പിന്നെയും പുറപ്പെട്ട തീവണ്ടിക്കകത്തതാ,
ജന്നല്‍ പെറ്റുണ്ടായ് വന്നൂ ചെറുതാമൊരു സത്വം.
അക്കൃശശരീരത്തില്‍പ്പതിഞ്ഞൂ,വീര്‍പ്പും മുട്ടി-
ത്തിക്കിക്കൊണ്ടിരിക്കുന്ന യാത്രക്കാരുടെ നേത്രം
കൂളന്മാര്‍ പുറത്തുനിന്നെറിഞ്ഞ ചളിയല്ല
മൂളുന്ന കാറ്റില്‍പ്പാറിവീണ കല്ക്കരിയല്ല
തേപ്പുകാരുടെ കീലിന്‍കോലിലല്ല മര്‍ത്യന്മാരേ
മൂപ്പെത്താതൊരു മര്‍ത്യന്‍താനാണിക്കറുമ്പനും.
കൈച്ചീട്ടുനോക്കുന്നോര്‍തന്‍ ദൃഷ്ടിയില്‍പ്പെടായ്‌വാനോ,
പൂച്ചപോലേറ്റം പങ്ങിക്കിടന്നച്ചെറുമര്‍ത്ത്യന്‍
ഒട്ടിടയ്ക്കുള്ളിലെഴുന്നേറ്റുനിന്നിതു, നിത്യ-
പ്പട്ടിണിയുടെയൊരു കരിങ്കല്‍ബ്ബിംബം പോലെ,
പുഷ്ടദാര്യദ്ര്യത്തിയ്യാല്‍ പൊന്തിയ പുകപോലെ,
കഷ്ടമാമിരപ്പിന്റെ കാരീയവടിപോലെ,
രക്തമാംസാദിച്ചേര്‍ച്ചയേറെയില്ലിഗ്ഗാത്രത്തില്‍
വൃദ്ധനായിട്ടാണവന്‍ പിറന്നതെന്തേ തോന്നൂ.....
  (ഇന്ത്യയുടെ കരച്ചില്‍- വള്ളത്തോള്‍)
 
ലോകത്തെ പട്ടിണിരാജ്യങ്ങളില്‍ ഇന്ത്യ നൂറ്റിഒന്നാം സ്ഥാനത്ത് എന്ന വാര്‍ത്ത വന്നത് ഇന്നാണ്. പാകിസ്താനും ശ്രീലങ്കയും നമുക്കുപിറകിലാണെന്ന വിശദാംശങ്ങളോടെ വന്ന വന്ന വാര്‍ത്തയെ മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ഇന്ത്യയുടെ കരച്ചില്‍ എന്ന പ്രശസ്ത കവിതയോടാണ് ചേര്‍ത്തുവായിക്കേണ്ടത്. വള്ളത്തോളിന്റെ 143 -ാം ജന്മവാര്‍ഷികമാണ് ഇന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഉത്തരാര്‍ധത്തില്‍ കേരളം നേര്‍സാക്ഷ്യം വഹിച്ച സാംസ്‌കാരിക മുന്നേറ്റത്തില്‍ തിരുവിതാംകൂര്‍-കൊച്ചി നാട്ടുരാജ്യങ്ങളും മലബാറും മത്സരിച്ചു മുന്നേറാന്‍ ശ്രമിച്ച കാലം. വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക പുനരുദ്ധാനം നടത്തുക എന്ന ലക്ഷ്യത്തോതാടെ അനവധി സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ട കാലത്ത് തിരുവിതാംകൂറിനോട് മത്സരിച്ചു കിതച്ച മലബാറിലായിരുന്നു 1878 ഒക്ടോബര്‍ പതിനാറിന് മഹാകവി വള്ളത്തോളിന്റെ ജനനം. മലപ്പുറം ജില്ലയിലെ തിരൂരില്‍ മംഗലം ഗ്രാമത്തില്‍ കടുങ്ങോട്ട് മല്ലിശ്ശേരി ദാമോദരന്‍ എളയിടത്തിന്റെയും കുട്ടിപ്പാറു അമ്മയുടെയും മകനായിട്ടാണ് കവിയുടെ ജനനം. ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ബാല്യകാലം തൊട്ടേ സംസ്‌കൃതം അഭ്യസിച്ചിരുന്നു. പണ്ഡിതന്‍ വാര്യംപറമ്പില്‍ കുഞ്ഞന്‍ നായരുടെയും അമ്മാവന്‍ രാമുണ്ണി മേനോന്റെയും ശിക്ഷണത്തില്‍ സംസ്‌കൃതത്തില്‍ പ്രാവീണ്യം തെളിയിച്ചു വള്ളത്തോള്‍. അഷ്ടാംഗഹൃദയം കവിയ്ക്കു ഹൃദിസ്ഥമാക്കിക്കൊടുത്തത് അമ്മാവനാണ്. അമ്മാവന്റെ സഹായിയായി നിന്നുകൊണ്ട് ആയുര്‍വേദ ചികിത്സയും സംസ്‌കൃതാധ്യാപനവുമായി കഴിഞ്ഞുകൂടവേ ആണ് വള്ളത്തോളില്‍ പറക്കുളം സുബ്രഹ്മണ്യ ശാസ്ത്രിയുടെയും കൈക്കുളങ്ങര രാമ വാര്യരുടെയും കീഴില്‍ തത്വശാസ്ത്രം പഠിക്കുന്നത്. ആധുനിക കവിമിത്രങ്ങളായിരുന്ന ആശാന്റെയും ഉള്ളൂരിന്റെയും വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാടിന്റെ പരിമിതിയാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസവും വള്ളത്തോളിന് ലഭിക്കാതെ പോയി. കുടുംബത്തിന്റെ അഭിജാതമായ അന്തസ്സുകാരണം ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വള്ളത്തോള്‍ തന്റെ പരിമിതമായ പഠിപ്പുകൊണ്ട് പടുത്തുയര്‍ത്തിയതാണ് കാവ്യപ്രതിഭാത്വം. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതയെ ആഴത്തില്‍ സ്വാധീനിച്ചിരുന്ന പാശ്ചാത്യത്തെയും കാലക്രമേണയാണ് വള്ളത്തോല്‍ കൈപ്പിടിയിലാക്കിയത്. 
 
