ജീവിതത്തിന്റെ കാലവഴികളില്‍ മനുഷ്യരെന്നപോലെ മൃഗങ്ങളുംപക്ഷികളും അഗാധ സ്‌നേഹത്തിന്റെ പാലരുവി തീര്‍ത്ത് മനസിലേക്ക് ഒഴുകിവന്നിട്ടുണ്ട്. ഓര്‍മകളില്‍ നൊമ്പരപ്പൂക്കളായി അവര്‍ വിടര്‍ന്നങ്ങനെ നില്‍ക്കും. ഉള്ളില്‍ ആദ്യം വന്ന് മുഖമുയര്‍ത്തുന്നത് അവനാണ്. എന്റെ സ്വന്തം ആര്‍ഗ്ഗോസ്.

ബിരുദാനന്തരധാരിയായി ധാരണയൊന്നുമില്ലാതെ അലയുന്ന നേരത്താണ് അവന്‍ വീട്ടിലേക്ക് വരുന്നത്. കയ്യാലവളപ്പില്‍ കുഞ്ഞിരാമേട്ടന്റെ വീട്ടില്‍ അനാഥജീവിതം നയിച്ചിരുന്ന അവനെ അമ്മ എടുത്തുകൊണ്ടുവരികയായിരുന്നു. അനാഥനായതിന്റെ അരക്ഷിതത്വം അവന്റെ കണ്ണുകളിലുണ്ടായിരുന്നു. സ്‌നേഹം നിറയുന്ന സമയങ്ങളില്‍ നായകളുടെ കണ്ണുകളില്‍ ദൈന്യതയുടെ കടല്‍ എല്ലായ്‌പ്പോഴുമുണ്ടല്ലോ.

വീട്ടിലെ പശുക്കുട്ടിയോടും കോഴികളോടും കുട്ടികളോടും ലോഹ്യം കൂടിയും സ്‌നേഹമുള്ള കുരുത്തക്കേട് കാട്ടിയും അവനങ്ങനെ വളര്‍ന്നു. നായകള്‍ക്കും പശുക്കള്‍ക്കും പൂച്ചകള്‍ക്കൊന്നും അങ്ങനെ സ്ഥിരമായി പേരിട്ട് വിളിക്കുന്ന പതിവ് വീട്ടിലില്ല. അതുകൊണ്ട് വീട്ടില്‍ വരുന്നവരും വസിക്കുന്നവരും പല തരം പേരുകളില്‍ അവനെ വിളിച്ചു. പെണ്‍നാമവും ആണ്‍നാമവും അവനില്‍ ചാര്‍ത്തപ്പെട്ടു. പലതരം പേരുകള്‍ ഉണര്‍ത്തിയേക്കാവുന്ന അസ്തിത്വപ്രതിസന്ധിയേതുമില്ലാതെ പരിചയമുള്ളവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ സ്‌നേഹത്തിന്റെ വാലിളക്കി. ആരെയും ദ്രോഹിച്ചില്ല. ആര്‍ക്ക് നേരെയും കടിക്കാന്‍ വാതുറന്നില്ല. അപരിചതര്‍ വരുമ്പോള്‍ മാത്രം, ഇതാ ഒരാള് വന്നിട്ടുണ്ടേ, എനിക്ക് വല്ല്യപരിചയം തോന്നുന്നില്ല..യെന്ന് വീട്ടിലുള്ളവരോട് കുരച്ചു.

അവനെ കെട്ടിയിടാറുണ്ടായിരുന്നില്ല. വീട് വിട്ട് പുറംലോകത്തേക്ക് പോവാന്‍ അവന് തീരെ താല്‍പ്പര്യമില്ലായിരുന്നു.

