മാറിയ സാഹചര്യത്തില്‍ ഇങ്ങനെ നമ്മളെല്ലാം വീട്ടിനകത്ത് ലോകത്തിന്റെ സുഖത്തിനുവേണ്ടി ബന്ധിതരായി കഴിയേണ്ടി വരുന്ന ഈയൊരു അവസ്ഥയില്‍ ഇത്തരം സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം സംവദിക്കാന്‍ മാത്രമേ നമുക്ക് സാധ്യമാകുന്നുള്ളൂ. താല്ക്കാലികമായി ലോക്ഡൗണ്‍ ചെയ്യപ്പെട്ട ജീവിതങ്ങളാണ് നമ്മളുടേത് എന്ന് ദാര്‍ശനികമായി പറയാം. അങ്ങനെ പറയുമ്പോള്‍ അതിനകത്ത് വലിയ ചില സത്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. മറ്റൊരു ഭാഷയില്‍ എഴുതപ്പെട്ട കവിതയില്‍ ഹാരുണ്‍ റഷീദ് എന്ന കവി പറയുന്നുണ്ട്, നിങ്ങള്‍ യജമാനന്‍മാരല്ല, അതിഥികള്‍ മാത്രമാണെന്ന്. നമുക്ക് നേരെ വിരല്‍ ചൂണ്ടിയാണ് ഏതോ അദൃശ്യശക്തി അങ്ങനെ പറയുന്നത്. നമ്മുടെ അഹങ്കാരം കൊണ്ട് നമ്മള്‍ അങ്ങനെ ധരിച്ചു; നമ്മള്‍ യജമാനന്‍മാരാണെന്ന്. ഇപ്പോള്‍ നമുക്ക് മനസ്സിലാവുന്നു നമ്മള്‍ വെറുമൊരു അതിഥികള്‍ മാത്രമാണെന്ന്. നമ്മള്‍ ഇല്ലെങ്കിലും ഈ ഭൂമിയും ആകാശവും ഇവിടുത്തെ മറ്റു വൃക്ഷലതാദികളും തീയും എല്ലാം അങ്ങനെ തന്നെ നിലനില്‍ക്കും. നമ്മളല്ല ഇതിനെയൊന്നും നിലനിര്‍ത്തുന്നത്. അങ്ങനെ അഹങ്കരിച്ച മനുഷ്യര്‍ക്കു നേരെ പ്രഹരിച്ചുകൊണ്ടുള്ള ഓര്‍മപ്പെടുത്തലാണ് ഈയൊരു ലോക്ഡൗണ്‍ അവസ്ഥ എന്ന് കാണാനാണ് എനിക്കിഷ്ടം.

സ്വതവേ ഏകാകിയായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. അത്കൊണ്ട് പെട്ടെന്നുള്ള ഇങ്ങനെയൊരു ബന്ധനം എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഒരു തരത്തിലും എ്നനു പറയുന്നില്ല. മനുഷ്യരെ, വേണ്ടപ്പെട്ടവരെ കാണാന്‍ പറ്റുന്നില്ല, ഇഷ്ടത്തിന് സഞ്ചരിക്കാന്‍ പറ്റുന്നില്ല എന്നൊക്കെയുള്ള തടസ്സങ്ങളുണ്ടെങ്കിലും ഒറ്റപ്പെടലിനോട് ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള ഒരു പരിചയാവസ്ഥ എനിക്ക് നേരത്തേ തന്നെയുണ്ട്.

 

 

