ഉപരിപ്ലവമായ വായനകളില്‍ തെളിഞ്ഞുവരാത്ത അനേകം അടരുകളുള്ള ഒരു സാഹിത്യകൃതിയായി പമ്മന്റെ 'വഷള'നെ വിശകലനം ചെയ്യുകയാണ്  എഴുത്പതുകാരൻ വിനു എബ്രഹാം. പമ്മൻെറ വഷളനും അതിലെ നായകകഥാപാത്രവും മലയാളസാഹിത്യത്തിലെ ആധുനിക ഭാവുകത്വത്തിന്റെ വേറിട്ട പ്രകാശനങ്ങളായിരുന്നുവെന്നും പമ്മന്‍ എന്ന സാഹിത്യകാരന്റെയും പമ്മന്‍കൃതികളുടെയും മേല്‍ ചാര്‍ത്തപ്പെട്ട ദുഷ്‌കീര്‍ത്തികളെ അഴിച്ചെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും അത് സംഭവിക്കാത്തപക്ഷം മലയാളത്തിലെ പല മികച്ചകൃതികളും ഇരുളാണ്ടുപോകുമെന്നും വിനു എബ്രഹാം നിരീക്ഷിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം.

പിറന്നുവീഴുന്ന കാലത്തുതന്നെ, ചില സാഹിത്യകൃതികള്‍ക്ക് മേലേ ചാര്‍ത്തുന്ന മുദ്രകള്‍ പിന്നീട് ഇളക്കിമാറ്റുക എന്നത് ദുഷ്‌കരമാണ്. പമ്മന്റെ വഷളന്‍ എന്ന നോവല്‍ ഇതിന് ഒരു ഉത്തമോദാഹരണമാണ്. ഒരുകാലത്ത്, മലയാളിയുടെ ലൈംഗിക ഇക്കിളിവായനയുടെ പര്യായം എന്ന നിലയില്‍ ആഘോഷിക്കപ്പെട്ട നോവലാണല്ലോ വഷളന്‍. പുതിയ തലമുറ വായനക്കാര്‍ ഈ നോവലുമായി എത്രകണ്ട് പരിചിതരാണെന്ന് ഉറപ്പില്ലെങ്കിലും പഴയ മുദ്ര ഭദ്രമായിത്തന്നെ ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

നിരവധി ശ്രദ്ധേയങ്ങളായ നോവലുകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് പമ്മന്‍. അടിമകള്‍, മിസ്സി, നിര്‍ഭാഗ്യജാതകം, ചട്ടക്കാരി എന്നിങ്ങനെ നീളുന്ന നിര. എന്നാല്‍ അവയൊന്നും പരിഗണിക്കാതെ വഷളന്‍, ഭ്രാന്ത് എന്നീ നോവലുകള്‍ മുന്‍നിര്‍ത്തി പമ്മന്‍ എന്നാല്‍ ഒരു മൃദു അശ്ലീലസാഹിത്യ രചയിതാവ് എന്ന വിശേഷണമാണ് പൊതുവേ നമ്മുടെ സാഹിത്യമണ്ഡലം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. 
1977-ല്‍ ഒന്നാം പതിപ്പായി ഇറങ്ങിയ വഷളന്‍ ലൈംഗികമായ നിരവധി സന്ദര്‍ഭങ്ങളാല്‍ സമ്പന്നമാണ്. ഈ നോവലിന്റെ പൊതുവായനയില്‍ അത്തരം സന്ദര്‍ഭങ്ങള്‍മാത്രം തിടം വെച്ച് നില്‍ക്കുകയും കഥയുടെയും ആഖ്യാനത്തിന്റെയും ഇതര അടരുകളിലേക്കൊന്നും അനുവാചകശ്രദ്ധ പതിയാനിടവരാതിരിക്കുകയും ചെയ്തു എന്ന് സാമാന്യമായി പറയാം. അതേസമയം, അത്രമാത്രം ഒരു 'ലൈംഗിക പാരായണം' സിദ്ധിക്കാനുള്ളവിധം ലൈംഗികതയോ അതിന്റെ വിശദ വര്‍ണനകളോ നോവലിലില്ല.

ഒരു പൈങ്കിളി കഥ?
കൊല്ലം നഗരത്തിലെ കാവില്‍ തെക്കേതില്‍ തറവാട്ടിലെ കല്യാണിയമ്മയുടെയും പുതുവീട്ടില്‍ കുട്ടന്‍പിള്ളയുടെയും മകനായി വാസു എന്ന കുട്ടി ജനിക്കുന്നതോടെ നോവല്‍ ആരംഭിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തോടടുത്ത് എന്നതാണ് കാലസന്ദര്‍ഭം. പൊതുമരാമത്ത് വകുപ്പിലെ ഒരുദ്യോഗസ്ഥനായ കുട്ടന്‍പിള്ള ജോലിസംബന്ധമായി മറ്റ് സ്ഥലങ്ങളില്‍ താമസിക്കുകയും ഇടക്കിടെ മാത്രം വീട്ടില്‍ വന്നുപോകുകയും ചെയ്യുന്നയാളാണ്. പുരുഷമേധാവിത്വത്തിന്റെ അവസാനവാക്കായ കുട്ടന്‍പിള്ളയ്ക്കപ്പുറം കല്യാണിഅമ്മയ്ക്ക് മറ്റൊരു ലോകമില്ല.

കുട്ടിയായിരിക്കുമ്പോള്‍ മുതലേ, വാസു കുരുത്തംകെട്ടതെന്ന് പറയാവുന്ന സ്വഭാവമാണ് കാഴ്ചവെക്കുന്നത്. ഒരുപക്ഷേ, ഇന്നാണെങ്കില്‍ പ്രത്യേക മനശ്ശാസ്ത്ര പരിചരണത്തിലൂടെ മാറ്റിയെടുക്കാവുന്ന ഒരുതരം മാനസിക വൈകല്യമെന്ന് അതിനെ പറയാം. എന്തായാലും തീര്‍ത്തും ക്രൂരം എന്ന് വിശേഷിപ്പിക്കാവുന്ന ശിക്ഷാമുറകളാണ് വാസുവിന് ഇതിന്റെ പേരില്‍ മാതാപിതാക്കളില്‍നിന്ന് ലഭിക്കുന്നത്. അതോടെ, അവന്റെ സ്വഭാവം കൂടുതല്‍ വഷളാവുകയുമാണ്. വാസുവിന് മൂന്ന് വയസ്സായപ്പോള്‍ ബാലന്‍ എന്ന അനിയന്‍കൂടി ജനിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ശാന്തസ്വഭാവവും അനുസരണയുള്ളവനുമായ ബാലനുമായുള്ള താരതമ്യത്തില്‍ വാസുവിന്റെ വീട്ടിലെ സ്ഥാനവും സ്വഭാവവും കൂടുതല്‍ മോശമാകുന്നു.

