ഇന്ന് തുഞ്ചന്‍ ദിനം. മലയാള ഭാഷയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായാണ് തുഞ്ചന്‍ ദിനം ആചരിക്കുന്നത്. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്‍കവിതകള്‍ കേരളജനതയെ മാനസികമായും സാംസ്‌കാരികമായും ഉത്തേജിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്തു. രാജാക്കന്മാര്‍ വരച്ചിട്ട അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എഴുത്തച്ഛന്റെ കവിതകള്‍ വളര്‍ന്നു. ദേശഭേദമില്ലാതെ എല്ലാ കേരളീയരും അതിനെ നെഞ്ചേറ്റി.
എഴുത്തച്ഛന്റെ യഥാര്‍ത്ഥ പേരല്ല രാമാനുജന്‍ എന്നും ചില വിദഗ്ദര്‍ അഭിപ്രായപ്പെടാറുണ്ട്. എഴുത്തച്ഛനു മുമ്പും തെളിമലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്‌കാരിക ചിഹ്നമായും കരുതിപ്പോരുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ 'ഹരിശ്രീ ഗണപതയേ നമഃ' എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണ്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഇങ്ങനെ ലഭിച്ചതാകാം എന്നും കരുതപ്പെടുന്നു.
എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം 'തുഞ്ചന്‍'(ഏറ്റവും ഇളയ ആള്‍ എന്ന അര്‍ത്ഥത്തില്‍) എന്നായിരുന്നു എന്ന് തുഞ്ചന്‍പറമ്പ് (തുഞ്ചന്‍ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ്‌നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ തുഞ്ചന്‍പറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്
എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല എഴുതപ്പെട്ടത്. സംസ്‌കൃതം പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്‌കരിച്ചതിലൂടെ കവിത ജനകീയമാക്കിയതില്‍ എഴുത്തച്ഛന്റെ പങ്ക് വലുതാണ്. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്‌കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. ഇതെല്ലാമാണ് മലയാള ഭാഷയുടെ പിതാവായി അദ്ദേഹത്തെ വിശേഷിപ്പിക്കാനുള്ള കാരണം.
എല്ലാ വര്‍ഷവും ഡിസംബര്‍ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ ആഘോഷിച്ചുവരുന്നു.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. ഈ കൃതികള്‍ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു.
Content Highlights: Thunchaththu Ezhuthachan, Thunchan day