'ശ്യേമ ശരദശ്ശതം' എന്നത് വിഷ്ണുനാരായണന്‍ നമ്പൂതിരി സാറിന്റെ പ്രാര്‍ഥനകളില്‍പ്പെട്ടിരുന്നുവോ എന്നറിയില്ല. ഏതായാലും നൂറുവേനലുകളെ, ശരത്തുക്കളെ, കാണാനാവുംവിധം അദ്ദേഹം ദീര്‍ഘായുഷ്മാനായി നമുക്കിടയില്‍ തുടരട്ടെ എന്നതാണ് മലയാളത്തിന്റെ ഈ ദിനത്തിലെ പ്രാര്‍ഥന. ഈദിനം എന്നാല്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി സാറിന്റെ അശീതിദിനം-എണ്‍പതാം പിറന്നാള്‍. ഭാഷയ്ക്കും സാഹിത്യത്തിനും ഭാവുകത്വത്തിനും എന്നുവേണ്ട, അനുവാചക സമൂഹത്തിന്റെ മനസ്സിനാകെത്തന്നെയും അനുഗ്രഹമായിരുന്നിട്ടുണ്ടല്ലോ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും.
'ഊറ്റം കൊള്‍വേനെന്റെ നാട്
ഞാന്‍മൂലം പൂര്‍ണകാമയായ്'
എന്ന് സ്വന്തം ജീവിതം മുന്‍നിര്‍ത്തി അദ്ദേഹം പറയില്ല. എങ്കിലും സത്യം അതുതന്നെയാണ്; ആ കവിതകള്‍കൊണ്ടുകൂടിയാണ് നമ്മുടെ സാഹിത്യം, സംസ്‌കാരം, നാട്, ഭാഷ പൂര്‍ണകാമയാവുന്നത്.

ഉള്ളവരും ഇല്ലാത്തവരും എന്ന മാര്‍ക്‌സിയന്‍ സാമൂഹികവിഭജനസിദ്ധാന്തത്തെ 'ഉണ്ടായിട്ടും വേണ്ടാത്തവര്‍' എന്ന ഒരു കൂട്ടര്‍കൂടിയുണ്ട് എന്ന മൗലികമായ ചിന്തകൊണ്ടും അതിനെ തീര്‍ത്തും അനുസരിക്കുന്ന സുതാര്യവിശുദ്ധമായ ജീവിതംകൊണ്ടും സര്‍ഗാത്മകമായി പൂരിപ്പിച്ച ജീവിതമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേത്. ആ ശുഭ്രശുദ്ധി വാക്കിലും പ്രവൃത്തിയിലും ഒരുപോലെ പ്രതിഫലിച്ചുനിന്നു.
'ജീവിതത്തില്‍ വെറുതെയാവുന്നില്ല
ഭാവശുദ്ധിയും വെണ്‍മയും നന്മയും;
പൂവിനുള്ള സുഗന്ധവും അന്യനായി
താനൊരുക്കും ചെറിയ സംതൃപ്തിയും'

എന്നത് സ്വന്തം ജീവിതത്തിന്റെ അടയാളവാക്യമാക്കി മാറ്റിയ ഒരു കവിക്ക് അങ്ങനെയാവാനല്ലേ കഴിയൂ. ശുദ്ധിയോടുള്ള ആരാധന എന്നും വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജീവിതവ്രതമായിരുന്നു.

