൻ അമ്മയോട് പറഞ്ഞത്രേ:

‘‘കുട്ടി മാജിക്കോണ്ട് ജീവിച്ചോളും ന്ന് തോന്നുണൂ (അച്ഛൻ എന്നെ കുട്ട്യേ... എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ). ഓന് മറ്റൊരു ചിന്തേം ല്ലാതെ മാജിക്... മാജിക് ന്നും പറഞ്ഞ് ഓടണത് കാണുമ്പോ വല്ലാത്തൊരു ആധി. ഇത്രേം ആയ സ്ഥിതിക്ക് ഇനി മരണംവരെ ഇതില് തന്നെ ഒറച്ച് നിൽക്കാൻ ഓനോട് പറയണം’’

അമ്മയോടൊപ്പം
അമ്മയോടൊപ്പം

ഞാൻ ഇരിങ്ങാലക്കുടയിലെ പാരിഷ് ഹാളിന്റെ അരങ്ങിൽ അദ്‌ഭുതങ്ങൾ വാരിവിതറുന്ന നേരത്തായിരുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത്‌, കവളമുക്കട്ടയിലെ വീട്ടിൽ അച്ഛൻ അന്ത്യശ്വാസം വലിക്കുന്നത്. ആ നേരത്ത് അരികിലില്ലാതെ പോയതിന്റെ കുറ്റബോധംകൊണ്ട് അന്നൊരിക്കൽ മാത്രമേ ജീവിതത്തിൽ ഞാൻ മാജിക്കിനെ ശപിച്ചിട്ടുള്ളൂ. പിന്നെ അച്ഛനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം അറിയാതെ എന്റെ കണ്ണുനിറയും; വീട്ടിലേക്കുള്ള ഈ യാത്രയിൽ അത് അധികമായി. ചിന്തകളിൽനിന്ന് ഒന്നു കുതറിമാറാനായി ഞാൻ യാത്രയ്ക്കിടെ വായിക്കാൻ കരുതിയ പുസ്തകമെടുത്തു. സച്ചിൻ തെണ്ടുൽക്കറിന്റെ ‘PLAYING IT MY WAY’ എന്ന ആത്മകഥയായിരുന്നു അത്. 2013 നവംബർ 16-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ തന്റെ അവസാനകളിയും കഴിഞ്ഞ്, തെണ്ടുൽക്കർ ജീവിച്ച ജീവിതത്തിന്റെ ഓർമകളെ വാക്കുകളും വരികളുമായി കുറിച്ചുവെച്ച പുസ്തകം. അതിലെ ആദ്യ അധ്യായം തുടങ്ങുന്നതുതന്നെ അച്ഛനെക്കുറിച്ച് ഓർത്തുകൊണ്ടാണ്:

‘‘മകനേ, ജീവിതം ഒട്ടേറെ അധ്യായങ്ങളുള്ള ഒരു പുസ്തകമാണ്. അതിൽ ജയവും പരാജയവും സുഖവും ദുഃഖവും എല്ലാം ഓരോ പാഠങ്ങളായി ഒരു പെൻഡുലം ആടുന്നതുപോലെ വന്നുകൊണ്ടേയിരിക്കും. വിജയങ്ങളിൽനിന്നുള്ളതിനെക്കാൾ പാഠങ്ങൾ പഠിക്കാനുള്ളത്  പരാജയങ്ങളിൽനിന്നാണെന്ന് നീ മറക്കരുത്’’.

വായനയിൽ മനസ്സുറയ്ക്കുന്നില്ല; ഓർമകൾ പിറകോട്ടുപറക്കുകയാണ്, കാറിനുപുറത്തെ ദൃശ്യങ്ങളെപ്പോലെ...