അങ്ങനെയിരിക്കെ കന്നിമാസം വന്നു. കന്നിമാസം നായകളുടെ പ്രണയകാലമാണല്ലോ. പല സ്ഥലങ്ങളില്‍ നിന്നുള്ള ആണ്‍നായകളും പെണ്‍നായകളും കാലിച്ചാംപൊതിയിലെ മിനിസ്റ്റേഡിയത്തില്‍ രാവുംപകലും നോക്കാതെ ഒത്തുകൂടാന്‍ തുടങ്ങി. അവര്‍ ലജ്ജയേതുമില്ലാതെ ലോകത്തിന് മുന്നില്‍ തങ്ങളുടെ പ്രണയം വെളിപ്പെടുത്തി. നായകളുടെ ജില്ലാസമ്മേളനം കാലിച്ചാംപൊതിയില്‍ വെച്ച് നടക്കുകയാണെന്ന് ആളുകള്‍ കല്ലെറിഞ്ഞു. മിനിസ്റ്റേഡിയത്തിലേക്ക് പോകാന്‍ അവനും ആഗ്രഹമുണ്ടായി. മറ്റ് നായ്ക്കളുടെ കടി കൊണ്ട് സൂക്കേട് വരാതിരിക്കാന്‍ അമ്മ പശുവിനെ കെട്ടുന്ന കയറില്‍ മേല്‍ക്കൂരയില്ലാത്ത കൂടിന്റെ കാലില്‍ അവനെ കെട്ടിയിട്ടു. രാത്രികളില്‍ പ്ലീസ്, എന്നെ ഒന്ന് സ്വതന്ത്രനാക്കൂ, എനിക്ക് പ്രണയിക്കണം.. എന്ന് ഉറങ്ങാതെ അവന്‍ വിലപിച്ചു. 

പ്രണയവിലാപത്തില്‍ വീട്ടിലുള്ളവരുടെ ഉറക്കം അവന്‍ നക്കിയെടുത്തു. തുടര്‍ച്ചയായ മൂന്നാം രാത്രിയിലും ഉറക്കം പോകുന്നമെന്നുറപ്പായപ്പോള്‍ അമ്മ അവനെ അഴിച്ചുവിട്ടു. കാലിച്ചാംപൊതി മിനിസ്റ്റേഡിയത്തിലേക്ക് ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കുന്ന വേഗതയില്‍ അവന്‍ കുന്നുകയറി.

നാല് ദിവസം കഴിഞ്ഞാണ് അവന്‍ തിരിച്ചുവന്നത്. പാലും കൊണ്ട് മില്‍മ്മാസൊസൈറ്റിയിലേക്കോ സാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയിലേക്കോ പോകുമ്പോള്‍ അമ്മ അവനെ കണ്ടു. അമ്മയുടെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാതെ അവന്‍ സ്റ്റേഡിയത്തിന്റെ മതിലിന് കീഴിലേക്ക് തലയൊളിപ്പിച്ചു.

തിരിച്ചുവരുമ്പോള്‍ ഭക്ഷണമൊന്നും കഴിക്കാതെ അവന്‍ കോലം കെട്ടിരുന്നു. വയറില്‍ നിന്ന് എല്ലുകള്‍ എക്‌സ് റേ എടുക്കാന്‍ പാകത്തിന് വെളിപ്പെട്ട് തുടങ്ങിയിരുന്നു. വിശപ്പ് പോലും മറന്നുപോകുന്ന ഒന്നാണോ പ്രണയം. ലജ്ജയോടെ അവന്‍ കളത്തിന് പുറത്ത് നിന്ന് വാലാട്ടിക്കൊണ്ടിരുന്നു. നിനക്ക് ഒരു തുള്ളി വെള്ളം പോലും തരില്ല. എന്ന് അമ്മ ദേഷ്യപ്പെട്ടു. ചീത്ത പറച്ചിലുകള്‍ എല്ലാം കേട്ടുകൊണ്ട് ചെയ്തത് തെറ്റാണ്, ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം, വേഗേനെ നഷ്ടമാവുന്നത് ആയുസ്സാണെന്ന് എനിക്ക് മനസ്സിലായി എന്ന് എഴുത്തച്ഛനെ ഓര്‍മിച്ച് അവന്‍ തല താഴ്ത്തിനിന്നു.

ഒടുവില്‍ ദയയും സ്‌നേഹവും തോന്നി, അമ്മ ചോറും മീന്‍കറിയും അവന്റെ പാത്രത്തിലേക്കിട്ടു. അവന്‍ വീണ്ടും പഴയ അവനായി. വീടിന് മുന്നിലെ നിരത്തിലൂടെ കാലിച്ചാംപൊതിയിലേക്ക് നായകള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുന്നത് നിസംഗതയോടെ അവന്‍ നോക്കിനിന്നു. പാതിരാത്രികളില്‍ അവന്‍ പഴയത് പോലെ നിലവിളിശബ്ദമിട്ടില്ല.