വെണ്‍മയുടെ ജൈത്രയാത്ര താന്‍ കണ്ടിട്ടുണ്ട് എന്ന് ഒരു കവിതയില്‍ അദ്ദേഹം എഴുതി. സത്യത്തില്‍ വെണ്‍മയുടെ ജൈത്രയാത്രതന്നെയായി അദ്ദേഹത്തിന്റെ ജീവിതം. അനസൂയവിശുദ്ധമായ ഒരു ബന്ധം എല്ലാവരോടും അദ്ദേഹം നിലനിര്‍ത്തി. സഹകവികളില്‍ ആരുടെ ഉത്കര്‍ഷവും സ്വന്തം ഉത്കര്‍ഷമായി കരുതി. ആരുടെ അപകര്‍ഷവും സ്വന്തം അപകര്‍ഷമായി കരുതി. ഒ.എന്‍.വി.ക്ക് പത്മശ്രീ ലഭിച്ചപ്പോള്‍ ആദ്യമായി അദ്ദേഹത്തെ തേടിച്ചെന്ന കുറിപ്പുകളിലൊന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേതായിരുന്നു. 
'പത്മശ്രീല പരാഗാര്‍ദ്ര
പതംഗ പരിഭൂഷിതാ
കവിതാ തേ ചിദാദിത്യ
കിരണാ രഞ്ജിതാസദാ'

ഇതായിരുന്നു ആ കുറിപ്പ്.
ധനവും അധികാരവും അദ്ദേഹത്തെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. 1994-ല്‍ യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വകുപ്പിന്റെ അധ്യക്ഷനായിരുന്ന് റിട്ടയര്‍ചെയ്ത ഒരു പ്രൊഫസര്‍ തൊട്ടടുത്തദിവസം ഒരു ക്ഷേത്രത്തിലെ ശാന്തിജോലിക്ക് പോകുമെന്ന് ആരുകരുതും? പെന്‍ഷന്‍വേളയില്‍ സംസ്‌കൃതസര്‍വകലാശാലയിലെ ഉന്നതമായ ഒരു സ്ഥാനം അദ്ദേഹത്തിന് വാഗ്ദാനംചെയ്യപ്പെട്ടിരുന്നു. എന്നാല്‍, അത് നിരാകരിച്ചുകൊണ്ട് ശാന്തിജോലിക്കുതന്നെ അദ്ദേഹം പോയി. അതിന്റെ പിന്നിലൊരു കഥയുണ്ട്.

അമ്മയുടെ ആറാമത്തെ കുട്ടിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. മരിച്ചശേഷം ജനിച്ചവരോ ജനിച്ചയുടന്‍ മരിച്ചവരോ ആയിരുന്നു മുമ്പുണ്ടായ അഞ്ചുകുഞ്ഞുങ്ങളും. ആറാമത്തെ കുട്ടിയെയെങ്കിലും വിട്ടുതരണേ എന്ന് ആ അമ്മ ശ്രീവല്ലഭക്ഷേത്രനടയില്‍ ചെന്നുനിന്ന് കണ്ണീരോടെ പ്രാര്‍ഥിച്ചുവത്രെ. വെറുതേ പ്രാര്‍ഥിക്കുക മാത്രമായിരുന്നില്ല. ഭഗവാന് ഒരു താക്കീതു നല്‍കുകകൂടിയായിരുന്നു. 'ഈ ഉണ്ണിയെ കിട്ടിയില്ലെങ്കില്‍ ഇവിടത്തെ കാരാണ്‍മ മുടങ്ങും; ഓര്‍ത്തോളണം'. ഇതായിരുന്നു ആ താക്കീത്. ഇല്ലത്തെ മൂത്തമകന്റെ മകനാണ് കാരാണ്‍മ ഏറ്റെടുക്കേണ്ടത്. അങ്ങനെ ഒരാളില്ലെന്നുവന്നാല്‍ പിന്നെ കാരാണ്‍മ എങ്ങനെ തുടരും. ഏതായാലും ആറാമത്തെ കുഞ്ഞ് ജീവിച്ചു. ആ കുഞ്ഞിനാണ് ഇന്ന്, ഇടവത്തിലെ തൃക്കേട്ടനാള്‍ എണ്‍പതു തികയുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കാരാണ്‍മ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യം കുഞ്ഞിനെ അമ്മ ഓര്‍മിപ്പിക്കുമായിരുന്നു. അമ്മയോട് നീതി പാലിക്കാനാണ് സര്‍വകലാശാലയിലെ വലിയസ്ഥാനം ഉപേക്ഷിച്ച് ശാന്തിജോലിക്ക് ഈ പ്രൊഫസര്‍ പോയത്.

