ല്ലാ വാര്‍ധക്യങ്ങള്‍ക്കും അതിന്റേതായ പരിമിതികളും പരാധീനതകളുമുണ്ട്. എന്നാല്‍ അതൊരു രാജ്ഞിയുടേതാകുമ്പോള്‍, അധികമാരുമറിയാതെപോകുന്ന ആയിരം പരാധീനതകളായി അതു പെരുകുന്നു. ആ അധികാരം നാമമാത്രമായ ഒന്നാകുമ്പോള്‍ പിന്നേയും സങ്കീര്‍ണതകള്‍ ഇരട്ടിക്കുന്നു. ഇഷ്ടമില്ലെങ്കിലും ജനങ്ങള്‍ക്കുവേണ്ടി, സ്ഥാനമഹിമയ്ക്കുവേണ്ടി അവര്‍ ഒരു യന്ത്രംപോലെ നടക്കുകയും ഇരിക്കുകയും ജീവിക്കേണ്ടിവരികയുമൊക്കെ ചെയ്യുന്നു. ആരൊക്കെയോ കാണിച്ചുകൊടുക്കുന്ന വരകള്‍ക്കുമേല്‍ തുല്യംചാര്‍ത്തുന്നു.

അങ്ങനെയാണ്, 'വഴിതെറ്റി യാത്രചെയ്യുന്ന' ഒരു രാജ്ഞിയോട് അവസാനം എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് എഡ്വേഡ് ആല്‍ബെര്‍ട്ട് രാജകുമാരന് അത് പറയേണ്ടിവരുന്നത്. ''ഇനിയും 'നന്നാവാന്‍' ശ്രമിക്കുന്നില്ലെങ്കില്‍, ഞങ്ങളുടെ അമ്മയ്ക്ക്, ലോകം കണ്ട ഏറ്റവും വലിയ രാജ്ഞിക്ക് സമനിലതെറ്റിയതായി ഞങ്ങള്‍ക്ക് ജനങ്ങളോടു പ്രഖ്യാപിക്കേണ്ടിവരും!''

അതിനുള്ള ചുട്ടമറുപടി കൊടുക്കുമ്പോള്‍, പണ്ട് തീന്‍മേശയ്ക്കുപിന്നിലിരുന്ന് ഉറങ്ങുന്നതിനിടയ്ക്ക് കണ്ണുതുറന്ന് 'ചടങ്ങു കഴിഞ്ഞില്ലേ' എന്നുചോദിച്ചിരുന്ന രാജ്ഞിയില്‍ ഇപ്പോള്‍ വന്ന മാറ്റം നാം ശ്രദ്ധിക്കും. ആദ്യകാലത്തെ താത്പര്യമില്ലായ്മകളില്‍നിന്ന് അധികാരത്തിന്റെ അര്‍ഥവ്യാപ്തികളിലേക്ക് അവര്‍ എത്തുകയാണ്. ജീവിതത്തിന്റെ അര്‍ഥങ്ങളിലേക്ക് അവര്‍ ഇറങ്ങിനടക്കുന്നു. 

ഇതൊരു കെട്ടുകഥയല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രങ്ങളില്‍നിന്ന് പിഴുതെടുക്കപ്പെട്ട താളുകളില്‍നിന്ന് ബംഗാളിയായ ശ്രാബണി ബസു എത്തിപ്പിടിച്ച ചരിത്രകഥയാണ്. 'വിക്ടോറിയയും അബ്ദുളും' (Victoria and Abdul) എന്നപേരില്‍ അവരെഴുതിയ പുസ്തകം ഇംഗ്ലീഷ് ചലച്ചിത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച സ്റ്റീവന്‍ ഫ്രിയേഴ്സ് അതേപേരില്‍ ഇപ്പോള്‍ ചലച്ചിത്രമാക്കിയിരിക്കുന്നു. ലീ ഹാള്‍ ആണ് തിരക്കഥ തയ്യാറാക്കിയത്. (ലീ ഹാള്‍ 2000-ത്തില്‍ ഇറങ്ങിയ 'ബില്ലി എലിയട്ട്' എന്ന ചിത്രത്തിന് ഓസ്‌കര്‍ നോമിനിയായിരുന്നു) ബ്രിട്ടീഷ് രാജ്ഞിയുടെ വേഷത്തില്‍ത്തന്നെ മുമ്പ് വിവിധചിത്രങ്ങളില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവെച്ച ജൂഡി ഡെഞ്ച് തന്നെയാണ് ഇതിലെയും രാജ്ഞി. ഹോളിവുഡ്-ബോളിവുഡ് സിനിമകളില്‍ കഴിഞ്ഞ ഒരു ദശാബ്ദമായി കാണുന്ന, ലഖ്നൗ സ്വദേശി അലി ഫസല്‍ ആണ് അബ്ദുല്‍ കരീമിന്റെ വേഷത്തില്‍ ഈ ചിത്രത്തിലെത്തുന്നത്. 

