കേരളത്തിന്റെ സൈഗാൾ മൺമറഞ്ഞിട്ട് നാൽപത്തിനാല് സംവത്സരങ്ങൾ കടന്നുപോയിരിക്കുന്നു. തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്തചന്ദ്രകയാരോ നീ...എന്ന് കേരളകാല്പനികഹൃദയങ്ങൾ പാടിനടന്ന കാലത്തെയും അനശ്വരഗായകനായ കോഴിക്കോട് അബ്ദുൾ ഖാദറിനെയും അനുസ്മരിക്കുകയാണ് കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ശ്രീകുമാരൻ തമ്പി.

കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ആദ്യത്തെ പേര് ലെസ്ലി ആൻഡ്രൂസ് എന്നായിരുന്നു. 1915 ജൂലൈ പത്തൊമ്പതിന് ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീതരംഗത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. 1950-കളിലാണ് അദ്ദേഹം ഗാനരംഗത്തേക്ക് കടന്നുവരുന്നത്. അധികവും പാടിയത് നാടകഗാനങ്ങളാണ്. നീലക്കുയിൽ എന്ന സിനിമയിലെ 'എങ്ങനെ നീ മറക്കും കുയിലേ...' എന്നു തുടങ്ങുന്ന ഗാനം കോഴിക്കോട് അബ്ദുൾ ഖാദറിനോട് മാത്രം ചേർന്നുനിൽക്കുന്ന ഒന്നാണ്. 1951-ൽ 'നവലോകം' എന്ന സിനിമയ്ക്കുവേണ്ടി പി.ഭാസ്കരൻ മാസ്റ്റർ എഴുതി ദക്ഷിണാമൂർത്തി സംഗീതം പകർന്ന

തങ്കക്കിനാക്കൾ ഹൃദയേ വീശും
വനാന്തചന്ദ്രികയാരോ നീ
സങ്കൽപമാകേ പുളകം പൂശും
വസന്തസുമമേയാരോ നീ

എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് അദ്ദേഹം സിനിമാഗാനാലാപനരംഗത്തേക്ക് ചുവട് വക്കുന്നത്. ഭാസ്കരൻ മാസ്റ്റർ, ബാബുരാജ്, രാഘവൻ മാസ്റ്റർ തുടങ്ങിയവരൊക്കെയാണ് അദ്ദേഹത്തെക്കൊണ്ട് പാടിച്ചിട്ടുള്ളത്. 'നവലോക'ത്തിലെ പാട്ട് ശ്രദ്ധിക്കപ്പെട്ടു. ശേഷം 1953-ൽ 'തിരമാല' എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹം രണ്ട് മൂന്ന് പാട്ടുകൾ പാടി. കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ ആദ്യത്തെ ചെയർമാനായിരുന്ന പി.ആർ.എസ് പിള്ളയാണ് 'തിരമാല' നിർമിച്ചത്. വിമൽകുമാറും പി.ആർ.എസ് പിള്ളയും ചേർന്നാണ് 'തിരമാല' സംവിധാനം ചെയ്തത്. രാമുകാര്യാട്ട് ആയിരുന്നു അസിസ്റ്റൻഡ് ഡയറക്ടർ.

തിരമാലയിലെ താരകം ഇരുളിൽ മായുകയോ/ പാടിയ പൈങ്കിളി കേഴുകയോ/ മനുജാ നിന്നീതികൾ വീശിയ വലയിൽ...എന്നുതുടങ്ങുന്ന പി.ഭാസ്കരൻ മാഷിന്റെ വരികൾ കോഴിക്കോട് അബ്ദുൾ ഖാദർ പാടി അനശ്വരമാക്കി. അതേ സിനിമയിൽ ശാന്താ പി നായരും അബ്ദുൾ ഖാദറും ചേർന്ന് പാടിയ പാലാഴിയാം നിലാവിൽ/ മധുമാസ നീലരാവിൽ/ കണ്ണീരുമായി അകലേ/ പൊൻതാരമെന്തേ പൊലിയാൻ...എന്ന പാട്ടും അതേപോലും ഇവർ രണ്ടുപേരും തന്നെ പാടിയ പ്രണയത്തിൻ കോവിൽ വിലസുമെൻ കവിൽ/ പൂജയ്ക്കു വരുമോ പൂജയ്ക്കു വരുമോ പൂജാരി!/ പുളകങ്ങളാലെ ഹൃദയങ്ങൾ തീർത്ത പൂമാല തരുമോ പൂക്കാരി! എന്ന ഗാനവും അക്കാലത്തെ ഹിറ്റ് പാട്ടുകളായിരുന്നു.