'വൈഷ്ണവം: വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍' ഓണ്‍ലൈനില്‍ വാങ്ങാം

പ്രൊഫസര്‍ ജോലിവിട്ട് ശാന്തിക്കാരനാവുക എന്നുപറഞ്ഞാല്‍ താരതമ്യേന അനായാസമായ ഒരു ജോലിയിലേക്ക് നീങ്ങുക എന്നാണെന്ന് പലരും കരുതും. തിരുവല്ലയിലെ മേല്‍ശാന്തിയുടെ ജോലി അങ്ങനെയുള്ളതല്ല. പഞ്ചരാത്രപൂജ എന്നൊന്നുണ്ട്. ഏകാഗ്രമായി 11 മണിക്കൂര്‍ ജോലിചെയ്യേണ്ട ഒന്ന്. നെഞ്ചോളം പൊക്കമുള്ള മണ്ഡപത്തിലേക്ക് എണ്ണമറ്റ തവണ കയറിയിറങ്ങണം. അഞ്ച് പൂജകള്‍. അനവധി പരിക്രമങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ കവിതയേക്കാള്‍ എത്രയോ ക്ലേശകരം. അങ്ങനെയൊരു ജോലിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ഏറ്റെടുത്തത്. ആ ജോലിയെയും തെളിഞ്ഞ മനസ്സോടെ അദ്ദേഹം മുമ്പോട്ടുകൊണ്ടുപോയി. എന്നാല്‍, ആ തെളിമ എല്ലാവരും അംഗീകരിച്ചു എന്ന് പറഞ്ഞുകൂടാ. ഇടയ്ക്കിടെ വിവാദങ്ങളുണ്ടായി. ഡബ്ല്യു.ബി. യേറ്റ്സിനെ, കാളിദാസിനൊപ്പം മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കവി ഒരിക്കല്‍ അദ്ദേഹത്തിന്റെ നാടുകാണാന്‍ പോയി. കടല്‍കടന്നുപോയതിനാല്‍ പൂജയ്ക്ക് അശുദ്ധിയുണ്ട് എന്നായി ചില ആചാരസംരക്ഷകര്‍. ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അവര്‍ തടയുന്നിടത്തോളമെത്തി ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍. മറ്റൊരു ഘട്ടത്തില്‍ ക്ഷേത്രത്തില്‍ച്ചെന്ന സുഗതകുമാരിയെ നമസ്‌കരിച്ചതിന്റെ പേരിലായി ബ്രാഹ്മണനായ മേല്‍ശാന്തിക്ക് അയോഗ്യത! ഇത് ഒരു ഭാഗത്തുനിന്ന്. 'ആദമും ദൈവവും' എന്ന കവിതയുടെ പേരില്‍ മറ്റൊരു വിഭാഗം കവിക്കെതിരേ അതിശക്തമായി തിരിഞ്ഞ ഒരുഘട്ടവും ഉണ്ടായിരുന്നു.

