രണം, എഴുപത്തിയെട്ടാം വയസ്സില്‍ തന്നെ തേടി വരുമെന്നും അപ്പോള്‍ താന്‍ അതിനൊപ്പം സന്തോഷവാനായി മടങ്ങിപ്പോകുമെന്നും പ്രിയപ്പെട്ടവരോടൊക്കെ സധൈര്യം വിളിച്ചു പറയുകയും നിറഞ്ഞ മനസ്സോടെ, നിര്‍മ്മലമായ സ്‌നേഹമായും ആഹ്ലാദമായും ജീവിതം ആഘോഷത്തോടെ ആടിത്തിമിര്‍ക്കുകയും, ഒരു തലമുറയെ അപ്പാടെ, വായനയിലൂടെ ജീവിതാസക്തിയുടെ ലഹരി കോരിക്കുടിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്ത ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍. അറുപതുകളിലെയും എഴുപതുകളിലെയും യുവതയുടെ ക്രാന്തമായ ആവേശത്തോടെ വന്നെത്തിയ മരണമെന്ന അനിവാര്യത എഴുപത്തി ആറാമത്തെ വയസ്സില്‍് കടത്തിക്കൊണ്ടുപോയത് മരണത്തിന്റെ നാട്ടില്‍ ആധുനികതയുടെ പുതിയ ലഹരിയും സുരതോന്മാദവും കോരി നിറയ്ക്കാനായിട്ടായിരിക്കുമെന്ന് മലയാളിക്ക് ബോധ്യമായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

മലയാള സാഹിത്യം, ജീവല്‍സാഹിത്യമായും, പുരോഗമനസാഹിത്യമായുമൊക്കെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ സദാചാരത്തിന്റെ തിരശീലയാല്‍ മറച്ചുപിടിച്ചിരുന്ന ഒരു കാലത്ത് 'കാലപ്പഴക്ക'മെന്ന പഴക്കമേല്‍ക്കാത്ത കഥയുമായി വന്ന യൗവനാസക്തിയുടെ വെളിച്ചം 'കാക്കനാടന്‍' എന്ന അപൂര്‍വ തേജസുള്ള നാമധേയത്തിലൂടെ മലയാള സാഹിത്യത്തെ മാറ്റിമറിക്കാനുള്ള വെളിച്ചമായി അവതരിച്ചു. മലയാളത്തിന്റെ സ്ഥായീഭാവമായി നിലകൊണ്ട പരമ്പരാഗത എഴുത്തുരീതികളും സദാചാരസംഹിതകളെയുമൊക്കെ തകിടം മറിക്കാനുള്ള വരവായിരുന്നു 1959-ല്‍ വായനക്കാരനെ തേടി വന്ന ആ കഥ-'കാലപ്പഴക്കം'. യാഥാസ്ഥിതികത്തിന്റെ ചരടുകളാല്‍ സഭയും സമുദായവും വരിഞ്ഞുമുറുക്കിയ കെട്ടുകളെയൊക്കെ നിര്‍ദ്ദയം പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ നീലാകാശപ്പരപ്പിലേക്കിറങ്ങിയ ജോര്‍ജ്ജ് കാക്കനാടനെന്ന, വിപ്ലവകാരിയുടെ താങ്ങും തണലും തന്റേടവുമായി ഒപ്പം നടന്ന റോസാമ്മയുടെയും ആറുമക്കളില്‍ നാലാമനായിപ്പിറന്ന ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന് കൗമാരത്തിലേ എഴുത്തിന്റെ നാരായങ്ങള്‍ കാലം കനിഞ്ഞു നല്‍കി. യൗവനാസക്തിയുടെ ആരംഭത്തില്‍ ആവേശത്തോടെ എഴുതിവച്ച 'നിരാശ' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തെങ്കിലും കഥയുടെ പേരുപോലെയായിരുന്നു അനുഭവവും. മാതൃഭൂമി, ഒരു മലബാര്‍ പത്രമാണെന്നും സവര്‍ണരും, കുലമഹിമയുളളവരുമായ കുറേ എഴുത്തുകാരുടെയും, നേതാക്കന്മാരുടെയും സൃഷ്ടികള്‍ മാത്രമേ അതില്‍ വരികയുള്ളുവെന്നും സാധാരണക്കാരായ പുതുമുഖങ്ങളുടെ കഥകള്‍ അതില്‍ അച്ചടിമഷി പുരണ്ടെത്തുകയില്ലെന്നും  ആളുകള്‍ അദ്ദേഹത്തോട് പറഞ്ഞുതുടങ്ങി. എന്നാല്‍ ഇന്നത്തെപ്പോലെ തന്നെ അന്നും മാതൃഭൂമിയില്‍ ഒരു കഥ പ്രസിദ്ധീകരിച്ച് വരുന്നതുപോലെ അഭിമാനകരമായതൊന്നുമില്ലെന്നായിരുന്നു എഴുത്തുകാരുടെ പക്ഷം. അന്ന്, സാഹിത്യം കൈകാര്യം ചെയ്യാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്ലാതെ മലയാളത്തില്‍ മറ്റൊരു മികച്ച പ്രസിദ്ധീകരണവും ഇല്ലായിരുന്നു. ആ മോഹത്തോടെയാണ് ആദ്യകഥയായ 'നിരാശ' അയച്ചതും. 

