പൊടിപിടിച്ച - പഴകിയ ഷെല്‍ഫുകള്‍, മുറിയിലാകെ പരക്കുന്ന പഴകിയ മണം, തിരഞ്ഞാലും തിരഞ്ഞാലും കിട്ടാത്ത പുസ്തകങ്ങള്‍ ഇവയെല്ലാമായിരിക്കും ഒരു ഗ്രന്ഥശാലയെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തുന്നത്.

എന്നാല്‍ ചൈനയില്‍ ഒരു ഗ്രന്ഥശാല കണ്ടാല്‍ നിങ്ങള്‍ ശ്വാസം വിടാതെ നിന്നുപോകും. നിങ്ങളുടെ ഭാവനയ്ക്ക് പോലും അപ്പുറത്താണ് ടിയാന്‍ജിന്‍ -ബിഹായ് ഗ്രന്ഥശാലയുടെ രൂപകല്പനയും പ്രവര്‍ത്തനങ്ങളും.

സവിശേഷമായ രൂപകല്പനതന്നെയാണ് ടിയാന്ജിന്നിലെ ബിഹായ് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലെ ഈ ഗ്രന്ഥശാലയുടെ പ്രധാന സവിശേഷത. ഡച്ച് ഡിസൈനിങ്ങ് സ്ഥാപനമായ എം.വി.ഇ.ആര്.ഡി.വി, ടിയാന്‍ജിങ് അര്‍ഹന്‍ പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ഗ്രന്ഥശാല രൂപകല്പന ചെയ്തിരിക്കുന്നത്.

34,000 സ്ക്വയര്‍ മീറ്ററില്‍ പരന്നുകിടക്കുന്ന ഗ്രന്ഥശാലയില്‍ 12 ലക്ഷം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഗ്രന്ഥശാലയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഗോളാകൃതിയിലുള്ള ഓഡിറ്റോറിയമാണ്.

വായനാമുറി, വിശ്രമമുറി എന്നിവ മധ്യത്തിലായും ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍/ ഓഡിയോ ഹാള്‍ എന്നിവ മുകളിലായും ഒരുക്കിയിട്ടുണ്ട്.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : www.mvrdv.nl