'കോര്‍ത്തകൈ അഴിക്കുക ദേവകള്‍ക്കാകാം
ക്ലേശമാര്‍ഗചാരിയാം മര്‍ത്ത്യനെന്തുള്ളു തുണവേറെ'
എന്നതാണ് കവിതയുടെ ഉള്ളടക്കം എന്നിരിക്കിലും ആ കവിത നിരോധിക്കണമെന്ന ആക്രോശങ്ങള്‍ ഉയര്‍ന്നു. സ്ഥിതപ്രജ്ഞയോടെ കവി അതിനെയും നേരിട്ടു; ശുദ്ധമായ മനസ്സിന്റെ ബലത്തില്‍. ഈ മനശ്ശുദ്ധി അദ്ദേഹത്തിന്റെ ഒരു കാവ്യസന്ദര്‍ഭമെടുത്ത് വിശദീകരിക്കട്ടെ. 'വരരുചി' എന്ന കവിതയില്‍നിന്നുള്ളതാണിത്. വിഷ്ണുനാരായണന്‍ നമ്പൂതിരി കാലത്ത് നടക്കാനിറങ്ങുന്നു; എതിരേ പണ്ഡിതരത്‌നമായ സാക്ഷാല്‍ കെ.പി. നാരായണ പിഷാരടി എത്തുന്നു. വര്‍ത്തമാനത്തിനിടെ കവി പറയുന്നു: ''മുപ്പതാണ്ടായി മാഷേ, ഗുരുവേഷമിട്ട് ഞാനാടുന്നു യഥാശക്തി.'' താന്‍ പഠിപ്പിച്ചു തുടങ്ങിയിട്ട് ആറുപതിറ്റാണ്ടായി എന്ന് പ്രതികരിക്കുന്ന പിഷാരടിമാഷ് ഒടുക്കം പഠിച്ചവന്‍ ഒരു ചെറുമനാണെന്നും മിടുമിടുക്കനാണെന്നും കാളിദാസകാവ്യങ്ങള്‍ മൂന്നും വെടിപ്പായി തെളിഞ്ഞ് അവധാരണംചെയ്യാന്‍ കഴിയുന്നവനാണെന്നും അഭിമാനപൂര്‍വം കൂട്ടിച്ചേര്‍ക്കുന്നു.  ഇടയ്ക്കുകയറി ആ ഘട്ടത്തില്‍ കവി ചോദിക്കുന്നു, മാസ്റ്റര്‍ ഫീസ് വാങ്ങാറുണ്ടോ എന്ന്. ഈ ചോദ്യത്തില്‍ പിഷാരടി മാഷ് അല്പം ചൊടിച്ചു. എന്നിട്ട് മറുപടി പറഞ്ഞു:

'എന്തുഫീസ്? ഇടയ്ക്കൊക്കെ
വിളവെത്തിയ നല്ല വെള്ളരിക്ക
അപ്പയ്യന്‍ പ്രിയമായ് കൊണ്ടെത്തിക്കും;
എന്തൊരു രുചിയെന്നോ?
ഈ സംഭാഷണം കവിതയിലേക്കുയരുന്നത് അടുത്ത രണ്ടുവരികൊണ്ടാണ്. 'ആ രുചിയറിഞ്ഞുവോ, യു.ജി.സി. പ്രൊഫസര്‍ ഞാന്‍; ദേവകളന്നേരമക്കണ്‍കളില്‍ ചിരിച്ചതും? എന്നതാണ് ആ വരികള്‍. ആ രുചി തീര്‍ത്തും അറിഞ്ഞയാള്‍തന്നെയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ആ കണ്‍കളിലേക്ക് നോക്കൂ; ദേവകളുടെ ചിരി കാണാം. ആ ചിരിയുടെ വെണ്‍മയും ശുദ്ധിയുംതന്നെയാണ് ആ ജീവിതത്തിലും നമ്മള്‍ കാണുന്നത്.