എന്റെ മനസ്സിൽ ചുങ്കത്തറ തലഞ്ഞിപ്പള്ളിയിലെ പെരുന്നാളിന്റെ വെളിച്ചം നിറഞ്ഞു. നാൽപ്പത്തിയഞ്ചു വർഷങ്ങൾക്കുമുമ്പുനടന്ന എന്റെ ഇന്ദ്രജാല അരങ്ങേറ്റത്തിന്റെ നേരിയ ഓർമകളേയുള്ളൂ. അച്ഛൻ തയ്പിച്ചുതന്ന പുതിയ പാന്റ്‌സിന്റെയും കുപ്പായത്തിന്റെയും ഗന്ധം ഇന്നും അതുപോലെ ഓർക്കാനാവുന്നുണ്ട്. ഗുരുനാഥനായ ആർ.കെ. മലയത്തിനോടും സംഘത്തോടുമൊപ്പം നീലനിറമുള്ള മാറ്റഡോർ വാനിന്റെ മുന്നിലെ സീറ്റിലിരുന്ന് യാത്രചെയ്തതും അടച്ചിട്ട ചില്ലുജനാലയിൽ മൂക്കമർത്തിവെച്ച് പുറത്തുള്ള കാഴ്ചകൾ കണ്ടിരുന്നതും മനസ്സിൽ തെളിയുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു... പക്ഷേ, അന്നവിടെ അവതരിപ്പിച്ച രണ്ടുജാലവിദ്യകളും തകർന്നടിഞ്ഞു. കരഞ്ഞുകൊണ്ട് കർട്ടനുപിന്നിലേക്ക് തോറ്റോടുമ്പോൾ, ഇനിയുമൊരു മാജിക് അവതരിപ്പിക്കാൻ ഞാൻ പ്രാപ്തനല്ലെന്ന് സ്വയം വിധിയെഴുതപ്പെട്ടപ്പോൾ, മകന്റെ അരങ്ങേറ്റവിജയം കൗതുകപൂർവം കാണാനിരുന്ന അച്ഛൻ അണിയറയിലേക്ക് ഓടിവന്നു പറഞ്ഞുതന്നതും തെണ്ടുൽക്കറിനോട്‌ അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞ ഇതേ മന്ത്രങ്ങൾ തന്നെയായിരുന്നില്ലേ?

‘‘കുട്ട്യേ... വിജയത്തിൽനിന്ന് നിനക്ക് ഒരു പാഠോം പഠിക്കാനാവില്ല; പരാജയത്തിൽനിന്നേ പഠിക്കാനാവൂ...’’

കാർ ഒരു വാഹനക്കുരുക്കിൽ നിന്നു. പുസ്തകം അടുത്ത സീറ്റിലേക്കുവെച്ച് ഞാൻ മുന്നിലേക്കുനോക്കി. തലങ്ങും വിലങ്ങും കിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാറിനെ മുന്നിലേക്ക് നയിക്കാൻ കാറോടിക്കുന്ന വിഷ്ണുപ്രസാദ് കഷ്ടപ്പെടുന്നു. എന്റെ മനസ്സും അതേ അവസ്ഥയിലായിരുന്നു അപ്പോൾ. തലങ്ങും വിലങ്ങും ആക്രമിക്കുന്ന ഓർമകളിൽനിന്നൊന്ന് കുതറിമാറാനൊരുങ്ങുമ്പോൾ അതേ ഓർമകൾ വീണ്ടും കടന്നുവന്ന് മനസ്സിനെ അസ്വസ്ഥമാക്കുന്നു.

ജീവിതത്തിൽ ഇതിനുമുമ്പും ഇതേപോലെ വിപരീതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. കവളമുക്കട്ടയുടെ മണ്ണും മണവും വെടിഞ്ഞ് തിരുവനന്തപുരത്ത് പൂജപ്പുരയിലെ എട്ടുസെന്റ് സ്ഥലത്ത് മാജിക് അക്കാദമിക്ക് തുടക്കംകുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആ ദിവസം. 1996-ലെ വിഷുവിന്റെ പിറ്റേന്നായിരുന്നു അത്. മലയാറ്റൂർ രാമകൃഷ്ണൻ എന്ന മനുഷ്യൻതന്ന പ്രചോദനത്തിന്റെ ആവേശത്തിൽ പിറന്നതായിരുന്നു നാട്ടിൽനിന്നുള്ള ആ പറിച്ചുനടൽ. ചെരങ്ങാത്തോടിന്റെ കരയിൽ അച്ഛൻ നട്ടുപിടിപ്പിച്ച പേരാലിന്റെ അരികിൽനിന്നാണ് അന്ന് പെട്ടിയുംപിടിച്ച് ഞാൻ ബസ് കയറിയത്. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് വണ്ടിയിൽ കയറിയതുമുതൽ ഇതേപോലുള്ള മാനസികസംഘർഷത്തിലായിരുന്നു. വീടും വീട്ടുകാരെയുംവിട്ട എനിക്ക് അപരിചിതമായ ഒരു നാട്ടിലേക്ക് പോകുന്നതിന്റെ പിരിമുറുക്കങ്ങൾ. വലിയൊരു സാമ്പത്തികബാധ്യത തലയിൽവെച്ചുകൊണ്ട് മാജിക് അക്കാദമി എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിക്കുമ്പോൾ നാളെ എന്തായിത്തീരും എന്ന ചിന്ത. ഇന്ന് ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം മാജിക് അക്കാദമിയുടെ കോഴ്സുകളെ കേരള യൂണിവേഴ്‌സിറ്റിയുടെ പഠനവിഭാഗത്തിനു കീഴിലേക്കെത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഉള്ളിൽനിറച്ചുകൊണ്ട് ഞാൻ എന്നിലെ അസ്വസ്ഥതകളെ അകറ്റാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

