• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

കഥ ഖാദറീയം

Dec 18, 2019, 05:30 PM IST
A A A

രണ്ടാം ലോകയുദ്ധം അധികമാരുമറിയാത്ത ഒരു സുകൃതം മലയാളിക്ക് ചെയ്തു. അങ്ങുദൂരെ ബര്‍മയില്‍നിന്ന് യുദ്ധം ഭയന്ന് ജന്മനാട്ടിലേക്കു മടങ്ങിയ ആളുകള്‍ക്കിടയില്‍, പിതാവിന്റെ കൈയില്‍ത്തൂങ്ങി കാതങ്ങള്‍ താണ്ടിനടന്ന ഒരു ചെറിയ ബര്‍മീസ് ബാലനുമുണ്ടായിരുന്നു.

# കെ. വിശ്വനാഥ്‌
UA Khader
X

Photo: mathrubhumi archives

ഒരു നദീതീരമാണ് ഓര്‍മയിലേക്കെത്തുക. കുന്നുകളും വെള്ളവും നനുത്ത അന്തരീക്ഷവുമുള്ള പരിസരം. മരക്കാലുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മരപ്പാളികള്‍കൊണ്ടുള്ള വീട്. മലകള്‍ക്കിടയില്‍ അവിടെയും ഇവിടെയുമായി പഗോഡകള്‍. കുഞ്ഞു ചന്തകള്‍. വ്യാളികളും സിംഹങ്ങളും പാറിപ്പറക്കുന്ന തോരണങ്ങള്‍, മണിയൊച്ചകള്‍... അങ്ങനെ
ബര്‍മയില്‍ ഒരിക്കല്‍ക്കൂടി.

ഞാന്‍ ജനിച്ച എന്റെ ബില്ലെനില്‍ ഞാനെത്തി. ബില്ലെന് വലിയ വ്യത്യാസമൊന്നുമില്ല. പഴയ ഇടങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഓര്‍മച്ചിത്രങ്ങളും നേരില്‍ക്കാണുന്നവയുമായി സാമ്യമുണ്ട്. പഴയ ചന്ത അങ്ങനെതന്നെയുണ്ട്. ചില തൊങ്ങലുകള്‍ അധികമായി വന്നിട്ടുണ്ടെന്നുമാത്രം. ബര്‍മയെ യുദ്ധവും പട്ടാളഭരണവും ചവിട്ടിമെതിച്ചെങ്കിലും ഞാന്‍ പിറന്ന നാടിന് വലിയ പോറലൊന്നും ഏറ്റിട്ടില്ല.

ബര്‍മയിലേക്ക് പോവുമ്പോള്‍ ഞാന്‍ കൈയില്‍ ഒരു ഫോട്ടോ കരുതിയിരുന്നു, പണ്ട് അച്ഛനെടുത്തതാണ്, കോഴിക്കോട്ടെ ബോംബെ സ്റ്റുഡിയോയില്‍വെച്ച്. പലരോടും ചോദിച്ചു, ഈ ഫോട്ടോയിലുള്ളവരെ അറിയാമോ? ആരും തിരിച്ചറിയുന്നില്ല. ഒരാള്‍ പറഞ്ഞു; പത്തറുപത് വര്‍ഷം മുന്‍പുള്ള ഫോട്ടോയല്ലേ... എണ്‍പത് വയസ്സുള്ള ആരെയെങ്കിലും കാണിച്ചാല്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

അങ്ങനെ ഒരു വയസ്സന്റെ അടുത്തെത്തി. തൊകിയാങ്. ജനിച്ചതുമുതല്‍ ഇവിടെത്തന്നെയാണ്. അദ്ദേഹം ഫോട്ടോ തിരിച്ചറിഞ്ഞു. തൊകിയാങ്ങിന്റെ ഓര്‍മയില്‍ ബര്‍മക്കാരിക്ക് രണ്ടുമക്കളുണ്ട്. യുദ്ധകാലത്ത് പലരും പലായനം ചെയ്തപ്പോള്‍ ബര്‍മക്കാരിയുടെ രണ്ടുമക്കളും പോയി എന്ന് അദ്ദേഹം ഓര്‍മിച്ചെടുത്തു. ഞങ്ങളുടെകൂടെ ബര്‍മയില്‍ സഹായത്തിന് ഒരു തമിഴന്‍ നിന്നിരുന്നു. അയാളെയായിരിക്കും രണ്ടാമനായി തൊകിയാങ് കണക്കാക്കുന്നത്. ആ തിരിച്ചറിവിന് ഒരു സുഖമുണ്ടായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നനുത്തസുഖം...

