ലോകപ്രശസ്ത എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാല്‍ എന്ന വി.എസ്. നയ്പാലിന്റെ ജന്മവാര്‍ഷിക ദിനമാണ് ആഗസ്റ്റ് 17. നോവലിസ്റ്റ്, ചരിത്രകാരന്‍, സഞ്ചാരസാഹിത്യകാരന്‍, രാഷ്ട്രീയനിരീക്ഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ ലോകത്തിന്റെ പലയിടങ്ങളിലായി, പ്രത്യേകിച്ചും അധിനിവേശാനന്തര സംസ്‌കാരങ്ങളില്‍, പരന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍.

വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാല്‍ എന്നാണ് പൂര്‍ണനാമം. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചാഗുവാനാസിലാണ് ജനനം. പതിനെട്ടാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ഥം നയ്പോള്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. 1971 ല്‍ ബുക്കര്‍ പുരസ്‌കാരവും 2001ല്‍ നോബല്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 

ആറുപതിറ്റാണ്ടിലേറെ, ത്രസിപ്പിക്കുന്ന രചനകളിലൂടെ തികച്ചും മൗലികമായ ലോകവീക്ഷണവും അത്യന്തം വശ്യമായ ഭാഷാനുഭവവും സമ്മാനിച്ച അസാമാന്യ പ്രതിഭ. കുട്ടിക്കാലംമുതല്‍തന്നെ എഴുത്തുകാരനാവാന്‍ കൊതിച്ച്, അതിനുവേണ്ടി അത്യധ്വാനംചെയ്ത മനുഷ്യനായിരുന്നു നയ്പാള്‍. സാഹിത്യകാരനാവാനുള്ള തന്റെ അച്ഛന്റെ നിതാന്ത പരിശ്രമങ്ങള്‍ പാഴായിപ്പോകുന്നതും അദ്ദേഹം മോഹഭംഗിതനായി തളര്‍ന്നു പോകുന്നതും കണ്ടിട്ടും നയ്പാല്‍ തിരഞ്ഞെടുത്തത് അക്ഷരങ്ങളുടെ ലോകമായിരുന്നു. സാഹിത്യപ്രേരണകളുടെ ഉറവപൊട്ടിയത് താന്‍ ജനിച്ചുവളര്‍ന്ന ട്രിനിഡാഡിലെ ഇന്ത്യന്‍ തൊഴിലാളി ജീവിതത്തിന്റെ അടരുകളിലും.

അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായ 'എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് (1961)' അച്ഛന്റെയും ബാല്യകാലത്തിന്റെയും കീഴാള പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെയും അനുഭവങ്ങളില്‍നിന്ന് ഉടലെടുത്തതാണ്. പലപ്പോഴും തീവ്ര വലതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു നയ്പാളിന്റെ രാഷ്ട്രീയം. ഇത് അദ്ദേഹത്തെ നിരന്തരം വിവാദങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചു. ദാരിദ്ര്യം, കീഴാളസമൂഹത്തിന്റെ ബലഹീനത, സ്വന്തം സമൂഹത്തിനോട് തന്നെയുള്ള കഠിനമായ നീരസം, യൂറോപ്യന്‍ സംസ്‌കാരത്തോടുള്ള ആകര്‍ഷണം, പോസ്റ്റ്-കൊളോണിയല്‍ രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയോടുള്ള പുച്ഛം, ഏറക്കുറെ മനുഷ്യത്വവിരുദ്ധം എന്നുതന്നെ പറയാവുന്ന സാമൂഹിക-രാഷ്ട്രീയബോധം എന്നിവ നയ്പാളിന്റെ രചനകളില്‍ എല്ലാക്കാലവും വ്യക്തമായിരുന്നു.

1962ല്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയപ്പോള്‍ ഇവിടത്തെ ദാരിദ്ര്യവും വൃത്തിഹീനതയും അദ്ദേഹത്തെ അടിമുടി ഉലച്ചുകളഞ്ഞു. സ്വന്തം പൂര്‍വികസംസ്‌കാരത്തോട് അന്നു തോന്നിയ അറപ്പും വെറുപ്പും യാതൊരു മറയുമില്ലാതെ 'ആന്‍ ഏരിയ ഓഫ് ഡാര്‍ക്നെസി'ല്‍ നയ്പാല്‍ എഴുതി. അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിച്ചുകൊണ്ടുതന്നെ ധാരാളം പേര്‍ ആ രചനകള്‍ വായിച്ചു. രാഷ്ട്രീയത്തോട് വിയോജിക്കുമ്പോഴും അത്യന്തം ആകര്‍ഷകമായ ഭാഷയിലും ഭാവനയിലും ശൈലിയിലും അദ്ദേഹം ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മൂന്നാം ലോകത്തെ തുറന്നു കാട്ടുന്നതിലൂടെ ശരിയായ സാംസ്‌കാരിക വിമര്‍ശനമാണ് നയ്പാല്‍ നടത്തുന്നതെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. 

സ്വന്തം വേരുകളെയും സ്വത്വത്തെയുംകുറിച്ചുള്ള സന്ദിഗ്ധതകള്‍ നോവലുകളില്‍ അവതരിപ്പിച്ച അദ്ദേഹം അധിനിവേശാനന്തര സാഹിത്യം എന്ന രചനാഗണത്തിനു ശക്തിപകര്‍ന്നു. സ്ഥലകാലങ്ങളെ ലംഘിച്ചുനില്‍ക്കുന്ന സാര്‍വജനീനമായ അനുഭവങ്ങള്‍കൂടി അവയില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത് നയ്പാലിന്റെ നോവലുകള്‍ക്ക് ലോകപ്രിയത്വം നല്‍കി. തനിക്കു ലഭിച്ച നൊബേല്‍ പുരസ്‌കാരം ഇംഗ്ലണ്ടിനും ട്രിനിഡാഡിനും പൂര്‍വികനാടായ ഇന്ത്യയ്ക്കുമുള്ള ആദരമാണെന്നു പ്രഖ്യാപിച്ച നയ്പാല്‍ അകലങ്ങളിലെ ഇന്ത്യയ്ക്കും ഇന്ത്യന്‍ പ്രവാസത്തിനുമാണ് ശബ്ദം നല്‍കിയത്. 

2018 ഓഗസ്റ്റ് 8ന് വി.എസ് നെയ്പാല്‍ അന്തരിച്ചു. ദ എനിമ ഓഫ് അറൈവല്‍, മിഗേല്‍ സ്ട്രീറ്റ്, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ്, ദ മിമിക് മെന്‍, എ ബെന്‍ഡ് ഇന്‍ ദ റിവര്‍ തുടങ്ങിയവയാണ് കഥാവിഭാഗത്തിലുള്ള പ്രധാന രചനകള്‍.

ദ മിഡില്‍ പാസേജ്: ഇംപ്രഷന്‍ ഓഫ് ഫൈവ് സൊസൈറ്റീസ്- ബ്രിട്ടീഷ്, ഫ്രഞ്ച് ആന്‍ഡ് ഡച്ച് ഇന്‍ ദ വെസ്റ്റ് ഇന്‍ഡീസ് ആന്‍ഡ് സൗത്ത് അമേരിക്ക, ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്നെസ്, ദ ലോസ് ഓഫ് എല്‍ ഡൊറാഡോ തുടങ്ങിയവയാണ് കഥേതര വിഭാഗത്തിലെ പ്രധാന രചനകള്‍. 

Content Highlights: VS Naipaul life and literature