കവളമുക്കട്ട അങ്ങാടിയും കടന്ന് കാർ അച്ഛൻ നട്ട പേരാലിന്റെ അരികിലേക്കടുക്കുമ്പോൾ എന്റെ മനസ്സ് ഒന്നു പിടച്ചു. ആ ആൽമരം എന്നും എനിക്ക് അച്ഛന്റെ പ്രതീകമായിരുന്നു. ചേറിൽക്കുളിച്ച കീറത്തോർത്തുമുടുത്ത് പാടത്ത് വിത്തുവിതയ്ക്കാനിറങ്ങുമ്പോൾ പാടവരമ്പിൽ കാത്തുനിൽക്കുന്ന കുഞ്ഞായ എന്നോട് അച്ഛന് ഒരു പറച്ചിലുണ്ടായിരുന്നു:

‘‘കുട്ട്യേ... ഓരോ വിത്തിലും ഒരു മരമുണ്ട്. വിത്ത് പൊട്ടിച്ചുനോക്കിയാൽ അതിനെ കാണാനാവില്ല. അതങ്ങനെ മണ്ണിൽക്കിടന്ന് മുളച്ചുപൊങ്ങി മരമായി വളരണം. നീയും അതുപോലെ നാളെ വളർന്ന് മരമായി അതിലെ പൂവും പഴവുമെല്ലാം പൊഴിച്ചുകൊണ്ടേയിരിക്കണം...’’ വീടിനോടടുത്തുള്ള തൊഴുത്തിന്റെ അരികിൽ മുളച്ചുപൊങ്ങിയ ആലിന്റെ കുഞ്ഞുതൈ അച്ഛൻ അന്ന് തോടിന്റെ കരയിൽ കൊണ്ടുപോയി നടുമ്പോഴും ഞാൻ അരികിൽത്തന്നെ ഉണ്ടായിരുന്നു. അച്ഛൻ പറഞ്ഞു:

‘‘ഇത് വളരേണ്ടത് ഇവിടെയാണ്. നാട്ടുകാർക്ക് മുഴുവൻ നാളെ തണലാവട്ടെ’’

ഇന്ന് അതൊരു വൻമരമാണ്. ശാഖകളും ഉപശാഖകളുമൊക്കെയായി പടർന്നുപന്തലിച്ചുനിൽക്കുന്ന ഒരു തണൽമരം. അല്പനേരം ഞാൻ അവിടെയിരുന്നു. എന്റെ പ്രിയപ്പെട്ട അച്ഛനെയോർത്ത്...

വീട്ടിലേക്ക് തിരിഞ്ഞാലുടനെ കവളമുക്കട്ടയിലെ ട്രാൻസ്ഫോർമർ കാണാം. അന്നൊരിക്കൽ എന്റെ മാജിക് സംഘത്തിന് പോകാനായി വാങ്ങിയ ഒരു പഴയ ബസിന്റെ കടം തിരിച്ചടയ്ക്കാനാകാതെ ആ ട്രാൻസ്‌ഫോർമറിൽ പിടിച്ചുകയറിയാണ് ഞാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. കുഞ്ഞുനാൾമുതൽ കളിക്കൂട്ടുകാരനായിരുന്ന രാജൻ കുളിക്കാൻപോകുമ്പോൾ ആ കാഴ്ചകണ്ട് മരണത്തിൽനിന്നും എന്നെ വലിച്ചിട്ടതുകൊണ്ടാണ് ഇന്ന് ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത്. അയൽക്കാരനായ രാജനെ ഫോണിൽ വിളിച്ചു. ഓടിയെത്തുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒന്നും പറയാതെ ഞങ്ങൾ കുറേനേരം അതിനരികിൽ നിന്നു. എന്തെല്ലാം ഓർമകൾ അവന്റെ മനസ്സിലൂടെ കടന്നുപോയിക്കാണും... മാജിക് പഠിക്കാൻ തുടങ്ങിയ കാലംമുതൽ എന്റെ സ്വപ്നങ്ങളെല്ലാം പങ്കുവെച്ചിരുന്നത് അവനോടായിരുന്നല്ലോ. മരപ്പണിയിൽ വിദഗ്ധനായിരുന്ന അവനായിരുന്നല്ലോ അക്കാലത്ത് എന്റെ മാജിക് ഉപകരണങ്ങളെല്ലാം ഉണ്ടാക്കിത്തന്നത്. ഓരോ പുത്തൻ ജാലവിദ്യകളും രൂപപ്പെടുത്തി അതിന്റെ വിജയം ആഘോഷിച്ചിരുന്നതും ഞങ്ങൾ ഇരുവരും ചേർന്നായിരുന്നല്ലോ.