അന്ന് ദില്ലിയിലായിരുന്നു കാക്കനാടന്‍. കൂട്ടായിരുന്നത് എം.പി. നാരായണപിള്ളയെന്ന നാണപ്പനും. നാണപ്പന്‍ അന്ന് കഥയെഴുത്തിലേക്ക് ചുവടുവച്ചിട്ടില്ല. രാത്രികാലങ്ങളില്‍ അദ്ദേഹം വായനയില്‍ മുങ്ങിത്തപ്പുമ്പോള്‍ കാക്കനാടന്‍ കഥാരചനയില്‍ മുഴുകും. ആ ആവേശത്തിനിടയില്‍ നാണപ്പനെ കഥയെഴുതാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കും. എന്നാല്‍ നാണപ്പന്‍ മൗനം പാലിച്ച് വായന തുടരും. അങ്ങനെയിരിക്കെ ഒരു ദിനം മാതൃഭൂമിയില്‍ വന്ന പരസ്യം കണ്ട് കാക്കനാടന്‍ ഞെട്ടി. അടുത്തലക്കത്തില്‍ ശ്രീ. എം.പി. നാരായണപിള്ളയുടെ 'കള്ളന്‍' എന്ന ചെറുകഥ പ്രസിദ്ധീകരിക്കും. കഥയെഴുത്ത് ശീലമാക്കിയ തന്റെ ഒരു കഥപോലും മാതൃഭൂമിയില്‍ വന്നിട്ടില്ലെന്നു മാത്രമല്ല തന്നെക്കണ്ട് രഹസ്യമായി കഥയെഴുതിയ നാണപ്പന്റെ കഥ മാതൃഭൂമിയില്‍ അച്ചടിച്ചുവരുന്നു. ദേഷ്യവും, സങ്കടവും കടിച്ചുപിടിച്ച് പരസ്യം കണ്ട ഭാവമില്ലാതെ രണ്ടാളും ഒരു മുറിയില്‍ കഴിഞ്ഞു. അങ്ങനെ അടുത്ത ആഴ്ചയില്‍ എ.എസിന്റെ മനോഹരമായ ചിത്രങ്ങളുമായി 'കള്ളന്‍' കള്ളനെപ്പോലെ കടന്നുവന്നു. 

