വിവര്‍ത്തകന്‍ എന്ന നിലയില്‍ അയ്യപ്പപ്പണിക്കരുടെ മഹോദ്യമമായിരുന്നു റ്റി.എസ്.എലിയറ്റിന്റെ 'വേസ്റ്റ്‌ലാന്റി'ന്റെ മലയാള പരിഭാഷ. മൂലരൂപത്തില്‍ തന്നെ അതൊരു പ്രഹേളികയായിരുന്നു, വായനക്കാര്‍ക്കും നിരൂപകര്‍ക്കും. ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള ഉദ്ധരണികള്‍,ശ്ലഥരൂപം, പാഠാന്തര പരാമര്‍ശങ്ങ (allusions)ളുടെ ബാഹുല്യം എന്നിങ്ങനെ 'തരിശുഭൂമി' ഇരുപതാം നൂറ്റാണ്ടിന്റെ ഭാവുകത്വത്തില്‍ നിക്ഷേപിച്ച 'വിഭ്രമവിഷവിത്തുകള്‍' അനവധി. അവയെ അചഞ്ചലമായി നേരിടുകയായിരുന്നു പണിക്കര്‍ തന്റെ പരിഭാഷയില്‍. അങ്ങനെ എലിയറ്റിന്റെ രാവണന്‍കോട്ട മലയാളിക്കും അഭിഗമ്യമായി.

ഏപ്രില്‍ എന്ന ക്രൂരമാസത്തെ വിവരിക്കുന്ന ആ തുടക്കവരികള്‍ പദ്യത്തിലാണ് എലിയറ്റ് എഴുതിയിരിക്കുന്നത്. 'എന്‍ജാമെന്റ്'(enjambment) എന്ന, അനുസ്യൂതിയുടെ അനുഭവം സൃഷ്ടിക്കുന്ന,
രീതിയിലാണ് ഈ വരികളുടെ ഘടന; ഓരോ വരിയും തൊട്ടടുത്തതിലേയ്ക്ക് ഒഴുകിച്ചേരുന്നു-
'April is the cruellest month, breeding
Lilacs out of the dead land, mixing
Memory and desire, stirring
Dull roots with spring rain'.

പണിക്കര്‍ ഈ വരികള്‍ ഇങ്ങനെ പരിഭാഷപ്പെടുത്തി -
'ഏപ്രിലാണേറ്റവും ക്രൂരമാസം, മൃത

ധാത്രിയില്‍ നിന്നു ലൈലാക വളര്‍ത്തിയും
മോഹവുമോര്‍മ്മയും കൂട്ടിക്കലര്‍ത്തിയും.' മലയാള( ദ്രാവിഡ) വൃത്തത്തില്‍ വിദേശകവിയുടെ ഉദ്വിഗ്‌നതയ്ക്ക് ഉചിതമായ വാഗ്രൂപം കണ്ടെത്തുകയാണ് വിവര്‍ത്തകന്‍.'Dead land',
'മൃതധാത്രി'യാകുമ്പോള്‍ ദീപ്തിയിരട്ടിക്കുകയും ചെയ്യുന്നു.

തുടര്‍ന്നു വരുന്ന,'Winter kept us warm, covering
Earth in forgetful snow, feeding
A little life with dried tubers'. എന്ന വരികള്‍, എന്തുകൊണ്ടോ, പണിക്കര്‍ ഗദ്യത്തിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്-
'ഹേമന്തം നമുക്കു ചൂടു തന്നു സംരക്ഷിച്ചു, 
മറവിയാര്‍ന്ന മഞ്ഞില്‍ ഭൂമിയെ മൂടിപ്പൊതിഞ്ഞും
ഉണക്ക ക്കിഴങ്ങാല്‍ അല്പമൊരു ജീവിതം പോറ്റിയും'.

'മൃതധാത്രി'യാല്‍ എലിയറ്റിനെ തെല്ലൊന്നതിശയിച്ച പണിക്കര്‍ 'feeding' എന്ന മാതൃസഹജമായ പോഷണക്രിയയെ 'പോറ്റ'ലാക്കി തന്റെ വിവര്‍ത്തനത്തെ ഭാവഭദ്രമാക്കിയിരിക്കുന്നു.

'I will show you fear in a handful of dust'എന്നതാണ് 'ശവസംസ്‌കാരം'(Burial of the Dead) എന്ന് പണിക്കര്‍ പരിഭാഷപ്പെടുത്തുന്ന, പ്രഥമഖണ്ഡത്തിലെ അവിസ്മരണീയമായ ഒരു വരി.' ഞാന്‍ നിനക്കു ഭയത്തെ കാണിച്ചു തരാം ഒരു പിടി മണ്ണില്‍' എന്ന പണിക്കര്‍പ്പരിഭാഷയെ സവിശേഷമാക്കുന്നത് അതിലെ പദക്രമ(syntax) മാണ്, ഇംഗ്ലീഷിലെ ക്രമം അതേപടി പിന്‍തുടര്‍ന്നിരിക്കുന്നു, അതുളവാക്കുന്ന ആഘാതത്തെയും.

