നസ്സിനകത്തെ 'ദണ്ണം' ആരുടെ മുന്നിലാണ് എണ്ണിപ്പറയേണ്ടതെന്ന 'ചൂടാന്തര'ത്തിലാണ് ഞാനിപ്പോഴുള്ളത്. രണ്ടുവര്‍ഷംമുമ്പാണെന്നൂഹം. അന്‍സാരി പാര്‍ക്കിനകത്ത് എന്റെയും ഒരു കഥാപാത്രത്തെ ശില്പമാക്കി ഉരുവപ്പെടുത്തി തിരുവനന്തപുരത്തുകാരനായ ഒരു ശില്പി സ്ഥാപിച്ചു. 'വരോളിക്കാവില്‍ ഓലച്ചൂട്ടുതെറ' എന്ന കഥയിലെ 'ചൂട്ടുചാത്തു' എന്ന കഥാപാത്രം.

രാത്രിപുലരുവോളം തൃക്കോട്ടൂര്‍ അങ്ങാടിമുക്കില്‍ വെറ്റിലച്ചന്ത നടക്കുന്നിടത്തെ കാവിനരികെ ചൂട്ടുവില്‍ക്കാനിരിക്കുന്ന കഥാപാത്രം. ഏതുനട്ടപ്പാതിരയ്ക്കും വഴിയാത്രക്കാര്‍ക്ക് ചൂട്ടുവില്‍ക്കാനിരിക്കുന്ന 'ചൂട്ടുചാത്തു' എന്ന കഥാപാത്രം ശില്പമായി എനിക്ക് കണ്ടമാത്രയില്‍ത്തന്നെ ബോധിച്ചു. ശില്പിയുടെ മനസ്സില്‍ അദ്ദേഹത്തിന്റെ കലാവൈഭവം 'മെനഞ്ഞ് പൊലിപ്പിച്ച്' പാകമാക്കിയ ശില്പങ്ങള്‍ വേറെയും അന്‍സാരിപാര്‍ക്കിലുണ്ടല്ലോ. എം.ടി.യുടെ 'രണ്ടാമൂഴ'ത്തിലെ കഥാപാത്രം, വത്സലടീച്ചറുടെ 'നെല്ലി'ലെ കഥാപാത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ  കഥാപാത്രം... കോഴിക്കോട്ടുകാരായിത്തീര്‍ന്ന പ്രതിഭാശാലികളെ ഓര്‍മിക്കാനുള്ള ഒരു പദ്ധതി.

എം. ഭാസ്‌കരന്‍ കോഴിക്കോട് മേയറായിരുന്ന അവസരത്തിലാണ് കൗതുകജനകമായ ഇവ്വിധമൊരു പദ്ധതിക്ക് തുടക്കംകുറിച്ചത് എന്നാണോര്‍മ. കോഴിക്കോട്ടുകാരായിത്തീര്‍ന്ന ഉറൂബ്, കെ.ടി.മുഹമ്മദ്, തിക്കോടിയന്‍, യു.എ.ഖാദര്‍ തുടങ്ങിയവരുടെയും കോഴിക്കോട്ടുകാരന്‍തന്നെയായിരുന്ന എസ്.കെ. പൊെറ്റക്കാട്ട്, വത്സല എന്നിവരുടെയും കഥാശില്പങ്ങള്‍ സ്ഥാപിക്കാനായിരുന്നു ആദ്യഘട്ടപദ്ധതി. ഇതുസംബന്ധമായ പ്രാഥമിക കൂടിയാലോചനകളുടെ ഭാഗമായി ഓരോ എഴുത്തുകാരെയും സമീപിച്ച് ശില്പി പരസ്പരം ആശയവിനിമയങ്ങള്‍  തുടങ്ങിയിരുന്നു. 

എം.ടി.യുടെയും ബഷീറിന്റെയും വത്സലയുടെയും കഥാപാത്രശില്പങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കി സ്ഥാപിച്ചു. പിന്നീടാണ് എസ്.കെ. പൊെറ്റക്കാട്ടിന്റെ 'തെരുവിന്റെ കഥ'യെന്ന കൃതിയിലെ കഥാപാത്രമായ 'ഓമഞ്ചി'യുടെയും എന്റെ കഥാപാത്രമായ 'ചൂട്ടുചാത്തു'വിന്റെയും ശില്പങ്ങള്‍ സ്ഥാപിച്ചത്.

