കളെ ഉറക്കാൻ കിടത്തുമ്പോൾ പറഞ്ഞുകൊടുക്കാനായി കുറിഞ്ഞിപ്പൂച്ചയുടെ കഥയുണ്ടാക്കിയ അമ്മയിൽ നിന്നാണ് സുമംഗല എന്ന എഴുത്തുകാരിയുടെ ഉദയം. സുമംഗല എഴുതുമ്പോൾ അവർ മക്കളെയും പേരക്കുട്ടികളെയും സങ്കല്പിച്ച് അവർക്ക് കഥപറഞ്ഞുകൊടുക്കും മട്ടിൽ എഴുതും. സുമംഗല കഥ എഴുതുകയല്ല പറയുകയാണ് ചെയ്യുന്നത്. ഈ കഥ കേട്ടിട്ടുണ്ടോ എന്ന് അവർ മൗനമായി ചോദിക്കുന്നതുപോലെ. ഇല്ലെങ്കിൽ കേട്ടോളൂ എന്നു പറഞ്ഞ് കഥ പറയുന്നതുപോലെ.

സുമംഗലയുടെ ശബ്ദം വളരെ സുതാര്യമായിരുന്നു. അതേ സുതാര്യത തന്നെയായിരുന്നു എഴുത്തിനും. അതിന്റെ പശ്ചാത്തലം ഒളപ്പമണ്ണ മനയാണ്. ഒളപ്പമണ്ണ മനക്കലെ ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാടിന്റെ മകളാണ് ലീല എന്ന സുമംഗല. മനയിലെ വേദ-സംഗീത-വാദ്യകലാ-സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിൽ വളർന്ന ബാല്യത്തിലെ സമസ്ത സമ്പത്തും അവരുടെ എഴുത്തിലുണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ വെള്ളിനേഴ് എന്ന പ്രദേശത്തെ കഥകളിയിലെ പച്ചവേഷത്തോടാണ് കവി ഒളപ്പമണ്ണ ഉപമിച്ചിട്ടുള്ളത്. അത്യന്തം ഗ്രാമീണമായ പ്രകൃതി. തനി വള്ളുവനാടൻ ഈണത്തിലുള്ള സംസ്കാരം. ഈ വള്ളുവനാടൻ നമ്പൂതിരി ഭാഷയിലെ കുലീനവും സ്വച്ഛവും നിഷ്കളങ്കവും സത്യസന്ധവുമായ വായ്മൊഴിയെ വരമൊഴിയാക്കുകയാണ് സുമംഗല ചെയ്തത്.

സുമംഗലഭാഷ നേർരേഖീയമാണ്. സുന്ദരമലയാളത്തിലെ തെളിനീരൊഴുക്ക്. കുന്തിപ്പുഴയിലെ കലങ്ങാത്ത വെള്ളത്തിന്റെ സ്വച്ഛപ്രവാഹം പോലെയായിരുന്നു ആ എഴുത്ത്. രാമായണവും മഹാഭാരതവും ഭാഗവതവും പഞ്ചതന്ത്രവുമെല്ലാം അവർക്ക് ഒരുപോലെ വഴങ്ങി. 'മഞ്ചാടിക്കുരു'വും 'നെയ്പ്പായസ'വുമെല്ലാം സുമംഗലയുടെ സർഗാത്മകതയുടെ കൊടിയടയാളമായി മാറി. സംഗ്രഹീതപുനരാഖ്യാനത്തിൽ സുമംഗലയെ വെല്ലുന്ന ബാലസാഹിത്യകാരന്മാർ ഉണ്ടായില്ല. പുരാണത്തിലെ അപൂർവകഥകൾ ഖനിച്ചെടുത്ത് അതിനെ സാരവത്തായി കുറുക്കിയെഴുതാനുള്ള സുമംഗലയുടെ കൈയടക്കവും കൈയൊതുക്കവും അസാധാരണമായിരുന്നു.