അവന്‍ വീണ്ടും കോഴികളോടും പശുക്കുട്ടിയോടും ലോകത്തിന്റെ തമാശകള്‍ പറഞ്ഞു. വീട്ടില്‍ മദ്യപിച്ചെത്തുന്ന ബാലേട്ടനോട് കുടി നിര്‍ത്തി നന്നാവാന്‍ ഉപദേശിച്ചു. പാതിരാത്രിക്ക് എത്തുന്ന എന്നെ കൂട്ടിക്കൊണ്ടുവരാന്‍ അവന്‍ കണ്ണിച്ചിറ പാലം കടന്നുവന്നു.

ഇനിയാണ് കഥ തുടങ്ങുന്നത്. അവന്‍ തിരിച്ചുവന്നതിന്റെ ഏഴാം നാള്‍ രാത്രിയില്‍ വീട്ടിലേക്ക് ഒരു പെണ്‍നായ വന്നു. കറുത്ത് മെലിഞ്ഞ് നെറ്റിയില്‍ വെളുത്ത കുറിയുള്ള പ്രൗഢ. അവള്‍ അവന് മുന്നില്‍ വന്ന് പഴയ സിനിമകളിലെ നായികയെ പോലെ നിലത്ത് കാല് കൊണ്ട് നാണത്തിന്റെ വട്ടം വരച്ചു. വാലുകള്‍ ഇളക്കി, എന്റെ പ്രാണനാഥാ... എന്ന് അവനോട് കിതച്ചു. അവന്റെ ഹൃദയവും പ്രണയത്തിന്റെ പെരുംചെണ്ട കൊട്ടുന്നുണ്ടായിരുന്നു. പ്രണയിക്കുന്നവരെ കാണുമ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നത് ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ കാരണമാണെന്ന് അവനറിയുമായിരുന്നില്ല. ഇനിയും പ്രകടിപ്പിക്കാതിരുന്നാല്‍ നെഞ്ച് പൊട്ടി ചാവുമെന്ന് അവന് തോന്നിയിരിക്കണം. I Want to do, what the spring does up on the cherry trees.. എന്ന പാബ്ലോ നെരൂദയുടെ കവിതാവരികളില്‍ അവന്‍ അവന്റെ പ്രണയം വെളിപ്പെടുത്തി.

dog

തുടര്‍ന്നുള്ള പത്ത് ദിവസങ്ങള്‍ അവരുടെ പ്രണയത്തിന്റെ പൂക്കാലമായിരുന്നു. വീട്ടിലും വയലിലും ഇടവഴികളിലും പശുക്കള്‍ക്കിടയിലും കുന്നുകളിലും അവര്‍ പ്രണയിച്ചുനടന്നു. അവരുടെ പ്രണയം കണ്ട് മദ്യാഹ്ലാദത്തില്‍ കരള് പങ്കിടാന്‍ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍ എന്ന് ബാലേട്ടന്‍ ആവര്‍ത്തിച്ചുപറഞ്ഞു.

നമ്മളെ കാണുമ്പോള്‍ അവള്‍ തൊഴുത്തിന് പിറകിലോ കപ്പക്കാമരത്തിന്റെ പിറകിലോ ചാണകക്കുണ്ടിലോ ഒളിക്കും. കണ്ടാല്‍ തന്നെ നാണം കൊണ്ട് അവള്‍ തല താഴ്ത്തും.
അമ്മ ഒരു പാത്രത്തില്‍ രണ്ട് പേര്‍ക്കുമായി ഭക്ഷണം നല്‍കി. ഒരു പാത്രത്തില്‍ അവര്‍ ഒരുമിച്ചുണ്ടു.

പാതിരാത്രികളില്‍ ഉറക്കം വരാതെ എന്തേ നാം ഇത്രയും നാള്‍ കാണാന്‍ വൈകിയെന്ന് അവര്‍ പ്രണയം പറഞ്ഞു. വൈകിയെത്തുന്ന എനിക്ക് വഴികാട്ടാന്‍ അവന്‍ കണ്ണിച്ചിറപ്പാലത്തിലേക്ക് വരാന്‍ മറന്നുതുടങ്ങി. പ്രണയിക്കുമ്പോള്‍ നമ്മള്‍ വേറൊരുലോകത്തായിരിക്കുമല്ലോ, നമ്മള്‍ നമ്മളല്ലാതവുമല്ലോ. പ്രണയമല്ലാതെ നമ്മള്‍ ഒന്നുമറിയില്ലല്ലോ,. അവരായി, അവരുടെ ജീവിതമായി. ഞാന്‍ അവനെ കുറ്റം പറഞ്ഞില്ല.