മേയറായി പ്രേമജം അധികാരമേറ്റെടുത്ത സമയം. ശില്പസംബന്ധിയായ കാര്യങ്ങള്‍ ഡെപ്യൂട്ടി മേയറായ അബ്ദുള്‍ലത്തീഫാണ് കൈകാര്യം ചെയ്തിരുന്നത്. തിക്കോടിയന്റെയും കെ.ടി.മുഹമ്മദിന്റെയും ഉറൂബിന്റെയും കഥാശില്പങ്ങളുടെ പണിപ്പുരയിലാണ് ശില്പിയെന്ന് ഞാനറിഞ്ഞിരുന്നു. എന്റെ ഒരു ഉള്‍സന്തോഷം പൂര്‍ത്തിയാക്കി സ്ഥാപിക്കുന്ന സ്വന്തം കഥാപാത്രത്തെ എനിക്ക് കാണാനായല്ലോ എന്നതായിരുന്നു. ഒപ്പം, തെരുവിന്റെ കഥയില്‍ എസ്.കെ. പൊലിപ്പിച്ചെടുത്ത് അക്ഷരത്തില്‍ ശാശ്വതമാക്കിയ ഓമഞ്ചിയെയും സ്ഥാപിക്കുന്നുണ്ടല്ലോ.

കാല്‍മുട്ടിന്റെ വയ്യായ്കകാരണമാവാം ശില്പം അന്‍സാരിപാര്‍ക്കില്‍ സ്ഥാപിക്കുന്ന ചടങ്ങിന് എന്നെയാരും ക്ഷണിച്ചില്ല. വിവരമെന്നെ അറിയിച്ചത് സുഹൃത്ത് ഭാസി മലാപ്പറമ്പായിരുന്നു. (ആകാശവാണിക്കാലത്ത് വൈകുന്നേരം ഓഫീസ് വിട്ടുവന്നാല്‍ ഞങ്ങള്‍ ഒത്തുകൂടാറുള്ളയിടമാണ് അന്‍സാരിപാര്‍ക്ക്. പാര്‍ക്കിന്റെ നടുവിലെ കൂടാരപ്പുരയില്‍ സ്ഥാപിച്ച റേഡിയോവിലൂടെ പ്രസരിക്കുന്ന പരിപാടികള്‍ ശ്രദ്ധിക്കാം, സൊറപറയാം, ചങ്ങാതിമാര്‍ക്ക് കൂടെയിരുന്ന് നാട്ടുനുരുമ്പിരിയായിരങ്ങള്‍ നുള്ളിപ്പൊറുക്കിപ്പറയാം. ആ ഓര്‍മകള്‍ മനസ്സില്‍ വറ്റാതെയുള്ളതുകൊണ്ടാവും പഴയ ചങ്ങാതിയെ ഭാസി ഓര്‍ത്തതും ചടങ്ങിന് ക്ഷണിച്ചതും).

അറിഞ്ഞസ്ഥിതിക്ക് പാര്‍ക്കില്‍ ശില്പം പ്രതിഷ്ഠിക്കുന്ന നേരത്ത് അവിടെ ഞാന്‍ ക്ഷണിക്കാതെതന്നെ എത്തിപ്പെട്ടു. കഥാപാത്രത്തിന്റെ ഉടമക്കാരന്‍ വന്നതറിഞ്ഞ് മേയറും ഡെപ്യൂട്ടി മേയറും ശില്പങ്ങള്‍ ഉദ്ഘാടനംചെയ്യാമെന്നേറ്റ വത്സലയും ഒന്നിച്ചാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചത്. വടിയൂന്നിനടന്ന എന്നെയും താത്കാലിക സ്റ്റേജില്‍ക്കയറ്റി രണ്ടുവാക്ക് പറയാന്‍ ക്ഷണിച്ചു. 

കുട്ടികള്‍ക്കായി ഉദ്ദേശിച്ച് നിര്‍മിക്കാന്‍ പദ്ധതിയിട്ട പാര്‍ക്കില്‍ 'രണ്ടാമൂഴത്തി'ലെയും 'നെല്ലി'ലെയും  'ചുവന്നകടലി'ലെയും 'ആനവാരിയും പൊന്‍കുരിശും' എന്ന കൃതിയിലെയും ഒരു തെരുവിന്റെ കഥയിലെയും പ്രത്യേക കഥാപാത്രങ്ങളെ ഇമ്മട്ടില്‍ ശില്പങ്ങളായി പ്രദര്‍ശിപ്പിക്കുന്നത് ഭാവിയിലെ വായനസമൂഹത്തിന് ഏറെ പ്രയോജനം ചെയ്യും. കൃതികളുമായി വായനക്കാര്‍ക്ക് ഇടപഴകാനും സഹൃദയസദസ്സുകള്‍ക്ക്  ചര്‍ച്ചചെയ്യാനും അവസരവും പ്രേരണയും ഉണ്ടാക്കും എന്നെല്ലാം ശില്പങ്ങള്‍കണ്ട ആവേശത്തില്‍ ഞാനും പറഞ്ഞു. വീണ്ടും വീണ്ടും ഭീമനെയും ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശുതോമായെയും ഓമഞ്ചിയെയും നോക്കി നോക്കി കണ്ണും മനസ്സും നിറഞ്ഞ് ഞാനെന്റെ 'ചൂട്ട് ചാത്തുവി'നെ പ്രതിഷ്ഠിച്ച ഇടത്തിലേക്ക്  നടന്നുചെന്നു അവിടെ അല്പനേരംകൂടി ഇരുന്നു.