സങ്കടപ്പെട്ടിരിക്കെ ഒരുദിനം കാക്കനാടന്‍ ഒരു കത്ത് കിട്ടുന്നു; മാതൃഭൂമിയില്‍ നിന്ന്. 'കാലപ്പഴക്കം' എന്ന കഥകിട്ടി. ഉടന്‍തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.് സാക്ഷാല്‍ എന്‍.വി കൃഷ്ണവാരിയരുടെ കത്ത്! അതോടെ ദേഷ്യവും സങ്കടവുമൊക്കെ അലിഞ്ഞുപോയി. ആവേശം അണപൊട്ടിവന്നു. എഴുത്ത് ആഘോഷവും, അനുഭൂതിയും, ആശ്വാസവുമായിത്തീര്‍ന്നു. അങ്ങനെ മാതൃഭൂമിയുടെ തിളക്കമുള്ള താളുകളില്‍ കാക്കനാടനെന്ന പുതുയുഗപ്പിറവിയുടെ, മലയാള സാഹിത്യത്തിന്റെ പരിമിതികളുടെ കെട്ടുംമട്ടും മാറ്റിയ ആ പ്രയാണം ആരംഭിച്ചു. 

mp Narayana Pillai and Kakkanadan
എം.പി നാരായണപ്പിള്ള, കാക്കനാടൻ

'ഒരു നിരൂപകനും ഉണ്ടാക്കിയെടുത്ത എഴുത്തുകാരനല്ല ഞാന്‍' എന്ന് തലയെടുപ്പോടെ ലോകത്തോട് വിളിച്ചുപറഞ്ഞ കാക്കനാടന്‍ ആര്‍ജ്ജവത്തോടെ ചോദിച്ച ചോദ്യത്തിന് വ്യക്തമായ മറുപടികള്‍ ഇല്ലായിരുന്നു. കഥയുണ്ടായ ശേഷമല്ലേ അതിനുള്ള നിരൂപകരും നിരൂപണങ്ങളും ഉണ്ടാകാറുള്ളു എന്ന അദ്ദേഹത്തിന്റെ ചോദ്യം അത്തരക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഇടയൊരുക്കിയപ്പോള്‍, ഒരു കൃതിക്ക് നിരൂപണമെഴുതുമ്പോള്‍ എഴുത്തുകാരനെക്കുറിച്ചും, അയാളുടെ മുഴുവന്‍ സൃഷ്ടികളെക്കുറിച്ചും സമഗ്രമായൊരു ധാരണയുണ്ടായാലേ അത് വിജയിക്കുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി നമ്മുടെ നിരൂപകരുടെ അല്പജ്ഞാനത്തെ പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല.

മലയാള സാഹിത്യത്തില്‍ ഭാഷാപരമായ വന്യസൗന്ദര്യങ്ങള്‍ കാഴ്ചവച്ച 'സാക്ഷി' എന്ന ഏറെ വായിക്കപ്പെട്ട നോവല്‍ അല്‍ബേര്‍ കമ്യൂവിന്റെ 'ഔട്‌സൈഡറി'ന്റെ അനുകരണമാണെന്ന് എഴുതിയ എം. കൃഷ്ണന്‍നായര്‍ക്ക് കാക്കനാടന്‍ കൊടുത്ത മറുപടിക്ക് തിളക്കവും തീഷ്ണതയും ഏറെയായിരുന്നു. കമ്യുവിന്റെ ആദ്യനോവലായ ''ഔട്‌സെഡര്‍'' താന്‍ വായിച്ചിട്ടുണ്ടെന്നും തന്റെ സാക്ഷിയും ഒരു ഔട്‌സൈഡറുടെ കഥയാണ് പറയുന്നതെന്നും അതുകൊണ്ട് അത് അനുകരണമാണെന്ന് പ്രഖ്യാപിക്കുകയും, ഒരു ഔട്‌സൈഡറുടെ കഥ ലോകത്താദ്യമായി പറഞ്ഞത് കമ്യുവുമാണെന്ന് ധരിക്കുന്നവരോട്, നമ്മുടെ സാഹിത്യത്തില്‍ 'കര്‍ണനെപ്പോലുള്ള ഉത്തമരായ ഔട്‌സൈഡര്‍മാരുള്ളപ്പോള്‍, കമ്യുവാണ് ആദ്യമായി ഔട്‌സൈഡറെ കണ്ടെത്തിയെന്നു പറയുന്നത് വിരോധാഭാസമല്ലേ എന്നുമദ്ദേഹം ചോദിച്ചു.