കൊയിലാണ്ടിക്കാരനായ ബാപ്പ, മൊയ്തീന്‍കുട്ടി ഹാജിയുടെ കൈവിരലില്‍ തൂങ്ങി ഏഴാം വയസ്സില്‍ ബര്‍മവിട്ട് മലയാളത്തിന്റെ മണ്ണിലേക്ക് ചേക്കേറിയ ഖാദര്‍, പതിറ്റാണ്ടുകള്‍ക്കുശേഷം ഉമ്മയുടെ നാട് സന്ദര്‍ശിച്ച് തിരിച്ചെത്തിയപ്പോള്‍ ഇങ്ങനെയൊരു കുറിപ്പെഴുതി. അതു വായിക്കുമ്പോള്‍ നമ്മള്‍ വിസ്മയംകൂറാതിരിക്കുന്നതെങ്ങനെ? ആ ബര്‍മക്കാരന്‍ പയ്യന്‍ മലയാളമണ്ണിന്റെ രുചിയും മണവും ആവോളം നുകര്‍ന്ന് കഥകളും നോവലുകളും എഴുതി, മലയാള സാഹിത്യത്തില്‍ തന്റേതു മാത്രമായ ഒരിടംനേടി. പരദേവതയെയും നാഗദൈവങ്ങളെയും ആവാഹിക്കുന്ന തട്ടാന്‍ ഇട്ട്യേമ്പിയും കൊല്ലിനും കൊലയ്ക്കും അധികാരിയായ കുഞ്ഞിക്കേളപ്പക്കുറുപ്പും വടകര ചന്തയില്‍ ചൂടിവിറ്റുനടന്ന തന്റേടിയായ സുന്ദരിക്കോത ജാനകിയും കുറുപ്പിന്റെ കാര്യസ്ഥന്‍ മണമല്‍ ഹൈദറും അക്ഷരങ്ങളില്‍നിന്ന് മജ്ജയും മാംസവും നേടി മുന്നില്‍ വന്നുനിന്ന് മോഹിപ്പിക്കുകയും ഭയപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്തു.

രണ്ടാം ലോകയുദ്ധം അധികമാരുമറിയാത്ത ഒരു സുകൃതം മലയാളിക്ക് ചെയ്തു. അങ്ങുദൂരെ ബര്‍മയില്‍നിന്ന് യുദ്ധം ഭയന്ന് ജന്മനാട്ടിലേക്ക്മടങ്ങിയ ആളുകള്‍ക്കിടയില്‍, പിതാവിന്റെ കൈയില്‍ത്തൂങ്ങി കാതങ്ങള്‍ താണ്ടിനടന്ന ഒരു ചെറിയ ബര്‍മീസ് ബാലനുമുണ്ടായിരുന്നു. ബര്‍മക്കാരിയായ മാതാവിന്റെ മരണ ത്തോടെ, മാതൃഭാഷയും മാതൃദേശവും ഉപേക്ഷിക്കേണ്ടിവന്ന ആ കുട്ടി ഇങ്ങേയറ്റത്ത് കേരളത്തില്‍ വന്ന് ഈ ഭാഷയുടെ അഭിമാനമായ ചരിത്രം, ലോകസാഹിത്യചരിത്രത്തില്‍ത്തന്നെ അനന്യമായ ഒരു സംഭവമായി.