പിന്നീട്, വിദ്യാഭ്യാസകാലം ആരംഭിക്കുന്നതോടെ വാസു ലവലേശം പഠനത്തോട് താത്പര്യമില്ലാത്തവനും ബാലന്‍ നേര്‍ വിപരീതവും ആയി മാറുന്നു. ബാല്യത്തില്‍തന്നെ, വാസു വീട്ടിലും നാട്ടിലും വിദ്യാലയത്തിലുമെല്ലാം തികഞ്ഞ ആക്രമണവാസനയുള്ള കുട്ടിയായി മാറുന്നു. പ്രായത്തെ വെല്ലുന്ന രീതിയില്‍ ലൈംഗികകാമനകളാല്‍ ഉത്തേജിതനുമാണ് വാസു. വിദ്യാലയത്തിലെ ഒരടിപിടിയില്‍ തുടങ്ങി പിന്നീട് വാസുവിന്റെ ഉറ്റ സുഹൃത്തായി മാറുന്ന പാക്കരന്‍ എല്ലാറ്റിനും കൂട്ടായി അവനോടൊപ്പം ഉണ്ട്. പാക്കരന്റെ വീടും അമ്മയും സഹോദരി ശാന്തയുമെല്ലാം വാസുവിന്റെ വലിയ സാന്ത്വനങ്ങളാകുകയാണ്. അവിടെ എല്ലാവരും അവനെ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. ആ സ്‌നേഹമാകട്ടെ പാക്കരന്റെ അച്ഛന്‍ ശങ്കരപിള്ളയ്ക്കും ഭാര്യയ്ക്കും ഒപ്പം ചേര്‍ന്നുള്ള മദ്യപാനവും പാക്കരന്റെ അമ്മയുടെയും ശാന്തയുടെയും ശരീരങ്ങള്‍ പങ്കുപറ്റുന്നതിന്റെ സുഖാനുഭൂതികളും ചേര്‍ന്ന് കൊഴുപ്പിക്കുന്നതുമാണ്. ഇതിനിടെ കൊല്ലം ജില്ലയിലുള്ള വനസമീപസ്ഥമായ കടക്കല്‍ എന്ന ഗ്രാമത്തില്‍ ഉദ്യോഗാര്‍ഥം എത്തുന്ന കുട്ടന്‍പിള്ള തീരെയും വീട്ടിലേക്ക് വരാതാകുന്നു. വാസുവിനെ അമ്മ ബന്ധുവായ കുഞ്ചുപിള്ളയ്‌ക്കൊപ്പം അവിടേക്ക് കാര്യങ്ങള്‍ തിരക്കാനായി പറഞ്ഞയയ്ക്കുന്നു.

അവിടെ, കുട്ടന്‍പിള്ളയില്‍നിന്ന് തികഞ്ഞ നീരസത്തോടെയുള്ള സ്വീകരണമാണ് വാസുവിന് ലഭിക്കുന്നത്. കുട്ടന്‍പിള്ളയ്ക്ക് അയാള്‍ താമസിക്കുന്ന വീട്ടിനടുത്തുള്ള ഒരു കുടുംബത്തില്‍നിന്നാണ് ഭക്ഷണമൊക്കെ ലഭിക്കുന്നത്. കുഞ്ചുപിള്ള മടങ്ങിപ്പോകുന്നതോടെ, വാസു ഏതാനുംദിവസങ്ങള്‍ അവിടെ തങ്ങുന്നു. താമസിയാതെ, ആ വീട്ടിലെ സ്ത്രീ തന്റെ അച്ഛന്റെ രാത്രികാല സഖിയുമാണെന്ന് വാസു തിരിച്ചറിയുന്നു. അതിനൊപ്പം, അവരുടെ കൗമാരതുടക്കക്കാരിയായ മകള്‍ ജാനുവിന്റെ മേല്‍, അവന്റെ കണ്ണ് പതിയുകയും ചെയ്യുന്നു. ഒരവസരത്തില്‍ അയാള്‍ ജാനുവിനുമേല്‍ ലൈംഗിതയുടെ പ്രാരംഭലീലകള്‍ നടത്തുന്നു. ജാനു ഇക്കാര്യം അമ്മയോട് പറയുകയും അമ്മ വഴി കുട്ടന്‍പിള്ള അറിയുകയും ചെയ്യുന്നു. അതോടെ കുട്ടന്‍പിള്ള പൈശാചികമായ രീതിയില്‍ മകനെ മര്‍ദിച്ച് അവശനാക്കുന്നു.

ആകെ അപമാനിതനാകുന്ന വാസു താമസിയാതെ പ്രതികാരവാഞ്ഛയോടെ ജാനുവിനെ ലൈംഗികമായി, അവള്‍ ഗര്‍ഭിണിയാകാത്ത വിധം, കീഴ്പ്പെടുത്തുന്നു. തുടര്‍ന്ന് മുറിയില്‍ കുട്ടന്‍പിള്ള സൂക്ഷിച്ചിരുന്ന കുറച്ച് പണവുമെടുത്ത് അവന്‍ ആരോടും പറയാതെ യാത്രയാകുന്നു. സന്ധ്യയോടെ കൊല്ലത്തെത്തുന്ന വാസു, പാക്കരന്റെ വീട്ടിലെത്തുകയും രാത്രിയില്‍ പാക്കരന്റെ അമ്മയുമായി ഒരു വേഴ്ചയ്ക്കും പിറ്റേന്ന് ശാന്തയുമൊത്തുള്ള ലഘുലീലകള്‍ക്കും ശേഷം സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്യുന്നു. അവിടെ, അമ്മയുടെ സൂക്ഷിപ്പായുള്ള കുറച്ച് സ്വര്‍ണാഭരണങ്ങളും അപഹരിച്ചശേഷം വാസു വീടുപേക്ഷിച്ച് വിശാലമായ ലോകത്തേക്കിറങ്ങുന്നു. നഗരം വിടുന്നതിന് മുമ്പായി, വാസുവിലുള്ള നായര്‍ ജാതിമേല്‍ക്കോയ്മവെറി അവനെക്കൊണ്ട് ഒരു ക്രിസ്ത്യന്‍ യുവാവിനെ മര്‍ദിച്ചവശനാക്കാനും പ്രേരിപ്പിക്കുന്നു. കൃത്യമായി ജാതിവെറി പറഞ്ഞുതന്നെയാണ് വാസു മര്‍ദനം നടത്തുന്നത്.