അശ്ലീലവും അസംബദ്ധവും അനുയോജ്യവുമല്ലാത്ത രചനാശൈലിയിലൂടെ സാഹിതൃത്തിന്റെ അഭിരുചി കെടുത്തിക്കളഞ്ഞവരാണ് ആധുനികര്‍ എന്നുപറഞ്ഞ് ആക്ഷേപിച്ചവരോടും കാക്കനാടന്‍ ചോദിച്ചചോദ്യം ഉത്തരംമുട്ടിക്കുന്നതായിരുന്നു. മലയാളത്തില്‍ കാക്കനാടന്റെ നേതൃത്വത്തില്‍ കടന്നുവന്ന ആധുനികരുടെ കൃതികള്‍ ഒരു തലമുറ ആവേശത്തോടെയും ആഘോഷത്തോടെയും വായിച്ച് ഉന്മാദത്തിലായപ്പോള്‍ ധാര്‍മ്മികതയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഭവ്യതയോടെ നിലകൊണ്ട് സാഹിത്യരചനയില്‍ ഏര്‍പ്പെട്ടവരുടെ കൃതികള്‍ എന്തുകൊണ്ട് അങ്ങനെ വായിക്കപ്പെട്ടില്ല എന്നത്ചിന്തനീയമായിത്തീര്‍ന്നു.

എന്നാല്‍ കാക്കനാടനും സമകാലീകരും തെളിച്ച വായനയുടെ വസന്തകാലം അവര്‍ക്കുമുന്നിലുള്ളവരെയും വായിക്കാന്‍ നമ്മെ പ്രേരിപ്പിച്ചതിനു പിന്നില്‍, കാലഘട്ടത്തിന്റെ ആത്മചോദനകളെ അത് അര്‍ഹിക്കുന്ന രീതിയില്‍ത്തന്നെ എഴുതേണ്ടതാണെന്നും അതിനാണ് വായനക്കാര്‍ ഉണ്ടാകുന്നതെന്നും അത് തലമുറകളെ മാറ്റിത്തീര്‍ക്കുമെന്നും ബോധ്യപ്പെടുത്തുകയായിരുന്നു. എന്നാല്‍ അന്നത്തിനുപോലും വകയില്ലാതിരുന്ന അക്കാലത്ത് ആധുനികരെ വായിക്കാന്‍ പുസ്തകങ്ങള്‍ക്ക് പണം നല്‍കി വായനയേയും എഴുത്തിനെയും പ്രോത്സാഹിപ്പിച്ച ഒരു തലമുറയുടെ ഇളമുറക്കാര്‍ ഇന്നിപ്പോള്‍ പുതുയുഗത്തിന്റെ സാങ്കേതിക മേന്മകളില്‍ അഭിരമിച്ച് ദിക്കും ദിശയുമറിയാതെ ഉഴറിപ്പോകുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുമ്പോള്‍, വായനയും എഴുത്തും എത്രമേല്‍ ഒരു സമൂഹത്തിന്റെ ജൈവീകമായ ചോദനകള്‍ക്ക് അനിവാരൃമാണെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.

