വി മുംബൈയിലെ തലോജ ജയിലിലേക്കും മുംബൈ എന്‍.ഐ.എ. ഓഫീസിലേക്കും കഴിഞ്ഞ നവംബറില്‍ തപാലില്‍ നൂറുകണക്കിനു കുഞ്ഞു പൊതികളെത്തി. സിപ്പര്‍ എന്നുവിളിക്കുന്ന സ്ട്രോ ഘടിപ്പിച്ച കുപ്പികളും ഗ്ലാസുകളുമായിരുന്നു അതില്‍. തലോജ ജയിലില്‍ വിചാരണകാത്തു കഴിയുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്കു കൊടുക്കണം എന്ന അഭ്യര്‍ഥനയുമുണ്ടായിരുന്നു പാഴ്സലുകളില്‍. പുറത്തുനിന്നയക്കുന്ന സാധനങ്ങള്‍ തടവുപുള്ളികള്‍ക്ക് കൊടുക്കാനാവില്ലെന്ന് ജയിലധികൃതര്‍ കൈമലര്‍ത്തുമെന്ന് അതയച്ചവര്‍ക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും ജയിലിലേക്ക് സിപ്പറുകളയച്ചത് ഒരു പ്രതിഷേധമായിരുന്നു. പൗരാവകാശ നിഷേധങ്ങളോടുള്ള പ്രതിഷേധം. രോഗവും പ്രായാധിക്യവും കാരണം കൈകള്‍ വിറയ്ക്കുന്നയാള്‍ക്ക് വെള്ളം കുടിക്കാനുള്ള ഗ്ലാസുപോലും നിഷേധിക്കുന്ന ചുവപ്പുനാടയോടുള്ള പ്രതിഷേധം.

തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയില്‍ അറസ്റ്റു ചെയ്യപ്പെടുന്ന ഏറ്റവും പ്രായമുള്ളയാളാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ആശ്രമത്തില്‍നിന്ന് അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് 83 വയസ്സുണ്ട്. കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗവും. കൈവിറയ്ക്കുന്നതുകൊണ്ട് ഗ്ലാസെടുത്ത് വെള്ളം കുടിക്കാന്‍ പറ്റില്ല. സിപ്പറാണ് ഉപയോഗിക്കാറ്. അറസ്റ്റുചെയ്യുമ്പോള്‍ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത സിപ്പര്‍ ജയിലിലെത്തിയപ്പോള്‍ സ്വാമിക്ക് കിട്ടിയില്ല. അതിനുള്ള അപേക്ഷ ജയിലധികൃതര്‍ അവഗണിച്ചപ്പോള്‍ സ്റ്റാന്‍ സ്വാമി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി എന്‍.ഐ.എ. യുടെ മറുപടി തേടി. മറുപടി നല്‍കാന്‍ സമയം വേണമെന്ന് എന്‍.ഐ.എ. പറഞ്ഞു. സ്വാമിയുടെ സിപ്പര്‍ തങ്ങളെടുത്തില്ലെന്ന് 20 ദിവസത്തിനുശേഷം അവര്‍ മറുപടി നല്‍കി. ഒരു വയോധികന് വെള്ളം കുടിക്കാന്‍ ഗ്ലാസു നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഴ്ചകള്‍ നീളുമെന്നു വന്നപ്പോഴാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇറങ്ങിയത്.

സിപ്പര്‍ അനുവദിക്കണമെന്നു പറഞ്ഞ് സ്റ്റാന്‍സ്വാമി ഹൈക്കോടതിയില്‍പ്പോയത് തനിക്കുവേണ്ടി മാത്രമായിരുന്നില്ല. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യം നീതിപീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. യു.എ.പി.എ. നിയമത്തിലെ ചില വകുപ്പുകള്‍ ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാണിച്ചാണ് മരണത്തിന് മൂന്നുദിവസം മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ പ്രതിയെ നിരപരാധിയായി കരുതണം എന്നതാണ് നീതിന്യായവ്യവസ്ഥയിലെ പൊതുതത്ത്വം. എന്നാല്‍, ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതിക്ക് ബോധ്യം വന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുത് എന്നാണ് യു.എ.പി.എ.യിലെ 3ഡി(5) വകുപ്പില്‍ പറയുന്നത.് ഇത് ഭരണഘടന ഉറപ്പു നല്‍കുന്നപൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജിയില്‍ പറഞ്ഞു. ഈ ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മുമ്പായിരുന്നു, തന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നതിന് മുമ്പായിരുന്നു, അദ്ദേഹത്തിന്റെ മരണം.

ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. റോമന്‍ കത്തോലിക്കാ സഭയിലെ പുരുഷ സന്ന്യാസസമൂഹമായ ഈശോസഭയുടെ പുരോഹിതനായ സ്വാമി അരമനയിലല്ല, പട്ടിണിപ്പാവങ്ങളായ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആദിവാസികള്‍ക്ക് സഹായമെത്തിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവരെ അവകാശങ്ങളെപ്പറ്റി ബോധവത്കരിച്ചു. അതിനായി പോരാടാന്‍ പ്രേരിപ്പിച്ചു. ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആദിവാസികള്‍ മാത്രമടങ്ങിയ ഉപദേശക സമിതി രൂപവത്കരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിലെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാത്തതിനെ ചോദ്യംചെയ്തു. ക്രിസ്തുമത വിശ്വാസത്തെ ആരാധനയ്ക്കപ്പുറം ജനസേവനത്തിനുള്ള മാര്‍ഗമായി കണ്ടു.

എന്നും എപ്പോഴും ആദിവാസികള്‍ക്കൊപ്പം

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1937 ഏപ്രില്‍ 26-നാണ് സ്റ്റാനിസ്ലോസ് ലൂര്‍ദുസ്വാമി ജനിച്ചത്. അവിടത്തെ സെയ്ന്റ് ജോസഫ്സ് സ്‌കൂളിലെ പഠനകാലത്ത് പരിചയപ്പെട്ട ജസ്യൂട്ട് പുരോഹിതന്മാരിലൂടെ ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായി. മതപഠനത്തിന്റെ ഭാഗമായി ബിഹാറില്‍ പരിശീലനത്തിനു ചെന്നപ്പോഴാണ് ആദിവാസികളുടെ ജീവിതയാതന കണ്ടറിയുന്നത്. തിയോളജിയിലും സോഷ്യോളജിയിലും ഉപരിപഠനത്തിനായി ഫിലിപ്പീന്‍സിലേക്കാണദ്ദേഹം പോയത്. ജീവനോപാധികള്‍ കൈയേറപ്പെടുന്നതിനെതിരേ തദ്ദേശീയ ജനത നടത്തുന്ന ചെറുത്തുനില്‍പ്പുകള്‍ അവിടെ അദ്ദേഹത്തിന്റെ ഗവേഷണവിഷയമായി. പാവങ്ങള്‍ക്കായി പടനയിച്ച ബ്രസീലിലെ ആര്‍ച്ച്ബിഷപ് ഹെല്‍ദര്‍ കാമറായെ പരിചയപ്പെട്ടതോടെ ഈ പോരാട്ടമാണ് യഥാര്‍ഥ ക്രിസ്തുമാര്‍ഗം എന്നു തിരിച്ചറിഞ്ഞു. ഈശോ സഭയുടെ മതബോധകനായി ചുമതലയേറ്റതോടെ വിദ്യാഭ്യാസത്തിന്റെയും ബൗദ്ധികാന്വേഷണത്തിന്റെയും മേഖലകളിലെ പ്രവര്‍ത്തനത്തിനപ്പുറം സാമൂഹികപ്രവര്‍ത്തനമായി പ്രധാനം. അവിഭക്ത ബിഹാറിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. ദുരിതാശ്വാസമെത്തിച്ചാല്‍മാത്രം പോരാ ശാക്തീകരണമാണ് ആദിവാസികള്‍ക്കുവേണ്ടതെന്ന് തിരിച്ചറിഞ്ഞു.