അങ്ങനെ അവരുടെ ജീവിതം യൗവനതീക്ഷ്ണവും സ്‌നേഹസുരഭിലവുമായി പോയിക്കൊണ്ടിരിക്കെയാണ് പതിനൊന്നാം ദിവസം എല്ലാം തകിടംമറിഞ്ഞത്. സൂര്യന്‍ പുലരിയിലേക്ക് കണ്ണുതുറക്കുന്നതിന് മുമ്പ് ആലയി ഭാഗത്ത് നിന്ന് നല്ല വലുപ്പമുള്ള കറുത്തൊരു നായ കാലിച്ചാംപൊതിയിലേക്ക് കുന്നുകയറി. നാടന്‍നായയോ വിദേശിയോ ആയിരുന്നില്ല. എന്തോ ഒരു തരം നായ. വളരെ ഗാംഭീര്യത്തോടെ നടന്നുപോകവെ വീട്ടിന് മുന്നില്‍ എത്തിയപ്പോള്‍ അതൊന്ന് നിന്നു. അവനെയും അവളെയും അല്‍പ്പനേരം അത് നോക്കിനിന്നു. 

കടന്നുപോടായെന്ന് അവന്‍ മുരണ്ടു. അത് തിരിച്ചൊന്നും പറഞ്ഞില്ല. അവള്‍ അതിനെ കണ്ട് നാണത്തോടെ തല താഴ്ത്തുന്നത് കണ്ട് അവന്റെ ഉടല്‍വിറച്ചു. അത് കണ്ണില്‍നിന്ന് മറയും വരെ അവനും അവളും നോക്കിനിന്നു. അവനില്‍ ദേഷ്യമായിരുന്നു. അവളില്‍ എന്തായിരുന്നെന്ന് അവന്‍ അറിഞ്ഞത് പിറ്റേദിവസത്തെ പുലര്‍ച്ചെയായിരുന്നു. അന്ന് രാത്രിയും അവന്‍ കാല്‍പ്പകനികതയോടെ കണകുണായെന്ന് പ്രണയം പറഞ്ഞിരിക്കണം. അവള്‍ തല വേദനിക്കുന്നെന്ന് പറഞ്ഞ് നേരത്തെ കിടന്നുറങ്ങിയിരിക്കണം. അന്ന് രാത്രി, കണ്ണിച്ചിറപ്പാലത്തിനടുത്തെത്തിയപ്പോള്‍ അവന്‍ എന്നെ കൂട്ടാന്‍വന്നു. എവിടെയാടാ നിന്റെ അനുരാഗവിലോചനയെന്ന് ഞാന്‍ പുച്ഛിസ്റ്റായി. അവന്‍ വാല് കൊണ്ട് എന്റെ കാലിന് തല്ലി. നല്ല നിലാവുണ്ടായിരുന്നു. എന്നെയും അവനെയും ചേര്‍ത്ത് നിലാവ് നിരത്തില്‍ ഒരു ചിത്രം വരച്ചു.