കളിക്കൂട്ടുകാരന്‍ രാജനോടൊപ്പം
കളിക്കൂട്ടുകാരന്‍ രാജനോടൊപ്പം 

വീടിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ അമ്മ ഉമ്മറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവിടെ വിതുമ്പിയത് ഞാനാണ്. ‘‘ഇങ്ങനെയൊരു തീരുമാനത്തെക്കുറിച്ച് അമ്മയോടെന്തേ ആദ്യം പറയാതിരുന്നത്’’ എന്നുമാത്രം ചോദിച്ചു അമ്മ. പതിവുപോലെ കുറച്ചുനേരം അമ്മയുടെ മടിയിൽ കിടന്നു. പിന്നെ വെറുതേ ഇറങ്ങിനടന്നു. എന്റെ റാട്ടപ്പുരയിലേക്ക്. എത്രയോ നാളുകൾ ഞാൻ സ്വപ്നങ്ങൾ നെയ്തുകൂട്ടിയ ഓഫീസ് മുറിയിലേക്ക്. വക്കീൽ പഠനം പാതിവഴിയിലുപേക്ഷിച്ച് ബെംഗളൂരുവിൽനിന്ന് തിരിച്ചെത്തി അനന്തപുരയിലേക്ക് ജീവിതം മാറ്റിസ്ഥാപിക്കുന്നതുവരെ എന്റെ മാന്ത്രികലോകം അവിടെയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ലബ്ബുകളുടെയും ഫൈൻ ആർട്‌സ് സൊസൈറ്റികളുടെയും സാരഥികൾക്ക് ഒരു വേദികിട്ടാനായി കത്തുകൾ എഴുതിക്കൂട്ടിയത് ഈ മുറിക്കുള്ളിലിരുന്നുകൊണ്ടായിരുന്നു. ഹാരി ഹൗഡിനി എന്ന രക്ഷപ്പെടൽ ജാലവിദ്യക്കാരന്റെ The Secrets of Houdini എന്ന പുസ്തകത്തിലെ തുറന്നെഴുത്തിൽ ആവേശംകൊണ്ട് ഫയർ എസ്‌കേപ്പ് ആക്റ്റും വാട്ടർ ടോർച്ചർ ആക്റ്റും എല്ലാം പരിശീലനം പൂർത്തിയാക്കിയത് അവിടെവെച്ചായിരുന്നു. ഓർമകളിൽ ഓരോ മുഹൂർത്തങ്ങളും ഒരു മായാജാലംപോലെ മിന്നിമറഞ്ഞുകൊണ്ടിരുന്നു.

അതിൽനിന്ന് കുതറിമാറാനാകാതെ അടുത്തനാളിൽ ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. യാത്രയിൽ മുഴുവൻ കഴിഞ്ഞ നാൽപ്പത്തിയഞ്ചു വർഷക്കാലത്തെ ചിത്രങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. വിജയത്തിന്റെ, പരാജയത്തിന്റെ, സ്വപ്നസാക്ഷാത്കാരങ്ങളുടെ, ബാക്കിവെച്ച മോഹങ്ങളുടെ, അത്രമാത്രം കൊതിച്ചിട്ടും തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിട്ടും അന്ത്യനിമിഷത്തിൽ തെന്നിപ്പോയ സഫലമാകാത്ത മാന്ത്രികമോഹങ്ങളുടെ ഓർമകൾ ചിന്നിയും ചിതറിയും ചിത്രങ്ങളായി മനസ്സിൽ... അവസരങ്ങൾതന്ന് ചേർത്തുപിടിച്ച എത്രയോ സംഘാടകരുടെ മുഖങ്ങൾ തെളിഞ്ഞു. കൂടെനിന്ന സംഘാംഗങ്ങൾ, അവരോടൊപ്പമുള്ള യാത്രകൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ എല്ലാം ചിന്തകളിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു.