ഈ സമയത്ത് ഞാനെന്തു ചെയ്തു എന്നു ചോദിച്ചാല്‍ മുഖ്യമായും ചെയ്തത് പരിഭാഷയാണ്. ഒരു പരിഭാഷകന്റെ വേഷമൊന്നും മുന്‍പ് കാര്യമായി എടുത്തണിഞ്ഞ ആളല്ല ഞാന്‍. ടാഗോറിന്റെ പ്രേമകവിതകള്‍, പ്രകൃതിയെ അഭിമുഖീകരിക്കുന്ന കവിതകള്‍ തുടങ്ങിയവ ചേര്‍ന്നുകൊണ്ടുള്ള ഒരു പുസ്തകം ഉണ്ട്, സ്‌ട്രേ ബേഡ്സ്. മലയാളത്തില്‍ അധികം പരിഭാഷകള്‍ വരാത്ത ഒന്നു കൂടിയാണത്. 326 കാവ്യശകലങ്ങളടങ്ങിയ, ഹൈക്കുപോലുള്ള ആ പുസ്തകം ഞാനീ ഇരുപത്തിയൊന്ന് ദിവസം കൊണ്ട് പരിഭാഷപ്പെടുത്തി. അതാണ് കൊറോണക്കാലത്തെ എന്റെ ഏറ്റവും വലിയ ആനന്ദം.

Men are cruel but man is kind എന്ന് ആ പുസ്തകത്തിലൊരിടത്ത് ടാഗോര്‍ എഴുതുന്നുണ്ട്: മനുഷ്യര്‍ ക്രൂരരാണ്, പക്ഷേ മനുഷ്യന്‍ ദയാലുവാണ്. ആളുകള്‍ ഒന്നിച്ചാല്‍ അവര്‍ പെട്ടെന്ന് ക്ഷുഭിതരാവും. അവര്‍ എന്തും കാട്ടിക്കൂട്ടും. പക്ഷേ ഏകാകിയായ മനുഷ്യന്‍, അവന്‍ ശാന്തനാണ്, അവന്‍ കൃപാലുവാണ് എന്നാണ് കവി പറയുന്നത്. ശാരീരിക അകലം പാലിച്ചുകൊണ്ട് സാമൂഹിക ഐക്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് നമ്മള്‍ ചുറ്റുപാടും കേള്‍ക്കുന്ന മുദ്രാവാക്യം. നമ്മളോട് ശാസിക്കുന്ന ഒരു സ്വരം അതിനുണ്ട്. എന്നാലേ നമ്മള്‍ നേരെയാവുകയുള്ളൂ എന്നാണതിന്റെ ധ്വനി. ആള്‍ക്കൂട്ടമായിക്കൊണ്ടാണ് നമ്മള്‍ സംസ്‌കാരമുണ്ടാക്കിയത്. ഒന്നിച്ചു ചേര്‍ന്നുകൊണ്ടാണ് നമ്മള്‍ മനുഷ്യരായി മാറിയത്, സ്നേഹിക്കാന്‍ പഠിച്ചത്. പക്ഷേ നമ്മള്‍ അങ്ങനെ ചേര്‍ന്നു നിന്നപ്പോള്‍ സ്നേഹം അകന്നുപോയ്. അതു കൊണ്ടാണ് ഇങ്ങനെ ദാര്‍ശനീകമായ ഒരു വൈപരീധ്യം വന്നുചേര്‍ന്നിരിക്കുന്നത്. നമ്മളോട് അകന്നുപോകാനാണ് പറയുന്നത്. നമ്മളോട് അകലം പാലിക്കാനാണ് പറയുന്നത്. ശാരീരികമായി അകന്നുകൊണ്ട് മനസ്സുകൊണ്ട് അടുക്കാനാണ് പറയുന്നത്. തൊടരുത്, മാറിനില്ക്കൂ എന്നാണ് പറയുന്നത്. ഇതൊന്നും നമ്മള്‍ കേട്ടുശീലിച്ച ഒന്നല്ല. പക്ഷേ ഒരു അദൃശ്യ,സൂക്ഷ്മ വൈറസ് നമ്മളെ അങ്ങനെ മാറ്റിത്തീര്‍ത്തിരിക്കുന്നു. ഇതൊരു ഭയങ്കരമായ ശാസനയാണ്, നമ്മെ നന്നാക്കിതീര്‍ക്കാനുള്ള ശാസന.