പിറ്റേദിവസം അവനൊപ്പം അവളുണ്ടായിരുന്നില്ല. രാവിലെ സൈസൊറ്റിയില്‍ പാലും കൊണ്ടുപോയി മടങ്ങിവന്ന അമ്മ കറുത്ത നായക്കൊപ്പം അവള്‍ സ്‌നേഹിച്ചുനടക്കുന്ന ദുരന്തവാര്‍ത്ത അവനെ അറിയിച്ചു. അവന്‍ നിന്നു, ഇരുന്നു, നടന്നു, വെറുതെ കുരച്ചു. ഭക്ഷണം കഴിക്കാതെയായി. കോഴികള്‍ അവസരം മുതലാക്കി അത് കൊത്തിത്തിന്നു. രാത്രികളില്‍ പ്രണയപരാജിതനായ കാമുകനായി, അവന്‍ ശോകഗാനങ്ങള്‍ പാടി. അവന്റെ വിലാപം വീടിന്റെ ഉറക്കം വീണ്ടും കളഞ്ഞു. കുരിപ്പ്.. ഇതിനൊന്നും ഒറക്കമില്ലേ... എന്ന് അമ്മ ദേഷ്യപ്പെട്ടു. അവന്‍ കരഞ്ഞുകൊണ്ടേയിരുന്നു. പ്രണയപരാജിതരുടെ വിഷമം പരാജിതര്‍ക്കേ മനസ്സിലാവൂ..- അവന്‍ അമ്മയോട് പറഞ്ഞു. ഇനിയും കൊരച്ചാല് കൊല്ലും ഞാന്‍..- അമ്മ മട്ടക്കണ്ണയെടുത്തു. അവന്‍ കരച്ചില്‍ നിര്‍ത്തിയതേയില്ല.

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയില്‍ ജീവിതം ആര്‍ത്തനാദം പോലെ കുത്തിയൊഴുകുമെന്നുറപ്പായപ്പോള്‍ നാലാം നാള്‍ വൈകുന്നേരം അവന്‍ പ്രതികാരനിര്‍വ്വഹണത്തിനായി കാലിച്ചാംപൊതിയിലേക്ക് കുന്നുകയറി. ഏ.. തങ്കമ്മേ, ഈട്‌ത്തെ നായീം ആ വല്ല്യ കറുത്തനായിം തമ്മില് കാലിച്ചാംപൊതീന്ന് നല്ല അടിയായെ ന്ന് ഗ്രൗണ്ടില് കളിക്കാന്‍ പോയിമടങ്ങിവന്ന അപ്പുറത്തെ വീട്ടിലെ കുട്ടികളാണ് അമ്മയോട് പറഞ്ഞത്. അമ്മ കുന്ന് കയറാന്‍ ഇറങ്ങവെ അവന്‍ വീട്ടിലേക്ക് വന്നു. ചോര അവന്റെ കഴുത്തില്‍ നിന്ന് താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. അവന്റെ കഴുത്ത് പകുതിയോളം അടര്‍ന്നുപോയിരുന്നു. കറുത്ത നായ കടിച്ചെടുത്തത്. അമ്മയ്ക്ക് മുന്നില്‍ തെറിയെല്ലാം കേള്‍ക്കാന്‍ ശാന്തനായി അവന്‍ നിന്നു. അമ്മ ഒന്നും പറഞ്ഞില്ല. ഏട്ടനും അമ്മയും കൂടി കറുത്ത നായ പറിച്ചുകളഞ്ഞയിടങ്ങളില്‍ വെണ്ണീര്‍ പുരട്ടി. അവന് വല്ലാത നീറുന്നുണ്ടായിരുന്നു. നിന്ന നില്‍പ്പില്‍ നിന്ന് അവന്‍ അനങ്ങിയില്ല. ഒന്ന് കരഞ്ഞത് പോലുമില്ല. നിസംഗതയോടെ ഏതോ ലോകത്തെന്ന പോലെ അവന്‍ നിന്നു.

പിറ്റേന്ന് ഏട്ടനും ഞാനും കൂടി അവനെ റിക്ഷയില്‍ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. പൂത്തുചാവും ബാബു.. ഇതിനെ ഏടെങ്കിലും കൊണ്ടുപോയി കളയെന്ന് ഏട്ടനോട് ഡ്രൈവര്‍ പറഞ്ഞു. ഏട്ടന്‍ ഒന്നും മിണ്ടിയില്ല. ഞാനും ഒന്നും മിണ്ടിയില്ല. അവനും.

