കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരനും നാടകകൃത്തും ചിത്രകാരനുമായ പി.എ. ദിവാകരന് പ്രണാമമര്‍പ്പിച്ചുകൊണ്ട് വി. ശശികുമാര്‍ എഴുതുന്നു. 

ങ്ങളുടെ പ്രിയ സുഹൃത്ത് പി.എ. ദിവാകരന്‍ ഇന്ന് പുലര്‍ച്ചക്ക് തിരുവില്ലാമലയില്‍ അന്തരിച്ചു.

ഒന്നര പതിറ്റാണ്ടിനു മുന്‍പ് ബോംബെയോടു വിടപറഞ്ഞ ദിവാകരന്‍ കുടുംബവീട്ടില്‍ ഒറ്റയ്ക്കായിരുന്നു. അറുപതുകളുടെ അവസാനത്തില്‍ ബോംബെയിലെത്തിയ പി.എ.  ദിവാകരന്‍ ടെക്‌സ്‌റ്റൈല്‍ മില്ലില്‍ തുണികള്‍ക്കു ഡിസൈനും വര്‍ണവും നല്‍കുന്ന ജോലി ആയിരുന്നു- ടെക്സ്‌റ്റൈല്‍ കെമിസ്റ്റ്. പിന്നീട് സഹോദരി മാനസിയും അവിടെ എത്തി.

എഴുപതുകളില്‍ ഞങ്ങളില്‍ പലരും എത്തി. കലാ-സാംസ്‌ക്കാരിക രംഗത്ത് നവതരംഗം വീശുന്ന പരീക്ഷണകാലം. വസന്തത്തില്‍ ഇടിമുഴങ്ങാതെ, എം. മുകുന്ദന്‍ ഹരിദ്വാരില്‍ മണി മുഴക്കിയ കാലം. ബോംബെയില്‍ മറാഠി നാടകവും ബാസു ചാറ്റര്‍ജിയും അവതാര്‍ കൗളും കുമാര്‍ സാഹ്‌നി, മണി കൗള്‍, സുധീര്‍ പട്‌വര്‍ദ്ധന്‍, ദിലീപ് ചിത്രെ, അല്‍ക്കാസി, ഗിരീഷ് കര്‍ണാട്, ബി.വി. കാരന്ത് എന്നിവര്‍ നിറഞ്ഞുനിന്ന ലോകത്തേക്ക് ഞങ്ങളെ കൈ പിടിച്ചു കൊണ്ടു പോയത് ടി.എം.പി. നെടുങ്ങാടി നാദിര്‍ഷ ആയിരുന്നു.

മാഷിന്റെ നേതൃത്വത്തില്‍ നാടകസംഘത്തില്‍ പ്രധാനി ഞങ്ങളുടെ പ്രിയ പി.എ. ദിവാകരനായിരുന്നു. രാജലക്ഷ്മിയുടെ ശിഷ്യനായി ഒറ്റപ്പാലത്ത് ഫുട്ബോള്‍ കളിക്കാരനായി ഓടിനടന്ന ദിവാകരന് അവരുടെ മരണം വലിയ ആഘാതമായിരുന്നു. അതില്‍നിന്ന് ദിവാകരന്‍ മോചിതനായത് കഥയെഴുത്തിലുടെ ആയിരുന്നു. കഥയെഴുത്തുകാരനായി ബോംബെയിലെത്തിയ ദിവാകരന്‍ പിന്നീട് നാടകരംഗത്തേക്കു തിരിഞ്ഞു. നാടകം എഴുതി, സംവിധാനം ചെയ്തു, അഭിനയിച്ചു. പിന്നീട് ചിത്രകലയിലേക്കു തിരിഞ്ഞു.

അക്കാലത്ത് ദിവാകരനെക്കൊണ്ട് ഏറ്റവും കൂടുതല്‍ കഥ എഴുതിപ്പിച്ചത് കലാകൗമുദി എഡിറ്ററായിരുന്ന എസ്. ജയചന്ദ്രന്‍ നായരായിരുന്നു. എ. വേണുഗോപാല്‍, മാനസി, അഷ്ടമൂര്‍ത്തി, സുരേന്ദ്രബാബു, രാധാകൃഷ്ണന്‍, മുരളി, ഉണ്ണിരാജ, സെബാസ്റ്റ്യന്‍, എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ സഹൃദയ ഫിലിം സൊസൈറ്റിയിലും സജീവ പങ്കാളിയായിരുന്ന പി.എ. ദിവാകരന്‍ പില്‍ക്കാലത്ത് എല്ലാത്തില്‍നിന്നും പിന്‍മാറി.