മനുഷ്യന്‍ വീടുകളിലേക്ക് തിരിച്ചു കയറി. ചക്ക, പപ്പായ പോലുള്ള ഫലങ്ങളുടെ രുചിയറിഞ്ഞു. അപരിചതമായ രുചികള്‍ മറ്റുള്ളവരുടെ അറിവുകളിലേക്കായി പങ്കുവെച്ചു. അങ്ങനെ നമ്മള്‍ മറന്നുപോയ രുചികളിലേക്കും ആനന്ദങ്ങളിലേക്കും ഒക്കെയുള്ള തിരിച്ചുപോക്കിനുകൂടി കോവിഡ്-19 നിമിത്തമായി. ഞാന്‍ വായിച്ചു മറന്ന മാസ്റ്റേഴ്സിന്റെ, അന്ന് വായിക്കാന്‍ മാറ്റിവയ്ക്കുകയോ വിട്ടുപോവുകയോ ചെയ്ത മാസ്റ്റര്‍ പീസുകള്‍ വായിക്കാന്‍ വീണ്ടുമെടുത്തു വച്ചു. ബഷീര്‍, തകഴി, പൊറ്റക്കാട്, ഉറൂബ് തുടങ്ങിയവരുടെ വായിക്കാതെ പോയ പുസ്‌കങ്ങളെയാണ് ഞാനിപ്പോള്‍ സ്നേഹിച്ചുകൊണ്ടിരിക്കുന്നത്. മലയാറ്റൂരിന്റെ വേഴാമ്പല്‍, പാറപ്പുറത്തിന്റെ ആകാശത്തിലെ പറവകള്‍, തകഴിയുടെ പതിത പങ്കജം...അങ്ങനെ കുറേ അപ്രശസ്ത പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ കിട്ടിയ ആനന്ദത്തിന്  കൊറോണക്കാലത്തോട് കടപ്പെട്ടിരിക്കുന്നു. വായിച്ചും എഴുതിയും സിനിമ കണ്ടും; സിനിമ എന്നു പറയുമ്പോള്‍ കെ.ജി. ജോര്‍ജിന്റെ സിനിമകളാണ് മുമ്പിലുള്ളത്. ജോര്‍ജിനെ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കിയപ്പോള്‍ വീണ്ടും അദ്ദേഹം തന്നെയാണ് മാസ്റ്റര്‍ എന്നാണ് എന്റെ അനുമാനം. 'യവനിക'യും 'ഇര'കളും 'ആദാമിന്റെ വാരിയെല്ലും' എല്ലാം അതിന് അടിവരയിടുന്നു. അസാധാരണമായ പ്രതിഭാവിലാസം മുറ്റിയ സംവിധായകനാണ് കെ.ജി ജോര്‍ജ്.

എനിക്കൊരു പുതിയ സൗഹൃദം ലഭിച്ചിരിക്കുന്നു. കാണാതെ ഒരാള്‍ എന്റെ കാതിലേക്ക് വന്നുചേര്‍ന്നു. ഫോണിലേക്ക് ഒരു മന്ത്രസ്വരമായിട്ട് വന്നു ചേര്‍ന്ന സൗഹൃദം. എവിടെയോ വളരെ വിദൂരതയിലിരിക്കുന്ന ഒരു പെണ്‍കുട്ടി ഇങ്ങനെ ലോക്ഡൗണ്‍ ചെയ്യപ്പെട്ട് വീട്ടിനകത്തിരുന്ന് പുസ്തകം വായിക്കുന്നു, സിനിമ കാണുന്നു. ആ പെണ്‍കുട്ടി എന്നെ വിളിക്കുകയാണ്. എന്റെ പുസ്തകം വായിച്ചിട്ടാണ് വിളിക്കുന്നത്. ഇപ്പോള്‍ ഈ ദിവസങ്ങളില്‍ എന്റെ ആനന്ദം അവരുമായിട്ട് സംവദിക്കുക എന്നതാണ്. സാഹിത്യവും സിനിമയും സംഗീതവും കലയും എല്ലാമാണ് വിഷയം. അപരിചയായ, പക്ഷേ പരിചിതയായ പെണ്‍കുട്ടി. ടാഗോറിന്റെ വാക്കുകുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍ ഇന്നലെ വരെ സ്വപ്നങ്ങളില്‍ നമ്മളപരിചിതരായിരുന്നു, ഇന്നുണര്‍ന്നപ്പോള്‍ നമ്മള്‍ എത്രയോപരിചിതരായി, അനുരാഗികളായി എന്നു പറയുമ്പോലെ ഞങ്ങള്‍ അത്രമേല്‍ അടുത്തു. അവരുടെ ജീവിതവും ഗാര്‍ഹിക സാഹചര്യവും അവരുടെ ജാലകത്തിനപ്പുറത്തുള്ള കാഴ്ചകളും എല്ലാം ഞാനാ വാക്കുകളിലൂടെ ഇവിടെയിരുന്ന് കാണുന്നു. ഞാന്‍ ഇവിടുത്തെ കാര്യങ്ങളും പറയുന്നു. ഈ കഠിനതടവുകാലത്തെ നമ്മള്‍ സ്നേഹത്തിലൂടെ ഭേദിക്കുകയാണ്. സാമൂഹികമായും ശാരീരികമായും അകലം പാലിച്ചുകൊണ്ട് മനസ്സുകള്‍ തമ്മില്‍ അടുക്കുക എന്നതിന്റെ അര്‍ഥം ഈയൊരു പുതിയ ചങ്ങാത്തത്തിലൂടെ ഞാന്‍ മനസ്സിലാക്കുന്നു.