ആള്‍താമസമില്ലാത്ത താഴത്തെ വീട്ടിലേക്ക് മൂന്നാഴ്ച അവനെ മാറ്റിപ്പാര്‍പ്പിച്ചു. അവനെ കണ്ട് വീട്ടില്‍ വരുന്ന ആളുകള്‍ വെള്ളം കുടിക്കാതെ പോകരുതല്ലോ. മൂന്നാഴ്ചത്തെ മരുന്ന് വെപ്പില്‍ മുറിവ് പൂര്‍ണ്ണമായും ഉണങ്ങി. വെളുത്ത രോമങ്ങള്‍ കിളിര്‍ത്തുവന്നു. അതിനിടയില്‍ കന്നിമാസം കഴിഞ്ഞുപോയിരുന്നു. കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കറുത്ത നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇനിയടുത്ത വര്‍ഷത്തെ കന്നിക്ക് കാണാം എന്ന് നായകള്‍ കൈകൊടുത്ത് പിരിഞ്ഞു. അവന്‍ സുഖം പ്രാപിച്ച് തന്റെ സാമ്രാജ്യമായ വീടിന് മുന്നിലെ തെങ്ങിന്‍തടത്തിലേക്ക് തിരിച്ചുവന്നു.

മൂന്ന് ദിവസം കഴിഞ്ഞ് അവള്‍ വീണ്ടും അവനെ തേടിവന്നു. കറുപ്പിനെ നാട്ടുകാര്‍ കൊന്നു. അവന്‍ ഒരു ദുഷ്ടനായിരുന്നെന്ന് ഞാന്‍ മനസിലാക്കാന്‍ വൈകി. എനിക്കാരുമില്ല. എന്നെ കൈവെടിയരുത് ചേട്ടാ..യെന്ന് അവള്‍ അവന് മുന്നില്‍ ഗദ്ഗദകണ്ഠയാവുന്നത് കൗതുകത്തോടെ ഞങ്ങള്‍ നോക്കിനിന്നു. അവന്‍ അവളുടെ മുഖത്ത് നോക്കിയില്ല. കരിങ്കല്ലിന്മേല്‍ തല വെച്ച് കോഴികള്‍ വാഴത്തടത്തില്‍ അത്തളപ്പിത്തള തവളാച്ചി കളിക്കുന്നത് അവന്‍ ശൂന്യതയോടെ നോക്കിക്കിടന്നു. അവള്‍ ഏറെ നേരം അവനെ നോക്കിനിന്നു. അവന്‍ അവളെ നോക്കിയതേയില്ല. അലിവ് തോന്നി, അമ്മ അവന്റെ പാത്രത്തില്‍ രണ്ട് പേര്‍ക്കുമായി ഭക്ഷണമിട്ടു. അവന്‍ കഴിക്കാന്‍ തലയുയര്‍ത്തിയപ്പോള്‍ അവളും വേഗം വന്ന് പാത്രത്തിലേക്ക് തലയിട്ടു. ദേഷ്യത്തോടെ അവന്‍ വീണ്ടും കരിങ്കല്ലിന്മേല്‍ തല വെച്ചു. അവള്‍ അവനെയൊന്ന് നോക്കി, എന്നെ നിനക്ക് വേണ്ടാല്ലേ.. എന്ന് മുരണ്ടു. വിശന്നിട്ട് അവളുടെ കുടല് കരിയുന്നുണ്ടാവണം. പാത്രം നക്കിവടിച്ചു. എല്ലാവരെയും ഒന്ന് നോക്കി, എന്നാല്‍ ഞാന്‍ വരട്ടെയെന്ന് തല കുലുക്കി, അവള്‍ വയലിലേക്കിറങ്ങി. നീയിത്രയ്ക്ക് കഠിനഹൃദയനായിപ്പോയല്ലോടാ, അവള്‍ വന്ന് മാപ്പ് പറഞ്ഞില്ലേ... നിനക്ക് ക്ഷമിച്ചാലെന്താ എന്ന് ഞാനവനെ ചീത്ത പറഞ്ഞു. അവന്‍ എന്നെയും നോക്കിയില്ല.

പിന്നെയൊരിക്കലും അവന്‍ കാലിച്ചാംപൊതിയിലേക്ക് പോയില്ല. വിഷു വന്നു. വര്‍ഷം വന്നു. ഓരോ പൂവിലും തളിര്‍ വന്നു. കാ വന്നു. അങ്ങനെ പലതും വന്നു. പോയി. കന്നിമാസങ്ങള്‍ വന്നു. നായകള്‍ കാലിച്ചാംപൊതിയില്‍ വെച്ച് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു, പ്രണയോല്‍സുകരായി. അവന്‍ പോയില്ല. എനിക്ക് പ്രണയിക്കണമെന്ന് രാത്രികളില്‍ അവന്‍ കരഞ്ഞില്ല. അവന്റെ ആദ്യ കന്നിമാസവും അവളും കറുത്ത നായയും അവനെ പലതും പഠിപ്പിച്ചിരിക്കണം.