ശ്രാബണി ബസുവിനെ സംബന്ധിച്ചിടത്തോളം എല്ലാം വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്ത്യന്‍-ഇംഗ്ലീഷ് കറികളെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുന്നതിനായി ഭക്ഷണസാധനങ്ങളും കറികളും അന്വേഷിച്ചുനടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് അവര്‍ ഇംഗ്ലണ്ടിലെ വൈറ്റ് ദ്വീപിലുള്ള ഓസ്ബണ്‍ ഹൗസിലെത്തുന്നത്. ഈ കൊട്ടാരത്തില്‍വെച്ചാണ് വിക്ടോറിയ രാജ്ഞി 1901-ല്‍ നിര്യാതയായത്. ആല്‍ബെര്‍ട്ട് രാജകുമാരന്‍ രാജ്ഞിക്കുവേണ്ടി രൂപകല്പനചെയ്ത ഒഴിവുകാല വസതിയായിരുന്നു, ഓസ്ബണ്‍ ഹൗസ്. അവിടത്തെ ചുവരില്‍ കണ്ട കരീമിന്റെ ചിത്രം ഒരു പുതിയ അന്വേഷണത്തിന് തുടക്കംകുറിക്കുകയായിരുന്നു. ഒരു സാധാരണ പരിചാരകന്‍ എന്നതിലുപരി ഒരു ഉന്നതന്റെ പ്രൗഢിയുളവാക്കിയ ആ ചിത്രം ശ്രാബണിയെ ലണ്ടനിലേക്കെത്തിച്ചു.

വിന്‍ഡ്സര്‍ കൊട്ടാരത്തിലെ രാജ്ഞിയുടെ മുറികളിലൊന്നില്‍ അബ്ദുള്‍ കരീമിന്റെ ഒരു ചിത്രം കൂടിയുണ്ടായിരുന്നു. അതു കണ്ടതോ, രാജ്ഞിയുടെ വിശ്വസ്തപരിചാരകനും കൊട്ടാരം വിവാദപുരുഷനുമായിരുന്ന ജോണ്‍ ബ്രൗണിന്റെ ചിത്രത്തിന് തൊട്ടുതാഴെ! ഇതില്‍നിന്നൊക്കെ, അബ്ദുള്‍ കരീം എന്ന വ്യക്തി രാജ്ഞിയുടെ ജീവിതത്തില്‍ അഭേദ്യമായ സ്വാധീനമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു എന്ന നിഗമനത്തില്‍ അവരെത്തി. പല ചരിത്രസ്മാരകങ്ങളിലും കയറിയിറങ്ങി, ഡയറിക്കുറിപ്പുകളും കൊട്ടാരം രേഖകളും പരിശോധിച്ച്, പലരില്‍നിന്നു കിട്ടിയ വിവരങ്ങളും ചേര്‍ത്ത് 2006-ല്‍ തുടങ്ങിവെച്ച പുസ്തകം 2010-ലാണ് ശ്രാബണിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.രാജ്ഞിയുടെ മരണത്തോടെ കരീമുമായി ബന്ധപ്പെട്ട പല രേഖകളും നശിപ്പിക്കപ്പെട്ടിരുന്നു.