കവിയുടെ കുടുംബത്തിന് പറയത്തക്ക സാഹിത്യപാരമ്പര്യങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ അച്ഛനില്‍ നിന്നും പകര്‍ന്നുകിട്ടിയ കഥകളിക്കമ്പം വള്ളത്തോള്‍ അവസാനശ്വാസം വരെ വിടാതെ മുറുകെ പിടിച്ചിരുന്നു. അവസാന നാളുകളില്‍ വന്നുപെട്ട ശാരീരികാസ്വസ്ഥതകള്‍ താമസിയാതെ മരണത്തിലേക്കാണ് നയിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ട് സ്വര്‍ഗത്തെക്കുറിച്ചു സംസാരിച്ച വള്ളത്തോള്‍ തമാശരൂപേണ പ്രകടിപ്പിച്ച ആശങ്ക അവിടെ കഥകളിയുണ്ടാവുമോ എന്നതായിരുന്നു. വള്ളത്തോള്‍ നേടിയെടുത്ത സംസ്‌കൃതജ്ഞാനമാണ് അദ്ദേഹത്തെ കവിതയിലേക്ക് നയിച്ചത്. സംസ്‌കൃതകാവ്യനാടകങ്ങള്‍ വളരേ ചെറുപ്പത്തിലെ ഹൃദിസ്ഥമായിരുന്നു വളളത്തോളിന്. ആസ്വാദനം നയിച്ച സര്‍ഗാത്മകതയുടെ മകുടോദാഹരണമായി അദ്ദേഹത്തിലെ കവിത്വം വളര്‍ന്നു. ബാല്യകാല സുഹൃത്തുക്കളോടൊപ്പ അക്ഷരശ്ലോകവും സമസ്യാപൂരണവും ആശുകവിതയും കൂട്ടുരചനയുമെല്ലാം വള്ളത്തോളിന്റെ കലാഭിരുചിയെ പോഷിപ്പിച്ചു. വീട്ടുവിദ്യാഭ്യാസകാലത്തു തന്ന കവിതാരചനയിലൂടെ ആത്മവിശ്വാസം കൈമുതലാക്കിയിരുന്ന വള്ളത്തോള്‍ തന്റെ സതീര്‍ഥ്യരായിരുന്ന കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കിട്ടുണ്ണിനായര്‍, വള്ളത്തോള്‍ ഗോപാലമേനോന്‍ എന്നിവരുമായി ചേര്‍ന്ന് രൂപീകരിച്ച സാഹിത്യസൗഹൃദം അറിയപ്പെട്ടിരുന്നത് വള്ളത്തോള്‍ കമ്പനി എന്ന പേരിലായിരുന്നു. 
 