രതിയും ആസക്തികളും അഭിനിവേശവും മനുഷ്യസഹജവും അനിവാര്യവുമാകയാല്‍ അതിന് സാഹിത്യത്തിന്റെ പൂമുഖങ്ങളില്‍ എന്തുകൊണ്ട് പ്രവേശനമില്ലാതാകുന്നു എന്ന് തന്റേടത്തോടെ കാലത്തോട് ചോദിച്ച എഴുത്തുകാരനാണ് കാക്കനാടന്‍. ആ തീഷ്ണതയില്‍ ആക്ഷേപഹാസ്യക്കാരുടെ വായടപ്പിച്ചു കൊടുക്കുകയായിരുന്നു വായനയുടെ വസന്തകാലം. അത്തരം എഴുത്തിന്റെ മിന്നലകള്‍ കണ്ട് ഞെട്ടിയവരോട് കാക്കനാടന്‍ പറഞ്ഞത് ''ഞാന്‍ എഴുതിയത് ആരെയും ഞെട്ടിക്കാനായിരുന്നില്ല. എനിക്ക് യുക്തമെന്നും, ബോധ്യമെന്നും തോന്നിയത് ഞാന്‍ ആത്മാര്‍ത്ഥതയോടെ നിര്‍ഭയനായിട്ടെഴുതി. എനിക്ക് മുമ്പായിട്ട് ഇവിടെ അങ്ങനെ ആരും എഴുതാതിരുന്നതുകൊണ്ട് എനിക്ക് എഴുതാതിരിക്കാനാവുകയില്ലായിരുന്നു. ഞാന്‍ എഴുതിയത് എന്റെ ബോധ്യങ്ങളായിരുന്നു. മറയുടെ ഒരാവരണം പിടിച്ച് മനുഷ്യാവസ്ഥകളെ തേജോവധം ചെയ്യാന്‍ ഞാന്‍ ഒരുമ്പെട്ടില്ല. അത് വായനക്കാര്‍ ആഹ്ലാദത്തോടെ സ്വീകരിച്ചെങ്കില്‍ അവര്‍ക്ക് അന്ന് അതായിരുന്നു ആവശ്യം. അതുകണ്ട് ഞെട്ടിയവരുണ്ടെങ്കില്‍, അങ്ങനെയവര്‍ ഞെട്ടിപ്പോയെങ്കില്‍ അവര്‍ അതിനായി കാത്തിരിക്കുകയോ, അല്ലെങ്കില്‍ അങ്ങനെ ഞെട്ടാനായി കാലം അവരെ കാത്തുവച്ചതോ ആകാം'.

അറുപതുകള്‍ക്കുശേഷമുള്ള നമ്മുടെ യുവത അത്ഭുതാദരവോടെ നെഞ്ചേറ്റിയ വായനയുടെ ഇടിമുഴക്കം ക്യാമ്പസുകളില്‍ മാത്രമല്ല, നഗരങ്ങള്‍ക്കൊപ്പം, ഗ്രാമഗ്രാമാന്തരങ്ങളിലും പടര്‍ന്നുകയറിയത് കാക്കനാടനൊരുക്കിയ ആധുനികതയുടെ അടിത്തറയിലായിരുന്നു. അതിന്റെ ആഴമറിയാന്‍ എം. മുകുന്ദന്റെ വാക്കുകള്‍ മാത്രം ബോധ്യപ്പെട്ടാല്‍ മതിയാകും. 'എഴുത്തുകാരനാവുകയല്ല; കാക്കനാടനെപ്പോലെയുള്ള എഴുത്തുകാരനാവുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം'. കാക്കനാടനൊപ്പം എം. മുകുന്ദനും പുനത്തിലും ഒ.വി.വിജയനും എം.പി. നാരായണപിള്ളയുമൊക്കെ ആ കാലത്തിന്റെ അഗ്‌നി ആവോളം കത്തിച്ചുപിടിച്ചു. റിയലിസത്തിന്റെ പൊള്ളുന്ന നഗ്‌നതയില്‍നിന്നും, കാല്പനികതയുടെ ആഴമുള്ള കുളിരില്‍നിന്നും, പ്രലോഭനങ്ങളുടെ ചഷകവുമായി കടന്നുവന്ന കഥകള്‍ നമ്മുടെ ഭാഷയെ അടിമുടി വിസ്മയിപ്പിച്ചു. കെടാവിളക്കുപോലെ കത്തിനിന്ന അനുഭൂതിയായി സാഹിത്യം ഹൃദയങ്ങളില്‍നിന്നും ഹൃദയങ്ങളിലേക്ക് ഒഴുകി നടന്നു. അങ്ങനെ നമ്മുടെ ലോകത്ത് ഒട്ടും പരിചിതമല്ലാതിരുന്ന രൂപവും ഭാവവുമായി ജീവിതാസക്തികളുടെ വാങ്മയങ്ങള്‍കാട്ടി കഥാപാത്രങ്ങള്‍ വായനക്കാരെ തേടിപ്പിടിച്ചു.