മലയാളത്തില്‍ ശ്രദ്ധേയമായ അനേകം കഥകൾ എഴുതിയ ദിവാകരന്റെ ആദ്യകാല കഥകള്‍ എസ്. സുധീഷ്, പി.കെ. ശ്രീനിവാസന്‍, കല്ലട ശശിധരന്‍, സോളമന്‍ എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ചിരുന്നു. അവിവാഹിതനായി കഴിയാന്‍ വാശി പിടിച്ച ദിവാകരനോടു വഴക്കടിപ്പിച്ചു ചൊടിപ്പിക്കുക എന്റ ഭാര്യയുടെ ആഹ്ലാദമായിരുന്നു. ദിവാകരനെ ചൊടിപ്പിച്ചിരുന്നത് ദിവാകരന്‍ ഒറ്റയ്ക്കു ജീവിക്കേണ്ടി വരുന്നതോര്‍ത്താണന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ മനസ്സിലാക്കിയിരുന്നു.

photo by V. Sasikumar
മുംബൈയിലെ സഹൃദയ ഫിലിം സൊസൈറ്റി കൂട്ടായ്മ

ഞങ്ങളെല്ലാം കേരളത്തിലേക്ക് മടങ്ങിയെങ്കിലും, വേണുവും അഷ്ടമൂര്‍ത്തിയും പ്രവീണും രാധാകൃഷ്ണനും കുഞ്ഞനിയനുമൊക്കെ തൃശൂരില്‍ ഒത്തുകൂടി ബോംബെ സ്മരണ അയവിറക്കുമ്പോള്‍ ദിവാകരന്‍ ആദ്യകാലങ്ങളില്‍ വന്നിരുന്നങ്കിലും പിന്നീട് തിരുവില്ലാമലയിലെ ഗുഹയില്‍ തന്നെ ഒതുങ്ങി.

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി വീഡിയോ സിനിമകള്‍ ഉണ്ടാക്കുന്നതില്‍ വ്യാപൃതനായിരുന്നു. മാനസിയായിരുന്നു പിന്തുണ. ദീര്‍ഘകാലം ഒപ്പമുണ്ടായിരുന്ന നായ മരിച്ചപ്പോള്‍ ദിവാകരന്‍ തകര്‍ന്നുപോയിരുന്നു. പാലക്കാട് നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ ദിവാകരന്റെ ചിത്രങ്ങള്‍ കാണിക്കുമായിരുന്നു. അവിടെ സജീവമായി നിന്നിരുന്നങ്കിലും ആ ബോംബെ ദിവാകരനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

ഇന്നലെ കാലത്ത് ജോലിക്കാരി ചായയുണ്ടാക്കി ദിവാകരന്റ കിടക്കയ്ക്കരുകിലെത്തിയപ്പോള്‍ വിളി കേട്ടില്ലങ്കിലും ശരീരം ചലിക്കുന്നുണ്ടായിരുന്നു. സ്‌ട്രോക്ക്, മസ്തിഷ്‌കാഘാതം. രക്തം കട്ടപിടിച്ചിരുന്നു എന്നാണറിഞ്ഞത്. ഞങ്ങള്‍ക്ക് വഴക്കിടാനും പിണങ്ങാനും ഇണങ്ങാനും ദിവാകരനില്ല.
ഏകാന്തയാത്ര.

ദിവാകരന്‍ ഭാര്യക്കു നല്‍കിയ പെയിന്റിങ്ങ് തിരുവനന്തപുരത്ത് ഒന്നാം നിലയിലേക്കുള്ള പടികളിലെ ഭിത്തിയില്‍ മാറാല പിടിക്കാതെ തൂക്കിയിട്ടുണ്ട്. ഞങ്ങളുടെ മകന്‍ ചന്തു ആ ചിത്രം സംരക്ഷിക്കുന്നുണ്ട്.

പ്രിയ ദിവാകരന്‍, ലഗേജ് ഒപ്പമുണ്ടല്ലോ?
പാര്‍ക്കലാം.

Content Highlights :v sasikumar pays homage to p a divakaran