ഇന്ന് ഗള്‍ഫ് നാടുകളിലേക്ക് മലയാളി ചേക്കേറുന്നപോലെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തലശ്ശേരിയിലും വടകരയിലും കൊയിലാണ്ടിയിലുംനിന്ന് മാപ്പിളമാര്‍ കച്ചവടത്തിനായി ബര്‍മയിലേക്കും സിങ്കപ്പൂരിലേക്കും പോയിരുന്നു. അങ്ങനെ പുറപ്പെട്ടുപോയവരില്‍ ഒരാളായിരുന്നു കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍കുട്ടി ഹാജി. മദിരാശിയില്‍നിന്ന് കപ്പല്‍കയറി ബര്‍മയിലെ റങ്കൂണിലെത്തിയവര്‍ മിക്കവരും ആ നഗരത്തില്‍ത്തന്നെ താവളമുറപ്പിച്ചപ്പോള്‍ മൊയ്തീന്‍കൂട്ടി അവിടെനിന്ന് ഏറെ ഉള്ളിലേക്കുപോയി, ചൈനീസ് അതിര്‍ത്തിയിലുള്ള ബിലെന്‍ എന്ന ഗ്രാമത്തില്‍ച്ചെന്ന് കച്ചവടം തുടങ്ങി.

ക്വയ്‌തോണ്‍ നദിയുടെ തീരത്ത് വഴിക്കച്ചവടം നടത്തുന്നവര്‍ മിക്കവരും തിബത്തന്‍ പെണ്ണുങ്ങളായിരുന്നു. അതില്‍ സുന്ദരിയായ ഒരുവള്‍, മാമെദിയുമായി മൊയ്തീന്‍കുട്ടി അടുപ്പമായി. വിവാഹം കഴിച്ചു. ആ ദാമ്പത്യത്തിന് പക്ഷേ, അല്‍പ്പായുസ്സായിരുന്നു. ഒരു മകന് ജന്മംനല്‍കിയശേഷം മാമെദി അന്ത്യശ്വാസം വലിച്ചു. അമ്മയില്ലാത്ത കുഞ്ഞിനെ 'പുയ്യം വിടുംവരെ' പോറ്റിവളര്‍ത്തിയത് മാമെദിയുടെ അനിയത്തിയായിരുന്നു. മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകും. വെള്ളത്തില്‍ മുങ്ങിപ്പോവാതിരിക്കാന്‍ നിലത്തുനാട്ടിയ മരക്കാലുകള്‍ക്ക് മുകളിലായിരുന്നു അവരുടെയെല്ലാം വീടുകള്‍. ഒരുദിവസം മൊയ്തീന്‍കുട്ടി കടയിലേക്കുപോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന അഞ്ചു വയസ്സുകാരന്‍ ഖാദര്‍ വെള്ളത്തിലേക്ക് വഴുതിവീണു. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ചൈനക്കാരനാണ് അന്ന് അവനെ വെള്ളത്തില്‍നിന്ന് മുങ്ങിയെടുത്തത്. മൊയ്തീന്‍കുട്ടിയുടെ അശ്രദ്ധകാരണമാണ് കുഞ്ഞ് വെള്ളത്തില്‍ വീണതെന്നായി അമ്മവീട്ടുകാരുടെ പക്ഷം. അവന്റെ സംരക്ഷണച്ചുമതലയെച്ചൊല്ലി ചെറിയ തര്‍ക്കം ഉടലെടുത്തു. മകനെ തനിക്കു നഷ്ടമാവുമെന്ന് ഭയന്ന മൊയ്തീന്‍കുട്ടി അവനെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ ആഗ്രഹിച്ചു.

ആ സമയത്തുതന്നെയായിരുന്നു രണ്ടാം ലോകയുദ്ധം ആരംഭിച്ചത്. ബര്‍മയില്‍ ജപ്പാന്റെ പോര്‍വിമാനങ്ങള്‍ ബോംബിങ് തുടങ്ങി. ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥികള്‍ പ്രവഹിച്ചു. മകനേയുമെടുത്ത് മൊയ്തീന്‍കുട്ടിയും അവര്‍ക്കൊപ്പംകൂടി. അരാക്കന്‍ മലനിരകളിലൂടെ, കാട്ടുവഴികളിലൂടെ നടന്ന് ചിറ്റഗോങ്ങിലെ അഭയാര്‍ഥിക്യാമ്പിലെത്തി. ബര്‍മക്കാരന്‍ കുട്ടിയെ അവിടെ ഉപേക്ഷിക്കാനായിരുന്നു കൂടെയുണ്ടായിരുന്നവര്‍ ഉപദേശിച്ചത്. പക്ഷേ, മൊയ്തീന്‍കുട്ടി മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. കല്‍ക്കത്തയിലേക്കും അവിടെനിന്ന് തീവണ്ടിയില്‍ നാട്ടിലേക്കും എത്തി. മഞ്ഞമുഖവും പരന്ന മൂക്കുമുള്ള കുട്ടിയെക്കണ്ട് പലരുടെയും നെറ്റിചുളിഞ്ഞു. എന്നാല്‍, മൊയ്തീന്‍കുട്ടിയുടെ ഉമ്മ പാത്തുമ്മ അവനെ വാരിയെടുത്തു. ''ഇവന്‍ എന്റെ മോനാ, ഞാന്‍ പോറ്റിക്കോളാം'' അവര്‍ പറഞ്ഞു.