പാരമ്പര്യത്തിന്റെ ജീര്‍ണിച്ച തറവാടുകളില്‍നിന്നും വാക്കുകളെ കുതറാന്‍ പഠിപ്പിച്ച കാക്കനാടന്‍ അവയില്‍ വികാരങ്ങളുടെ വിക്ഷോഭങ്ങളും വിഭൂതികളും വിസ്മയാത്മകമായി കുടിയിരുത്തി. നിരാശയുടെ പടുകുഴിയില്‍ പതിച്ച് വിലപിച്ച ഒരു തലമുറയുടെ സിരകളിലേക്ക് അത് അഗ്‌നിശോഭയോടെ പടര്‍ന്നുകയറി. വായന അവര്‍ക്ക് ലഹരിയായി. വരണ്ടുണങ്ങിയ പൗരാണികതയുടെ പാടങ്ങള്‍ കത്തിജ്വലിച്ചു. ആധുനികതയുടെ പ്രോജ്വലമായ ആഖ്യാനങ്ങള്‍ ഉറവയെടുത്തു. 'അജ്ഞതയുടെ താഴ്‌വര'യും 'സാക്ഷി'യും 'ഏഴാംമുദ്ര'യും 'കോഴി'യും, പുതിയ രൂപമായി, ഭാവമായി, നാടകീയമായ അനുഭൂതികളായി മലയാളിയെ തേടിയെത്തി.

'കള്ളുഷാപ്പില്‍നിന്നും പാപ്പന്‍ നേരെ പോയത് ജാനമ്മയുടെ തഴപ്പായുടെ കത്തിയെരിയുന്ന നഗ്‌നതയിലേക്കാണ്. പനങ്കള്ളിന്റെയും, പച്ചപ്പെണ്ണിന്റെയും ലഹരിയില്‍ മുങ്ങിക്കുളിച്ച് വിയര്‍ത്തുതളര്‍ന്നപ്പോള്‍ അന്നത്തെ വരുമാനത്തിന്റെ ഒരു ഓഹരി അവള്‍ക്കു നല്‍കി പാപ്പാന്‍ സ്വന്തം കൂരയിലേക്ക് മടങ്ങി. കിണറ്റുവെള്ളും കോരിക്കുളിച്ച്, കുരിശു വരച്ച് കിടക്കയില്‍ വീണ് സന്തുഷ്ടനായി സര്‍വതന്ത്ര സ്വതന്ത്രനായി ഉറങ്ങി.... (ഓറോത).'

ഇങ്ങനെ വാക്കുകള്‍ കത്തിപ്പടര്‍ന്നപ്പോള്‍ വായനക്കാരുടെ മനസുകള്‍ അനായാസം ആ ഒഴുക്കിലേക്ക് വന്നണഞ്ഞു. അവരുടെ ജീവിതത്തില്‍ ലഹരിയായി 'യുസഫ് സരായിയിലെ ചരസ് വ്യാപാരിയും, ഹര്‍കിഷന്‍ ലാല്‍ സൂദും' 'ശ്രീച്രകവും' മുന്‍നിരയില്‍ നിരന്നു. ആധുനികതയുടെ പുലരിയിലേക്ക് മലയാളം വിസ്മയത്തോടെ മിഴി തുറന്നു.

Content Highlights ; Veteran Writer Kakkanadan 10 Death Anniversary Article by idakkad Sidharthan