victoria and abdulബ്രിട്ടീഷ് ഇന്ത്യയുടെ സമ്മാനമായ 'മൊഹര്‍' രാജ്ഞിക്ക് സമര്‍പ്പിക്കുന്ന വേളയിലെ അബ്ദുള്‍ കരീമിന്റെ പെരുമാറ്റങ്ങളായിരുന്നു രാജ്ഞിയെ അയാളിലേക്കടുപ്പിച്ചത്. ഒരുവര്‍ഷത്തെ പരിചാരകജോലി അങ്ങനെ ഒരു ദശാബ്ദക്കാലത്തേക്ക് നീണ്ടു! പരിചാരകന്റെ സ്ഥാനത്തുനിന്ന് അബ്ദുള്‍ കരീം രാജ്ഞിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി ഉയരുന്നത് അസൂയയോടെ കണ്ടുനില്‍ക്കാനേ മറ്റുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ. മാങ്ങ എന്ന 'പഴങ്ങളുടെ രാജ്ഞി'യെക്കുറിച്ചുപോലും വിക്ടോറിയ രാജ്ഞി കേള്‍ക്കുന്നത് കരീമില്‍നിന്നാണ്. അങ്ങനെ മാമ്പഴം കൊണ്ടുവരാന്‍ ഇന്ത്യയിലേക്ക് ആളയക്കപ്പെടുന്നു.

ഖുര്‍ആനിലെ സൂറത്തുകള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയ 'ഹാഫിസ്' ആയ അബ്ദുള്‍ കരീം രാജ്ഞിയെ ഹിന്ദിയും ഉറുദുവും പഠിപ്പിക്കുന്നു. അവര്‍ യാത്രകളില്‍ അവനെ കൂടെക്കൂട്ടുന്നു. അബ്ദുള്‍ കരീമിന്റെ ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ രാജ്ഞി അനുവാദംകൊടുത്തു. ആഗ്രയിലും വിന്‍ഡ്സറിലും ഓസ്ബണിലുമൊക്കെ വീടുകള്‍ കൊടുത്തു. ഇതൊക്കെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ മറികടന്നായിരുന്നു. ഇത് ബന്ധുക്കളിലും സര്‍ക്കാരിലും കനത്ത അനിഷ്ടങ്ങളുണ്ടാക്കിയെങ്കിലും എതിര്‍ക്കാന്‍ ആരും മുന്നോട്ടുവന്നില്ല.  അങ്ങനെയാണ് ബെര്‍ട്ടി എന്നു വിളിക്കപ്പെടുന്ന എഡ്വേഡ് ആല്‍ബെര്‍ട്ട് രാജകുമാരന്‍ ആദ്യംപറഞ്ഞ ശക്തമായ മുന്നറിയിപ്പുനല്‍കാന്‍ നിര്‍ബന്ധിതനാവുന്നത്.

എഴുത്തിന്റെവേളയില്‍ ശ്രാബണി, കരീമിന്റെ ബന്ധുക്കളെ തേടി ആഗ്രയിലും ചുറ്റുവട്ടത്തുമൊക്കെ അന്വേഷിച്ചെങ്കിലും അദ്ദേഹത്തിന്റെ അനാഥമായ അന്ത്യവിശ്രമസ്ഥാനമൊഴിച്ച് മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. താനിപ്പോഴും അബ്ദുള്‍ കരീമിന്റെ ബന്ധുക്കളെ തേടുകയാണെന്ന് അവര്‍ പറഞ്ഞത് കേട്ടറിഞ്ഞ് ചില ബന്ധുക്കള്‍ ബെംഗളൂരുവില്‍നിന്ന് ബന്ധപ്പെട്ടു. പിന്നീട് കരീമിന്റെ കൂടുതല്‍ രേഖകള്‍ കണ്ടേക്കാന്‍ സാധ്യതയുള്ള ഒരു ബന്ധുവിന്റെ പാകിസ്താനിലെ വിലാസം ശ്രാബണിക്കു കിട്ടുന്നത് അങ്ങനെ. 1947-ലെ വിഭജനകാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്കുപോയ ആ ബന്ധുവിനെ ശ്രാബണി കറാച്ചിയില്‍ പോയി കണ്ടെത്തി. 