പാരമ്പര്യത്തെയും ആധുനികതയെയും തന്റെ നിരുപമമായ സര്‍ഗസിദ്ധികൊണ്ട് വിളക്കിച്ചേര്‍ത്ത ഈ കവിയില്‍ ഒരേസമയം കാളിദാസനും കാള്‍ മാര്‍ക്‌സുമുണ്ട്. 'ഹേ കാളിദാസ മഹാഭാഗ' എന്നും 'ഹേ കാളിദാസ മഹാസത്വ' എന്നും 'ഹേ കാളിദാസ മനീഷിന്‍' എന്നുമൊക്കെ സംബോധനചെയ്യുന്ന കവിതാഭാഗങ്ങളാല്‍ അര്‍ച്ചനചെയ്തിട്ടുണ്ട് ആ കാവ്യവൈഖരിക്കുനേര്‍ക്ക് എന്നതുകൊണ്ടുമാത്രമല്ല, ഈ കവിയില്‍ ഒരു കാളിദാസത്വമുണ്ട് എന്ന് പറയുന്നത്. ഋതുസംഹാരം പരിഭാഷപ്പെടുത്തിയെന്നതുകൊണ്ടോ 'ഉജ്ജയിനിയിലെ രാപ്പകലുകള്‍' എന്ന കവിത എഴുതിയെന്നതുകൊണ്ടോ പോലുമല്ല. പിന്നെയോ? കാളിദാസകാവ്യഭാവനയുടെ ഹിമവല്‍ഗാംഭീര്യം ഈ കാവ്യവ്യക്തിത്വത്തെ മഹനീയമായി ഒരു ഭാവഗരിമയാല്‍ അനുഗ്രഹിച്ചിട്ടുള്ളതിന്റെ പരാഗരേണുക്കള്‍ ആ കവിതാലോകത്തെയാകെ ദീപ്തമാക്കി നിര്‍ത്തുന്നത് അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്. കാളിദാസകാവ്യതീര്‍ഥം കൈക്കുമ്പിളിലേക്കൊഴുക്കിയെടുത്ത സര്‍ഗസാധനയാണ് അദ്ദേഹത്തിന്റേത്.
'കാളിദാസന്റെ സദ്കാവ്യ
പാരായണ കുതൂഹലം
മധുരോദാരമാക്കുന്നീ-
ലേതു വിശ്രമസന്ധ്യയെ'
എന്നെഴുതിയ കവിയാണല്ലോ ഇത്.

ഒരുവശത്ത് കാളിദാസനെങ്കില്‍ മറുവശത്ത് കാള്‍മാര്‍ക്‌സ്. വൈരുധ്യമെന്നുതോന്നാം; പക്ഷേ, സത്യമാണത്. മാര്‍ക്‌സിന്റെ 'മിച്ചമൂല്യം, എന്ന സര്‍പ്ലസ് വാല്യുവും  'ശിഷ്ടയത്‌നം' എന്ന സര്‍പ്ലസ് ലേബറും ഒക്കെ കവിതയ്ക്ക് വഴങ്ങുന്നതാണോ? അല്ലെന്നേ ആരും പറയൂ. എന്നാല്‍, 'ശോണമിത്ര'നില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി എത്ര ഭാവാത്മകമായാണ്, ഇവയൊക്കെ അപഗ്രഥിച്ചിരിക്കുന്നത്!
'ത്യാഗത്താലര്‍ഹതപ്പെട്ട-
തല്ലേ മര്‍ത്ത്യന്‍ ഭുജിച്ചിടൂ?
പരന്റെ മുതല്‍ തിന്നുന്നോന്‍
വധ്യന്‍ ലോകഹിതത്തിനായ്' എന്ന പൂര്‍വഘട്ടത്തിലൂടെയും
'പക്ഷേ, രാജന്‍, അമാത്യന്മാര്‍
യത്‌നിച്ചിട്ടെത്ര കാലമായ്,
സംഘനായകര്‍, വിദ്വാന്മാര്‍
സൈന്യവും നീതിപാലരും'
എന്ന ഉത്തരഘട്ടത്തിലൂടെയും കടന്നുപോവുന്ന 'ശോണമിത്രന്‍' സത്യത്തില്‍ 'കടന്നുകാണുക' എന്ന കവിധര്‍മംതന്നെ നിര്‍വഹിക്കുന്നു. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ഉത്കൃഷ്ടമായ രാഷ്ട്രീയകവിതകളിലൊന്നാണിത്.