ഓസ്ട്രേലിയയില്‍ നിന്നും വയനാട്ടിലേക്ക് ഇന്റേണ്‍ഷിപ്പിന് വന്ന ലൂസിന എന്ന പെണ്‍കുട്ടിയുടെ അവസ്ഥയെക്കുറിച്ച് അവരുടെ കൂടെയുള്ള മലയാളിയായ എന്റെ സുഹൃത്ത് പറഞ്ഞു കേള്‍ക്കയുണ്ടായി. വയനാട്ടിലെ ആദിവാസികളക്കെുറിച്ചുള്ള പഠനത്തിന് വന്ന ലൂസിന ഇവിടെ ലോക്ഡൗണില്‍ പെട്ടിരിക്കുന്നു. തിരിച്ചുപോകാന്‍ ഒരു രക്ഷയുമില്ല. നാട് കാണാന്‍ കഴിയുന്നില്ല. അവര്‍ വല്ലാത്ത ദു: ഖത്തിലാണ്. അവരുടെ കമിതാവ് അവരെ കാണാന്‍ വേണ്ടി ഇങ്ങോട്ടു പുറപ്പെട്ടതാണ്. അയാള്‍ വഴിമധ്യേ ലോക്ഡൗണില്‍ പെട്ടു. അങ്ങനെ ലൂസിന വയനാട്ടിലും പ്രണയി മറ്റേതോ നാട്ടിലുമാണ് ഇപ്പോള്‍ ഉള്ളത്. രണ്ടുപേരും വിഷമത്തിലാണ്. സഹായിക്കാന്‍ പറ്റാത്ത സാഹചര്യവും. ചരിത്രത്തിലെ ഏറ്റവും ദുസ്സഹമായ ഒരു കാലമായി പില്‍ക്കാലത്ത് ഇത് രേഖപ്പെടുത്തപ്പെടും. പുസ്തകങ്ങളിലൂടെയും സ്നേഹത്തലൂടെയും നമുക്ക് അതിജീവിക്കാം. ഈ കാലം കടന്നുപോകുമ്പോള്‍ ഒരു പക്ഷേ നമ്മള്‍ ഏറ്റവും നല്ല മനുഷ്യരായി മാറും എന്ന പ്രത്യാശ എനിക്കുണ്ട്. നമ്മുടെ ഭൂമി കുറേക്കൂടി സുന്ദരമായിത്തീരും. ഭൂമിയുെ മനുഷ്യരും കൂടുതല്‍ നന്നാവുമെങ്കില്‍ എത്രദിവസം വേണമെങ്കിലും ഇങ്ങനെ അടച്ചുപൂട്ടിയിരിക്കാന്‍ എനിക്ക് യാതൊരു വിസമ്മതവുമില്ല, സങ്കടവുമില്ല.

Content Highlights: V. R. Sudheesh speaks about Lockdown