വ്യാസാവതരണം, മണിപ്രവാളം, കിരാതശതകം, തുടങ്ങിയ കൃതികള്‍ കൗമാരകാലത്തുതന്നെ എഴുതിപൂര്‍ത്തിയാക്കിയ വള്ളത്തോളിനെ കവി എന്ന നിലയില്‍ ചെറുപ്പം മുതലേ ബഹുമാനിച്ചുപോന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ചിറ്റഴി മാധവി അമ്മയെ ജീവിതസഖിയാക്കുമ്പോള്‍ സ്വന്തം ഗ്രാമത്തില്‍ പരിഷ്‌കാരവര്‍ധിനി സഭ എന്നപേരില്‍ വിദ്യാഭ്യാസ-സാംസ്‌കാരികപ്രവര്‍ത്തനം നടത്തുകയായിരുന്നു അദ്ദേഹം. താമസിയാതെ കേരളകല്പദ്രുമം പ്രസ്സിന്റെ മാനേജരായും കേരളോദയത്തിന്റെ പത്രാധിപരായും മാറി വള്ളത്തോള്‍. വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആത്മപോഷിണിയുടെ പത്രാധിപത്വം ഏറ്റെടുത്ത കവി വാത്മീകിരാമായണമുള്‍പ്പെടെയുള്ള കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ഇക്കാലത്താണ്. സ്വാതന്ത്ര്യസമരകാലത്താണ് കോണ്‍ഗ്രസ് രാഷ്ട്രീയപ്രവേശവും തികഞ്ഞ ഗാന്ധി ഭക്തനുമാവുന്നത്. വൈക്കം സത്യാഗ്രഹമാണ് ഗാന്ധിഭക്തിയിലേക്കുള്ള കാരണമായിത്തീരുന്നത്. ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിനുമുമ്പേ വെല്‍സ് രാജകുമാരന്‍ കവിക്കു നല്‍കുന്ന രാജകീയാംഗീകാരം എന്ന നിലയില്‍ പട്ടും വളയും നല്‍കി ആദരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ഉദ്യമത്തെ പാടേ നിരസിച്ചുകൊണ്ടാണ് വള്ളത്തോള്‍ തന്റെ സ്വാതന്ത്ര്യാഭിലാഷം പ്രകടിപ്പിച്ചത്. 
 
കവിയുടെ അപാരമായ കഥകളിഭ്രമം കൊണ്ടു ചെന്നെത്തിച്ചത് 1930-ല്‍ കുന്നംകുളത്തു സ്ഥാപിച്ച കഥകളി വിദ്യാലയത്തിലൂടെയാണ്. അതാണ് പിന്നീട് കേരളകലാമണ്ഡലമായി വികസിച്ചത.് കേരളകലാമണ്ഡലത്തിന്റെ ആസ്ഥാനം ചെറുതുരുത്തിയിലേക്ക് മാറ്റാന്‍ മുന്‍കയ്യെടുത്ത കവി സ്ഥാപനം കെട്ടിപ്പടുക്കാനുള്ള ധനശേഖരണാര്‍ഥം കഥകളിസംഘത്തെയും കൊണ്ട് വിദേശപര്യടനം നടത്തുകയാണ് ചെയ്തത്. മദ്രാസ് സര്‍ക്കാര്‍ വള്ളത്തോളിനെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രതിവര്‍ഷം ആയിരം രൂപ നല്‍കിയും ഇന്ത്യാഗവണ്‍മെന്റ് പത്മഭൂഷന്‍ നല്‍കിയും കവിയെ ആദരിച്ചു. 1958 മാര്‍ച് പതിമൂന്നിന് എഴുപത്തിയൊമ്പതാം വയസ്സിലാണ് മഹകവി അന്തരിച്ചത്.
 
Content Highlights :Vallathol Narayana Menon 143 Birth Anniversary