എന്റെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. സുഹൃത്തിന്റെ മരണം, ജീവിതത്തില്‍ കയറിക്കൂടിയ അരക്ഷിതാവസ്ഥകള്‍, ഉള്‍ഭയം, വിഷാദം, അപകര്‍ഷത അങ്ങനെയങ്ങനെ ഇടറിയും തളര്‍ന്നും മുന്നോട്ടുപോവാനാകാതെ ഉഴറിയകാലം. സുഹൃത്ത് മരിച്ചന്ന് രാത്രിയും തുടര്‍രാത്രികളിലും കണ്ണിച്ചിറപ്പുഴയിലെ പാലത്തിന് മുകളില്‍ വിങ്ങലോടെ ഉറക്കം വരാതെനില്‍ക്കുമ്പോള്‍ അവന്‍ എനിക്ക് കൂട്ടുവന്നു. അരക്ഷിതമാര്‍ന്ന് ഉറക്കമില്ലാതെ വീടിനുമ്മറത്ത് കൂനിക്കൂടിയിരിക്കുമ്പോള്‍ അവന്‍ പടവില്‍ വന്നിരുന്നു. പ്രണയകാലത്ത് നേരം വെളുക്കുവോളം സംസാരിച്ചിരിക്കുമ്പോഴും അവന്‍ എനിക്കടുത്ത് വന്നിരുന്നു. കോഴിക്കോട് ജോലി കിട്ടി, ആഴ്ചകളില്‍ വീട്ടിലേക്ക് വരുമ്പോള്‍ അവന്‍ പാലത്തിലേക്ക് ആഹ്ലാദത്തോടെ ഓടിവന്നു. വീടകം കയറും വരെ അവന്‍ എനിക്കൊപ്പമാകും. ഞാന്‍ എന്തൊക്കെയോ കാട്ടുരാമയണം അവനോട് പറയും. അവന്‍ ഒന്നും മിണ്ടാതെ മുന്നില്‍ നടക്കും. അകത്തുകയറി അടുക്കളയിലെത്തുമ്പോള്‍ അവന്‍ അടുക്കളവാതിലില്‍ മുഖംകൊണ്ട് മുട്ടിക്കൊണ്ട് തുറക്കാന്‍ അഭ്യര്‍ത്ഥിക്കും. ഉമ്മറത്തെത്തിയാല്‍ ഉമ്മറപ്പടിയിലേക്ക് ഓടിക്കിതച്ചെത്തും. സംസാരിക്കാനാവുമായിരുന്നെങ്കില്‍ അവനെന്തൊക്കെ പറയാനുണ്ടാവും. പതുക്കെപ്പതുക്കെ അവന് ഓടാനാകാതെയായി. അവന്‍ വല്ലാതെ മെലിയാന്‍ തുടങ്ങി. ഉത്സാഹവും പ്രസരിപ്പും എവിടെയോ മറഞ്ഞു. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു. എഴുനേല്‍ക്കാന്‍ പ്രയാസമായി. എന്നിട്ടും ഞാന്‍ വരുമ്പോള്‍ ആവുംവിധം അവന്‍ എനിക്കരികില്‍ വന്നു. മരണത്തിന്റെ നിഗൂഢശൈത്യം തന്നെ വന്നുപൊതിയുന്നത് അവന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

കോഴിക്കോട് പോയി, രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുവന്ന ഒരു മഴരാത്രിയില്‍ കണ്ണിച്ചിറപ്പാലത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ നിന്നു. അവന്‍ വരുന്നതും കാത്ത്. അവന്‍ വന്നില്ല. അവന്‍ ഒരിക്കലും വരില്ലെന്ന് എനിക്കറിയില്ലായിരുന്നു.