മൊയ്തീന്‍കുട്ടി പിന്നെയും ബര്‍മയിലേക്ക് പോയെങ്കിലും കുഞ്ഞുഖാദറിനെ കൊണ്ടുപോയില്ല. അവന്‍ കൊയിലാണ്ടിയില്‍ത്തന്നെ വളര്‍ന്നു. മലയാളം അറിയാത്ത ഖാദറിന് കൊക്കോയി (ബാപ്പയുടെ മരുമകന്‍ അബ്ദുറഹ്മാന്‍) തുണയായി. മൊയ്തീന്‍കുട്ടിക്കൊപ്പം കുറച്ചുകാലം ബര്‍മയിലുണ്ടായിരുന്ന കൊക്കോയിയായിരുന്നു കുഞ്ഞുഖാദറിന്റെ ദ്വിഭാഷി. ഏഴാം വയസ്സില്‍ കൊയിലാ ണ്ടി മാപ്പിള എലിമെന്ററി സ്‌കൂളില്‍ ചേര്‍ന്നശേഷം അവിടത്തെ അധ്യാപകന്‍ ഗോപാലന്‍ മാസ്റ്ററാണ് മലയാളം പഠിപ്പിച്ചത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉമ്മാമ്മ മരിച്ചു. പിന്നെ ഖാദറിന്റെ സംരക്ഷണച്ചുമതല ബാപ്പയുടെ രണ്ടാം ഭാര്യ ഏറ്റെടുത്തു. കൊയിലാണ്ടിക്കാരി തന്നെയായ എളാമ്മയുടെ അമേത്ത് എന്ന വീട്ടില്‍ ഖാദര്‍ താമസമായി. അമേത്ത് വീട്ടില്‍ ഖാദര്‍ താമസിച്ചിരുന്ന ചായ്പിന് അപ്പുറമായിരുന്നു തട്ടാന്‍ ഇട്ട്യേമ്പിയുടെ സര്‍പ്പക്കാവ്. ജനല്‍ തുറന്നിട്ട് അവന്‍ അങ്ങോട്ടേക്ക് നോക്കിയിരുന്ന് ഏകാന്തമായ ബാല്യം കഴിച്ചു. ഇട്ട്യേമ്പിയെയും സര്‍പ്പക്കാവിനെയും കുറിച്ച് കേട്ട കഥകള്‍ കുഞ്ഞുഖാദറിന്റെ മനസ്സില്‍ കഥയുടെ ബീജങ്ങള്‍ ആവാഹിച്ചുനിറച്ചു. പില്‍ക്കാലത്ത് തൃക്കോട്ടൂര്‍ പെരുമയും പന്തലായനി കഥകളുമായി അത് പടര്‍ന്നുപന്തലിച്ചു.

എളാമ്മയുടെ വീട്ടില്‍ അനുഭവിച്ചിരുന്ന ഏകാന്തതയും അനാഥത്വവും അവനിലെ എഴുത്തുകാരനെ ഉണര്‍ത്തി. മറ്റുകുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ഉല്ലാസത്തോടെ കഴിയുമ്പോള്‍ ഉറ്റകൂട്ടുകാര്‍ പോലുമില്ലാത്ത ബര്‍മക്കാരന്‍ പയ്യന്‍ വിഷാദിയായി. തന്നെ ഒറ്റയ്ക്കാക്കി ബര്‍മയിലേക്കുപോയ ബാപ്പയെ അവന്‍ പ്രാകി.