ഇതില്‍ വിമര്‍ശനമുണ്ട്. എന്നാലത്, വൈലോപ്പിള്ളി മാഷ് പറയുംപോലുള്ള ഒരു 'സൗവര്‍ണ പ്രതിപക്ഷ'ത്തിന്റെ വിമര്‍ശനമാണ്. അതിന്റെ വെളിച്ചം നന്മയുടെ പാതതന്നെയാണ് തുറന്നുകാട്ടുന്നത്. ഒരു വൈദികകാവ്യസംസ്‌കൃതി മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികസംസ്‌കൃതിയിലേക്കും അതിലൂടെ വരുംകാലത്തിന്റെ സിദ്ധാന്തപരികല്‍പ്പനകളിലേക്കും സഞ്ചരിക്കുന്നതിന്റെ രീതി സവിശേഷപഠനമര്‍ഹിക്കുന്നു.

'ധര്‍മവ്യസനിത്വ'മാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യമനസ്സിന്റെ യഥാര്‍ഥ ഭാവം. ഏതാണ് ധര്‍മം, ഏതാണ് അധര്‍മം! എങ്ങനെ ധര്‍മം ആചരിക്കാം, എങ്ങനെ അധര്‍മത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാം! ഈ സമസ്യകള്‍ ഏറ്റവുമധികമായി പ്രകടമാവുന്നത് ഇദ്ദേഹത്തിന്റെ 'മിത്രാവതി' എന്ന കവിതയിലാണ്. കപടസദാചാര സങ്കല്പങ്ങളുടെ ധീരമായ വിചാരണകൂടിയാവുന്നു 'മിത്രാവതി'. തേഹരീനൃപന്റെ സേനാധിപനാണ് യജ്ഞസേനന്‍. ശത്രുക്കളെ തുരത്തിയിട്ട് തിരിച്ചെത്തിയ യജ്ഞസേനന് പൂര്‍ണകുംഭത്തോടെ സ്വീകരണം.  എന്നാല്‍, വസന്തപഞ്ചമിക്ക് പത്‌നി മിത്രാവതിക്കൊപ്പം സരസ്തടത്തിലേക്കുപോയ യജ്ഞസേനന്‍ രാത്രി കൊല്ലപ്പെടുന്നു.  മിത്രാവതി വിചാരണചെയ്യപ്പെടുന്നു.

വിചാരണക്കിടയില്‍, തന്റെ കടക്കണ്ണിലായിരുന്നില്ല, കുലവില്ലിന്റെ ശരാഗ്രത്തിലായിരുന്നു യജ്ഞസേനന്‍ രതിചാതുരി കണ്ടിരുന്നത് എന്നും എന്നിട്ടും അദ്ദേഹത്തിന്റെ രക്ഷയ്ക്കായി യുദ്ധകാലത്ത് ദേവാലയങ്ങള്‍തോറും നടന്ന് താന്‍ പ്രാര്‍ഥിച്ചെന്നും ആ യാത്രക്കിടയില്‍ ഒരു മുനിപുത്രന്‍തന്നെ മുകര്‍ന്നുവെന്നും ഒക്കെ മിത്രാവതി പറയുമ്പോള്‍ 'കഥ അശ്ലീലകശ്മലം' എന്ന് ചീറിനില്‍ക്കുന്നുണ്ട് അമാത്യന്‍. എന്നാല്‍, എല്ലാം കേട്ടശേഷം ഗുരു കണ്ടെത്തുന്നത് മനീഷിമാര്‍ക്കുപോലും കണ്ടെത്താനാവാത്ത തരത്തില്‍ ഗഹനമാണ് ധര്‍മത്തിന്റെ ഗതി എന്നാണ്. ഗുരു മിത്രാവതിയെ കുറ്റപ്പെടുത്തുന്നില്ല. ധര്‍മവ്യസനിത്വത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സദാചരസങ്കല്പ വിചാരണയെ, 'മിത്രാവതി'യെ മലയാള വായനസമൂഹം വേണ്ടവിധത്തില്‍ മനസ്സിലാക്കിയില്ല എന്നത് നല്ല കവിതയില്‍നിന്ന് അകന്നുപോകുന്ന ഒരു സമൂഹത്തിന്റെ നിര്‍ഭാഗ്യം!