u a khader
ചൂട്ടെവിടെ കൈയെവിടെ.... കോഴിക്കോട് അന്‍സാരി പാര്‍ക്കില്‍ സ്ഥാപിച്ച തന്റെ ഓലച്ചൂട്ടുതെറ
എന്ന കഥയിലെ കഥാപാത്രമായ ചാത്തുവിന്റെ ചൂട്ടും കൈയ്യും നഷ്ടപ്പെട്ട രൂപം
വീക്ഷിക്കുന്ന യു.എ.ഖാദര്‍. ചിത്രം: കെ.കെ. സന്തോഷ്.

അന്‍സാരിപാര്‍ക്കിലെ പഴയ സന്ദര്‍ശകന്‍ വര്‍ഷങ്ങള്‍ക്കുശേഷം അന്നാണ് അതിനകത്ത് കയറിച്ചെന്നത്. പാര്‍ക്കിനുനടുവില്‍  കുഴിമാന്തി, പടവുകള്‍ പണിത്, മ്യൂസിക് ഫൗണ്ടേഷന്‍ പരിപാടി ടിക്കറ്റുവെച്ച് നടത്താനാരംഭിച്ച നാള്‍മുതല്‍ അതിനകത്തെ പ്രവേശനം 'അടച്ചുപൂട്ടി ബന്ദാക്കി'യിരുന്നു. ടിക്കറ്റെടുത്ത്  'വെള്ളച്ചാട്ടവെളിച്ചം' അതിന്റെ സംഗീതപുതുമ വറ്റിയശേഷം ആളില്ലാപരുവത്തിലായി. കരാറെടുത്തവര്‍ പൂട്ടി സ്ഥലംവിട്ടു. ഇവ്വിധം ഇരുള്‍താവള കുസൃതികള്‍ക്കുള്ള ആളുകേറാ സ്ഥലമാണല്ലോ അത്. വീണ്ടും വെളുപ്പിച്ച് അടിക്കാടുകള്‍ ചുട്ടുവെടിപ്പാക്കി സാഹിത്യവിദ്യാര്‍ഥികള്‍ക്കുള്ള സാംസ്‌കാരികതാവളമാക്കി മാറ്റാന്‍തുനിയുന്നത് നല്ലകാര്യംതന്നെ.  സാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ ശില്പരൂപത്തില്‍ കണ്ടാസ്വദിച്ചും സംവേദനത്തിന്റെ ഒരു ശീതളച്ഛായയുണ്ടാവുകയാണല്ലോ -ഞാന്‍ മനസ്സില്‍കരുതി.

നഗരമെമ്പാടുമുള്ള സാംസ്‌കാരികസദസ്സുകളില്‍നിന്ന് തലയൂരി ചെന്നിരിക്കാന്‍ ശില്പങ്ങളുടെ സാമീപ്യം ഒരുപാര്‍ക്ക്.  അങ്ങനെത്തന്നെയാവുമെന്നാണ് ആശ്വസിച്ചത്. അല്പം അഹങ്കാരവുമുണ്ടായിരുന്നു. എഴുത്തിന്റെ  എരിപൊരിസഞ്ചാരത്തില്‍ മനസ്സില്‍വാര്‍ന്നുവരുന്ന  കഥാപാത്രങ്ങള്‍ മറ്റൊരുകലാകാരന്റെ ഭാവനയിലൂടെ പുനരവതരിക്കുക. വായനക്കാരന്റെ മനസ്സ് രൂപപ്പെടുത്തുന്ന കഥാപാത്രം ശില്പമായി നഗരത്തിന്റെ കണ്ണായ ഇടത്തില്‍ നിലയുറപ്പിക്കുക. അതില്‍ ഞാനുണ്ടല്ലോ, എന്റെ കഥാപാത്രം  ചൂട്ടുചാത്തു കൈയിലൊരു ചൂട്ടും പിടിച്ച് വഴിയാത്രക്കാരെ ഉറ്റുനോക്കിയിരിപ്പുണ്ടല്ലോ. എഴുത്തുകാരന് സന്തോഷംകൊള്‍വാന്‍ വേറെയെന്തുവേണം. ഇതുവഴിപോകുമ്പോള്‍ എപ്പോഴും കണ്ണ് അങ്ങോട്ടുപാറും. ചാത്തു അവിടെയുണ്ട്. ഓമഞ്ചി ഇപ്പുറത്തുണ്ട്. ഭീമന്‍ ഗെയ്റ്റിനരികിലുണ്ട്. ആനവാരി രാമന്‍ നായരും ഉണ്ട്. 