'മധ്യം പൊട്ടിനുറുങ്ങി വിലസുന്ന ശുദ്ധക്കണ്ണാടി കാന്തിചിതറും നീർ' എന്ന് കുമാരനാശാൻ എഴുതിയതിനെ ഓർമിപ്പിക്കുന്നതായിരുന്നു സുമംഗലയുടെ ഭാഷ. ഭാരതത്തിലെ മഹത്ത്വവും മഹിതവുമായ കഥാപൈതൃകം; കേരളീയനാടൻ കഥനപാരമ്പര്യം എന്നിവയുടെ അക്ഷയഖനിയായിരുന്നു ആ മനസ്സ്. അഞ്ചുതലമുറയെ തുല്യമായി വായിപ്പിക്കാൻ കഴിഞ്ഞ കൃതാർഥത അനുഭവിച്ചാണ് അവർ കണ്ണടച്ചത്.

കുട്ടികൾക്കായി എഴുതുമ്പോൾ അവരുടെ മന:ശാസ്ത്രം അറിഞ്ഞിരിക്കണം. നന്തനാരും കെ.പി രാമനാഥനും മാലിയും പി.നരേന്ദ്രനാഥും എഴുതിയ ബാലസാഹിത്യകൃതികളിൽ നിന്ന് അമ്മമനസ്സിലെയും മാതൃത്വത്തിലെയും അലിവാണ് സുമംഗലയുടെ കഥകളെ വേറിട്ടുനിർത്തിയത്. അവർ അമ്മയായും മുത്തശ്ശിയായും മാറിമാറി കഥകൾ പറഞ്ഞുകൊണ്ടിരുന്നു. ഭാഷയുടെ ചാരുത നഷ്ടപ്പെടാതെ എൺപതാം വയസ്സിലും അവർ കഥകൾ എഴുതി. വിവാഹം കഴിഞ്ഞ് വടക്കാഞ്ചേരിയിലെ ദേശമംഗലത്ത് മനയിൽ എത്തിയശേഷമാണ് അവർ എഴുതാൻ തുടങ്ങിയതെങ്കിലും ഒളപ്പമണ്ണ മനയിൽ നിന്നും കിട്ടിയ അച്ഛനമ്മമാരുടെ പാരമ്പര്യമാണ് അവർക്ക് തുണയായത്. അതിഭാവുകത്വമോ അലങ്കാരാധിക്യമോ ഇല്ലാതെ കുട്ടികളുടെ മനസ്സിലേക്ക് നേരിട്ട് ഇറങ്ങി അവരുടെയുള്ളിൽ ദൃശ്യംപോലെ സുസ്ഥാപിതമാകാൻ കെല്പുള്ള ഭാഷ സുമംഗലയുടെ മാത്രം സ്വത്തായിരുന്നു. കുട്ടിക്കാലത്ത് കണ്ടുശീലിച്ച കഥകളിയിൽ നിന്നാണ് ഈ ദൃശ്യസംസ്കാരം അവർക്കു ലഭിച്ചത്. കേട്ടുവളർന്ന വേദസൂക്തങ്ങളിൽ നിന്നാണ് കുറുക്കിയെഴുത്തുകല അവർക്ക് സ്വായത്തമായത്.

മലയാളത്തിലെ ബാലസാഹിത്യശാഖയുടെ സമ്പന്നതയ്ക്ക് സുമംഗലയുടെ പുസ്തകങ്ങൾ വലിയ ഘടകമായിട്ടുണ്ട്. കുട്ടികളോടുള്ള വാത്സല്യമാണ് അവരുടെ എഴുത്തിൽ ആന്തരശ്രുതിയായി വർത്തിച്ചത്. സാഹിത്യചരിത്രത്തിൽത്തന്നെ ഒറ്റപ്പെട്ട ഈ കഥാമുത്തശ്ശി മരിച്ചു. അവർ പറഞ്ഞ കഥകൾ അനശ്വരമാകുന്നു.

Content Highlights :Tribute to Writer Sumangala by Dr NP Vijayakrishnan