എങ്കിലും കോഴിക്കോട് അബ്ദുൾ ഖാദർ എന്ന പാട്ടുകാരനെ ഗാനലോകം വാഴ്ത്തിയത് എങ്ങിനെ നീ മറക്കും...കുയിലേ എങ്ങിനെ നീ മറക്കും/ കുയിലേ എങ്ങിനെ നീ മറക്കും/ നീലക്കുയിലേ നീ മാനത്തിൻ ചോട്ടിൽ/നിന്നെ മറന്നു കളിച്ചൊരു കാലം...എന്ന പാട്ടിലൂടെയാണ്. മലയാളചലച്ചിത്രത്തിന് ആദ്യമായി പ്രസിഡണ്ടിന്റ വെള്ളിമെഡൽ നേടിക്കൊടുത്ത 'നീലക്കുയിൽ' എന്ന ചിത്രത്തിലെ ഗാനം.

1957-ൽ രാമുകാര്യാട്ട് ആദ്യമായി സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്' എന്ന സിനിമയിൽ ഭാസ്കരൻ മാസ്റ്റർ രചിച്ച് എം.എസ് ബാബുരാജ് സംഗീതം നിർവഹിച്ച ഇത്രനാളിത്രനാളീ വസന്തം/ പിച്ചകമൊട്ടിൽ ഒളിച്ചിരുന്നു- ഒരു പിച്ചകമൊട്ടിൽ ഒളിച്ചിരുന്നു/ പാരിൽപ്പറക്കുമീ സൗരഭം-വെറും/പനിനീരിതളിൽ പതുങ്ങിനിന്നു...അബ്ദുൾ ഖാദർ എന്ന ഗായകനായി പിറന്ന പാട്ടുകൾ ആയിരുന്നു അവയൊക്കെയും.

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ സിങ്ങർ കുന്ദൻലാൽ സൈഗാൾ ആണ്. ആദ്യമായി പാടിയഭിനയിച്ച ഗായകൻ അദ്ദേഹമാണ്. കോഴിക്കോട് അബ്ദുൾ ഖാദറിനെ കേരളത്തിലെ സൈഗാൾ എന്നാണ് വിശേഷിപ്പിക്കുന്നത്. സൈഗാളിന്റെ ശബ്ദവുമായി സാമ്യമുള്ളതുകൊണ്ടാവാം, അല്ലെങ്കിൽ സൈഗാളിനെ അനുകരിച്ചതു കൊണ്ടാവാം ഈ വിശേഷണം വന്നുചേർന്നത്. 1959- നുശേഷം അദ്ദേഹം സിനിമയിൽ പാടിയിട്ടില്ല. പാടിയ പാട്ടുകൾ എണ്ണത്തിൽ ചെറുതാണെങ്കിലും ഭാവാത്മകതകൊണ്ട് പാട്ട് അനുഭവിക്കുന്ന വിദ്യ അദ്ദേഹത്തിനറിയാമായിരുന്നു. മലയാള സിനിമാ-നാടകഗാനശാഖയിൽ എക്കാലവും സുവർണലിപികളാൽ എഴുതപ്പെട്ട പേരാണ് കോഴിക്കോട് അബ്ദുൾ ഖാദറിന്റേത്. അദ്ദേഹത്തിന്റെ ഭാര്യ കോഴിക്കോട് ശാന്താദേവി അഭിനയപ്രതിഭയായിരുന്നു. രണ്ട് മക്കളും മാതാപിതാക്കളെ പോലെ കലയെ സ്നേഹിച്ചിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം ശോഭനമായിരുന്നില്ല. ജീവിതദു:ഖമത്രയും പേറിയാണ് 1977 ഫെബ്രുവരി പതിമൂന്നിന് അറുപത്തിരണ്ടാമത്തെ വയസ്സിൽ അദ്ദേഹം യാത്രയായത്. നാൽപ്പത്തിനാല് വർഷങ്ങൾക്കിപ്പുറവും ശബ്ദചാതുരിയാൽ നിറഞ്ഞുനിൽക്കുന്ന കോഴിക്കോട് അബ്ദുൾ ഖാദറിന് കൂപ്പുകൈ.

Content Highlights : Veteran Poet Film Maker Sreekumaran Thampi Remembers Singer Kozhikode Abdul Khadar