അവനെ കുഴിച്ചിട്ട പേരയ്ക്കാമരത്തിന് കീഴില്‍ ഇരുട്ടില്‍, പെരുമഴയത്ത് ഞാന്‍ നിന്നു. ഒഡിസ്സിയസും ആര്‍ഗ്ഗോസും *** അപ്പോള്‍ എന്റെ ഓര്‍മയില്‍ വന്നു.
എന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ അടുത്ത് വന്ന് വാലുകൊണ്ട് എന്നെ പ്രഹരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കുഞ്ഞുങ്ങളെ പോലെ നിഷ്‌കളങ്കമായി അവന്‍ എന്നെയൊന്ന് നോക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു.
മഴ പെയ്തുകൊണ്ടേയിരുന്നു.
ഞാനും പെയ്തുകൊണ്ടേയിരുന്നു.....

****
ട്രോജന്‍ യുദ്ധം കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒഡിസിയസ് വീട്ടില്‍ എത്തുന്നത്. ഒഡിസിയസ്സിനെ ആരും തിരിച്ചറിഞ്ഞില്ല. യുദ്ധവും വര്‍ഷങ്ങള്‍ നീണ്ട അലച്ചിലും അയാളുടെ കോലംകെടുത്തിയിരുന്നു. ഒരാള്‍ മാത്രം ഒഡിസിയസ്സിനെ തിരിച്ചറിഞ്ഞു. അത് ആര്‍ഗോസ് ആയിരുന്നു, ഒഡിസിയസിന്റെ നായ. ഇത്താക്കയിലെ, സ്വന്തം വീടിനു മുന്‍പിലെത്തിയ ഒഡിസിയൂസ് തന്റെ സുഹൃത്തും പന്നികളെ മേയ്ക്കുന്നവനുമായ യുമെയോസുമായി സംസാരിച്ചുനില്‍ക്കെ, അവിടെ കിടന്നിരുന്ന നായ മുഖമുയര്‍ത്തി, ചെവികൂര്‍പ്പിച്ചു. അത് ആര്‍ഗോസ് ആയിരുന്നു, ഒഡിസിയൂസ് നല്ല പെരുമാറ്റത്തോടെ വളര്‍ത്തിയ അയാളുടെ ധീരനായ നായക്കുഞ്ഞ്. എന്നാലിന്ന്, അവന്റെ യജമാനന്‍ ഇല്ലാത്തതിനാല്‍, കഴുതകളുടെയും കന്നുകാലികളുടെയും ചാണകക്കൂനയില്‍ അവന്‍ ആരുമില്ലാത്തവനായി കിടന്നു, അശ്രദ്ധ കാരണം പാതി ഉയിരറ്റ, ചെള്ള് കുത്തുന്ന ശരീരവുമായി, ഒന്ന് സ്‌നേഹത്തോടെ വാലാട്ടാനോ കുരയ്ക്കാനോ എഴുന്നേല്ക്കാനോ പോലും കഴിയാതെ അവിടെ അവന്‍ മരണം കാത്തുകൊണ്ട് കിടന്നു; യാചകനെ പോലെ ഒഡിസിയസ് അടുത്തെത്തിയപ്പോള്‍, അവന്‍ തലയുയര്‍ത്തി. കാലമെത്ര കഴിഞ്ഞിട്ടും, രൂപമെത്ര മാറിയിരുന്നിട്ടും അവന്‍ തന്റെ യജമാനനെ തിരിച്ചറിഞ്ഞു. ഒഡിസിയൂസിന്റെ സാന്നിധ്യം മനസ്സിലായതും, ആര്‍ഗോസ് വാലാട്ടുവാനും മൂക്കുകൊണ്ടുരസുവാനും ചെവിതാഴ്ത്തി സ്‌നേഹം പ്രകടിപ്പിക്കാനും തുടങ്ങി; എന്നാല്‍ യജമാനന്റെ അടുത്തേക്ക് ഒരിഞ്ചുപോലും നീങ്ങാനുള്ള ശക്തി അവനുണ്ടായിരുന്നില്ല. ഒഡിസിയൂസ് ഇത് കണ്ടു, യുമെയോസില്‍നിന്ന് മുഖംതിരിച്ച്, അയാള്‍ കാണാതെ കണ്ണുനീര്‍ തുടച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം യജമാനനെ കണ്ട ആര്‍ഗോസാകട്ടെ മരണത്തിന്റെ ഇരുണ്ട കൈകള്‍ക്ക് മുന്നില്‍ കീഴടങ്ങി.

Content Highlights: World Dog Day, P.V.Shajikumar writes about his dog, Books