മുന്നേ നാട് വിട്ടുപോയി ഇപ്പോള്‍ ബോംബെയില്‍ നേവിയില്‍ ജോലിയുള്ള പാക്കരന്റെ അടുത്തേക്ക് പോകാമെന്ന് വാസു ചിന്തിക്കുന്നെങ്കിലും അവന്‍ തീരുമാനം മാറ്റുന്നു. അങ്ങനെ മദിരാശിക്കുള്ള തീവണ്ടിയില്‍ കയറി യാത്രയാകുന്നു. യാത്രക്കിടയില്‍, ഒരു നിസ്സാര തര്‍ക്കത്തെത്തുടര്‍ന്ന് വാസു ശാരീരികമായി ആക്രമണ വിധേയനാക്കുന്ന മാരാര്‍ എന്ന മനുഷ്യനുമായി തുടര്‍ന്ന് ചങ്ങാത്തത്തിലാകുന്നു. മാരാര്‍ മദിരാശിയില്‍ ഒരു ചെറുകിട ഹോട്ടല്‍ നടത്തിപ്പുകാരനാണ്. ആ ചങ്ങാത്തം വാസുവിനെ മാരാരുടെ ഹോട്ടലിലെ അതിഥിയും പിന്നീട് അതിന്റെ മാനേജരും ആക്കുന്നു. വാസു വേഗംതന്നെ തന്റെ ജോലിയില്‍ പ്രാഗല്ഭ്യം തെളിയിക്കുകയും മാരാര്‍, ഭാര്യ അമ്മുക്കുട്ടിയമ്മ, മക്കള്‍ ഉണ്ണി, ശോഭി എന്നിവരുടെ പ്രിയങ്കരനാകുകയും ചെയ്യുന്നു. താമസിയാതെതന്നെ വാസു തന്റെ തനിനിറം നയത്തില്‍ പുറത്തെടുത്ത് തുടങ്ങുന്നു. മുന്നേതന്നെ സ്വവര്‍ഗ ഭോഗത്തില്‍ തത്പരനായ വാസു, ബാലനായ ഉണ്ണിയെ തന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി ഇരയാക്കുന്നു.

ഹോട്ടലിനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന വാസു മിലിട്ടറിക്കാരായ തന്റെ പുതിയ സുഹൃത്തുക്കള്‍, ഗോപി, ക്യാപ്റ്റന്‍ പിള്ള എന്നിവര്‍ക്കൊപ്പം മദ്യനിരോധനം നടപ്പിലുള്ള മദിരാശിയില്‍, ഹോട്ടലില്‍ രഹസ്യ മദ്യവില്‍പ്പനയും മദ്യപാന സൗകര്യങ്ങളും ഉണ്ടാക്കുന്നു. അത് താമസിയാതെ ഹോട്ടലില്‍ പെണ്‍ശരീര വില്‍പ്പനയിലേക്കും കള്ളനോട്ട് വില്‍പ്പന വിതരണത്തിലേക്കും മറ്റ് അധോലോക പ്രവര്‍ത്തനങ്ങളിലേക്കും മുന്നേറുന്നു. വാസു സമൂഹത്തിന്റെ ഉന്നതങ്ങളില്‍ പ്രിയങ്കരനാകുന്നു.

അങ്ങനെയിരിക്കെ, രോഗിയായ മാരാര്‍ ചികിത്സാര്‍ഥം നാട്ടിലേക്ക് പോകുകയും അവിടെവെച്ച് മരിക്കുകയും ചെയ്യുന്നു. ഇതോടെ വാസു തന്റെ അവശേഷിക്കുന്ന ഇംഗിതങ്ങളും സാഫല്യത്തിലെത്തിക്കുന്നു. ശോഭിയും, അമ്മുക്കുട്ടിയമ്മയും പൂര്‍ണമായും വാസുവിന്റെ ലൈംഗിക കളിപ്പാട്ടങ്ങളായി മാറുന്നു. മാത്രമല്ല, അമ്മുക്കുട്ടിയമ്മയെ ഒരു മദ്യാസക്തയും ആക്കി മാറ്റുന്നു.
ഒരുനാള്‍, വാസു തന്നെ ഒരിക്കല്‍ ആട്ടിപ്പായിച്ച സ്വന്തം നാട്ടിലേക്ക് യാത്ര പോകാന്‍ തീരുമാനിക്കുന്നു. ശാന്തയുടെ വിവാഹത്തില്‍ പങ്കുചേരുക എന്ന ഉദ്ദേശ്യംകൂടി അതിന് പിന്നിലുണ്ട്. പുതിയ പ്രതാപത്തിന്റെ എല്ലാ പകിട്ടോടെയും തന്റെ ആഡംബര കാറിലാണ് യാത്ര. ശാന്തയുടെ വിവാഹത്തിന് എത്താന്‍ കഴിയുന്നെങ്കിലും വാസുവിന് തന്റെ പ്രതാപം കൊണ്ട് സ്വന്തം അച്ഛനെയും അമ്മയെയും അമ്പരപ്പിക്കുക എന്ന ആഗ്രഹം സാധ്യമാക്കാന്‍ കഴിയുന്നില്ല.
തിരിച്ച് മദിരാശിയിലെത്തുന്ന വാസുവിനെ വലിയ അപകടങ്ങളാണ് കാത്തിരുന്നത്. കള്ളനോട്ടുള്‍പ്പെടെയുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ പോലീസ് സംഘം വാസു എപ്പോള്‍ മദിരാശിയില്‍ പ്രത്യക്ഷപ്പെടുന്നുവോ അപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യാനായി വലവീശി കാത്തിരിക്കുന്നു എന്നവിവരമാണ് അയാള്‍ അറിയുന്നത്. അതോടെ, എല്ലാം ഉപേക്ഷിച്ച് വെറും കൈയോടെ അയാള്‍ പലായനം ചെയ്യുന്നു. ഏതാണ്ട് നിസ്വനായി ബോംബെയിലേക്ക് തീവണ്ടിയില്‍ യാത്രയാകുന്നു.

ബോംബെയിലെത്തുന്ന വാസു മദ്യലഹരിയില്‍ ചില അക്രമങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിലും പാക്കരനെയും തന്റെ പഴയ കൂട്ടാളി ക്യാപ്റ്റന്‍ പിള്ളയെയും കണ്ടെത്തി പട്ടാളത്തിന്റെ ഓര്‍ഡിനന്‍സ് ഡിപ്പോയില്‍ ഒരു ക്‌ളാര്‍ക്ക് ജോലി കരസ്ഥമാക്കുന്നു. തുടര്‍ന്ന് തന്റെ സ്വതസ്സിദ്ധമായ സാമര്‍ഥ്യം കൊണ്ട്, അയാള്‍ ആ ജോലിയിലിരുന്ന് പലവിധ തിരിമറികള്‍ നടത്തി ആഡംബര ജീവിതം നയിച്ച് തുടങ്ങുന്നു. ഒപ്പം എമ്പാടും പെണ്‍വേട്ടയും.
ഇതിനെല്ലാമൊപ്പം വാസുവിന്റെ മദ്യാസക്തി നിയന്ത്രണാതീതമായി. അയാളുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നു. ചില അഭ്യുദയകാംക്ഷികളുടെ ഇടപെടലിനാല്‍, വാസു നാട്ടില്‍നിന്ന് മാലതി എന്നൊരു യുവതിയെ വിവാഹം ചെയ്യുന്നു. ഇതുമൂലം അയാളെ നേര്‍വഴിക്ക് എത്തിക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, വാസു താന്‍ തെളിച്ച വഴിയേ സഞ്ചരിച്ച് ആ ദാമ്പത്യം നരകതുല്യമാക്കുന്നതോടെ മാലതി അയാളെ വിട്ടുപോകുന്നു. ജോലിയിലെ തിരിമറികളില്‍ വാസു സസ്‌പെന്‍ഷനും ഏറ്റുവാങ്ങുന്നു. വാസു കടംവാങ്ങിയും മറ്റും മദ്യപാനം തുടരുകയും സസ്‌പെന്‍ഷനെതിരേ കോടതിയില്‍ കേസ് നടത്തുകയും ചെയ്യുന്നു.