ഇതിനിടയിലാണ് ഒരുദിവസം മഹാനായ എഴുത്തുകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഓമഞ്ചി'യെന്ന കഥാപാത്രം മഴയേറ്റ്, വൃക്ഷക്കമ്പിന്റെ തള്ളലേറ്റ് താഴെ വെറും നിലത്ത് വീണുകിടക്കുന്നു. അനാഥനായി മണ്ണില്‍ ആശ്രയമറ്റുകിടക്കുന്ന  ഓമഞ്ചി. ഞാനെന്റെ ചൂട്ടുചാത്തുവിനെ നോക്കി. ചാത്തുവിന്റെ കൈപ്പടം അറ്റുകിടക്കുന്നു. കൈയിലേന്തിയ ചൂട്ട്  ചതഞ്ഞ് തകര്‍ന്നുകിടക്കുന്നു; നിസ്സഹായനായി ആകാശം നോക്കി മിഴിചിരിക്കുന്ന ചൂട്ടുചാത്തു.

മനസ്സില്‍ കുത്തേറ്റതുപോലെയായി. എഴുത്തിന്റെ ചൂടും ആന്തലും മനസ്സില്‍ കിളിര്‍ക്കേ അക്ഷരങ്ങളായി വാര്‍ന്നുവീണ എന്റെ കഥാപാത്രത്തിന്റെ ഗതി. ഒരു കഥാപാത്രത്തിന് വായനക്കാരന്റെ ഉള്‍മനസ്സില്‍ എവിടെയും വീഴാം. അംഗഭംഗം സംഭവിക്കാം. അത് ആസ്വാദനത്തിന്റെ പ്രശ്‌നമാണ്. സാഹിത്യ കൃതിയും വായനക്കാരനും തമ്മിലുള്ള ഇടപഴകലിന്റെ സാംസ്‌കാരികചൈതന്യം അതിനുണ്ട്. എന്നാല്‍, ആ കഥാപാത്രം ഒരു ശില്പിയുടെ മൂശയില്‍ ഉണ്മയായപ്പോള്‍ അതിനുസംഭവിക്കുന്ന കേടുപാടുകള്‍ ശില്പിക്കുള്ളതുപോലെ കഥാപാത്രസ്രഷ്ടാവിനും ഉണ്ട്.  അതാണിപ്പോള്‍ എനിക്കുള്ളത്.

ഉദ്ഘാടനദിനം ഞാനനുഭവിച്ച ആത്മഹര്‍ഷം ഇപ്പോള്‍ മനസ്സിലെ അഗ്‌നിയായിത്തീര്‍ന്നിരിക്കുന്നു. ജീവനോടെ ചിതയില്‍ ദഹിക്കുന്ന സന്തതിയെ വെറുംകണ്ണാലെ, വെറുംമനസ്സാലെ നോക്കിനില്‍ക്കേണ്ടിവരുന്ന സ്രഷ്ടാവിന്റെ മനോവ്യഥ. അതെനിക്ക് പറഞ്ഞുപൊലിപ്പിക്കാനോ പറഞ്ഞുബോധ്യപ്പെടുത്താനോ വയ്യല്ലോ. മാപ്പ്, ഇത് കെടുകാഴ്ച. ഓമഞ്ചിയുടെ വിറങ്ങലിച്ച് മലര്‍ന്ന് മണ്ണില്‍ നിസ്സഹായനായിക്കിടക്കുന്ന ശരീരം. സിമന്റിലും കമ്പിയിലും തീര്‍ത്ത ശില്പമാണെങ്കിലും ഓമഞ്ചിക്ക് എസ്.കെ. ഊതിക്കൊടുത്ത ഒരു ജീവമന്ത്രമുണ്ട്. എന്തിനത് ഊതിക്കെടുത്തണം? ചൂട്ടുചാത്തുവിന് സിമന്റും കമ്പിയും മാത്രമല്ല ഉള്ളത്. എന്റെ ശരീരത്തിലൂടെ ഇപ്പോഴും പ്രവഹിക്കുന്ന ചുടുനിണ ചാലുകളിലെ ചൂടുണ്ട്. ഞാനിരിക്കെ, ഞാന്‍ കാണ്‍കെ അതിന് പിണ്ഡം വെക്കരുത്.