'അവിടെ ഞാനൊരു പരിചയക്കാരനെ കണ്ടു, തടഞ്ഞു നിര്‍ത്തി വിളിച്ചു:സ്റ്റെറ്റ്‌സണ്‍!
'ആ ശവം, കഴിഞ്ഞ കൊല്ലം നീ നിന്റെ തോട്ടത്തില്‍ കുഴിച്ചിട്ടത്,
അതിനു നാമ്പു വരാറായോ? അതിക്കൊല്ലം പൂവിടുമോ?'
-ഇവിടെയും മൂലകവിതയിലെ പദക്രമം പരമാവധി പിന്‍തുടരാനാണ് പണിക്കരുടെ ശ്രമം. അങ്ങനെ, അസാധാരവിചിത്രമായ ഒരു സംഭാഷണ ശകലം, അതേ വിചിത്രതയോടെ, മലയാളിയുടെ അടുക്കലുമെത്തി. ഇന്നിപ്പോള്‍ അതിപരിചയത്താല്‍ അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടാവാം. ആദ്യ വായനക്കാരില്‍ അതേല്പിച്ച പ്രഹരം, വൈദ്യുതാഘാതം പോലെ തീക്ഷ്ണമായിരുന്നിരിക്കണം.
മലയാളത്തിലാവുമ്പോള്‍ ആ തീവ്രത ഇരട്ടിക്കുക കൂടി ചെയ്യുന്നു.
'sprout' എന്നതിനു' നാമ്പു വരുക' എന്ന തത്തുല്യ പദം കണ്ടെത്തിയ മനോധര്‍മ്മവും കാണാതിരുന്നു കൂടാ.

'brown fog',' പിംഗലധൂമിക'യാകുന്നിടത്തും 'golden cupidon' ,'സുവര്‍ണ്ണമന്മഥന്‍' ആകുന്നിടത്തുമെല്ലാം ഉചിതജ്ഞതയോടെ തന്റെ ഭാഷയിലെ പദങ്ങള്‍ പരഭാഷയ്ക്കു പകരം വയ്ക്കുന്ന പരിഭാഷകനെ കാണാം.അങ്ങനെ,'I think we are in rat's alley/Where the dead men lost their bones', എന്ന മ്‌ളാനവും ഹതാശവും മരണാതുരവുമായ വരി,'മരിച്ചവര്‍ക്ക് അവരുടെ എല്ലു നഷ്ടപ്പെട്ട/ എലിമുടുക്കിലാണു നമ്മളെന്നാ ഞാന്‍ ആലോചിക്കുന്നത്' എന്നു പരിഭാഷപ്പെടുന്നു. ആ'എലിമുടുക്കും' 'എല്ലും' നമ്മുടെ കാതോളം കടന്നെത്തുന്നു.(എന്‍.എന്‍.കക്കാടിന്റെ' സഫലമീ യാത്ര'യിലെ' മുരടന്‍ മുടുക്കുകള്‍ക്കപ്പുറം' എന്നിടത്താണ് ഈ തെക്കന്‍ മലയാള പദവുമായി നമ്മള്‍ വീണ്ടും സന്ധിക്കുന്നത്. കക്കാടിന് ഈ പദം സംഭാവന ചെയ്തത് പണിക്കരുടെ 'തരിശുഭൂമി'യാണെന്നു തന്നെ ഞാന്‍ കരുതുന്നു).

'അഗ്‌നിപ്രഭാഷണ'(The Fire Sermon)ഖണ്ഡത്തിലെ,
'gashouse','ഗ്യാസ്പുര'യായതിലെ അഭംഗി,
'She smoothes her hair with automatic hand/And puts a record on the gramophone' എന്ന വരികള്‍,' യാന്ത്രികക്കയ്യാലൊതുക്കും മുടി, സ്വന-/ ഗ്രാഹി മേല്‍വയ്ക്കുമൊരു ഗാനപത്രകം' എന്നു പരിഭാഷപ്പെടുന്നതോടെ നമ്മള്‍ വിസ്മരിക്കുന്നു.

എലിയറ്റിനു കൂടി പ്രിയങ്കരമായ ഒരു ജലസ്തവമുണ്ട് 'വേസ്റ്റ്‌ലാന്റി'ന്റെ അവസാനഖണ്ഡമായ' ഇടിനാദം പറഞ്ഞത്'
(What the Thunder Said) എന്നതില്‍. വെള്ളമിറ്റുന്ന കുളുര്‍ത്ത ഒച്ചയെ,'Drip drop drip drop drop drop drop' എന്ന് കര്‍ണ്ണാമൃതമാക്കുന്നുണ്ട് എലിയറ്റ് ഈ ഖണ്ഡത്തിനൊടുവില്‍. മലയാളകവി ഈ സന്ദര്‍ഭത്തില്‍ എഴുതുന്നതിങ്ങനെ -
'ഇറ്റു തുളളിയിറ്റു തുള്ളി തുളളി തുള്ളി തുളളി'.
പണിക്കരുടെ' തരിശുഭൂമി'യുടെ വായനക്കാര്‍ തെളിമലയാളത്തില്‍ ആ മഴ നനഞ്ഞു; ഒപ്പം എഴുപതുകളില്‍ നമ്മുടെ കവിതയില്‍ ആവിര്‍ഭവിച്ച മലയാളാധുനികതയും. അതായിരുന്നു ഡോ. അയ്യപ്പപ്പണിക്കര്‍ നടത്തിയ എലിയറ്റ്പരിഭാഷയുടെ ഫലശ്രുതി.

Content Highlights : World Translation Day Sajay KV Writes on TS Eliot poem Wasteland and Ayyappappanikkar translation