ഒറ്റപ്പെടലിന്റെ വേദനയുമായി കഴിയുന്ന ഒരു ദിവസമാണ് അവനുമുന്നില്‍ സാഹിബ് പ്രത്യക്ഷപ്പെടുന്നത്. അവന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ആ വലിയ മനുഷ്യന്‍ ഒരു പുസ്തകം അവനുനേരെ നീട്ടി. ഒറ്റദിവസംകൊണ്ടുതന്നെ ആ കഥാപുസ്തകം അവന്‍ വായിച്ചുതീര്‍ത്തു. അതിലെ നായകന്‍ മജീദിന്റെ ദുരന്തമോര്‍ത്ത് ഏറെനേരം കരഞ്ഞു. സാഹിത്യത്തിന്റെയും എഴുത്തിന്റെയും ലോകത്തേക്ക് അവന്‍ വലിച്ചടുപ്പിക്കപ്പെട്ടത് ആ സംഭവത്തോടെയായിരുന്നു. ആ പുസ്തകം മലയാള സാഹിത്യത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയും പുസ്തകം അവന് സമ്മാനിച്ച സാഹിബ് പില്‍ക്കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയുമായിരുന്നു. അമേത്ത് വിടിന് അയല്‍പ്പക്കത്തുള്ള ബംഗ്ലാവില്‍ താമസിച്ചിരുന്നവരുടെ ബന്ധുവായിരുന്ന സി.എച്ച്. അവിടെ ഒരു കല്യാണം കൂടാനെത്തിയതായിരുന്നു.

''മഹാനായൊരു മനുഷ്യന്‍ ശ്രേഷ്ഠമായൊരു കൃതിയുമായി അന്ന് എന്റെമുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നത് ഇന്ന് ആലോചിച്ചുനോക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. എന്റെ ജാതകം തിരുത്തിക്കുറിച്ച മഹാസംഭവമായിരുന്നു അത്''  വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ചോര്‍ന്നുപോവാത്ത വിസ്മയത്തോടെയാണ് തൃക്കോട്ടൂരിന്റെ ചരിത്രകാരന്‍ അതിനെക്കുറിച്ച് ഓര്‍ക്കുന്നത്.

പുസ്തകങ്ങളോടും സാഹിത്യത്തോടുമുള്ള പയ്യന്റെ ഇഷ്ടം തിരിച്ചറിഞ്ഞ സി.എച്ച്. തന്നെ അവനെ കൊയിലാണ്ടിയിലെ സര്‍ സയിദ് അഹമ്മദ് ഖാന്‍ വായനശാലയില്‍ ചേര്‍ത്തു. വായനയുടെ വിശാലമായ ലോകത്തേക്കുള്ള വാതിലായിരുന്നു അത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ ആദ്യകഥ 'വിവാഹസമ്മാനം' സി.എച്ചിനെ തന്നെയാണ് അവന്‍ ഏല്‍പ്പിച്ചത്. അദ്ദേഹം അത് എഡിറ്റുചെയ്ത്, ഒരു വാരികയുടെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. യു.എ. ഖാദര്‍ എന്ന മഹാനായ മലയാളം എഴുത്തുകാരന്‍ അവിടെ തുടങ്ങി.

തിക്കോടിയിലെ തൃക്കോട്ടൂരില്‍ ബാപ്പയുടെ മരുമകളുടെ വീടുണ്ട്. ഇടയ്ക്ക് അവിടെപ്പോയി ഖാദര്‍ ദിവസങ്ങളോളം താമസിക്കും. ആ നാടിന്റെ വിശുദ്ധിയും നിഷ്‌കളങ്കരായ മനുഷ്യരും എഴുത്തുകാരന്റെ മനസ്സില്‍ വേരൂന്നി. അങ്ങനെ തൃക്കോട്ടൂരിന്റെ പെരുമ മലയാള സാഹിത്യത്തിലേക്ക് ചേക്കേറി.

കഥാസമാഹാരങ്ങളും നോവലുകളും ലേഖനങ്ങളുമായി അമ്പതിലധികം ഗ്രന്ഥങ്ങള്‍ ഖാദര്‍ മലയാളത്തിന് സമ്മാനിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം മദ്രാസില്‍ച്ചെന്ന് കോളേജ് ഓഫ് ആര്‍ട്‌സില്‍നിന്ന് ചിത്രകല പഠിച്ച ഖാദറിന് വരയും എളുപ്പം വഴങ്ങും. ഇദ്ദേഹത്തിന്റെ പെയ്ന്റിങ്ങുകളിലും തൃക്കോട്ടൂര്‍ പെരുമ തുളുമ്പിനില്‍ക്കുന്നു. തെയ്യവും തിറയും നനഞ്ഞ മണ്ണും നാടുമാണ് കാന്‍വാസിലും പുനര്‍ജനിച്ചത്.