ഒരുഘട്ടത്തില്‍ കേസ് നടത്തിപ്പിനുള്ള പണം ഒട്ടും ഇല്ലാതായതോടെ വാസു കൊല്ലത്ത് തന്റെ വീട്ടില്‍ പണത്തിനായി ചെല്ലുന്നു. പക്ഷേ, അച്ഛനും അമ്മയും അവരെ തികഞ്ഞ നിഷേധത്തോടെ സമീപിക്കുന്ന വാസുവിനെ നയാപൈസ കൊടുക്കാതെ പുറത്താക്കുന്നു. കുട്ടിയുടെ പിറന്നാളാഘോഷം നടക്കുന്ന അനിയന്‍ ബാലന്റെ വീട്ടില്‍ ഗുണ്ടായിസവുമായി പണം ചോദിച്ച് ചെല്ലുന്ന വാസു അവിടെനിന്ന് പുറത്താക്കപ്പെടുന്നു.
തിരിച്ച്, ബോംബെയിലെത്തുന്ന വാസു മദ്യത്തിന് കൂടുതല്‍ കൂടുതല്‍ കീഴ്പ്പെടുന്നു. താമസിയാതെ തന്റെ ക്വാര്‍ട്ടേഴ്സില്‍ ഏകനായി അയാള്‍ അമിത മദ്യപാനത്തെ തുടര്‍ന്നുള്ള മരണത്തിനും കീഴ്പ്പെടുന്നു. അങ്ങനെ വാസു എന്ന വഷളന്റെ കഥയും ജീവിതവും അവസാനിക്കുന്നു.

വഷളന്‍, കഥയ്ക്കപ്പുറം

ഈ കഥയുടെ ബാഹ്യാവരണത്തിനുള്ളില്‍ അലസവായനകൊണ്ട് തെളിഞ്ഞുവരാത്ത നിരവധി അടരുകളുള്ള നോവലാണ് വഷളന്‍. പ്രമേയത്തിലും ആഖ്യാനത്തിലും പുരുഷമേധാവിത്വം അടക്കിഭരിക്കുന്ന, പിതാവ് എന്ന അധികാരസ്വരൂപം ഏറ്റവും നാരകീയമായിത്തീരുന്ന കുടുംബം എന്ന സാമൂഹികസ്ഥാപനത്തിന്റെ ഇരയാണ് വാസു. താന്‍ ആഗ്രഹിക്കുന്ന ബൗദ്ധിക സ്വഭാവഗുണങ്ങള്‍ ജനിതകമായി ഇല്ലാത്ത ഒരു കുട്ടിയെ യാതൊരുതരത്തിലും അംഗീകരിക്കാത്ത, ആ കുട്ടിയെ സദാ വെറുപ്പിന്റെയും ശിക്ഷാമുറകളുടെയും തീച്ചൂളയില്‍ നിര്‍ത്തുന്ന പിതൃരൂപമാണ് വാസുവിനെ സത്യത്തില്‍ നാള്‍ക്കുനാള്‍ വഷളനാക്കിത്തീര്‍ക്കുന്നത്. ഇങ്ങനെ ഇരയാക്കപ്പെടുന്ന കുട്ടികള്‍ കൂടുതല്‍ ഭയാനകവും ക്രൂരവുമായ ഒരു അവസ്ഥയിലേക്കാകും സഞ്ചരിക്കുക. നോവലില്‍ വാസു എന്ന കുട്ടിയില്‍നിന്ന് വാസു എന്ന പുരുഷനിലേക്കുള്ള ഈ മാറ്റം എത്രയും സ്വാഭാവികമായാണ് ആഖ്യാനപ്പെടുന്നത്. സ്ത്രീ എന്നാല്‍ പുരുഷന്റെ ലൈംഗികകാര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു യന്ത്രം മാത്രമാണ് എന്ന പുരുഷവീക്ഷണത്തില്‍ അധിഷ്ഠിതമാണ് ഈ മുതിര്‍ച്ച.

ഇതിനൊപ്പം സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളില്‍ എല്ലാ നൈതിക മൂല്യങ്ങളും കടപുഴക്കപ്പെടുന്ന ഒരു വ്യവസ്ഥയുടെ ഉപാസകനും പ്രതീകവും ആയിത്തീരുന്നുണ്ട് വാസു. കഥാപുരുഷന്റെ വളര്‍ച്ചയുടെ ആഖ്യാനകാലം സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ദശകങ്ങളാണ്. അതാകട്ടെ, നിരവധി ശുഭപ്രതീക്ഷകളുമായി രൂപംകൊണ്ട പുതിയ രാഷ്ട്രം, അതിവേഗം ആ പ്രതീക്ഷകളൊക്കെ നെറികെട്ട രാഷ്ട്രീയത്തിലും അതിന് കുടപിടിക്കുന്ന സാമൂഹികാവസ്ഥകളിലും പെട്ട് ഞെരിഞ്ഞമരുന്നതിന് സാക്ഷ്യംവഹിച്ച ഒരു കാലഘട്ടവുമാണ്. ഭരണസംവിധാനങ്ങളിലെ അഴിമതി മുതലാക്കി അതിവേഗം സമ്പത്ത് വാരിക്കൂട്ടുന്ന പുതിയ പണക്കാരുടെ ഒരു വലിയ നിര ഈ കാലഘട്ടത്തില്‍ ഉദയംകൊള്ളുന്നു. വാസുവിലൂടെ നവഭാരതത്തിലെ ഈ അപചയത്തിന്റെ ചിത്രം നോവലിസ്റ്റ് കൃത്യമായി വരഞ്ഞിടുന്നു. ഇതിനെല്ലാമൊപ്പം ജാതിവെറി കൂടി ചേരുമ്പോള്‍ വാസു എന്ന നായകകഥാപാത്രത്തിന്റെ ഗര്‍ഹണീയത കുറേക്കൂടി ഉയരങ്ങളിലെത്തുന്നു. ഒരുപക്ഷേ, നോവല്‍ എഴുതപ്പെട്ട കാലത്തേക്കാള്‍, പുതിയ കാലത്ത് ഇത് വായിക്കുമ്പോള്‍ ജാതി, വര്‍ഗീയ, മത വിഷലിപ്തമായ സമകാല പരിതോവസ്ഥ വാസുവിലെ ഈ സവിശേഷതയ്ക്ക് അധികമാനങ്ങള്‍ നല്‍കുന്നുണ്ട്.