ജസ്യൂട്ട് സഭയുടെ കീഴില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 1975 മുതല്‍ 1986 വരെ പ്രവര്‍ത്തിച്ച സ്റ്റാന്‍ സ്വാമി വീണ്ടും മധ്യേന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ തിരിച്ചെത്തി. സ്വാഭാവികമായും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. അക്കൂട്ടത്തില്‍ കമ്യൂണിസ്റ്റുകാരും ജയപ്രകാശ് നാരായണിന്റെ ശിഷ്യരും ഉണ്ടായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടത്തോട്ട് ചായുന്നെന്ന് സഹവൈദികരില്‍ ചിലര്‍ പരാതിപ്പെട്ടെങ്കിലും സഭ അദ്ദേഹത്തോടൊപ്പം നിന്നു. തൊണ്ണൂറുകളില്‍ വന്‍കിട പദ്ധതികള്‍ക്കുവേണ്ടി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ അദ്ദേഹം പട നയിച്ചു. പ്രവര്‍ത്തനമേഖല പിന്നീട് ജാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കു മാറി. വനഭൂമി ആദിവാസികളുടേതാണെന്ന് പ്രഖ്യാപിച്ചതോടെ അവിടത്തെ അന്നത്തെ ബി.ജെ.പി. ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സഹായിക്കാനെത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ഉപയോഗിക്കാവുന്ന മാവോവാദി മുദ്ര സ്വാമിക്കുമേല്‍ ചാര്‍ത്തപ്പെടുന്നത് അങ്ങനെയാണ്.

പുണെയില്‍ നടന്ന ഒരു ദളിത് സംഗമവുമായും മാവോവാദികളുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മഹാരാഷ്ട്ര പോലീസ് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെയും അവര്‍ തേടിയെത്തുമെന്ന് സ്റ്റാന്‍ സ്വാമിക്ക് ഉറപ്പുണ്ടായിരുന്നു. ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവര്‍ക്കുന്ന സംഘടനയുടെ നേതാവ് റോണ വില്‍സണ്‍, നടനും പ്രസാധകനുമായ സുധീര്‍ ധവാളെ, വനിതാവിമോചന പ്രവര്‍ത്തകയും നാഗ്പുര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഷോമ സെന്‍, മറാഠി ബ്ലോഗ് എഴുത്തുകാരന്‍ മഹേഷ് റാവുത്ത്, തൊഴിലാളി നേതാവ് സുധാ ഭരദ്വാജ്, വിപ്ലവ കവി വരവര റാവു, അഭിഭാഷകന്‍ അരുണ്‍ ഫെരേരിയ, അധ്യാപകനും എഴുത്തുകാരനുമായ വെര്‍ണന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ക്കു പിന്നാലെ ഇതേ കേസില്‍ സ്റ്റാന്‍ സ്വാമിയും പ്രതിചേര്‍ക്കപ്പെട്ടു. യു.എ.പി.എ ചുമത്തപ്പെട്ടതുകൊണ്ട് ജാമ്യംപോലും കിട്ടാതെ ജയിലില്‍ കിടക്കേണ്ടിവന്നു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന സ്വാമിക്ക്, ജയിലില്‍ കോവിഡ് പടര്‍ന്നിട്ടുപോലും ജാമ്യം കിട്ടിയില്ല. അനാരോഗ്യം ചൂണ്ടിക്കാണിച്ച് സ്റ്റാന്‍ സ്വാമി നല്‍കിയ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി തള്ളിയപ്പോള്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നല്‍കാതെ ചികിത്സയ്ക്കായി ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ കിടന്ന് മരിക്കുന്നതാണെന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹെക്കോടതിയെ അറിയിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് മേയ് 28-നാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍വെച്ച് സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെ, പൗരാവകാശലംഘനങ്ങളുടെ പ്രതീകമായി അദ്ദേഹം എരിഞ്ഞടങ്ങി.

Content Highlights: Who was Father Stan Swamy