റ്റവും സൂക്ഷ്മമായ വായനയാണ് വിവര്‍ത്തനമെന്ന് നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'ഇന്റിമേറ്റ് ആക്ട് ഓഫ് റീഡിംഗ് 'എന്ന് ഗായത്രി ചക്രവര്‍ത്തി സ്പിവാക്. അതിന്റെ അസാദ്ധ്യതയെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നുണ്ട്. ആ അസാദ്ധ്യതയെ സാദ്ധ്യമാക്കാനുള്ള പരിശ്രമമാണ് വിവര്‍ത്തകന്‍ നടത്തുന്നത്. അതിനായി മൂലകൃതിയുടെ ഭാഷാപരവും പ്രമേയപരവും ഭാവപരവുമായ ഘടനയെ വിവര്‍ത്തകന്‍ നന്നായി ഉള്‍ക്കൊള്ളണം .അവിടെ വീശുന്ന കാറ്റുകള്‍, പെയ്യുന്ന മഴകള്‍, ഉയരുന്ന ഈണങ്ങള്‍ എല്ലാം നാം ഭാഷയിലേക്ക്, വീണ്ടെടുക്കണം. മൂലകൃതിയുടെ ജൈവലോകങ്ങളത്രയും വിവര്‍ത്തനം ചെയ്യുന്ന ഭാഷയില്‍ പുന:സൃഷ്ടിക്കണം. ഇവിടെ ഭാഷയെന്ന വാഹനം അതിന്റെ എല്ലാ സാങ്കേതികത്വവും വിട്ട് ജൈവമായ കലാമാധ്യമമായി മാറുകയാണ്. നിശ്ചയമായും,അത് ഭാവനയുടെ, ഗ്രഹണ ശേഷിയുടെ, സൗന്ദര്യാത്മകമായ വൈഖരീവിന്യാസത്തിന്റെ ഇടമാണ്.

ഒരു വാക്കിന് പല തലങ്ങളിലുള്ള അര്‍ത്ഥങ്ങളുണ്ടാകാം. അത് നിലനില്‍ക്കുന്ന സന്ദര്‍ഭമനുസരിച്ചാണ്  അതിന്റെ പരിഭാഷാപദം സൃഷ്ടിക്കപ്പെടുന്നത്. വിവര്‍ത്തകന്റെ ഔചിത്യവും സര്‍ഗ്ഗാത്മകതയും മാത്രമാണ് അതിന്റെ അടിസ്ഥാനം. അതിനാല്‍ തന്നെ കേവല ഭാഷാജ്ഞാനം വിവര്‍ത്തനത്തിന് പോരാതെ വരും. മൂലകൃതിയുടെ പ്രമേയം, ഭാവഘടന, ഭാഷാരീതി, ഭാഷണരീതികള്‍, കൃതി പിറന്ന ദേശത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ അവസ്ഥകള്‍ എല്ലാം തന്നെ വിവര്‍ത്തകന്‍ ശ്രദ്ധിക്കേണ്ടതായി വരും. വാക്കുകളുടെ ഒരു ജൈവവ്യവസ്ഥയോടുള്ള സര്‍ഗ്ഗാത്മക വിനിമയങ്ങള്‍ തന്നെയാണ് വിവര്‍ത്തനത്തില്‍ സംഭവിക്കുന്നത്. വ്യക്തിപരമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഈയിടെ അന്തരിച്ച ഇറ്റാലിയന്‍ എഴുത്തുകാരന്‍ റോബര്‍ട്ടോ കലാസ്സോയുടെ  'ക:' എന്ന നോവലിന്റെ കാര്യമെടുക്കാം. ഭാരതീയമായ, വേദകാല പശ്ചാത്തലത്തിലുള്ള നോവലാണത്. നോവലില്‍ ആദ്യന്തം വിതാനിച്ചു നില്‍ക്കുന്നത് ഇന്ത്യന്‍ മിത്തോളജിയുടെ സൂക്ഷ്മവും ബൃഹത്തുമായ തലങ്ങളാണ്. സംസ്‌കൃത ഭാഷ നന്നായി അറിയാവുന്ന ആള്‍ കൂടിയായിരുന്നൂ കലാസോ. പൗരാണിക കാലവും മിത്തുകളും, ദര്‍ശനങ്ങളും ഭാഷയും ഒക്കെ ചേര്‍ന്ന ഒരു സംസ്കൃതി പ്രപഞ്ചത്തിലൂടെ ഭാവനയുടെ ഗരുഡപക്ഷങ്ങള്‍ വീശി പറക്കുകയാണ് കലാസ്സോ. വിവര്‍ത്തനത്തില്‍ ആ സഞ്ചാരം നാം ഉചിതമായി പിന്തുടരേണ്ടതുണ്ട്. ഭാഷയിലും ആഖ്യാനത്തിലും അതിനനുസരിച്ചുള്ള തലം സ്വീകരിക്കണം. അതിനായിരുന്നൂ ശ്രമിച്ചത്. ലോകത്തെ എതു ഭാഷയില്‍ നിന്നുള്ള കൃതികളെയും സ്വീകരിക്കുവാനുള്ള ക്ഷമത മലയാളത്തിനുണ്ട്. അസാധാരണമായ വഴക്കവും ഭംഗിയുമുള്ള നമ്മുടെ ഭാഷ, വിവര്‍ത്തനത്തിന്റെ ചാരുതകള്‍ പ്രകാശിപ്പിക്കുവാനുള്ള സാദ്ധ്യതകള്‍ നിറഞ്ഞതാണ്. ഭാഷയിലേക്കുള്ള മികച്ച വിവര്‍ത്തനങ്ങളില്‍ നമുക്കത് കാണാം. ഏറ്റവും അടുത്ത കാലത്ത് പീറ്റര്‍ മാത്തിസന്റെ സ്‌നോലെപ്പേര്‍ഡ്, ജയമോഹന്റെ തമിഴിലെഴുതിയ ചില കഥകള്‍ (മായപ്പൊന്ന്) എന്നിവയുടെ മലയാള വിവര്‍ത്തനങ്ങള്‍ വായിച്ചു. ജെനി ആന്‍ഡ്രൂസ് ആണ് മഞ്ഞുപുലിയുടെ പരിഭാഷക. മായപ്പൊന്ന് തമിഴില്‍ നിന്ന് മലയാളത്തിലാക്കിയത് പി.രാമനും. രണ്ടും ശ്രദ്ധേയങ്ങളായ പരിഭാഷകള്‍.

Content Highlights ; Translator K B Prasanna Kumar writes about the process of Translation