തൃക്കോട്ടൂരിലെ ബന്ധുവീട്ടിലെ കുട്ടി ഫാത്തിമയെ ആണ് ഖാദര്‍ 23ാം വയസ്സില്‍ ജീവിതപങ്കാളിയാക്കിയത്. അഞ്ചുമക്കള്‍  ഫിറോസ്, കബീര്‍, അദീപ്, സറീന, സുലേഖ. നിലമ്പൂരിലെ മരക്കമ്പനിയില്‍ കണക്കെഴുത്തുകാരന്‍, സര്‍ക്കാര്‍ ആസ്പത്രികളിലെ ഗുമസ്തന്‍, ആകാശവാണിയിലെ തിരക്കഥയെഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍... അങ്ങനെ പല വേഷങ്ങള്‍ കെട്ടിയാടിയപ്പോഴും തന്നെ ദത്തെടുത്ത നാടിന്റെ തനിമയും ഗ്രാമീണമായ വിശുദ്ധിയും എഴുത്തുകാരന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. മലയാളത്തിന്റെ മണ്ണില്‍ പിറന്നിട്ടും മനസ്സുകൊണ്ട് മെട്രോ നഗരങ്ങളില്‍ ജീവിക്കുകയും അവിടത്തെ കാഴ്ചകള്‍ മാത്രം കാണുകയും എഴുതുകയും ചെയ്ത പുതിയ തലമുറയ്ക്കുമുന്നില്‍ ഒരു ഓര്‍മപ്പെടുത്തലെന്നപോലെ ഖാദറിന്റെ പെരുമയുറ്റ സൃഷ്ടികള്‍ തലയുയര്‍ത്തിനില്‍ക്കുന്നു.

( 2016 ജൂലായ് 17ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനപ്രസിദ്ധീകരണം)

യു. എ. ഖാദറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: U. A. Khader honored with Mathrubhumi Literary Award

PRINT
EMAIL
COMMENT
Next Story

മരണബോധം മൂലധനമാക്കിയ പ്രതിഭാശാലി

കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച ആപ്പിളിന്റെ .. 

Read More
 

Related Articles

മാതൃഭൂമി സാഹിത്യ പുരസ്‌കാരം യു.എ ഖാദറിന് സമ്മാനിച്ചു
Books |
Books |
മാതൃഭൂമി പുരസ്‌കാരം സാഹിത്യജീവിതത്തിലെ ഏറ്റവുംവലിയ അംഗീകാരം -യു.എ. ഖാദര്‍
Books |
മാതൃഭൂമി സാഹിത്യ പുരസ്‌കാരം യു.എ. ഖാദറിന്
Books |
കഥകളുണര്‍ത്തിയ നാട്ടുവഴികളേ, നന്ദി; എണ്‍പത്തിനാലിന്റെ നിറവില്‍ യു.എ. ഖാദര്‍
 
More from this section
Steve Jobs
മരണബോധം മൂലധനമാക്കിയ പ്രതിഭാശാലി
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
കസ്തൂര്‍ബ എപ്പോഴെങ്കിലും ആ കൊച്ചുകൊട്ടാരത്തിലെ മുറികളെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാവുമോ?
പുസ്തകത്തിന്റെ കവര്‍
ദുരിതപൂര്‍ണമായ ജീവിതത്തിനു തുടക്കംകുറിച്ച കസ്തൂര്‍ബ
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
'അറുപത്തിരണ്ട് സംവത്സരങ്ങളുടെ പരിസമാപ്തി. ചിതയൊടുങ്ങിത്തീരുന്നതു വരെ ഞാനിവിടെത്തന്നെ നിന്നോട്ടെ...'
ov vijayan
തൊഴില്‍രഹിതര്‍ വീണ്ടും കാര്‍ട്ടൂണുകളില്‍ ഇടംപിടിക്കുമ്പോള്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.