ഏതുരീതിയിലും സമ്പത്ത് കരസ്ഥമാക്കുന്ന വാസുവിന്റെ പ്രകൃതത്തെക്കുറിച്ച് പറയുമ്പോള്‍, മറ്റൊരു വസ്തുതകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നമ്മള്‍ സാഹിത്യത്തില്‍ കണ്ട് പരിചയിച്ച കഥാപാത്രങ്ങളില്‍നിന്ന് വാസു മറ്റൊരു തരത്തില്‍ ഏറെ വ്യത്യസ്തനാകുന്നുണ്ട്. ധാര്‍മിക, നൈതിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കാതെ സമ്പത്ത് കരസ്ഥമാക്കുന്നുണ്ടെങ്കിലും വാസു ഏതുവിധേനയും അത് എക്കാലവും നിലനിര്‍ത്തണം, അഥവാ ഇനി അതിന് സാധിക്കാതെ എല്ലാം നഷ്ടപ്പെട്ടാല്‍ തന്റെ ജീവിതം തകര്‍ന്ന് തരിപ്പണമായി എന്ന ചിന്ത പുലര്‍ത്തുന്നയാളല്ല. ധാര്‍മിക മൂല്യങ്ങളുടെ കാര്യത്തിലെന്നപോലെ പണത്തിനും ഭൗതിക സമ്പത്തിനും വാസുവിന്റെ ലോകത്ത് ഒരു പരിധിക്കപ്പുറം സ്ഥായിയായ നിലനില്‍പ്പില്ല.

വാസു ഒന്നിലും, മനുഷ്യബന്ധങ്ങളിലോ വസ്തുവക കളിലോ ഒന്നും ആശ്രയമോ അഭയമോ ആഗ്രഹിക്കുന്നില്ല. ഈശ്വരസങ്കല്പത്തിലും വാസു വിശ്വസിക്കുന്നില്ല. എല്ലാം നൈമിഷികവും അസ്ഥിരവുമായ ലോകത്ത് വാസുവിന് തന്റെതന്നെ സ്വത്വത്തില്‍ മാത്രമാണ് വിശ്വാസവും അഭയവും ഉള്ളത്. ഒരുതരത്തില്‍ ഈ സ്വഭാവ സവിശേഷത വാസു എന്ന കഥാപാത്രത്തെ ഫ്രെഡറിക്ക് നീഷേ ഉയര്‍ത്തിക്കാട്ടിയ 'അതിമാനുഷന്‍'  എന്ന സങ്കല്പത്തോട് കണ്ണിചേര്‍ക്കുന്നു. സാധാരണ മനുഷ്യരുടെ ദുര്‍ബലമായ ആത്മവത്തയും പലതിനോടുള്ള ഭയവും ചേര്‍ന്നാണ് മനുഷ്യനില്‍ അലൗകികമായ ഈശ്വരസങ്കല്പം ഉടലെടുക്കുന്നതെന്നും ഇതിനെയെല്ലാം അതിജീവിക്കാന്‍ കഴിയുന്ന മനുഷ്യന്‍ അതിമാനുഷനായി തീരുന്നുവെന്നും ഉള്ള നീഷേ ചിന്താധാര ഓര്‍ക്കുക. ഈ ചിന്താധാരയാകട്ടെ, നീഷേ ഒരുവേള അങ്ങനെ വിഭാവനം ചെയ്തിട്ടില്ലെങ്കില്‍ കൂടി, പില്‍ക്കാലത്ത് ഹിറ്റ്ലറുടെ നാസി പ്രത്യയശാസ്ത്രത്തിന് അടിത്തറയാകുകയും ചെയ്തിട്ടുണ്ട് എന്നും ഓര്‍ക്കുക. മാനവികതയുടെ എല്ലാ ആര്‍ദ്രതയും നഷ്ടപ്പെട്ട, സ്വന്തം കരുത്തില്‍ അപാര ആത്മവിശ്വാസമുള്ള വാസുവിനെ നീഷേയുടെ അതിമാനുഷന്റെ സവിശേഷ ആവിഷ്‌കാരമായി കാണാം. സ്ത്രീ സ്വത്വത്തെ അത്ര പരിഗണിക്കാത്ത നീഷേയന്‍ പരികല്‍പ്പനകളും കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍, വാസുവിന്റെ സ്വത്വം കൂടുതല്‍ മിഴിവുള്ളതാകുന്നു.

Pamman
പമ്മൻ

എന്നാല്‍, എന്തിനെയും നിഷേധിക്കുന്ന അല്ലെങ്കില്‍ ഒന്നിലും അമിത മൂല്യം കണ്ടെത്താത്ത വാസു മറ്റൊരു ഭാവുകത്വത്തിന്റെയും സാക്ഷാത്കാരമായി തീരുന്നുണ്ടെന്ന കാര്യം കൗതുകകരമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിന്റെയും നാസി നൃശംസതകളുടെയും ആവിര്‍ഭാവത്തോടെ, രൂപംകൊണ്ട ആധുനികതയുടെ സവിശേഷമായ ഒരവതരണം വാസുവില്‍ ദര്‍ശിക്കാവുന്നതാണ്. ഭൗതിക നേട്ടങ്ങള്‍ക്ക് പിന്നാലെ പരക്കംപാഞ്ഞ് അപമാനവീകരിക്കപ്പെടുന്ന സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളോടുള്ള നിരാസവും നിഷേധവും ആയി ഉദയംകൊണ്ട ആധുനിക ഭാവുകത്വത്തിന്റെ പ്രബലമായ ഒരു ധാര, ആത്യന്തികമായി ജീവിതം അര്‍ഥശൂന്യമാണെന്നും ദൈവം മരിച്ചിരിക്കുന്നുവെന്നും (തീര്‍ച്ചയായും നീഷേയുടെ സ്വാധീനം ഇവിടെയുണ്ട്) അതിനാല്‍ ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത അവനവന്റെ സ്വത്വത്തെ ആഘോഷിക്കുക എന്നും വാദിച്ചു. ലോകമെമ്പാടും ജീവിതരീതികളിലും കലയിലും സാഹിത്യത്തിലും സംസ്‌കാരത്തിലും ഇതിന് ശക്തമായ അനുരണനങ്ങളും ഉണ്ടായി. മലയാള നോവലിലും കഥയിലും കാക്കനാടന്‍, വിജയന്‍, മുകുന്ദന്‍ തുടങ്ങിയ എഴുത്തുകാര്‍ ആധുനിക ഭാവുകത്വത്തിന്റെ ഏറ്റവും പ്രോജ്ജ്വലരായ ആവിഷ്‌കര്‍ത്താക്കളായി കൊണ്ടാടപ്പെട്ടു.  നമ്മുടെ നിരൂപകരും അനുവാചകരും ഇങ്ങനെ ഏതാനും പേരിലേക്ക് ശ്രദ്ധ ഒതുക്കിയതിനാലും ആധുനിക ഭാവുകത്വം എന്നത് അത്ര സുഗ്രഹമായ രീതിയില്‍ ആവിഷ്‌കരിക്കപ്പെടേണ്ട ഒന്നല്ലെന്നും (മേല്‍പ്പറഞ്ഞ മൂന്ന് എഴുത്തുകാരുടെയും കൃതികളില്‍ അത്തരം ദുര്‍ഗ്രഹത ഒന്നുമില്ലെന്നുള്ളത് വേറൊരു കാര്യം.) അത് ചില പ്രത്യേക ശൈലികളില്‍ എഴുതപ്പെടേണ്ടതാണെന്നും ശഠിച്ചതിനാല്‍ ആധുനികതയുടെ മറ്റ് ചില ആവിഷ്‌കാരങ്ങളിലേക്ക് അവരുടെ കണ്ണെത്താതെ പോയി.