രാജ്ഞി പ്രധാനകഥാപാത്രമായി വരുന്ന സിനിമകള്‍ പൊതുവേ ഒരുതരം ഞാണിന്മേല്‍ കളിയാണ്. സത്യസന്ധവും യാഥാര്‍ഥ്യങ്ങളുമൊക്കെയാണ് ചിത്രീകരിക്കുന്നതെങ്കില്‍ക്കൂടി വലിയതോതില്‍ ജനരോഷത്തിന് അത് വഴിവെക്കും. അതിനാല്‍ത്തന്നെ, ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതുവഴി സ്റ്റീവന്‍ ഫ്രിയേഴ്സ് ഒരു വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. പല ചിത്രങ്ങളിലായി വിക്ടോറിയ എലിസബത്ത് രാജ്ഞിമാരുടെ വേഷങ്ങളെടുത്ത അഭിനയത്തഴക്കത്തോടെ ജൂഡി ഡെഞ്ച് വന്നത് ചിത്രത്തിന് തിളക്കം കൂട്ടി. 

അലി ഫസലിന്റെ അബ്ദുള്‍ കരീം മികച്ച പ്രതികരണമാണ് പ്രേക്ഷകരിലുണ്ടാക്കിയത്. കരീമിന്റെ കൂട്ടുകാരനായി ഇന്ത്യയില്‍നിന്നുവന്ന അലസനായ മൊഹമ്മദിന്റെ വേഷത്തില്‍ അദീല്‍ അക്തര്‍ എന്ന നടനും ശ്രദ്ധേയനായി. ഇംഗ്ലണ്ടിലെ പ്രശസ്ത ഹാസ്യനടനായ എഡി ഇസാര്‍ഡ് ആണ് വെയില്‍സ് രാജകുമാരനായ എഡ്വേഡ് ആല്‍ബെര്‍ട്ട് ആയി ചിത്രത്തില്‍ അഭിനയിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സാലിസ്ബറി പ്രഭുവിന്റെ റോളില്‍ മൈക്കല്‍ ഗാംബണും. 

രാജ്യകാര്യങ്ങളില്‍ ശ്രദ്ധയില്ലാത്ത അലസയായ ഒരു രാജ്ഞിയെയാണ് ചിത്രം പ്രേക്ഷകര്‍ക്ക്കാണിച്ചുകൊടുത്തതെന്ന ദുര്‍ബലമായ ഒരു വിമര്‍ശനം ചില കോണുകളില്‍ നിന്നുയര്‍ന്നു. എങ്കിലും, പൊതുവേ വെള്ളക്കാരുടെ വര്‍ഗ-വര്‍ണ വിവേചനത്തിനെതിരേ നിലകൊണ്ട ശക്തയായ ഒരു രാജ്ഞിയെ ആണ് ചിത്രീകരിച്ചതെന്നനിലയില്‍ ചിത്രത്തിന് പ്രസക്തിയേറുന്നുണ്ട്. മങ്ങിക്കിടന്ന ചരിത്രത്തിന്റെ ചില താളുകള്‍ക്ക് അത് ജീവന്‍കൊടുക്കുന്നു. 

ഈയിടെ ടൊറന്റോ അന്താരാഷ്ട ചലച്ചിത്രമേള (TIFF) യില്‍ ചിത്രത്തോടൊപ്പം പങ്കെടുത്ത സംവിധായകനോടും പ്രധാനതാരങ്ങളോടും സംവദിക്കാനും അവരുടെ ചിത്രങ്ങളെടുക്കാനും കഴിഞ്ഞത് ഈ ലേഖകന്‍ ഒരു ഭാഗ്യമായി കരുതുകയാണ്.

Content Highlites : Victoria and abdul, Abdul Karim, Queen Victoria, Shrabani Basu, Books, English Book, Literature