വീണ്ടും ഞാൻ സച്ചിന്റെ ആത്മകഥയിലേക്ക്് തിരിച്ചുപോയി. അദ്ദേഹത്തിന്റെ അച്ഛന്റെ അർഥമുള്ള വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

‘‘പ്രിയപ്പെട്ട മകനേ, ഇന്ന് നീ ഒരു ക്രിക്കറ്ററാണ്. നിന്റെ രാജ്യത്തിനെ പ്രതിനിധാനംചെയ്ത്‌ കളിക്കാനാവുന്നു എന്നത് ഒരു വലിയ സൗഭാഗ്യവുമാണ്. പക്ഷേ, ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് എഴുപതോ എൺപതോ വയസ്സുവരെയാണ്. ഇതിനിടയ്ക്ക് എത്രകാലം നിനക്ക് കളിക്കാൻ സാധിക്കും...? ഇരുപതു വർഷം; കൂടിയാൽ ഇരുപത്തിയഞ്ചു വർഷം. അതിനുശേഷവും ജീവിതം ബാക്കികിടക്കുകയാണ്. അവിടെയാണ്, അപ്പോഴാണ് നീ ആരാണ് എന്ന് ലോകം വിലയിരുത്തുക. സച്ചിൻ നല്ല ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്ന്‌ കേൾക്കുന്നതിനെക്കാൾ സച്ചിൻ നല്ല ഒരു മനുഷ്യനായിരുന്നു എന്ന് കേൾക്കാനാണ് ഒരച്ഛൻ എന്ന നിലയ്ക്ക് എനിക്ക് കൂടുതൽ ഇഷ്ടം.’’

വാഹനം മാജിക് പ്ലാനെറ്റിലെ ഡിഫറൻറ് ആർട്ട്‌ സെന്ററിലേക്ക് കടന്നുചെല്ലുമ്പോൾ നൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾ എന്നെ കാത്തുനിൽക്കുകയായിരുന്നു. ഓട്ടിസം ബാധിച്ചവർ, സെറിബ്രൽ പാൾസിയും മാനസികവെല്ലുവിളിയും നേരിടുന്നവർ. കഴിഞ്ഞ രണ്ടുവർഷമായി എന്നോട് ഒട്ടിനിന്നവർ, ഓരോ രാത്രിയിലും എന്റെ ഉറക്കത്തിൽ കടന്നുവന്നവർ... കാറിൽനിന്നിറങ്ങി ഞാൻ അവർക്കുനേരെ നടന്നു. ഓടിവന്ന് അവർ അവരുടെ മാജിക് അങ്കിളിനെ ആശ്ലേഷിക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു:

മാജിക് പ്ലാനറ്റിലെ ഡിഫറൻറ് ആർട്ട്‌ സെന്ററിലെ കുട്ടികൾക്കൊപ്പം
മാജിക് പ്ലാനറ്റിലെ ഡിഫറൻറ് ആർട്ട്‌ സെന്ററിലെ കുട്ടികൾക്കൊപ്പം

‘ഇനി നിങ്ങൾക്കായാണ്, നിങ്ങളെപ്പോലുള്ള കുട്ടികൾക്കായാണ് ഈ ജീവിതം’

എവിടയോ ഇരുന്ന് എന്റെ അച്ഛൻ ഇതു കേൾക്കുന്നുണ്ടാവാണം. തീർച്ചയായും എന്നോടായി മനസ്സിൽ പറയുന്നുണ്ടാവണം: ‘കുട്ട്യേ എവിടെയായാലും നീ ഒറച്ച് നിക്കണം’. ഈ കുട്ടികളുടെ കൂടെ, അവരുടെ ജീവിതത്തിനൊപ്പം ഞാൻ ഉറച്ചുനിൽക്കും.

വേദിയിലല്ല, ജീവിതത്തിലെ മാജിക് കാണിക്കാനായി ഞാൻ കർട്ടനുയർത്തുകയാണ്. ‘അസുരവിത്ത്’ എന്ന നോവലിന്റെ അവസാനം എം.ടി. വാസുദേവൻ നായർ എഴുതിയ ഒരു വാചകം ആവർത്തിക്കട്ടെ: പ്രിയപ്പെട്ടവരെ, തിരിച്ചുവരാൻവേണ്ടി യാത്ര ആരംഭിക്കുകയാണ്‌.

 

Content Highlights: Write up by Gopinath Muthukad magician and motivational speaker, founder of Magic Planet