പമ്മന്റെ വഷളനും അതിലെ നായകനായ വാസുവും ആധുനിക ഭാവുകത്വത്തിന്റെ വേറിട്ട പ്രകാശനങ്ങളാണ്. ആധുനികതയുടെ മുഖമുദ്രകളായിരുന്ന ഭൗതിക സമ്പത്തിനോടുള്ള നിഷേധാത്മകതയും (ഒരുവേള അവ  അനുഭവിച്ചുകൊണ്ടുതന്നെ എന്ന വൈരുധ്യാത്മകതയും ഉള്‍ക്കൊള്ളുന്നത്) ഈശ്വരസങ്കല്‍പ്പ നിരാസവും ജീവിതത്തിന്റെ ആത്യന്തിക ശൂന്യതയിലുള്ള ഊന്നലുമെല്ലാം വാസുവിന്റെ ആവിഷ്‌കാരത്തില്‍ അതിശക്തമാണ്. എന്ന് മാത്രമല്ല, ഒരു പടികൂടി കടന്ന് സഹജീവികളോടുള്ള ഉത്തരവാദിത്വവും കടമകളുമെല്ലാം പൂര്‍ണമായി നിഷേധിച്ചുകൊണ്ടുള്ള ഒരുതരം നിഹിലിസ്റ്റിക് ആധുനികതാ ഭാവുകത്വത്തിന്റെ സാക്ഷാത്കാരം കൂടിയാണ് വഷളനിലെ വാസു, ഒരുപക്ഷേ, അനുവാചകരില്‍നിന്ന് യാതൊരു അനുഭാവവും സഹതാപവും ലഭിക്കാത്ത വിധമുള്ള ഇത്തരമൊരു നായക കഥാപാത്ര സൃഷ്ടി നമ്മുടെ സാഹിത്യത്തില്‍ വളരെ വിരളമാണ്. എന്തായാലും ആധുനികതയുടെ തീവ്രതാപം, പ്രസരിക്കുന്ന ഖസാക്കിന്റെ ഇതിഹാസം, ഡല്‍ഹി, ഈ ലോകം അതിലൊരു മനുഷ്യന്‍, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഏഴാം മുദ്ര, അജ്ഞതയുടെ താഴ്വര, സാക്ഷി തുടങ്ങിയ നോവലുകളിലൊന്നുംതന്നെ ഇത്രത്തോളം വിധ്വംസകമായ ഒരു നായക കഥാപാത്ര സൃഷ്ടിയെ കാണാനാവില്ല. വഷളനിലെ വാസു മലയാള നോവലിലെ ആധുനികതയുടെ ഏറ്റവും ഞെട്ടലുളവാക്കുന്ന അവതാരമാണ്. ഒപ്പംതന്നെ ആധുനികതയ്ക്ക് കടകവിരുദ്ധമായ തലങ്ങളും പേറുന്ന കഥാപാത്രവും.
നോവലിന്റെ അന്ത്യരംഗം വാസുവിന്റെ ചിതയാണ്.പട്ടടയില്‍നിന്ന് പട്ടുനൂല്‍പോലെ വെളുത്ത പുകച്ചാലുകള്‍ മേലോട്ട് മേലോട്ടുയര്‍ന്ന്, അങ്ങ് മുകളില്‍ നീലാകാശത്തിന്റെ അപാരതയില്‍ അനന്തതയില്‍ അഭയം തേടുന്നു.
''അത് കണ്ടോ, ജീവിച്ചിരിക്കുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു,'' മേലോട്ട് പൊങ്ങുന്ന പുകച്ചാലുകളിലേക്ക് നോക്കി ആരോ പറയുന്നു.
''എന്തുവാ'', മറ്റാരോ തെരക്കുന്നു.
''ജീവിച്ചിരുന്നപ്പോഴും അതുപോലെ നേരെ മേലോട്ടേ പോയിട്ടുള്ളൂ. കീഴ്പോട്ടെന്നൊരേര്‍പ്പാട് ഇല്ലായിരുന്നല്ലോ പുള്ളിക്ക്''
''ഒന്നുകൊണ്ട് നോക്കുമ്പോ ഇങ്ങനങ്ങ് പോയതാ നന്നായത്. ഒടുക്കം കൊറേ കെടന്ന് നരകിക്കുമെന്നാ എല്ലാവരും കരുതിയത്. കൈയിലിരുപ്പ് അത്തരത്തിലല്ലായിരുന്നോ?'', അടുത്തറിയുന്ന ആരുടെയോ അഭിപ്രായമാണ്.
''അതൊക്കെ ചുമ്മാതാ. ദൈവത്തിനുപോലും തോല്‍പ്പിക്കാനൊക്കത്തില്ലെന്ന് പുള്ളി എപ്പോഴും പറയുമായിരുന്നു. അങ്ങനെത്തന്നെ പറ്റി. നാളേയല്ല്യോ കേസ്?''
''ഇനി എന്നാ കേസ്സാ? വിസ്താരവും വിധീം കഴിഞ്ഞ് ഇതാ കെടക്കുന്നു''
''അപ്പോ അതാ പറഞ്ഞത്. ഇവിടെ കോടതീം തോറ്റു. ദൈവവും തോറ്റു.''
--------------
പിന്നെ, എല്ലാം കഴിഞ്ഞു... കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് ഇളിച്ച് കാട്ടുന്ന അഞ്ചാറ് പല്ലുകളും ഒരുപിടി ചാരവും.
--------------
ലോകമെമ്പാടും ആധുനിക തത്ത്വചിന്തയിലും കലാഭാവുകത്വത്തിലും അറുപതുകളിലും എഴുപതുകളിലും അലയടിച്ചിരുന്ന ശക്തമായ ഒരു ധാര ഉയര്‍ത്തിപ്പിടിച്ചിരുന്ന ജീവിതത്തിന്റെയും ഉണ്‍മയുടെയും ആത്യന്തിക ശൂന്യതയേയോ അസ്തിത്വത്തിന്റെ ലഘുത്വത്തേയോ ഇതിനേക്കാള്‍ മൂര്‍ച്ചയോടെ സാക്ഷ്യപ്പെടുത്തുന്ന രംഗങ്ങള്‍ നമ്മുടെ ആധുനിക സാഹിത്യത്തില്‍ എത്രയുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. അതേസമയം, പമ്മന്‍ എന്ന നോവലിസ്റ്റ് കരുതിക്കൂട്ടി ഇങ്ങനൊരു ആധുനിക ഭാവുകത്വം തീര്‍ത്തും പ്രതിലോമകരവും സമൂഹവിരുദ്ധവുമായ തലങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്ന്, വഷളനിലും വാസുവിലും ആവിഷ്‌കരിച്ചു എന്നൊന്നും കരുതേണ്ട. വളരെ ജൈവികതയും ഉള്‍ക്കരുത്തും സത്യസന്ധതയും ചേര്‍ന്ന ചില സാഹിത്യകൃതികള്‍ക്ക് വ്യത്യസ്ത വായനകള്‍ സിദ്ധിക്കാനുള്ള സൗഭാഗ്യമുണ്ടെന്നും ഇവിടെ ഉയര്‍ത്തിക്കാട്ടുന്ന ഭാവുകത്വ മുദ്ര അത്തരത്തിലൊന്നാണെന്നും കരുതിയാല്‍ മതി. 