കവിതയില്‍ ഒരു അവകാശവാദവുമില്ലാതെ നിലകൊണ്ട മഹാനായ കവിയാണിത്. 'വഴികാട്ടിയല്ല, ചെറുതുണമാത്രമെന്‍ കവിത' എന്നേ ഇദ്ദേഹം പറഞ്ഞിട്ടുള്ളൂ. എന്നാല്‍, അന്ധകാരഗ്രസ്തമായ ജീവിതരഥ്യകളില്‍ ഈ കവിയും ഇദ്ദേഹത്തിന്റെ കവിതകളും നമുക്ക് വെളിച്ചമായി. കാളിദാസവിരചിതമായ ഋതുസംഹാരത്തിന്റെയും ഭാസവിരചിതമായ കര്‍ണഭാരത്തിന്റെയുമൊക്കെ പരിഭാഷ കവിത ചോര്‍ന്നുപോകാത്ത വിവര്‍ത്തനത്തിന്റെ മാതൃകയായി. ആ കാവ്യലോകത്ത് മുഴങ്ങിനില്‍ക്കുന്ന വൃത്തങ്ങളുടെ, ഈണങ്ങളുടെ, താളങ്ങളുടെ വൈവിധ്യസമൃദ്ധി നമ്മുടെ വിലപ്പെട്ട ഈടുവെപ്പായി. എണ്‍പതാം വയസ്സിലെത്തിനില്‍ക്കുന്ന മഹാനായ ഈ കവിയോടു പറയട്ടെ: 'ഈ രശ്മികളുതിര്‍ക്കുന്ന മനസ്സിനെങ്ങ് വാര്‍ധകം!'.

ദേവതാത്മാ

poet vijayalakshmi# വിജയലക്ഷ്മി 

ദേവതാത്മാ മഹാകവി വിഷ്ണുനാരായണനിന്നു
നേരുകയാണെങ്ങളായുരാരോഗ്യസൗഖ്യം
പൂത്തുലഞ്ഞു ശ്രീവല്ലിയില്‍ സാരസ്വതമശോകമായ്
കാത്തുനിന്നു തീണ്ടാനാഴി തുളസി തെച്ചി

തീയെ ഭൂവിലാനയിച്ച വാനവനായ് അനുഭൂതി-
ച്ചൂടുനല്‍കി വളര്‍ത്തിയങ്ങെത്രയോ പേരെ
കൊണ്ടുപോയി കാളിദാസ ലോകങ്ങളില്‍, രഘുവംശ
സന്നിധിയില്‍, ലക്ഷ്മണന്റെ തീവ്രശോകത്തില്‍,
മഹര്‍ഷിയാം വീറ്റ്മാന്‍ നട്ടുവളര്‍ത്ത പച്ചപ്പുല്‍മേട്ടില്‍,
മരിക്കാത്ത ഷേക്സ്പിയറിന്‍ മാന്ത്രികത്തോപ്പില്‍

മഹിതമേഥന്‍സില്‍, പെരുംതൂണിലങ്ങു പെരുമാളെ
നരസിംഹത്തിനെ, കണ്ടു കൂപ്പിനില്‍ക്കുമ്പോള്‍,
അനുഗ്രഹിച്ചയയ്ക്കുവോളഥീനാ കൈക്കുമ്പിള്‍ നീട്ടി
ശിരസ്സിലിറ്റിച്ച സത്യജ്ഞാന പീയൂഷം
പകര്‍ന്നാലുമെങ്ങള്‍ക്കെന്നും, പകരമില്ലാരും നിത്യ
പരിശുദ്ധ വാങ്മയത്തിന്‍ പ്രസാദമേകാന്‍

Content Highlights: Vishnu Narayanan Namboodiri, prabha varma