മീപകാലത്തെ ഏറ്റവും ബെസ്റ്റ് സെല്ലര്‍ നോവലുകളിലൊന്നായിരുന്നു ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകം മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സച്ചി പൃഥ്വിരാജിനെ നായകനാക്കി നോവല്‍ സിനിമയാക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് എല്ലാവരും കേട്ടത്. എന്നാല്‍ വിലായത്ത് ബുദ്ധ യാഥാര്‍ഥ്യമാക്കാനാവാതെ സച്ചി വിടപറഞ്ഞു.

പക്ഷെ സിനിമ അവിടെ അവസാനിച്ചില്ല. സച്ചിയുടെ സുഹൃത്തുക്കള്‍ ചിത്രം ഏറ്റെടുത്തു. സച്ചിയുടെ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സംവിധായകനായി ചിത്രം പ്രഖ്യാപിക്കപ്പെട്ടു. ടൈറ്റില്‍ പോസ്റ്ററും ഇറങ്ങി. ഓള്‍ഡ് മോങ്ക് ടീം തയ്യാറാക്കിയ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. എന്നാല്‍ ഓള്‍ഡ് മോങ്ക് ടീമിനെ സംബന്ധിച്ചെടുത്തോളം സാധാരണ ഒരു സിനിമ പോസ്റ്റര്‍ തയ്യാറാക്കുന്ന അത്ര എളുപ്പമായിരുന്നില്ല വിലായത്ത് ബുദ്ധയുടെ പോസ്റ്റര്‍ ഡിസൈന്‍. 

ഈ പോസ്റ്റര്‍ ഡിസൈന്‍ 'സാഹസത്തിന്റെ' കഥ ഓള്‍ഡ് മങ്ക്‌സ് ഫെയ്ബുക്കില്‍ വീഡിയോ ആയി പങ്കുവെച്ചിരുന്നു. വീഡിയോയുടെ കൂടെ ടീം ഓള്‍ഡ് മോങ്ക്‌സ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്. 'ടൈപ്പോഗ്രഫി എങ്ങനെ ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ കനത്ത ഇരുട്ട്. പതിവ് പ്രയോഗങ്ങളും ചില പരീക്ഷണങ്ങളും ഒക്കെ നോക്കി.... എല്ലാം സുന്ദരമായി പാളി...  അങ്ങനെയിരിക്കെ, ആര്‍ക്കോ തലയിലൊരു തെളിച്ചം. മരമാണല്ലോ നായകന്‍. മരംകൊണ്ട് തന്നെ ഏറ്റാലോ...? ആകമാനം ഇരുട്ടില്‍ ഒരു പൊട്ട് വെളിച്ചം. പിന്നെയും നോക്കിയപ്പോള്‍ 'ആ വെളിച്ചത്തിനെന്തൊരു വെളിച്ചം'.

തടിയില്‍ പേര് കൊത്തിയെടുത്ത് അതിനെ ഡിജിറ്റലാക്കിയാണ് ഈ അതിമനോഹര പോസ്റ്റര്‍ അവര്‍ തയ്യാറാക്കിയത്. അവിടെയും അവസാനിക്കുന്നില്ല ട്വിസ്റ്റ്. കുറഞ്ഞ കാലം കൊണ്ട് ആയിരക്കണക്കിന് കോപ്പികള്‍ വിറ്റുപോയ വിലായത്ത് ബുദ്ധ നോവലിന്റെ അഞ്ചാം പതിപ്പിന് ഈ ടൈറ്റില്‍ പോസ്റ്ററിലെ ടൈപ്പോഗ്രാഫിയും അതിന്റെ നിര്‍മ്മാണത്തിന്റെ ചിത്രങ്ങളും ഉപയോഗിച്ചാണ് കവര്‍ തയ്യാറാക്കിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങും മുന്‍പേ ഈ കിടിലന്‍ കവറോട് കൂടിയുള്ള വിലായത്ത് ബുദ്ധയുടെ കോപ്പികള്‍ വായനക്കാരിലെത്തും. 

സിനിമയ്ക്ക് മുന്‍പേ സിനിമയുടെ ടൈപ്പോഗ്രാഫിയില്‍ പുസ്തകത്തിന്റെ പുതിയ കവര്‍ ഇറങ്ങുക എന്നത് മലയാളത്തില്‍ അപൂര്‍വമാണ്‌. ഇന്ദുഗോപന്‍ തന്നെയാണ് ഈ ആശയത്തിന് പുറകില്‍. തീട്ടം ഭാസ്‌കരനും ഡബിള്‍ മോഹനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ സിനിമയാകുമ്പോള്‍ തിരക്കഥയൊരുക്കുന്നത് ഇന്ദുഗോപനൊപ്പം ഓള്‍ഡ് മോങ്ക് അംഗം രാജേഷും കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മാണം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Vilayath buddha movie poster design story