ആഖ്യാനത്തിന്റെ തികവ്

'അവന്റെ അമ്മയ്ക്ക് ഭാഗത്തില്‍ കിട്ടിയ പറമ്പില്‍ അവന്റെ അച്ഛന്‍ പണികഴിപ്പിച്ച വീട്ടില്‍ ഒരു തുലാമാസത്തിലെ പൂരംനാളില്‍ അവന്‍ ജനിച്ചു. ജനിച്ച് ഇരുപത്തിഎട്ടിന്റന്ന് അമ്മ മടിയില്‍ കിടത്തി അവന്റെ കാതില്‍ മൂന്നുതവണ ഉരുവിട്ടു
''വാസു... വാസു... വാസു''
അപ്പോളവന്‍ മൂത്രമൊഴിച്ചു.
''വഷളന്‍'', അമ്മ ചിരിച്ചുകൊണ്ട് ചന്തിക്കടിച്ചു.'
വഷളന്‍ നോവലിന്റെ തുടക്കരംഗമാണിത്. എത്ര സ്വാഭാവികവും ജൈവികവും കൃത്യതയുമുള്ള തുടക്കം! പിന്നീടങ്ങോട്ട് 487 പുറങ്ങള്‍ നീളുന്ന നോവലിലൂടെ ചുരുള്‍ നിവരുന്ന വാസുവിന്റെ ജീവിതത്തിന്റെ സവിശേഷ സ്വഭാവത്തിന്റെ സാരാംശമത്രയും ഈ തുടക്കത്തിലുണ്ടെന്ന് പറയാം. നമ്മുടെ ഏത് മുന്തിയ റിയലിസ്റ്റ് ഭാവുകത്വ ആഖ്യാതാക്കള്‍ക്കൊപ്പം നിലയുറപ്പിക്കാവുന്ന ലളിതസുന്ദരമായ, എന്നാല്‍ ഏറെ മൂര്‍ച്ചയുള്ള ആഖ്യാനശൈലിയാണ് വഷളനില്‍ പമ്മന്‍ കാഴ്ചവയ്ക്കുന്നത്.

എങ്ങും മുഴച്ചുനില്ക്കുന്ന 'സാഹിത്യ' പ്രയോഗങ്ങളോ വളച്ചുകെട്ടിയുള്ള രംഗങ്ങളോ ഇല്ല, മനുഷ്യജീവിതത്തിന്റെ വൈചിത്ര്യങ്ങളും മര്‍മവും അറിഞ്ഞ, അവ ആവിഷ്‌കരിക്കാന്‍ ഉതകുന്ന കരുത്തുറ്റ ആഹ്വാനപാടവം സ്വായത്തമായ എഴുത്തുകാരനെയാണ് വഷളനില്‍ കാണാന്‍ കഴിയുന്നത്. സത്യത്തില്‍ വഷളനിലെ നായകന്‍ സാധാരണ ഗതിയില്‍ ഒരെഴുത്തുകാരന് വെല്ലുവിളിയാകേണ്ടതാണ്. അനുവാചകരുടെ അനുകമ്പയോ പ്രിയമോ പിടിച്ചുപറ്റുന്ന യാതൊന്നും തന്നെ കൈമുതലായില്ലാത്ത മനുഷ്യനാണ് വാസു. എന്നാല്‍, ഇത്തരമൊരു നായകനെ അനുധാവനം ചെയ്യുന്ന നോവലില്‍, എഴുത്തുകാരന്‍ ഏതെങ്കിലും വിധത്തില്‍ തന്റെതായ ഇടപെടലുകള്‍ നടത്തി അയാളെ വായനക്കാരുമായി അടുപ്പിക്കാനുള്ള ശ്രമമൊന്നും നടത്തുന്നില്ല. പകരം, ഇതാ ഇങ്ങനെ ഒരു മനുഷ്യന്റെ ജീവിതം ഞാന്‍ പറയുന്നു, താത്പര്യമുണ്ടെങ്കില്‍ വായനക്കാരേ, നിങ്ങള്‍ അതിനൊപ്പം സഞ്ചരിക്കൂ എന്ന മട്ടിലാണ് പമ്മന്റെ ആഖ്യാനശൈലി. 
ലൈംഗിക സന്ദര്‍ഭങ്ങള്‍ വഷളനില്‍ നിരവധിയുണ്ട്. എന്നാല്‍, സന്ദര്‍ഭം എത്രയും സ്വാഭാവികമായി ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ അല്പംപോലും ലൈംഗിക വര്‍ണനകള്‍ നോവലിസ്റ്റ് കുത്തിത്തിരുകിയിട്ടേയില്ല. ലൈംഗികതയുടെ ഇക്കിളിയേക്കാള്‍ 'രാഷ്ട്രീയമായി ശരിയല്ലാത്ത' അക്രമണോന്മുഖമായ പുരുഷ മേല്‍ക്കോയ്മയുടെ ഉദ്ധത ലൈംഗികതയും തദ്വാര സഹൃദയരായ വായനക്കാരില്‍ ഒരുതരം വെറുപ്പ് സൃഷ്ടിക്കാന്‍ ഉതകുന്ന ആഖ്യാനവുമാണ് കാണാനാവുന്നത്.

കൊല്ലം പ്രദേശത്തിന്റെ വാമൊഴിയും ഭാഷാസംസ്‌കൃതിയും നോവലിന് ചാരുതയേകുന്നു. കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളും കടയ്ക്കല്‍ ദേശവുമൊക്കെയാണല്ലോ വാസുവിന്റെ ബാല്യ, കൗമാര ആഖ്യാനങ്ങളിലെ സ്ഥലികള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് ഈ പ്രദേശങ്ങള്‍ എങ്ങനെയായിരുന്നു എന്നതിന്റെ ചിത്രണംകൂടി വഷളനില്‍ കാണാവുന്നതാണ്. കൊല്ലം നഗരവും ചുറ്റുപാടുകളും അവിടത്തെ ഭാഷയും ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരുതരം പരുക്കന്‍ പ്രകൃതം വഷളനില്‍ കൃത്യമായി പമ്മന്‍ വരഞ്ഞിടുന്നുണ്ട്. നോവലിലെ ആഖ്യാനസ്ഥലികളായ മദിരാശിയും ബോംബെയും അവയുടെ അക്കാലത്തെ തനിമകളിലും നോവലില്‍ കാണാവുന്നതാണ്.

ആഗോള സാഹിത്യ ഭൂമികയില്‍ ഏറെ പുകള്‍പെറ്റ ഒരു നോവലുമായി വഷളനെ ചേര്‍ത്തുവെക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. പാട്രിക് സസ്‌കിന്‍ഡ് എന്ന ജര്‍മന്‍ എഴുത്തുകാരന്‍ 1985-ല്‍ രചിച്ച പെര്‍ഫ്യൂം എന്ന നോവലാണത്.രണ്ട് നോവലുകളുടെയും കഥകളില്‍ ഏറെ അന്തരമുണ്ട്. എന്നാല്‍, രണ്ടിലും സമാനമായ ആന്തരിക പ്രമേയധാര ഉള്ളതായി അനുഭവപ്പെടുന്നു. ജനിതകമായ ചില പ്രത്യേകതകളാലും അതിനെ ഉദ്ദീപിപ്പിക്കുന്നതരം ബാല്യകാലാനുഭവങ്ങളാലും ഒരു വ്യക്തി യാതൊരു കുറ്റബോധവുമില്ലാതെ കൊടിയ തിന്മകളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് ആത്മവിനാശകരമായ രീതിയില്‍ സഞ്ചരിക്കുന്ന അവസ്ഥയാണ് രണ്ട് നോവലുകളിലും ആത്യന്തികമായി അടങ്ങിയിരിക്കുന്നത്.

മലയാളത്തിലേക്കുതന്നെ വന്നാല്‍,  വഷളന് സമാനമായി പറയാനാവുന്നത്, വി.ടി. നന്ദകുമാറിന്റെ രക്തമില്ലാത്ത മനുഷ്യന്‍, വീരഭദ്രന്‍ എന്നീ നോവലുകളാണ്.  രക്തമില്ലാത്ത മനുഷ്യന്‍ (1961), വീരഭദ്രന്‍(1971) എന്നീ രണ്ട് നോവലുകളിലെയും നായകകഥാപാത്രങ്ങളായ തങ്കവേലുവും വീരഭദ്രനും വാസുവിന് ഒട്ടൊക്കെ സമാനമായ ജീവിതപാതകള്‍ ഉള്ളവരാണ്. ബാല്യത്തിലെ പീഡനങ്ങളും അനാഥത്വവും ഒക്കെച്ചേര്‍ന്ന് അവരിലെ താമസവാസനകള്‍ ആളിക്കത്തിക്കുകയും പിന്നീട് ഭൗതികമായ പലതരം വിജയങ്ങളുടെ കൊടുമുടികള്‍ കീഴടക്കുമ്പോഴും അതേ വാസനകള്‍ ഒടുവില്‍ അവരെ വേട്ടയാടുന്നതിന്റെയും കരുത്താര്‍ന്ന ചിത്രീകരണങ്ങള്‍ രണ്ടിലും കാണാം. വീരഭദ്രന്‍ കൃത്യമായി വഷളന്റെയും പെര്‍ഫ്യൂമിന്റെയും ജനുസ്സിലുള്ള കൃതിയാണെന്ന് പറയാം. എന്നാല്‍, വളരെ കൃത്യമായ സ്ഥലകാലബദ്ധതയും മനുഷ്യജീവിതത്തിന്റെ സാധാരണത്വത്തിന്റെ നടുവില്‍ അസാധാരണനായ നായകനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വഷളനിലെ ആഖ്യാനവും വഷളനെ വീരഭദ്രനെക്കാള്‍ ജീവിതത്തിന്റെ ഉണ്‍മ കണ്ടെത്തുന്ന കലയുടെ സാക്ഷാത്കാരവുമാക്കുന്നു. ആത്യന്തികമായി, തിന്മയുടെ സമൃദ്ധമായ വിളനിലങ്ങളിലൂടെ ഒരു സഞ്ചാരത്തിന് വായനക്കാരെ ഒപ്പംകൂട്ടി, ഒടുവില്‍ തിന്മയോടുള്ള തികഞ്ഞ വെറുപ്പ് സൃഷ്ടിക്കുന്ന വിമലീകരണത്തിന്റെ വശ്യകലാതന്ത്രമാണ് ഈ നോവലില്‍ പ്രവര്‍ത്തിക്കുന്നത്.

ഇത്രകാലവും അതിന്മേല്‍ പതിഞ്ഞിരുന്ന ദുഷ്‌കീര്‍ത്തിയില്‍നിന്ന് മോചിതമായി മലയാളത്തിലെ ഒരു കള്‍ട്ട് ക്ലാസിക് എന്ന നിലയിലേക്ക് വഷളന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.  പാടിപ്പതിഞ്ഞ പേരുകള്‍ക്കപ്പുറത്തേക്കുള്ള ഗൗരവ വായനയും നിരൂപണ സഞ്ചാരങ്ങളും നടക്കുന്നില്ലെങ്കില്‍ വഷളനും രക്തമില്ലാത്ത മനുഷ്യനും അതേപോലെയുള്ള നിരവധി അസാധാരണ ക്ലാസിക്കുകളും ഇരുളിലാണ്ടുതന്നെ കിടക്കും. അത് മലയാള സാഹിത്യത്തിന്റെ തന്നെ കനത്ത നഷ്ടവുമായിരിക്കും. '

Content Highlights: vinu abraham reviews the novels by pamman